പുതിയ ഐടി നിയമത്തിലെ നിയന്ത്രണങ്ങള്‍; അതൃപ്തിയോടെ സോഷ്യല്‍ മീഡിയകള്‍

സമൂഹമാധ്യമങ്ങള്‍ക്കും ഒടിടി പ്ലാറ്റ് ഫോമുകള്‍ക്കുമായി കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐടി നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നു. എന്താണ് പുതിയ ഐടി നിയമം ഇന്റര്‍മീഡിയറി ഗൈഡ് ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും പരാതി പരിഹാര, നിരീക്ഷണ സംവിധാനം രൂപീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2021 ഫെബ്രുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിയമം നടപ്പാക്കാനായി സമൂഹമാധ്യമ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയത്. മൂന്നു മാസത്തേക്ക് നല്‍കിയ സമയപരിധി മെയ് 26ന് അവസാനിച്ച സാഹചര്യത്തിലാണ് മറ്റു നിയമ നടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ നീക്കം നടക്കുന്നത്.

ചൈനയിലെ സര്‍ക്കാര്‍ ചെയ്യുന്നത് പോലെ സമൂഹത്തിന്, രാജ്യത്തിന് വെല്ലുവിളിയായ എന്തു ഉള്ളടക്കവും കേന്ദ്ര ഏജന്‍സികള്‍ക്ക് നേരിട്ട് നീക്കം ചെയ്യാനുള്ള നിയമഭേദഗതിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്നത്. ഇതിനെതിരെ വാട്‌സാപ്പും ട്വിറ്ററും പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. എന്നാല്‍, ചില കമ്പനികള്‍ സര്‍ക്കാര്‍ പറയുന്നത് പോലെ വിമര്‍ശിക്കാതെ, അനുസരിച്ച് ഇവിടെ കഴിഞ്ഞോളാമെന്ന് രേഖാമൂലം അറിയിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന പുതിയ നിയമത്തിനെതിരെ വിക്കിപീഡിയയും രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഇടനില മാര്‍ഗനിര്‍ദേശങ്ങള്‍ വഴി വിക്കിപീഡിയ ഉള്‍പ്പെടെയുള്ള എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും ഉള്ളടക്കം അടിമുടി മാറുമെന്നാണ് അറിയുന്നത്. ഇന്ത്യയ്ക്ക് വേണ്ടി പുതിയ വിക്കിപീഡിയ തന്നെ വേണ്ടിവന്നക്കും. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 79 പ്രകാരം ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ വിവര സാങ്കേതിക മന്ത്രാലയം നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇത് നടപ്പിലാക്കുമെന്ന് തന്നെയാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യക്കാരനായ റസിഡന്റ് ഗ്രീവന്‍സ് ഓഫീസര്‍, ചീഫ് കംപ്ലയിന്‍സ് ഓഫീസര്‍, നോഡല്‍ കോണ്‍ടാക്ടര്‍ എന്നിവരെ ഈ സംവിധാനത്തില്‍ നിയമിക്കണം എന്നാണ് നിഷ്‌കര്‍ഷിക്കുന്നത്. ഉപയോക്താക്കളില്‍ നിന്നുള്ള പരാതികളെക്കുറിച്ചും അതുസംബന്ധിച്ച് സ്വീകരിച്ച നടപടിയെക്കുറിച്ചും പ്രതിമാസ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെടുന്നു. ഇന്‍സ്റ്റന്റ് മെസേജ് ആപ്ലിക്കേഷനുകളില്‍ ഷെയര്‍ ചെയ്യുന്ന മെസേജിന്റെ സ്രഷ്ടാവിനെ കണ്ടെത്താനുള്ള വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുക എന്നിങ്ങനെ പ്രധാനപ്പെട്ട മൂന്നാവശ്യമാണ് നിയമത്തില്‍ പറയുന്നത്. ഈ വ്യവസ്ഥകള്‍ ലംഘിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 79-ാം വകുപ്പ് പ്രകാരം സോഷ്യല്‍ മീഡിയ ഇന്റര്‍മീഡിയറി പദവി നഷ്ടമാകും.

എന്താണ് ഐടി നിയമത്തിലെ 79, 69 (1) വകുപ്പ്

വിവരങ്ങള്‍, കമ്മ്യൂണിക്കേഷന്‍ ലിങ്ക് എന്നിവ ഏതെങ്കിലും മൂന്നാം കക്ഷി ഏതെങ്കിലും പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുകയോ പുറത്തുവിടുകയോ ചെയ്യുന്നതിന് ബന്ധപ്പെട്ട ഇന്റര്‍മീഡിയറി നിയമപരമായോ അല്ലാതെയോ ഉത്തരവാദിയാകില്ലെന്ന് 79-ാം വകുപ്പ് പറയുന്നു. സംശയാസ്പദമായ സന്ദേശം പ്രക്ഷേപണം ചെയ്യുന്നതിലും കൈമാറ്റം ചെയ്ത സന്ദേശത്തിന്റെ സ്വീകരിത്താവിനെ തിരഞ്ഞെടുക്കുന്നതിലും ഏതെങ്കിലും തരത്തില്‍ ഇടപെടാതിരിന്നാലും പ്രസ്തുത സന്ദേശത്തില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങളൊന്നും പരിഷ്‌കരിക്കാതിരുന്നാലും ഈ പരിരക്ഷ ലഭ്യമാകും. ഇതിനര്‍ത്ഥം, ഒരിടത്തുനിന്നു മറ്റൊന്നിലേക്ക് ഒരു സന്ദേശം വഹിക്കുന്ന മെസഞ്ചര്‍ ഒരുതരത്തിലും ഇടപെടാതെ പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുന്നിടത്തോളം കാലം, സന്ദേശം കൈമാറുന്നതിനാല്‍ ഉണ്ടാകുന്ന നിയമപരമായ നടപടികളില്‍നിന്ന് അത് സുരക്ഷിതമായിരിക്കുമെന്നാണ്. എന്നാല്‍, സര്‍ക്കാരോ അതിന്റെ ഏജന്‍സികളോ അറിയിച്ചിട്ടും സംശയാസ്പദമായ ഉള്ളടക്കത്തിലേക്കുള്ള അനുമതി പ്ലാറ്റ്‌ഫോമുകള്‍ ഉടനടി പ്രാപ്തമാക്കിയില്ലെങ്കില്‍ 79-ാം വകുപ്പ് പ്രകാരമുള്ള പരിരക്ഷ ലഭിക്കില്ല. ഈ സന്ദേശങ്ങളുടെ തെളിവുകളോ അതിന്റെ പ്ലാറ്റ്ഫോമിലുള്ള ഉള്ളടക്കമോ പ്ലാറ്റ്‌ഫോമുകള്‍ നശിപ്പിക്കാനും പാടില്ല എന്നും ഈ വ്യവസ്ഥ പാലിക്കുന്നത് പരാജയപ്പെട്ടാല്‍ നിയമം അനുശാസിക്കുന്ന പരിരക്ഷ നഷ്ടപ്പെടുമെന്നും 79-ാം വകുപ്പ് വ്യക്തമാക്കുന്നു. ഒപ്പം ഇന്ത്യന്‍ ഐടി നിയമത്തിലെ 69 (1) വകുപ്പും സര്‍ക്കാര്‍ പ്രയോഗിക്കുന്നുണ്ട്. ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സുഹൃദ് ബന്ധം എന്നിവയെക്കരുതിയോ കുറ്റകൃത്യങ്ങള്‍ തടയാനോ കുറ്റാന്വേഷണത്തിനു വേണ്ടിയോ കംപ്യൂട്ടറുകളിലെ വിവരം നിരീക്ഷിക്കാനും ശേഖരിക്കാനും ഏജന്‍സികളെ ചുമതലപ്പെടുത്താന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഐടി നിയമം 69(1) വകുപ്പ്.

നിയമസംരക്ഷണം നടപ്പാക്കാനുണ്ടായ സാഹചര്യം

മൂന്നാം കക്ഷികളുടെ നടപടികളില്‍നിന്ന് പ്ലാറ്റ്‌ഫോമുകള്‍ക്കു സംരക്ഷണം നല്‍കേണ്ടതിന്റെ ആവശ്യകത 2004 ലുണ്ടായ ഒരു പൊലീസ് കേസിനെത്തുടര്‍ന്നാണ് പൊതുശ്രദ്ധയില്‍ വന്നത്. 2004 നവംബറില്‍ ഐഐടി വിദ്യാര്‍ഥി, ലേല വെബ്സൈറ്റായ ബസീ ഡോട്ട് കോമില്‍ അശ്ലീല വീഡിയോ ക്ലിപ്പ് വില്‍പ്പനയ്ക്കായി പോസ്റ്റ് ചെയ്തു. വിദ്യാര്‍ഥിയ്ക്കൊപ്പം വെബ്സൈറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അവ്നിഷ് ബജാജിനെയും മാനേജര്‍ ശരത് ദിഗുമാര്‍ട്ടിയെയും ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നാല് ദിവസം തിഹാര്‍ ജയിലില്‍ കഴിഞ്ഞതിനെത്തുടര്‍ന്നാണ് അവ്നിഷ് ബജാജിന് ജാമ്യം ലഭിച്ചത്. തനിക്കും മാനേജര്‍ക്കുമെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അവ്നിഷ് കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. വില്‍ക്കുന്നയാളും വാങ്ങുന്നയാളും തമ്മില്‍ നേരിട്ടാണ് ഇടപാട് നടന്നതെന്നും ഇതില്‍ വെബ്സൈറ്റിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.

പ്രഥമദൃഷ്ട്യാ ബജാജിനും വെബ്സൈറ്റിനുമെതിരെ കേസ് നിലനില്‍ക്കുമെന്ന് 2005 ല്‍ ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. വീഡിയോ ക്ലിപ്പും അതിലെ ഉള്ളടക്കവും അശ്ലീല സ്വഭാവത്തിലുള്ളതാണെന്ന് വ്യക്തമാക്കാത്തതിനായിരുന്നു വെബ്‌സൈറ്റിനെതിരെ കേസ്. ഇതില്‍ ഐടി നിയമത്തിലെ 85-ാം വകുപ്പ് പ്രകാരം പ്രകാരം ബജാജിനെയും കുറ്റക്കാരനാക്കി. ഐടി നിയമപ്രകാരം, ഒരു കമ്പനി കുറ്റകൃത്യം ചെയ്താല്‍ അക്കാര്യത്തില്‍ ആ സമയത്ത് ചുമതലയുള്ള എല്ലാ എക്‌സിക്യൂട്ടീവുമൊരും നടപടിക്ക് ബാധ്യസ്ഥരാണെന്ന് ഈ വകുപ്പ് പറയുന്നു. എന്നാല്‍ കേസില്‍ 2012ല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇടപാടില്‍ നേരിട്ട് പങ്കാളികളാകാത്തതിനാല്‍ ബജാജോ വെബ്സൈറ്റോ ഉത്തരവാദികളല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് 79-ാം വകുപ്പ് അവതരിപ്പിക്കുന്നതിനായി ഐടി നിയമത്തില്‍ ഭേദഗതി വരുത്തിയത്.

നിയമം നടപ്പിലാക്കുന്നതിലൂടെ പരിരക്ഷ പെട്ടന്ന് ലഭിക്കാനാകില്ല. അതേസമയം ഇത്തരം സംഭവങ്ങളില്‍ ഒരു പരിധിവരെ നിയന്ത്രണം കൊണ്ടുവരാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. നിയമം നടപ്പിലാകുന്നതിലൂടെ ആളുകള്‍ക്ക് അവരുടെ പേജുകളില്‍ സൈ്വരക്കേടില്ലാതെ ഉള്ളടക്കം പോസ്റ്റ് ചെയ്യാനും ഷെയര്‍ ചെയ്യാനും കഴിയും. സോഷ്യല്‍ മീഡിയ ഇന്റര്‍മീഡിയറികളായ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച പുതിയ ഐടി നിയമങ്ങളുടെ അടിസ്ഥാനത്തില്‍ റസിഡന്റ് ഗ്രീവന്‍സ് ഓഫീസര്‍, ചീഫ് കംപ്ലയിന്‍സ് ഓഫീസര്‍, നോഡല്‍ കോണ്‍ടാക്റ്റ് പേഴ്‌സണ്‍ എന്നിവരെ ഇതുവരെ നിയമിച്ചിട്ടില്ല. ഉപയോക്താക്കള്‍ സമര്‍പ്പിച്ച പരാതികള്‍ സംബന്ധിച്ച് പ്രതിമാസ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും കമ്പനികള്‍ തയ്യാറായിട്ടില്ല.

സുപ്രധാനമായ സോഷ്യല്‍ മീഡിയ ഇന്റര്‍മീഡിയറി ഒരു ചീഫ് കംപ്ലയിന്‍സ് ഓഫീസറെ (സിസിഒ) നിയമിക്കണമെന്ന് കൂടാതെ, ഇന്റര്‍മീഡിയറി കൃത്യമായ ശ്രദ്ധ പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തമുള്ളയാള്‍ ചീഫ് കംപ്ലയിന്‍സ് ഓഫീസറായിരിക്കുമെന്നും ഐടി ചട്ടങ്ങളുടെ റൂള്‍ 4 (എ) അനുശാസിക്കുന്നു, ഇതോടെ ഇന്റര്‍മീഡിയറിക്കു ലഭിക്കുന്ന പരിരക്ഷ നഷ്ടപ്പെടുകയും ചെയ്യും. ഒരു ട്വീറ്റോ ഫേസ്ബുക്കിലെയോ ഇന്‍സ്റ്റാഗ്രാമിലെയോ പോസ്റ്റോ രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കുകയാണെങ്കില്‍, ഉള്ളടക്കം പങ്കിടുന്ന വ്യക്തിയെ മാത്രമല്ല, ഈ കമ്പനികളുടെ ഉദ്യോഗസ്ഥരെയും പ്രതിചേര്‍ക്കാനുള്ള അവകാശം നിയമനിര്‍വഹണ ഏജന്‍സിക്ക് ഉണ്ടായിരിക്കുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

“”ഐടി നിയമത്തിലെ 69 (എ) വകുപ്പിന് അനുസൃതമായുള്ള ഐടി ചട്ടങ്ങളിലെ വ്യവസ്ഥകള്‍ സൂചിപ്പിക്കുന്നത് ഈ ഉത്തരവാദിത്തത്തില്‍ വരുന്ന വീഴ്ച ക്രിമിനല്‍ സ്വഭാവമുള്ളതാകാമെന്നും ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ക്ക് ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാമെന്നുമാണ്”” ദി ഡയലോഗിന്റെ സ്ഥാപകനും പൊതുനയരൂപീകരണ വിദഗ്ധനുമായ റിസ്വി കാസിം അഭിപ്രായപ്പെടുന്നു.

79ാം വകുപ്പ് നല്‍കുന്ന വിശാലമായ സംരക്ഷണത്തിന്റെ അഭാവം, ഒരു തെറ്റും ചെയ്യാതെ തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ ജീവനക്കാരെ പ്രതിസ്ഥാനത്തിലാക്കുന്നതിലേക്ക് വഴിവെച്ചേക്കാമെന്ന് എസ്എഫ്എല്‍സി ഡോട്ട് ഇന്നിലെ ലീഗല്‍ ഡയറക്ടര്‍ പ്രശാന്ത് സുഗതന്‍ പറഞ്ഞു. “”നിയമപരമായ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ടതിന് സോഷ്യല്‍ മീഡിയ ഭീമന്മാരുടെ ജീവനക്കാരെ വ്യക്തിപരമായി ബാധ്യസ്ഥരാക്കുന്ന സാഹചര്യത്തിലേക്ക് ഇത് നയിച്ചേക്കാം. അവരുടെ ഭാഗത്തുനിന്ന് ഒരു തെറ്റും സംഭവിക്കാതെ തന്നെ ജീവനക്കാരെ ഇതിന് ഉത്തരവാദികളാക്കി മാറ്റിയേക്കാം,”” അദ്ദേഹം പറഞ്ഞു.

ആഗോള മാനദണ്ഡങ്ങള്‍ എന്തൊക്കെ?

മിക്ക വലിയ സോഷ്യല്‍ മീഡിയ ഇന്റര്‍മീഡിയറികളുടെയും ആസ്ഥാനം യുഎസിലായതിനാല്‍ ഏറ്റവും ശ്രദ്ധയോടെ കണ്ടത് 1996 ലെ കമ്യൂണിക്കേഷന്‍ ഡിസെന്‍സി നിയമത്തിന്റെ 230-ാം വകുപ്പ് ആണ്. ഇത് ഈ പ്ലാറ്റ്‌ഫോമുകളുടെ ഉപയോക്ത ഉള്ളടക്കങ്ങളില്‍ (യൂസര്‍ കണ്ടന്റ്) നിന്ന് ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് സുരക്ഷിത്വം നല്‍കുന്നു. യുഎസ് നിയമത്തിലെ ഈ വ്യവസ്ഥയാണ് ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികളെ ആഗോള കമ്പനികളാക്കാന്‍ പ്രാപ്തമാക്കിയതെന്ന് വിദഗ്ധര്‍ കരുതുന്നു. ഇന്ത്യയുടെ ഐടി നിയമത്തിലെ 79-ാം വകുപ്പ് പോലെ, കമ്മ്യൂണിക്കേഷന്‍ ഡിസെന്‍സി നിയമത്തിന്റെ 230-ാം വകുപ്പ് പറയുന്നത്, പരസ്പര വ്യവഹാര ( ഇന്ററാക്ടീവ്) കമ്പ്യൂട്ടര്‍ സേവനത്തിന്റെ ദാതാവിനെയോ ഉപയോക്താവിനെയോ മറ്റൊരു വിവര ഉള്ളടക്ക ദാതാവ് നല്‍കുന്ന ഏതെങ്കിലും വിവരങ്ങളുടെ പ്രസാധകനോ പ്രഭാഷകനോ ആയി പരിഗണിക്കില്ല,””എന്നാണ്. ഇത് അര്‍ത്ഥമാക്കുന്നത് ഇന്റര്‍ മീഡിയറി എന്നത് ഒരു പുസ്തകക്കടയുടെ ഉടമസ്ഥനെ പോലെയാണ്. അതായത് പുസ്തകത്തിന്റെ എഴുത്തുകാരനോ പ്രസാധകനോ പുസ്തക സ്റ്റോര്‍ ഉടമയോ തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കപ്പെടുന്നില്ലെങ്കില്‍, കടയിലെ പുസ്തകങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയാത്ത പുസ്തക കട ഉടമസ്ഥനെ പോലെ.

പ്രമുഖ ഇന്റര്‍മീഡിയറികളുടെ പ്രതികരണം

ട്വിറ്റര്‍

“”ഇന്ത്യയിലെയും ലോകത്തെയും ജനങ്ങള്‍ക്കുണ്ടായത് പോലെ, ഞങ്ങളുടെ ആഗോള സേവന നിബന്ധനകള്‍ നടപ്പാക്കുന്നതിലും അതുപോലെ പുതിയ ഐടി നിയമം നടപ്പാക്കുന്നിതുലുമുള്ള പ്രതികരണമായി പൊലീസ് നടത്തിയ ഭയപ്പെടുത്തല്‍ നടപടികളില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഈ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ തുറന്ന പൊതു ചര്‍ച്ചയ്ക്ക് ഞങ്ങള്‍ ആലോചിക്കുന്നു.”” എന്ന് ട്വിറ്റര്‍ വക്താവ് പറഞ്ഞു. പൊതുജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരുമായി ക്രിയാത്മക ചര്‍ച്ചകള്‍ തുടരുമെന്ന് ട്വിറ്റര്‍ വക്താവ് പറഞ്ഞു. ട്വിറ്ററില്‍ വരുന്ന കണ്ടന്റുകള്‍ക്ക് ബാധ്യതയുള്ള ഒരാളായി ചീഫ് കംപ്ലൈന്‍സ് ഓഫീസറെ നിയമിക്കുന്നതിനുള്ള ആശങ്കയും ട്വിറ്റര്‍ പങ്കുവെച്ചു.

ഫേസ്ബുക്ക്

“”ഉപയോക്താക്കള്‍ ഇടപെടുന്ന കണ്ടന്റ് തെറ്റായവയാണെന്ന് അറിയിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ ഞങ്ങള്‍ സ്വീകരിക്കുകയാണ്. തെറ്റായ വിവരങ്ങള്‍ പങ്കിടുന്ന പേജുകള്‍, ഗ്രൂപ്പുകള്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ എന്നിവയ്‌ക്കെതിരെ ഞങ്ങള്‍ ശക്തമായ നടപടി സ്വീകരിച്ചു. ഇനിമുതല്‍ ഇത്തരം പ്രവൃത്തികളുമായി ബന്ധപ്പെട്ട വ്യക്തിഗത അക്കൗണ്ടുകള്‍ക്ക് വലിയ പിഴ ഏര്‍പ്പെടുത്താനും തീരുമാനിച്ചിരിക്കുകയാണ്,”” കമ്പനിയുടെ ബ്ലോഗില്‍ വ്യക്തമാക്കുന്നു. വസ്തുതാവിരുദ്ധമായ പോസ്റ്റുകള്‍ നിരന്തരം ഷെയര്‍ ചെയ്യുന്നവരുടെ ന്യൂസ് ഫീഡില്‍ വരുന്ന പോസ്റ്റുകളുടെ എണ്ണവും കുറയും. തിരുത്തല്‍ നടത്തുന്ന പോസ്റ്റുകളുടെ പ്രചാരണ വ്യാപ്തി ഇതിനോടകം തന്നെ കുറച്ചിട്ടുണ്ട്, ഫെയ്‌സ്ബുക്ക് അധികൃതര്‍ പറഞ്ഞു. തെറ്റായ വിവരങ്ങള്‍ ഷെയര്‍ ചെയ്യുകയാണെങ്കില്‍ അവരുടെ ന്യൂസ് ഫീഡില്‍ ഏറ്റവും അവസാനമായിരിക്കും ഇത്തരം പോസ്റ്റുകള്‍ ഉണ്ടാവുക. കൂടുതല്‍ ആളുകളിലേക്ക് പ്രചരിക്കാതിരിക്കാനാണിത്.

വാട്‌സ്ആപ്പ്

ചാറ്റുകളുടെ ഉറവിടം കണ്ടെത്താന്‍ അപ്ലിക്കേഷനുകളോട് നിര്‍ദേശിക്കുന്നത് അയയ്ക്കുന്ന ഓരോ സന്ദേശത്തിന്റെയും വിരലടയാളം സൂക്ഷിക്കാന്‍ ആവശ്യപ്പെടുന്നതിന് തുല്യമാണ്. മറ്റുള്ളവര്‍ക്ക് മനസിലാകാത്ത രീതിയിലാണ് മെസേജുകളുടെ കോഡുകള്‍ ക്രമീകരിച്ചിരിക്കുന്നത്, ഇത്തരം നടപടി സ്വീകരിച്ചാല്‍ അത് തകര്‍ക്കപ്പെടും. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കപ്പെടും,”” വാട്‌സാപ്പ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. “”ഉപയോക്താക്കളുടെ സ്വകാര്യത ഇല്ലാതാക്കുന്ന കാര്യങ്ങളെ എതിര്‍ക്കുന്നതില്‍ പൗരന്മാര്‍ക്കും വിദഗ്ധര്‍ക്കും ഒപ്പമാണ് ഞങ്ങള്‍. അതേസമയം, ജനങ്ങളുടെ സുരക്ഷയുറപ്പാക്കുന്നതിനായി പ്രയോഗികമായിട്ടുള്ള നടപടികളില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്നത് തുടരും. നിയമപരമായ കാര്യങ്ങളില്‍ വിവരങ്ങള്‍ നല്‍കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളിലും സഹകരിക്കും,”” എന്നും വാട്‌സാപ്പ് വക്താവ് അറിയിച്ചു. ഉപയോക്താക്കള്‍ മറ്റ് വെബ്‌സൈറ്റുകളില്‍ നിന്നും സമൂഹമാധ്യമങ്ങളില്‍ നിന്നും കോപ്പി ചെയ്താണ് പല മെസേജുകളും അയക്കുന്നത്. അതുകൊണ്ടു തന്നെ ഉറവിടം കണ്ടെത്തുക എന്നത് അസാധ്യമാണ്. വന്‍തോതില്‍ നല്‍കിയ ഡാറ്റയെ തകര്‍ക്കുന്നതിനെ തടയുന്ന തരത്തില്‍ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തല്‍ നടപ്പാക്കാനാവില്ലെന്നും അത്തരം കാര്യങ്ങള്‍ പുതിയ കേടുപാടുകള്‍ സൃഷ്ടിക്കുകയും അവ സുരക്ഷിതത്വം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് വാട്‌സാപ്പ് വ്യക്തമാക്കി.

ഇന്റലിജന്‍സ് ബ്യൂറോ, നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്, കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്, റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ്, സിബിഐ, എന്‍ഐഎ, കാബിനറ്റ് സെക്രട്ടേറിയറ്റ് (റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്), ഡയറക്ടറേറ്റ് ഓഫ് സിഗ്നല്‍ ഇന്റലിജന്‍സ് (കശ്മീരിനും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുമായി), ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എന്നിവരാകും ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുക. ഓട്ടോമേറ്റഡ് ഫില്‍ട്ടറിങും പെട്ടെന്നുള്ള ഉള്ളടക്കം നീക്കംചെയ്യല്‍ ആവശ്യകതകളും ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ സേവനങ്ങളെ തീര്‍ത്തും ഇല്ലാതാക്കുമെന്ന് ചുരുക്കം. ഇപ്പോള്‍ വിക്കിപീഡിയ ആര്‍ക്കും എപ്പോഴും എഡിറ്റ് ചെയ്യാം. എന്നാല്‍, പുതിയ നിയമം വരുന്നതോടെ തത്സമയ വിവരങ്ങള്‍ എഡിറ്റുചെയ്യുന്നതിനുള്ള സന്നദ്ധസേവക മാതൃകയെ തന്നെ നിയന്ത്രണത്തിലാക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നര്‍ത്ഥം.