പ്രസവക്കിടക്കയിലിരുന്ന് പരീക്ഷയെഴുത്ത്, ഈ അമ്മയ്ക്ക് ആശംസാപ്രവാഹം

പരീക്ഷയ്ക്ക് ഉഴപ്പുന്നവര്‍ നസിയ തോമസിനെ പാഠമാക്കണം. പ്രസവ കിടക്കയിലിരുന്ന് തന്റെ പരീക്ഷയെഴുതി ലോകത്തിന്റെ മുഴുവന്‍ ആദരം പിടിച്ചു പറ്റുകയാണ് ഈ സ്ത്രീ. പ്രസവിക്കുന്നതിന് തൊട്ടുമുമ്പാണ് ആശുപത്രിക്കിടക്കയിലിരുന്ന് നസിയ പരീക്ഷയെഴുതിയത്. ഇതിന്റെ ഫോട്ടോ ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്.

നസിയയുടെ അമ്മയാണ് മകള്‍ പരീക്ഷ എഴുതുന്ന ചിത്രം പകര്‍ത്തിയത്. പരീക്ഷയൊക്കെ കഴിഞ്ഞ് റിലാക്‌സ് ചെയ്തിരിക്കുമ്പോഴാണ് ഈ ചിത്രം നസിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. എന്റെ അമ്മ എടുത്ത ചിത്രമാണിത്. ഞാന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുന്നതിന് തൊട്ട് മുമ്പ്. എന്റെ ജീവിതത്തിന്റെ ഏറ്റവും പൂര്‍ണമായ വിശദീകരണമാണിത്-നസിയ ട്വീറ്റ് ചെയ്തു.

കന്‍സാസ് സിറ്റിയിലെ ജോണ്‍സണ്‍ കണ്ട്രി കമ്യൂണിറ്റി കോളെജില്‍ സൈക്കോളജി പഠിക്കുകയാണ് നസിയ. ഗര്‍ഭിണിയായി 39 ആഴ്ച്ചകള്‍ വരെ അവള്‍ കോളെജില്‍ തന്നെ തുടര്‍ന്നു. പിന്നീടാണ് ഹോസ്പിറ്റലിലേക്ക് മാറിയത്. സൈക്കോളജി പേപ്പര്‍ ആശുപത്രിക്കിടക്കയിലിരുന്ന് എഴുതിയ നസിയക്ക് വന്‍പിന്തുണയാണ് സോഷ്യല്‍ മീഡിയ നല്‍കിയത്.

ഇതിനോടകം തന്നെ ഫോട്ടോ ഉള്‍പ്പടെയുള്ള ട്വീറ്റിന് ലഭിച്ചത് 1.3 ലക്ഷം ലൈക്കുളാണ്. 27,000 റീട്വീറ്റുകളും വന്നു കഴിഞ്ഞു. ഡിസ്ലൊക്കേറ്റിവ് ഐഡന്റിറ്റി ഡിസ്ഓര്‍ഡര്‍ എന്ന റിസര്‍ച്ച പേപ്പറിന്റെ പരീക്ഷ ആയിരുന്നു അതെന്നാണ് നസിയ പിന്നീട് പറഞ്ഞത്.

ഡിസംബര്‍ 11നായിരുന്നു പരീക്ഷ. ഡിസംബര്‍ 12ന് നസിയ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇതല്ലേ യഥാര്‍ത്ഥ പ്രചോദനം എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. അന്തോണി ജോണ്‍സണ്‍ എന്നാണ് കുഞ്ഞിന്റെ പേര്.