98-ാം വയസില്‍ ഇക്കണോമിക്‌സ് പി ജി., രാജ്കുമാറിന് പൊരുതാന്‍ ബാല്യം ബാക്കി

പഠിക്കാനുള്ള മനസും ആഗ്രഹവുമുണ്ടെങ്കില്‍ എന്തും നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് രാജ്കുമാര്‍ വൈശ്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ ഈ വിദ്യാര്‍ഥിയുടെ പ്രായം ഇരുപതോ അറുപതോ അല്ല. 98-ാം വയസിലാണ് പഠിക്കാനുളള ആഗ്രഹത്തെ സഫലമാക്കി രാജ്കുമാര്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയത്. നളന്ദ സര്‍വകലാശാലയാണ് രാജ്കുമാറിന് ബിരുദാനന്തര ബിരുദ പഠനത്തിന് വഴിയൊരുക്കിയത്. ചക്ര കസേര വേണ്ടെന്നു പറഞ്ഞ് വോക്കറിന്റെ സഹായത്തോടെ നടന്ന് വേദിയിലെത്തിയ രാജ്കുമാര്‍ മേഘാലയ ഗവര്‍ണര്‍ ഗംഗാ പ്രസാദില്‍നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

1938ല്‍ ആഗ്ര സര്‍വകലാശാലയില്‍നിന്നു ബിരുദവും 1940ല്‍ എല്‍എല്‍ബിയും നേടിയ രാജ്കുമാര്‍ ക്രിസ്റ്റ്യന്‍ മൈക്ക ഇന്‍ഡസ്ട്രി കമ്പനിയില്‍ ലോ ഓഫിസറായിരുന്നു. 1980കളില്‍, ജനറല്‍ മാനേജരായി വിരമിച്ചു. 2015ലാണു നളന്ദയില്‍ ബിരുദാനന്തരബിരുദത്തിനു ചേര്‍ന്നത്. പേരക്കുട്ടികളുടെ പ്രായമുള്ള സഹപാഠികള്‍ക്കിടയില്‍ തികച്ചും ഊര്‍ജ്ജസ്വലനായിരുന്നു അദ്ദേഹം. എംഎ പഠനം പൂര്‍ത്തിയാക്കാന്‍ അച്ഛന്‍ കഠിനാധ്വാനം ചെയ്‌തെന്നു നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നു പ്രഫസറായി വിരമിച്ച മകന്‍ സന്തോഷ് കുമാറും സാക്ഷ്യപ്പെടുത്തുന്നു.

ഈ വര്‍ഷം 22,100 കുട്ടികള്‍ ബിരുദത്തിന് അര്‍ഹരായെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ എസ് പി സിന്‍ഹ പറഞ്ഞു. സ്വര്‍ണ മെഡല്‍ ജേതാക്കളടക്കം 2,780 പേരെയാണ് ഈ വര്‍ഷത്തെ ബിരുദദാന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്.രാജ്കുമാറിന് ഈ പ്രായത്തിലും എവിടെ നിന്നാണ് ഇത്രയും ഊര്‍ജം ലഭിക്കുന്നതെന്ന് അദ്ഭുതപ്പെടുന്നുവെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു. നളന്ദ സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം ലഭിച്ച ഏറ്റവും പ്രായകൂടിയ വ്യക്തിയാണു രാജ്കുമാര്‍.