നിരാശപ്പെടുത്തിയതില്‍ മാപ്പ് പറഞ്ഞ് ആപ്പിള്‍, ബാറ്ററി മാറാന്‍ ഡിസ്ക്കൌണ്ട്

പഴയ മോഡല്‍ ഐഫോണുകളുടെ പ്രവര്‍ത്തനം വേഗം കുറയുന്നതില്‍ ഉപയോക്താക്കളോട് മാപ്പ് അപേക്ഷയുമായി ആപ്പിള്‍. ലോകവ്യാപകമായി ഐഫോണ്‍ ഉപയോക്താക്കള്‍ പരാതി ഉന്നയിക്കുകയും ചിലര്‍ കോടതിയെ സമീപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആപ്പിളിന്റെ മാപ്പ് അപേക്ഷ.

ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ളിടത്തോളം കാലം ഐഫോണ്‍ ഉപയോഗിക്കാന്‍ കഴിയണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. മറ്റു കമ്പനികളേക്കാളും ഐഫോണിന്റെ ഉപയോഗ കാലാവധി നീണ്ടുനില്‍ക്കുന്നതില്‍ അഭിമാനമുണ്ട്.’ ആപ്പിളിന്റെ ഔദ്യോഗിക വെബ് സൈറ്റിലിട്ട സന്ദേശത്തില്‍ അധികൃതര്‍ വ്യക്തമാക്കി.

ബാറ്ററി മാറ്റിവയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ടും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്പിള്‍ ഐഫോണ്‍ 6 മുതല്‍ പുതിയ ഫോണുകള്‍ക്ക് ബാറ്ററി മാറ്റുന്നതിനായി 50 ഡോളറാണ് കിഴിവും പ്രഖ്യാപിച്ചിരിക്കുന്നത ്. ഐഫോണ്‍ 6 മുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് 29 ഡോളറിന് ബാറ്ററി മാറ്റിവാങ്ങാം. നിലവില്‍ 79 ഡോളറാണ് ബാറ്ററിയുടെ വില.

ഉപയോക്താക്കള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ സോഫ്റ്റുവെയര്‍ അപ്‌ഡേറ്റും ആപ്പിള്‍ പുറത്തിറക്കും. നേരത്തെ ഉപയോക്താക്കള്‍ അറിയാതെ ഫോണ്‍ സ്ലോ ആക്കാനുള്ള അപ്‌ഡേറ്റ് ആപ്പിള്‍ പുറത്തിറക്കിയിരുന്നു. ഇതിനെതിരെയാണ് അമേരിക്കയില്‍ ഉള്‍പ്പെടെ ആപ്പിളിനെതിരെ ഒമ്പതോളം കേസുകള്‍ നിലനില്‍ക്കുന്നത്.

ഫോണ്‍ ഇടയ്ക്കിടെ തനിയെ ഓഫാകുന്ന പ്രശ്‌നം പരിഹരിക്കാനാണ് ഫോണ്‍ ഒഎസ് സ്ലോ ചെയ്തത് എന്നാണ് ആപ്പിള്‍ നല്‍കുന്ന വിശദീകരണം.