അസൂസിന്റെ 'സെന്‍' ഫോണുകള്‍ക്കും ലാപ്ടോപ്പുകള്‍ക്കും ഇന്ത്യയില്‍ വിലക്ക്

അസൂസിന്റെ “സെന്‍” ബ്രാന്റിലുള്ള ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിന്  വിലക്ക്. ഡല്‍ഹി ഹൈക്കോടതിയുടേതാണ് വില്‍പ്പന തടഞ്ഞുള്ള ഇടക്കാല ഉത്തരവ്. അസൂസ് അതിന്റെ ഉല്‍പ്പന്നങ്ങള്‍ക്കായി ഉപയോഗിച്ചു വരുന്ന “സെന്‍” ട്രേഡ് മാര്‍ക്കിന് മേല്‍ അവകാശം ഉന്നയിച്ചു കൊണ്ട് ടെലികെയര്‍ നെറ്റ് വര്‍ക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നല്‍കിയ കേസിലാണ് ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

എട്ട് ആഴ്ചത്തേക്കാണ് കോടതിയുടെ വിലക്ക്. സ്മാര്‍ട്‌ഫോണ്‍, ടാബ് ലെറ്റ്, ലാപ്ടോപ്പ് എന്നിവയ്‌ക്കെല്ലാം ഈ വിലക്ക് ബാധകമാവും. വിലക്കിനെ തുടര്‍ന്ന് രാജ്യത്ത് ഏറെ പ്രചാരമുള്ള സെന്‍ഫോണ്‍ സ്മാര്‍ട്‌ ഫോണുകളുടെ വില്‍പന നിര്‍ത്തി വെയ്ക്കേണ്ടി വരും. ഫീച്ചര്‍ ഫോണുകള്‍ക്ക് വേണ്ടി “സെന്‍” എന്ന ട്രേഡ്മാര്‍ക്ക് തങ്ങള്‍ 2008- ല്‍ സ്വന്തമാക്കിയതാണ് എന്ന് ടെലികേയര്‍ പറയുന്നു. ഇന്ത്യന്‍ വിപണിയില്‍ 2014 ലാണ് അസൂസ് സെന്‍ ബ്രാന്റിലുള്ള സെന്‍ഫോണ്‍ സ്മാര്‍ട്‌ ഫോണുകള്‍ പുറത്തിറങ്ങിയത്.

സമാനമായ ട്രേഡ്മാര്‍ക്ക് ആണ് ഇരു കമ്പനികളും ഉപയോഗിക്കുന്നത് എന്ന് പ്രഥമദൃഷ്ട്യാ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് കോടതി സെന്‍ ബ്രാന്റ് ഉല്‍പന്നങ്ങളുടെ വില്‍പന തടഞ്ഞത്. കേസില്‍ വ്യക്തമായ വാദം ഉന്നയിച്ച് പരിഹാരം കണ്ടില്ലെങ്കില്‍ വിലക്ക് തുടരും.