ചക്കയിലെ 'നിധി'; കര്‍ഷകന് കിട്ടിയത് ലക്ഷക്കണക്കിന് രൂപ

പാപ്പരായിരുന്നവര്‍ക്ക് ലോട്ടറി അടിച്ച് ഒരു സുപ്രഭാതത്തില്‍ ലക്ഷ പ്രഭുവാകുന്ന സംഭവങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ചക്ക ഭാഗ്യം കൊണ്ടുവന്നിട്ടുള്ളത് മുത്തശ്ശി കഥകളില്‍ പോലും കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ ഇനി കേട്ടോളു. വെറും കെട്ടു കഥയല്ല നടന്ന കാര്യമാണ്. കര്‍ണാടകയിലെ തുമാകുരു ജില്ലയില്‍ ചെലൂര്‍ ഗ്രാമത്തിലുള്ള എസ്.എസ്. പരമേശ എന്ന കര്‍ഷകനാണ് ചക്ക ഭാഗ്യമായി മാറിയത്. പരമേശയ്ക്ക് വയസ് പ്രായമുള്ളപ്പോള്‍ അച്ഛന്‍ സിദ്ദപ്പ നട്ട അപൂര്‍വയിനം പ്ലാവാണ് നാല്‍പതാം വയസില്‍ മകന്റെ തലവര മാറ്റിയത്.

ഒരു ചക്ക എങ്ങനെ നിധിയായി മാറിയെന്നല്ലേ? വെറും ചക്കയല്ല ഇത്. സാധാരണ ചക്കകള്‍ക്ക് 10-20 കിലോയോളം ഭാരമുള്ളപ്പോള്‍ ഈ ചക്കയുടെ ഭാരം 2.5 കിലോഗ്രാമാണ്. ചുളകള്‍ക്കാണെങ്ങില്‍ ചുവപ്പു നിറം, രുചിയിലും പോഷകഗുണത്തിലും കെങ്കേമന്‍. ചക്കയുടെ സവിശേഷതയറിഞ്ഞ് കൂട്ടുകാരും ബന്ധുക്കളുമടക്കം ഏറെ ആവശ്യക്കാരെത്തിയതോടെ പരമേശയുടെ പ്ലാവ് നാട്ടിലെ താരമായി. അങ്ങനെ പ്ലാവിന്റെ ഖ്യാതി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ചിലും എത്തി.

അവിടെ പരമേശയുടെ ഭാഗ്യം തെഴിയുകയായിരുന്നു. അപൂര്‍വയിനം പ്ലാവിന്റെ വംശവര്‍ധനയ്ക്കുള്ള മാര്‍ഗമറിയാതിരുന്ന പരമേശയ്ക്ക് അതിനുള്ള മാര്‍ഗവും കണ്ടെത്തി കൊടുത്ത് പത്തു ലക്ഷം രൂപയും നല്‍കി അധികൃതര്‍. പോരാത്തതിന് ഗ്രാഫ്റ്റിങ്ങിലൂടെ പ്ലാവിന്‍ തൈകള്‍ ഉത്പാദിപ്പിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പരമേശയുമായി ധാരണാപത്രപും ഒപ്പിട്ടു. ഇതനുസരിച്ച് തൈകള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരില്‍ വില്‍ക്കാനും വരുമാനത്തിന്റെ 75 ശതമാനം പരമേശയ്ക്ക് നല്‍കാനും ധാരണയായി. പ്ലാവ് നട്ട പിതാവിന്റെ സ്മരണയ്ക്കായി ഈ ഇനത്തിനു “സിദ്ദു” എന്ന പേരും ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കി.

സിദ്ദു പ്ലാവിന്‍െതെകള്‍ക്കായി ഇപ്പോള്‍തന്നെ 10,000 ഓര്‍ഡറുകള്‍ ലഭിച്ചതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എം.ആര്‍. ദിനേശ് പറഞ്ഞു. രണ്ടു മാസത്തിനകം ഔപചാരികവില്‍പന ആരംഭിക്കും. ധാരണ പ്രകാരം 10,000 തൈകള്‍ വില്‍ക്കുമ്പോള്‍ തന്നെ ഏകദേശം 10 ലക്ഷം രൂപ പരമേശയുടെ കയ്യിലെത്തും.

Read more

സിദ്ദു ചക്കയുടെ ഔഷധഗുണം സംബന്ധിച്ച പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ. എന്നാല്‍, ഇതിന്റെ ചുളകള്‍ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണെന്നും ലൈകോപിന്‍ എന്ന പോഷകത്തിന്റെ അളവ് 100 ഗ്രാം ചുളയില്‍ രണ്ട് മില്ലിഗ്രാമാണെന്നും ബയോ-കെമിക്കല്‍ പരിശോധനയില്‍ കണ്ടെത്തി.