വളയിട്ട കൈകളില്‍ മൂര്‍ഖനും, 'പാമ്പ് രാജി' വാര്‍ത്തയാകുന്നു

പാമ്പിനെ പിടിക്കുന്ന വാവാ സുരേഷ്, മാര്‍ട്ടിന്‍ എന്നീ പുരുഷന്മാരെ മാത്രമെ ഭൂരിഭാഗം മലയാളികള്‍ കണ്ടിട്ടുള്ളു.എന്നാല്‍ പാമ്പ് പിടുത്തക്കാരുടെ ഇടയിലെ സ്ത്രീ സാന്നിധ്യമാണ് പാലോട് സ്വദേശിയായ പാമ്പ് രാജി.

കുട്ടിക്കാലം മുതല്‍ പാമ്പിനെ സ്‌നേഹിച്ചിരുന്ന രാജിയുടെ ജീവിതത്തില്‍ വഴിത്തിരിവായത് കഴിഞ്ഞ മാര്‍ച്ചില്‍ വന്ന ഫോണ്‍കോളാണ്. ബുള്ളറ്റെടുത്ത് പാഞ്ഞ് ചെന്ന് രാജി അവിടെനിന്നും പിടിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത് അസ്സല്‍ മൂര്‍ഖനെ. അന്ന് മുതല്‍ രാജി തന്റെ ജീവിതത്തിലെ ശരിയായ വഴിയിലേക്ക് തിരിയുകയായിരുന്നു.

പാമ്പ് പിടുത്തക്കാരിലേക്ക് ഒരു സ്ത്രീ കടന്നുവന്നത് ആദ്യമൊരു ഭയത്തോടെയാണ് നാട്ടുകാര്‍ കണ്ടത്. എന്നാല്‍ പാലോടുകാര്‍ക്കെല്ലാം പ്രിയപ്പെട്ട പാമ്പ് രാജിയാണ് ഇപ്പോള്‍ ഇവര്‍. സ്ത്രീകള്‍ കടന്നുചെല്ലാത്ത മേഖലയിലേക്ക് ഒരു കൂസലുമില്ലാതെ കടന്നുചെന്ന ഈ മുപ്പത്തിമൂന്നുകാരിയെ അത്ഭുതത്തോടെയാണ് നാട്ടിലെ പെണ്‍കുട്ടികള്‍ കാണുന്നത്.

ഫീല്‍ഡിലേക്കിറങ്ങി 10 മാസത്തിനിടെ 157 പാമ്പിനെ പിടിക്കാനായെന്ന് രാജി പറയുന്നു. രാജവെമ്പാല ഒഴികെ എല്ലാത്തരം പാമ്പുകളെയും രാജി പത്തുമാസക്കാലയളവില്‍ രാജി പിടിച്ചിട്ടുള്ളത്. എന്നാല്‍ പാമ്പ് പിടിക്കുന്ന വീടുകളില്‍ നിന്ന് പ്രതിഫലമൊന്നും രാജി വാങ്ങാറുമില്ല. നാട്ടുകാര്‍ സ്‌നേഹത്തോടെ എന്തെങ്കിലും തന്നാല്‍ തന്നെ അത് പാലോട് സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തിനായാണ് നല്‍കുന്നത്. ഇപ്പോള്‍ മറ്റ് ജില്ലകളിലേക്കും രാജി തന്റെ പ്രവര്‍ത്തനമേഖല വ്യാപിപ്പിച്ചിട്ടുണ്ട്. പിക്കപ്പ് വാന്‍ ഓടിച്ച് ഉപജീവനം നടത്തുന്നതും രാജിയെ മറ്റ് സ്ത്രീകളില്‍ നിന്നും വ്യത്യസ്തയാക്കുന്നു.