ഫെയ്‌സ്ബുക്ക് ഫെയ്സ് റെക്കഗനിഷൻ നിർത്തുന്നു, നൂറ് കോടി ആളുകളുടെ ഡാറ്റ ഡിലീറ്റ് ചെയ്യും

ഫെയ്‌സ്ബുക്ക് അതിന്റെ മുഖം തിരിച്ചറിയൽ സംവിധാനം നിർത്തുകയും നൂറ് കോടിയിലധികം മുഖമുദ്രകൾ ഡിലീറ്റ് ചെയ്യുമെന്നും അറിയിച്ചു. സ്വകാര്യതയെ കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾക്കിടെയാണ് ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയുടെ പ്രഖ്യാപനം.

മുൻനിര സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ ഫെയ്‌സ്ബുക്ക് അതിന്റെ എക്കാലത്തെയും മോശമായ പ്രതിസന്ധികളിലൊന്നുമായി പോരാടുന്നതിനിടയിലാണ് പ്രഖ്യാപനം. ഫെയ്‌സ്ബുക്കിന്റെ ആഭ്യന്തര രേഖകൾ റിപ്പോർട്ടർമാർക്കും യുഎസ് നിയമനിർമ്മാതാക്കൾക്കും റെഗുലേറ്റർമാർക്കും ചോർന്നിരുന്നു.

“സമൂഹത്തിൽ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുടെ സ്ഥാനത്തെക്കുറിച്ച് നിരവധി ആശങ്കകളുണ്ട്, റെഗുലേറ്റർമാർ ഇപ്പോഴും അതിന്റെ ഉപയോഗത്തെ നിയന്ത്രിക്കുന്ന വ്യക്തമായ നിയമങ്ങൾ നൽകുന്ന പ്രക്രിയയിലാണ്,” ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ പ്രസ്താവനയിൽ പറഞ്ഞു.

“ഈ അനിശ്ചിതത്വത്തിനിടയിൽ, മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ചുരുങ്ങിയ ഉപയോഗങ്ങൾക്കായി പരിമിതപ്പെടുത്തുന്നത് ഉചിതമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

മാറ്റങ്ങൾ എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമല്ല, എന്നാൽ ഫെയ്‌സ്ബുക്കിന്റെ ദൈനംദിന ഉപയോക്താക്കളിൽ മൂന്നിലൊന്ന് പേരും മുഖം തിരിച്ചറിയൽ സംവിധാനം വ്യാപകമായി ഉപയോഗിച്ചിരുന്നു.

ഈ സംവിധാനം അടച്ചുപൂട്ടുന്നത് “നൂറ് കോടിയിലധികം ആളുകളുടെ വ്യക്തിഗത മുഖം തിരിച്ചറിയൽ ടെംപ്ലേറ്റുകൾ ഡിലീറ്റ് ചെയ്യന്നതിന് ഇടയാക്കും,” പ്രസ്താവനയിൽ പറയുന്നു.

അഴിമതി ആരോപണനകൾ നേരിടുന്ന ഫെയ്‌സ്ബുക്ക് ഭാവിയിലേക്കുള്ള അതിന്റെ വെർച്വൽ റിയാലിറ്റി വീക്ഷണത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി മാതൃ കമ്പനിയുടെ പേര് “മെറ്റ” എന്ന് മാറ്റിയിരുന്നു.

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവ “മെറ്റ” എന്ന മാതൃ കമ്പനിയുടെ കീഴിലായിരിക്കും ഇനി പ്രവർത്തിക്കുക.