‘മാനം കവര്‍ന്നു, പാതിവ്രത്യം നഷ്ടപ്പെട്ടു, തുടങ്ങിയ പ്രയോഗങ്ങള്‍ ബലാല്‍സംഗ കേസുകളില്‍ വേണ്ടെന്ന് സുപ്രീം കോടതി; പുരുഷാധിപത്യപരമായ വാര്‍പ്പുമാതൃക വേണ്ട, സദാചാരപരമായ വിധികള്‍ക്ക് പകരം കുറ്റകൃത്യത്തെയും അതിന്റെ പ്രത്യാഘാതത്തെയും കേന്ദ്രീകരിച്ചുള്ള ഭാഷ ഉപയോഗിക്കണം, ജഡ്ജിമാര്‍ക്ക് കര്‍ശന നിര്‍ദേശം
ലൈംഗിക അതിക്രമ കേസുകളില്‍ വിധി പ്രസ്താവിക്കുമ്പോള്‍ സ്ത്രീവിരുദ്ധവും ഇരകളെ കുറ്റപ്പെടുത്തുന്നതുമായ പദപ്രയോഗങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി. ബലാത്സംഗം, ലൈംഗികാതിക്രമം എന്നിവയുമായി ബന്ധപ്പെട്ട വിധിന്യായങ്ങളില്‍നിന്ന് ലിംഗപരമായ സ്ഥിരംമാതൃകകളും ഇരയെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പ്രയോഗങ്ങളും ഒഴിവാക്കാന്‍ ജഡ്ജിമാര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇത്തരം കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കോടതികള്‍ കൂടുതല്‍ ആലോചനാപൂര്‍ണവും അതിജീവിച്ചവര്‍ക്ക് മുന്‍ഗണന നല്‍കുന്നതുമായ സമീപനം സ്വീകരിക്കണമെന്ന് രാജ്യത്തെ പരമോന്നത കോടതി വ്യക്തമാക്കി.
മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അനിരുദ്ധ ബോസിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ജഡ്ജിമാര്‍ വിധിന്യായത്തിലും വിചാരണയിലും സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ച് കടുത്ത നിര്‍ദേശങ്ങളുള്ളത്. വിധിന്യായങ്ങള്‍ എഴുതുന്നതിലെ ‘അതീവശ്രദ്ധയും അനുകമ്പയും’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട്, ഇന്ത്യയിലുടനീളമുള്ള 125 വിചാരണ കോടതി വിധിന്യായങ്ങള്‍ പരിശോധിച്ച ശേഷമാണ് തയ്യാറാക്കിയത്. ലൈംഗിക കുറ്റകൃത്യങ്ങളും ദുര്‍ബലരായ വ്യക്തികള്‍ ഉള്‍പ്പെടുന്ന മറ്റ് കേസുകളും കൈകാര്യം ചെയ്യുന്ന ജഡ്ജിമാര്‍ക്കിടയില്‍ അതീവശ്രദ്ധയും അനുകമ്പയും പ്രോത്സാഹിപ്പിക്കുന്നതിനായി സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട 2026 ഫെബ്രുവരി 10-ലെ സുപ്രീം കോടതി വിധിയെത്തുടര്‍ന്നാണ് ഈ വിദഗ്ധ സമിതി രൂപീകരിച്ചത്.
‘പ്രോസിക്യൂട്രിക്സ്’ ‘അബലയായ സ്ത്രീ’ ‘പാതിവ്രത്യം നഷ്ടപ്പെട്ടു’ തുടങ്ങിയ പ്രയോഗങ്ങള്‍ നിര്‍ത്തലാക്കാന്‍ ജഡ്ജിമാരോട് സമിതി ആവശ്യപ്പെട്ടു. ഇത്തരം പദപ്രയോഗങ്ങള്‍ പുരുഷാധിപത്യപരമായ വാര്‍പ്പുമാതൃകകളില്‍ അധിഷ്ഠിതമാണെന്നും അവ അതിജീവിച്ചവരെ വീണ്ടും മാനസികമായി തളര്‍ത്തുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ‘ഇര’ ‘അതിജീവിച്ചവര്‍’ ‘പരാതിക്കാരി’ ‘ലൈംഗികാതിക്രമം’ ‘സ്വശരീരത്തിലുള്ള പരമാധികാരം’ തുടങ്ങിയ നിഷ്പക്ഷവും നിയമപരമായി കൃത്യവുമായ പദങ്ങള്‍ കോടതികള്‍ ഉപയോഗിക്കണം എന്നും സുപ്രീം കോടതി സമിതി റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.
‘പാവം നിസ്സഹായയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി’, ‘കാമത്താല്‍ പ്രേരിതനായി’, ‘അവിഹിതകാമം ശമിപ്പിക്കാന്‍’, ‘ശൈശവം നശിപ്പിച്ചു’, ‘ജീവിതം നശിപ്പിച്ചു’ തുടങ്ങിയ ശൈലികള്‍ വേണ്ടെന്നും സദാചാരപരമായ വിധികള്‍ക്ക് പകരം കുറ്റകൃത്യത്തെയും അതിന്റെ പ്രത്യാഘാതത്തെയും കേന്ദ്രീകരിച്ചുള്ള ഭാഷ ഉപയോഗിക്കാനും സമിതി നിര്‍ദ്ദേശിച്ചു. ‘അന്തസ്സ്’ ‘അപമാനം’ ‘പാതിവ്രത്യം’ ‘ലജ്ജ’ ‘വിശുദ്ധി’ തുടങ്ങിയ വാക്കുകള്‍ ഒരു സ്ത്രീയുടെ മൂല്യം അവളുടെ ലൈംഗികശുദ്ധിയിലോ കുടുംബത്തിന്റെ അന്തസ്സിലോ ആണെന്ന കാലഹരണപ്പെട്ട സങ്കല്‍പ്പങ്ങളെ ബലപ്പെടുത്തുന്നതിനാല്‍ അവ വേണ്ടെന്നും ജുഡീഷ്യല്‍ യുക്തി സമ്മതം, അന്തസ്സ്, സ്വന്തം ശരീരത്തിലുള്ള പരമാധികാരം, ഭരണഘടനാപരമായ അവകാശങ്ങള്‍ എന്നിവയില്‍ അധിഷ്ഠിതമായിരിക്കണമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
ലൈംഗിക കുറ്റകൃത്യങ്ങളെ ‘കാമം’ മൂലമുള്ള പ്രവൃത്തികളായി ചിത്രീകരിക്കുന്നത് പുരുഷന്മാരുടെ ലൈംഗിക കടന്നാക്രമണങ്ങളെ സ്വാഭാവികവല്‍ക്കരിക്കാനും കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കാനും ഇടയാക്കുമെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. അതിജീവിച്ച വ്യക്തിയെ അപമാനിക്കുന്നതോ അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതോ ആയ ക്രോസ് വിസ്താരങ്ങള്‍ ജഡ്ജിമാര്‍ സജീവമായി തടയണമെന്ന് സമിതി ഊന്നിപ്പറഞ്ഞു. പ്രത്യേകിച്ച്, അതിജീവിച്ച വ്യക്തിയുടെ ലൈംഗിക ചരിത്രം, വസ്ത്രധാരണം അല്ലെങ്കില്‍ കുറ്റകൃത്യത്തിന് മുമ്പുള്ള പെരുമാറ്റം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ‘ഒരു സ്ത്രീയെ അവളുടെ വസ്ത്രധാരണത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ വിലയിരുത്തുന്നതോ അവളുടെ സ്വഭാവഗുണത്തെയോ അന്തസ്സിനെയോ കുറിച്ച് നിഗമനങ്ങളില്‍ എത്തുന്നതോ ആയ രീതി ഏതൊരു പരിഷ്കൃത സമൂഹത്തിലും മാപ്പര്‍ഹിക്കാത്തതും അനുവദനീയമല്ലാത്തതുമാണെന്ന് സുപ്രീം കോടതി സമിതിയുടെ റിപ്പോര്‍ട്ട് നിരീക്ഷിച്ചു.
കോടതിമുറികള്‍ക്കുള്ളില്‍ അതിജീവിച്ചവരോട് മാന്യമായി പെരുമാറുന്നുണ്ടെന്ന് ജഡ്ജിമാര്‍ ഉറപ്പാക്കണം. ഇതിനായി അടിസ്ഥാനപരമായ മര്യാദകള്‍ പാലിക്കുക, സാക്ഷിമൊഴി നല്കുന്ന വേളയില്‍ അവരുടെ സൗകര്യം ശ്രദ്ധിക്കുക, അനാവശ്യമായ പൊതുജന സാന്നിധ്യം നിയന്ത്രിക്കുക, പ്രതിയുമായുള്ള ഭയപ്പെടുത്തുന്ന ഇടപെടലുകള്‍ തടയുക എന്നിവ ചെയ്യേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.വിചാരണയ്ക്ക് മുമ്പുള്ള കൗണ്‍സിലിങ്, ഇന്‍-ക്യാമറ നടപടികള്‍ സാക്ഷി സംരക്ഷണ നടപടികള്‍, അതിജീവിച്ചവര്‍ക്കുള്ള നിയമസഹായം എന്നിവയും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഔദ്യോഗിക അഭ്യര്‍ത്ഥനകള്‍ക്കായി കാത്തുനില്‍ക്കാതെ തന്നെ ഇരകളുടെയും ദുര്‍ബലരായ സാക്ഷികളുടെയും സുരക്ഷ ജഡ്ജിമാര്‍ സ്വമേധയാ ഉറപ്പാക്കണമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ലൈംഗികാതിക്രമ കേസുകള്‍ വിലയിരുത്തുമ്പോള്‍ വാര്‍പ്പുമാതൃകകളെ ആശ്രയിക്കരുതെന്ന് സമിതി ജഡ്ജിമാര്‍ക്ക് മുന്നറിയിപ്പ് നല്കി. അതിജീവിച്ച വ്യക്തി പരാതി നല്കാന് വൈകിയതുകൊണ്ടോ, ശാരീരികമായി പ്രതിരോധിക്കാത്തതുകൊണ്ടോ ശരീരത്തില്‍ പരിക്കുകള്‍ ഇല്ലാത്തതുകൊണ്ടോ മാത്രം അവര്‍ക്കെതിരെ തെറ്റായ നിഗമനങ്ങളില്‍ എത്തരുതെന്നും വ്യക്തമായ നിര്‍ദേശമുണ്ട്. പരിക്കുകളുടെ അഭാവം, റിപ്പോര്‍ട്ട് ചെയ്യുന്നതിലെ കാലതാമസം അല്ലെങ്കില്‍ പ്രതിരോധത്തിന്റെ അഭാവം എന്നിവ സമ്മതമായി കണക്കാക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. ആഘാതങ്ങളോട് അഥവാ ട്രോമയോട് ഇരകള്‍ വ്യത്യസ്തമായ രീതിയിലായിരിക്കാം പ്രതികരിക്കുക’ എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സമ്മതമില്ലാതെ നടന്ന പ്രവൃത്തികളെയോ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെട്ട കേസുകളെയോ ‘ശാരീരിക ബന്ധം’ എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കാന്‍ ജഡ്ജിമാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. പകരം ‘ബലാത്സംഗം’, ‘ലൈംഗികാതിക്രമം’ തുടങ്ങിയ കൃത്യമായ നിയമപദങ്ങള്‍ കോടതിയില്‍ ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്തു.
‘ചുറുചുറുക്കുള്ള യുവനേതാവ്’; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി
‘ദിവസവും 20 മണിക്കൂറിലധികം ജോലി ചെയ്യും, പുലർച്ചെ 4 മണിക്ക് എല്ലാ വകുപ്പുകളിലേക്കും വിളിച്ച് എന്താണ് സംഭവിച്ചതെന്ന് ചോദിക്കും’: മന്ത്രി ആധവ് അർജുന