ഒന്നു വിചാരിക്കുകയേ വേണ്ടൂ, ഫേസ്ബുക്ക് പോസ്റ്റ് റെഡി!

മനസ്സില്‍ കണ്ടത് മരത്തിലല്ല ഇനി ഫേസ്ബുക്കില്‍ കാണാം. ബ്രെയിന്‍ കംപ്യൂട്ടര്‍ ഓഗ്മെന്റ് റിയാലിറ്റിഉപകരണം വികസിപ്പിക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. കാലിഫോര്‍ണിയ, സാന്‍ഫ്രാന്‍സിസ്‌കോ സര്‍വകലാശാലയിലെ ഗവേഷകരുടെ സഹായത്തോടെയാണ് ഫേസ്ബുക്ക് ഇത്തരം ഒരു സാങ്കേതികത കൈവരിക്കാന്‍ ഒരുങ്ങുന്നത്. ഉപയോക്താക്കളെ മനസു കൊണ്ട് ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന ഈ ഉപകരണം അഥവാ ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫേസ് (ബിസിഐ) പദ്ധതിയെ കുറിച്ച് 2017-ല്‍ നടന്ന എഫ്8 ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് ഫേസ്ബുക്ക് പ്രഖ്യാപിച്ചത്.

ശരീരത്തില്‍ ധരിച്ച് മനസില്‍ സ്വയം സംസാരിച്ചു കൊണ്ട് ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന ഉപകരണമായിരിക്കും ഇത്. തലച്ചോറില്‍ നിന്നും വാക്കുകള്‍ ഡീകോഡ് ചെയ്‌തെടുക്കുന്നതില്‍ ഈ ഗവേഷകര്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ ചെറിയ വാചകങ്ങള്‍ ഡീകോഡ് ചെയ്‌തെടുക്കാന്‍ മാത്രമാണ് തങ്ങളുടെ അല്‍ഗൊരിതത്തിന് ഇതുവരെ സാധിച്ചിട്ടുള്ളതെന്ന് ഗവേഷകര്‍ പറയുന്നു.

കൂടുതല്‍ വലിയ വാചകങ്ങള്‍ തലച്ചോറില്‍ നിന്നും തര്‍ജമ ചെയ്‌തെടുക്കാനുള്ള ശ്രമങ്ങളിലാണ് ഇവര്‍. ഈ സാങ്കേതിക വിദ്യ ഒരു ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസിലേക്ക് കൊണ്ടു വരികയാണ് ലക്ഷ്യം. 1000 വാക്കുകളുപയോഗിച്ച് മിനിറ്റില്‍ 100 വാക്കുകള്‍ ഡീകോഡ് ചെയ്‌തെടുക്കാമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

വരാനിരിക്കുന്ന മനുഷ്യാധിഷ്ടിത കംപ്യൂട്ടിങിന്റെ തുടക്കത്തിലാണ് നമ്മളുള്ളതെന്ന് ഫെയ്‌സ്ബുക്ക് റിയാലിറ്റി ലാബ്‌സിലെ ചീഫ് സയന്റിസ്റ്റ് മൈക്കള്‍ അബ്രാഷ് പറഞ്ഞു. എആര്‍, വിആര്‍ സാങ്കേതിക വിദ്യകളെ സംയോജിപ്പിച്ച് ലോകത്തോട് നമ്മള്‍ ഇടപെടുന്ന രീതിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ അതിന് സാധിക്കുമെന്നാണ് ഫേസ്ബുക്ക് പ്രതീക്ഷ.