ഈ രാഷ്ട്രീയക്കാരന്‍റെ ചെറുത്തുനില്‍പ്പ് അന്ധവിശ്വാസങ്ങള്‍ക്കെതിരെ, ഉറങ്ങുന്നത് സെമിത്തേരിയില്‍

അന്ധവിശ്വാസങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് കര്‍ണ്ണാടക മുന്‍മന്ത്രി സതീഷ് ജര്‍കിഹൊളി. ഇതിനായി തെരഞ്ഞെടുത്തതോ വ്യത്യസ്തമായ ഒരു മാര്‍ഗ്ഗവും. വര്‍ഷത്തില്‍ ഒരു ദിവസം സെമിത്തേരിയില്‍ കിടന്നുറങ്ങി മനുഷ്യന്റെ മനസ്സില്‍ വേരുറച്ചുപോയ അന്ധവിശ്വാസങ്ങളെ വെല്ലുവിളിക്കുകയാണ് ഇദ്ദേഹം.

ഓരോ വര്‍ഷത്തിലെയും ഡിസംബര്‍ മാസം ആറാം തിയ്യതിയാണ് ജര്‍കഹൊളി സെമിത്തേരിയില്‍ ഉറങ്ങാന്‍ എത്തുന്നത്. ആദ്യ വര്‍ഷങ്ങളില്‍ മന്ത്രി മാത്രമായിരുന്നു എത്തിയതെങ്കില്‍ ഇപ്പോള്‍ അമ്പതിനായിരത്തോളം പേര്‍ മന്ത്രിക്ക് പിന്തുണ അറിയിച്ച് എത്തുന്നുണ്ട്. അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണക്ലാസുകളും ഇപ്പോള്‍ നടക്കുന്നുണ്ട്. ഒരു ദിവസം മുഴുവനും നീണ്ടുനില്‍ക്കുന്ന പരിപാടികളോടെയാണ് ഇപ്പോള്‍ സെമിത്തേരിയിലുറക്കം നടക്കുന്നത്.

സതീഷ് ജര്‍കഹൊളിയെ പിന്തുണച്ച് ഇത്തവണത്തെ പരിപാടികളില്‍ ബിഎംസിടി ചെയര്‍മാന്‍ നാഗരാജ് യാദവും രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുക്തിവാദികളെയും ചിന്തകരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് അടുത്ത വര്‍ഷം ഡിസംബര്‍ ആറിന് വിപുലമായ പരിപാടികള്‍ നടത്തുമെന്നും, പരിപാടിയില്‍ 60000 ത്തോളം പേരെ പ്രതീക്ഷിക്കുന്നുവെന്നും ജര്‍കഹോളി പറഞ്ഞു.