‘സ്വവര്‍ഗരതിയാണോ പ്രശ്‌നം? പരിഹാരമുണ്ട്, നന്നായി പ്രാര്‍ത്ഥിച്ചാല്‍ മതി’: സഭയില്‍ ആളേകൂട്ടാന്‍ തലതിരിഞ്ഞ തന്ത്രവുമായി ക്രിസ്തീയ സുവിശേഷ സംഘം

നന്നായി പ്രാര്‍ത്ഥിച്ചാല്‍ സെക്ഷ്വല്‍ ഓറിയന്റേഷന്‍ മാറുമെന്ന അശാസ്ത്രീയ വാദമുയര്‍ത്തി ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ ഗ്രൂപ്പിന്റെ ഫെയ്‌സ്ബുക്ക് വീഡിയോ. ഗേ, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍ ആളുകള്‍ ഉള്‍പ്പെടുന്ന സ്വവര്‍ഗരതിക്കാരെ ഉദ്ദേശിച്ചാണ് സുവിശേഷ സംഘം വീഡിയോ തയാറാക്കിയിരിക്കുന്നത്.

ആങ്കേഡ് നോര്‍ത്ത് എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് ലവ് ഈസ് ലവ് എന്ന ടൈറ്റിലില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എമിലി തോമസ് എന്നൊരു സ്ത്രീയുടെ അനുഭവ സാക്ഷ്യവും ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താനൊരു ലെസ്ബിയന്‍ ആയിരുന്നുവെന്നും ബൈബിള്‍ വായിച്ച് പാപങ്ങളെക്കുറിച്ച് ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിച്ചപ്പോള്‍ താന്‍ ലെസ്ബിയന്‍ അല്ലാതായെന്നും ഒരു പുരുഷനെ വിവാഹം കഴിക്കാന്‍ സാധിച്ചുവെന്നുമാണ് അവര്‍ അവകാശപ്പെടുന്നത്.

ചെറുപ്പക്കാരായ ക്വീര്‍ വിഭാഗത്തെ സഭയിലേക്ക് ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടെയുള്ള വീഡിയോ ആണിതെന്ന് വ്യക്തമാണ്. എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു ശൈലിയാണ് ലവ് ഈസ് ലവ്. ഇത് തലക്കെട്ടിലേക്ക് കൊണ്ടുവരുന്നത് വഴി ലെജിബിടിക്യു കമ്മ്യൂണിറ്റിയിലേക്ക് പെട്ടെന്ന് എത്തിപ്പെടാന്‍ സാധിക്കും. ടൈറ്റിലിനൊപ്പമുള്ള തംപ്‌നെയില്‍ ഇമേജില്‍ എല്‍ജിബിടി ഫ്‌ളാഗും ഉപയോഗിച്ചിട്ടുണ്ട്.

കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി ഓര്‍ഗണൈസേഷനാണ് ആങ്കേഡ് നോര്‍ത്ത്. നെക്‌സ്റ്റ് ജെനറേഷന്‍ ഇവാഞ്ചലിസ്റ്റ്‌സ് എന്നാണ് ഈ സംഘം ഇവരെതന്നെ വിശേഷിപ്പിക്കുന്നത്. ബലാത്സംഗം ചെയ്ത ആളുകളോട് ക്ഷമിക്കുന്നത് ഉള്‍പ്പെടെയുള്ള പിന്തിരിപ്പന്‍ വീഡിയോസാണ് ഈ പെയ്ജില്‍ നിറയെ.

ലോകത്തിലെ എല്ലാ പ്രമുഖ ആരോഗ്യ പ്രവര്‍ത്തകരും മണ്ടത്തരമെന്ന് മുദ്രകുത്തി തള്ളിക്കളയുന്ന ആശയമാണ് ഗേ കണ്‍വേര്‍ഷന്‍സ് അല്ലെങ്കില്‍ സെക്ഷ്വല്‍ ഓറിയന്റേഷന്‍ മാറ്റുക എന്നതാണ്. എല്‍ജിബിടി വിഭാഗത്തില്‍പ്പെട്ട ആളുകളുടെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ തെറാപ്പിയിലൂടെ മാറ്റാന്‍ ശ്രമിക്കുന്നത് അത്യന്തം അപകടകരമാണെന്ന് അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുമാണ്. ഈ സാഹചര്യത്തിലാണ് സഭയില്‍ ആളുകളെ എത്തിക്കാനുള്ള സുവിശേഷ സംഘത്തിന്റെ തലതിരിഞ്ഞ തന്ത്രം.

Love Is Love

"It's not gay to straight. It's lost to saved."

Posted by Anchored North on Wednesday, 27 December 2017