‘കേരളത്തിൽ എന്നല്ല, എവിടെയും നിലവിൽ കപ്പൽ നിർമാണമേഖലയുമായി ബന്ധപ്പെട്ട നിക്ഷേപ പദ്ധതികളൊന്നുമില്ല’; മുഖ്യമന്ത്രിയുടെ അവകാശവാദം നിഷേധിച്ച് ടാറ്റ ഗ്രൂപ്പ്
കേരളത്തിൽ കപ്പൽ നിർമാണ പദ്ധതിക്കായി 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ടാറ്റ ഗ്രൂപ്പ് തള്ളി. കേരളത്തിലോ മറ്റേതെങ്കിലും സ്ഥലത്തോ കപ്പൽ നിർമാണശാല സ്ഥാപിക്കാനുള്ള പദ്ധതികൾ നിലവിൽ കമ്പനിക്കില്ലെന്ന് ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കി.
ടാറ്റ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ കപ്പൽ നിർമാണ മേഖലയുമായി ബന്ധപ്പെട്ട നിക്ഷേപ പദ്ധതികളൊന്നും ടാറ്റ ഗ്രൂപ്പിന്റെ പരിഗണനയിലില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
10,000 കോടിയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം. ഇതിനായി പ്രപ്പോസൽ സർക്കാരിന് നൽകിയെന്നും പദ്ധതിയുടെ രൂപരേഖ വിശദമായി പരിശോധിച്ചശേഷം അന്തിമ തീരുമാനമെടുക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ടാറ്റയുമായുള്ള ചർച്ചകൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. പദ്ധതിക്ക് ആവശ്യമായ ഭൂമി സർക്കാർ അനുവദിക്കുമെന്നും കപ്പൽ നിർമാണ മേഖലയിൽ ടാറ്റാ ഗ്രൂപ്പിന്റെ ആദ്യ സംരംഭമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
‘അമ്മ ആരെന്ന് അറിയാത്തവരാണ് വന്ദേമാതരം പാടുന്നതിനെ എതിർക്കുന്നത്’; വിവാദ പരാമർശവുമായി വി സി മോഹനൻ കുന്നുമ്മൽ
ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ