വെറും സാഹസികതയല്ല, ഇത് അതുക്കും മേലെ

പര്‍വ്വത നിരകളില്‍ നിന്ന് സാഹസീകമായി ചാടുന്ന പല രംഗങ്ങളും കണ്ട് കണ്ണു തള്ളിയിട്ടുള്ളവരാകും പലരും. എന്നാല്‍ ഇത്തരത്തിലൊരു അഭ്യാസം സ്വപ്നത്തില്‍ പോലും ആരും കണ്ടിട്ടുണ്ടാവില്ല. ഫ്രാന്‍സുകരായ രണ്ട് യുവാക്കള്‍ സാധാരണ സാഹസകരില്‍ നിന്നും വ്യത്യസ്തരായത് പറന്നു കൊണ്ടിരിക്കുന്ന വിമാനത്തിലേക്ക് ചാടിക്കയറിയാണ്.

ഫ്രെഡ് ഫ്യൂജിനും വിന്‍സ് റെഫെറ്റുമാണ് സാഹസികതയുടെ പുതിയ മുഖം ലോകത്തിന് പകര്‍ന്ന് നല്‍കിയത്്. യൂറോപ്പിലെ ഉയരം കൂടിയ മലനിരകളിലൊന്നായ ജങ്‌ഫ്രോ പര്‍വ്വതത്തിനു മുകളില്‍ നിന്നായിരുന്നു കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ ഇവരുടെ ചാട്ടം. പര്‍വ്വത മുനമ്പില്‍ നിന്ന് ഫ്ളയിംഗ് സ്യൂട്ടിന്റെ സഹായത്തോടെ അന്തരീക്ഷത്തിലേക്ക് ഒറ്റ ചാട്ടം. മലയിടുക്കളുടെ ഇടയില്‍ കൂടി വട്ടമിട്ട് പറക്കുന്ന ചെറുവിമാനത്തിന് ഉള്ളില്‍ കയറുകയായിരുന്നു് ലക്ഷ്യം.

ഇനിയാണ് കളി കാര്യമാകുന്നത്. കാഴ്ചക്കാരുടെ ഹൃദയ മിടുപ്പ് വേഗത്തിലാക്കുന്ന നിമിഷം. ഒന്നിനു പിറകെ ഒന്നായി രണ്ട് പേരും വിമാനത്തിന്റെ തുറന്നിട്ട വാതിലിലൂടെ ഉള്ളിലേക്ക് കയറണം. ഒന്ന് പിഴച്ചാല്‍ പിന്നെ പറയണ്ടല്ലോ. വീഡിയോ കാണാം.

 

മാസങ്ങള്‍ നീണ്ട അതികഠിനമായ പരിശീലനമാണ് വിജയ സാഹസികതയ്ക്ക് പിന്നിലെന്നാണ് ഫ്രെഡും വിന്‍സും പറയുന്നത്. പര്‍വ്വതത്തില്‍ നിന്നുമുള്ള ചാട്ടമായിരുന്നു ഏറെ പ്രയാസകരം. മറ്റൊന്ന് തങ്ങള്‍ ചെന്നു കയറുമ്പോള്‍ വിമാനത്തിന് അപകടമുണ്ടാകരുത് എന്നുളളതും. ഇത്തരത്തില്‍ ഇരുപത് തവണയോളം വിമാനത്തിലേക്ക് കയറി. കരിയറിലെ ഏറ്റവും സാഹസികമായ ദൗത്യത്തിന് “ആകാശത്തിലൊരു വാതില്‍” എന്നാണ് ഇവര്‍ പേരു നല്കിയത്.