നൂറു വര്‍ണ്ണങ്ങളിലും വരകളിലുമൊതുങ്ങാത്ത ‘ശതചിത്ര’

വ്യത്യസ്ത കാലങ്ങളെ സാഹിത്യത്തെക്കാളൊരുപടി മുന്നില്‍ ചിത്രകലയ്ക്ക് അടയാളപ്പെടുത്താന്‍ സാധിക്കുമെന്ന് കാണിച്ചുതരികയാണ് കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ച ‘ശതചിത്ര ‘ ചിത്ര – ശില്പ പ്രദര്‍ശനം.

നൂറിലധികം കലാകാരന്മാര്‍ ഒത്തുചേരുന്ന കേരളത്തിലെ ആദ്യ ചിത്രപ്രദര്‍ശനമാണ് ശതചിത്ര. പോള്‍ കല്ലനോട് , പ്രഭാകരന്‍, കബിത മുഖോപാദ്യായ, ടി.ആര്‍ ഉദയകുമാര്‍, മോപ്പസാങ്ങ് വാലത്ത്, ശ്രീജ പള്ളം , കല്‍ക്കി സുബ്രഹ്മണ്യം എന്നിവരുള്പ്പടെ 115 കലാകാരന്മാര്‍ ഒരു കുടക്കീഴില്‍ ഒത്തുചേര്‍ന്നപ്പോള്‍ വര്‍ണ്ണങ്ങളുടെയും വരകളുടെയും പുതിയ ലോകമാണ് ആസ്വാദകര്‍ക്കുമുന്നില്‍ തുറന്നിരിക്കുന്നത്.

മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വരക്കുട്ടം എന്ന സംഘമാണ് ശതചിത്ര എന്ന ആശയത്തിനു പിന്നില്‍. പ്രകൃതിയിലെ കാഴ്ചകളും ജീവിതത്തിന്റെ നേര്‍കാഴ്ചകളും, സ്ത്രീത്വം നേരിടുന്ന പ്രശ്‌നങ്ങളും ശതചിത്രയ്ക്ക് വിഷയമാകുന്നു. പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമാന്റെ കരയുന്ന ബുദ്ധനും ചിരിക്കുന്ന ബുള്ളറ്റും എന്ന ശില്‍പ്പവും കാഴ്ചക്കാരെ ആസ്വദനത്തിന് മറ്റൊരു തലത്തില്‍ എത്തിക്കുന്നു.

മ്യൂറല്‍ , ലാന്‍ഡ്‌സ്‌കേപ്പ്, വാട്ടര്‍ കളര്‍ എന്നിങ്ങനെ വിവിധ ശൈലിയിലും മാധ്യമങ്ങളിലുമുള്ള ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. 17 ന് ആരംഭിച്ച ചിത്ര- ശില്പ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത് എഴുത്തുകാരന്‍ സി.വി ബാലകൃഷ്ണനാണ്. ഷമീം സിഗര്‍, അനീസ് വടക്കന്‍ എന്നിവരാണ് ക്യുറേറ്റര്മാര്‍. പ്രദര്‍ശനം 24 ന് സമാപിക്കും .