ബിഎസ്എന്‍എല്‍ ന്‍റെ ‘ഞായറാഴ്ച ഫ്രീ കോള്‍’ സേവനം ഫെബ്രുവരി ഒന്നു മുതലുണ്ടാവില്ല

ലാന്‍ഡ് ഫോണുകള്‍ക്ക് ഞായറാഴ്ചകളില്‍ നല്‍കിവരുന്ന 24 മണിക്കൂര്‍ സൗജന്യ വിളി ഫെബ്രുവരി ഒന്നു മുതല്‍ ബിഎസ്എന്‍എല്‍ നിര്‍ത്തലാക്കുന്നു. നേരത്തെ രാത്രികാലങ്ങളില്‍ നല്‍കി വന്നിരുന്ന സൗജന്യ കോള്‍ സേവനത്തിന്റെ സമയപരിധിയിലും ബിഎസ്എന്‍എല്‍ കുറവു വരുത്തിയിരുന്നു.

ലാന്‍ഡ്‌ഫോണുകളുടെ പ്രചാരം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി ഈ പദ്ധതി നടപ്പാക്കിയത്. അതാണ് ഇപ്പോള്‍  നിര്‍ത്തലാക്കുന്നത്. നിലവില്‍ രാത്രി 10.30 മുതല്‍ രാവിലെ ആറുവരെയാണ് സൗജന്യമായി വിളിക്കാന്‍ സാധിക്കുക. ഞായറാഴ്ചകളില്‍ 24 മണിക്കൂര്‍ സൗജന്യമായി വിളിക്കുന്ന ഓഫര്‍ ഒഴിവാക്കുമ്പോഴും രാത്രിയില്‍ ലഭിക്കുന്ന  ഓഫര്‍ ലഭ്യമാകുമെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു.

ഇതിനു പകരമായുള്ള പുതിയ ഓഫറുകള്‍ ഉടന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. ലാന്‍ഡ്‌ഫോണുകളുടെ പ്രസക്തി വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണു നൈറ്റ് ഫ്രീ കോള്‍ പദ്ധതി രാജ്യത്താകെ അവതരിപ്പിച്ചത്. ഇതിനു വ്യാപകമായി നല്ല പ്രതികരണമാണ് ലഭിച്ചതും. 2016 ആഗസ്റ്റ് 21 മുതലായിരുന്നു 24 മണിക്കൂര്‍ സൗജന്യ കോള്‍ സേവനം ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്.