രണ്ടും കല്‍പ്പിച്ച് എയര്‍ടെല്‍, ജിയോയോട് മുട്ടാന്‍ ഡേറ്റാ നിരക്കുകള്‍ കുത്തനെ കുറച്ചു

ജിയോയുടെ മുന്നേറ്റം രാജ്യത്തെ മറ്റ് മുന്‍കിട ടെലികോം കമ്പനികള്‍ക്ക് വമ്പന്‍ തിരിച്ചടികളാണ് സൃഷ്ടിച്ചത്. എയര്‍ടെല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന റിപ്പോര്‍ട്ടുകല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. 39 ശതമാനം ഇടിവാണ് മൂന്നാം പാദത്തില്‍ പറത്തുവിട്ട കണക്കുകള്‍ പ്രകാരം എയര്‍ടെല്ലിന് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഫീല്‍ഡില്‍ പിടിച്ച് നില്‍ക്കാനുള്ള തന്ത്രങ്ങള്‍ അനുദിനം പ്രയോഗിച്ചു കൊണ്ടിരിക്കുകയാണ് കമ്പനികള്‍. ഇതുവഴി സ്ഥിരം ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്തുകയാണ് കമ്പനികളുടെ ലക്ഷ്യം.

ജിയോയുടെ ഏറ്റവും പുതിയ ഓഫറുകളെ മറികടക്കാന്‍ പുതിയ ഓഫറുകളുമായി എത്തിയിരിക്കുകയാണ് എയര്‍ടെല്‍. ജിയോയുടെ ഏറ്റവും കുറഞ്ഞ നിരക്കുകളെ നേരിടാന്‍ തന്നെയാണ് എയര്‍ടെല്ലിന്റെ നീക്കം. ജിയോയുടെ 149 പ്ലാനിനെ മറികടക്കാന്‍ ലക്ഷ്യമിട്ട് എയര്‍ടെലും ഇതേ പ്ലാന്‍ അവതരിപ്പിച്ചു. എയര്‍ടെല്ലിന് നേരത്തെ തന്നെ 149 രൂപ പ്ലാന്‍ ഉണ്ട്. എന്നാല്‍ പുതുക്കിയ നിരക്ക് പ്രകാരം 28 ദിവസത്തേക്ക് 28 ജിബി ഡേറ്റ ലഭിക്കും. എന്നാല്‍ ഈ പ്ലാനുകള്‍ തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ ചില വരിക്കാര്‍ക്ക് മാത്രമേ ലഭിക്കൂവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

149 പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍, ദിവസം 100 എസ്എംഎസ്, ദിവസം ഒരു ജിബി ഡേറ്റ ലഭിക്കും. അതേസമയം, 179 പ്ലാനിലും 28 ദിവസത്തേക്ക് 28 ജിബി ഡേറ്റ നല്‍കുന്നുണ്ട്. 149 പ്ലാന്‍ എല്ലാ വരിക്കാര്‍ക്കും നല്‍കുന്നതോടെ 179 പ്ലാന്‍ ഉപേക്ഷിച്ചേക്കുമെന്നാണ് കരുതുന്നത്. ഇതിനു പുറമെ 399 രൂപ പ്ലാനിന്റെ കാലാവധി 70 ല്‍ നിന്ന് 84 ദിവസമായി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ജിയോയുടെ 398 രൂപയുടെ 1.5 ജിബി ലഭിക്കുന്ന പ്ലാനിന്റെ കാലാവധി 70 ദിവസവും 399 രൂപയുടെ 1ജിബി ഡേറ്റ ലഭിക്കുന്ന പ്ലാനിന്റെ കാലാവധി 84 ദിവസമാണ്.