പണിയ്ക്ക് മറുപണി; റെഡ്മി നോട്ട് 7 നെ വീഴ്ത്താന്‍ സാംസംഗിന്റെ വജ്രായുധം

സ്മാര്‍ട്ട്ഫോണ്‍ വിപണി ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റെഡ്മി നോട്ട് 7 കഴിഞ്ഞ മാസമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ചൈനീസ് മാര്‍ക്കറ്റിലെ വിപണി വിജയത്തിന് ശേഷമാണ് റെഡ്മി നോട്ട് 7ന്റെ ഇന്ത്യയിലേക്കുള്ള വരവ്. ഇന്നലെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ച മോഡല്‍ സെക്കന്റുകള്‍ക്കുള്ളിലാണ്  വിറ്റു തീര്‍ന്നത്. ഫ്‌ളിപ്കാര്‍ട്ട്, എം.ഐ.കോം എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയായിരുന്നു വില്‍പ്പന. നിശ്ചിത എണ്ണമാണ് ആദ്യ വില്‍പനക്ക് വെച്ചത്. സെക്കന്‍ഡുകള്‍ക്കുള്ളില്‍ അവയുടെ വില്‍പ്പന പൂര്‍ണമാവുകയും ചെയ്തു.

റെഡ്മിയുടെ ഈ മാസ്മരിക മുന്നേറ്റത്തില്‍ പിടിച്ചു നില്‍ക്കാന്‍ സാംസംഗിന്‍റേതായി വിപണിയിലുള്ള മോഡലാണ് സാംസംഗ് ഗ്യാലക്‌സി എം20. റെഡ്മി നോട്ട് 7 ഉം സാംസംഗ് ഗ്യാലക്‌സി എം20 ഉം തമ്മിലാണ് വിപണിയില്‍ മത്സരം.

ജനുവരിയിലാണ് ഗ്യാലക്‌സി എം10, ഗ്യാലക്‌സി എം20 ഇന്ത്യയില്‍ അവതരിപ്പിച്ചത്. വി നോച്ച് ഡിസ്പ്ലേ, 13+5 ഡ്യുവല്‍ ക്യാമറ, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍. 4ജിബി/ജിബി റാം, 64 ജിബി/128 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഓപ്ഷനുകളില്‍ ഫോണ്‍ ലഭ്യമാണ്. 2 ജിബി റാം+16 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റിന് 7,990 രൂപയും 3ജിബി റാം+32 ജിബി ഇന്റേണല്‍ സ്റ്റോറേജിന് 8,990 രൂപയുമാണ് വില. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുളള ഗ്യാലക്‌സി എം20 യുടെ വില 10,990 രൂപയും 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുളള വേരിയന്റിന് 12,990 രൂപയുമാണ് വില.

റെഡ്മി നോട്ട് 7 ന് 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് റസലൂഷനുള്ള ഡിസ്പ്ലേ ആണുള്ളത്. സെല്‍ഫി ക്യാമറയ്ക്ക് വേണ്ടി സ്‌ക്രീനില്‍ വാട്ടര്‍ ഡ്രോപ്പ് നോച്ച് നല്‍കിയിട്ടുണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 660 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന മോഡലിന് മൂന്ന് ജിബി റാം/ 32ജിബി, നാല് ജിബി റാം/ 64 ജിബി പതിപ്പുകളുണ്ട്. 12 എംപി+ 2എംപിയാണ് പ്രധാന ക്യാമറ. 13 എംപിയാണ് സെല്‍ഫി ക്യാമറ. 4000 എംഎഎച്ചാണ് ബാറ്ററി. റെഡ്മി നോട്ട് 7 ന്റെ മൂന്ന് ജിബി റാം പതിപ്പിന് വില 9,999 രൂപയും നാല് ജിബി റാം പതിപ്പിന് 11,999 രൂപയാണ് വില.