സ്കൂളിനകത്ത് യൂണിഫോമിൽ വിദ്യാർഥികളുടെ മദ്യപാനം; വീഡിയോ വൈറലായതോടെ പ്രിൻസിപ്പലിന് സ്ഥലംമാറ്റം
തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ തക്കലൈ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ക്ലാസ് മുറിയിൽ മദ്യപിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് സ്കൂൾ പ്രിൻസിപ്പലിനെ സ്ഥലം മാറ്റി. സംഭവത്തിൽ കന്യാകുമാരി ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.
പരീക്ഷകൾക്ക് മുന്നോടിയായി സംഘടിപ്പിച്ച പ്രത്യേക പരിശീലന ക്ലാസുകൾക്ക് ശേഷമാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് 1ന് ശനിയാഴ്ച നടന്ന പ്രത്യേക ക്ലാസിന് ശേഷം ക്ലാസ് മുറിയിൽ ഇരുന്ന് വിദ്യാർഥികൾ മദ്യപിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പുറത്തുനിന്ന് കൊണ്ടുവന്ന സാധനങ്ങളെക്കുറിച്ചും മദ്യത്തെക്കുറിച്ചും വിദ്യാർഥികൾ സംസാരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മറ്റൊരു വിദ്യാർഥി പകർത്തിയ വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ പ്രമീള ഇവാഞ്ചലിനെ നാഗർകോവിലിലെ വടശേരി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലം മാറ്റി. വീഡിയോ ചിത്രീകരിച്ച തീയതി, ദൃശ്യങ്ങളിലുള്ളവർ ഇതേ സ്കൂളിലെ വിദ്യാർഥികളാണോ, ക്യാമ്പസിനുള്ളിലേക്ക് മദ്യം എങ്ങനെ എത്തി, അധ്യാപകരുടെയോ സ്കൂൾ അധികൃതരുടെയോ ഭാഗത്തുനിന്ന് മേൽനോട്ടത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
മാസപ്പടി കേസ്; ഇഡി തെളിവുകൾ നൽകി, ഗൗരവമായ കാര്യങ്ങളും കൈമാറിയെന്ന് മുഖ്യമന്ത്രി
മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപകേസ് ; ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ കേസ്