ഗൂഗിള്‍ പിന്തുണ പിന്‍വലിക്കുന്നു; വാവേ ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് അപ്‌ഡേറ്റ് ലഭിക്കില്ല

ചൈനീസ് കമ്പനിയായ വാവേയ്ക്ക് അമേരിക്കന്‍ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ, വാവേയ്ക്ക് നല്‍കി വന്നിരുന്ന ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ പിന്തുണ ഗൂഗിള്‍ പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ വാവേ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആന്‍ഡ്രോയിഡ് അപ്ഡേറ്റുകള്‍ ലഭിക്കില്ല. ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ ഇത് ബാധിച്ചേക്കും.

അമേരിക്കന്‍ വാണിജ്യ വകുപ്പ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ആഗോളതലത്തില്‍ വാവേയ്ക്ക് തിരിച്ചടിയായത്. അമേരിക്കയില്‍ നിന്നുള്ള സ്ഥാപനങ്ങളുമായി സാധന, സേവന കൈമാറ്റങ്ങള്‍ നടത്തുന്നതില്‍ വാവേയ്ക്ക് വിലക്കു വന്നു. ഇതിന്റെ ഭാഗമായാണ് ഗൂഗിളും വാവേയുമായുള്ള ഇടപാടുകള്‍ നിര്‍ത്തി വെയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

വരാനിരിക്കുന്ന വാവേ ഫോണുകളില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നുള്ള ആന്‍ഡ്രോയിഡ് ആപ്പുകള്‍ പ്രവര്‍ത്തിക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. വാവേയുടെ പി 30, പി 30 പ്രോ, മേറ്റ് 20 പ്രോ ഉള്‍പ്പടെ പഴയതും പുതിയതുമായ ഫോണുകളില്‍ ആന്‍ഡ്രോയിഡ് സുരക്ഷാ അപ്ഡേറ്റുകള്‍ ഇനി ലഭ്യമാകില്ല.

ആന്‍ഡ്രോയിഡ് നിരോധനം വാവേ നേരത്തെ തന്നെ പ്രതീക്ഷിച്ചതാണെന്ന് വാവേയുടെ ഹൈസിലിക്കണ്‍ ചിപ്പ് ഡിവിഷന്‍ വ്യക്തമാക്കി. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആന്‍ഡ്രോയിഡ് നിരോധനം പ്രതിരോധിക്കാനുള്ള നീക്കങ്ങള്‍ വാവേ നടത്തിവരുന്നുണ്ട്. സ്വന്തം സ്മാര്‍ട്ഫോണ്‍ ഓഎസ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാവേയെന്നും റിപ്പോര്‍ട്ട് ഉണ്ട്.

വാവേയുടെ അനുബന്ധ ബ്രാന്റായ ഓണര്‍ മേയ് 21ന് പുതിയ ഓണര്‍ 20 സ്മാര്‍ട്ഫോണ്‍ പുറത്തിറക്കാനൊരുങ്ങുകയാണ്.