ക്രൈസ്തവ സഭയിലെ വിപ്ലവകാരി; ജോസഫ് പുലിക്കുന്നേല്‍ ഓര്‍മയാകുമ്പോള്‍

ക്രൈസ്തവ സഭയിലെ വിപ്ലവകാരി. 85 വര്‍ഷത്തെ ജീവിത സപര്യയെ ഒറ്റവാചകത്തില്‍ ഒതുക്കാനാവില്ലെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ അതായിരുന്നു ജോസഫ് പുലിക്കുന്നേല്‍. സ്വതന്ത്രമായ ചിന്തകളും ഉറച്ച നിലപാടുകളുമായിരുന്നു ജോസഫ് പുലിക്കുന്നേലിനെ വേറിട്ട് നിര്‍ത്തിയത്. ചട്ടക്കൂടുകളില്‍ നിന്ന് കൊണ്ട് തന്നെ അവയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ അദ്ദേഹം ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകന്‍ എന്ന നിലയില്‍ ജനശ്രദ്ധ നേടി. എഴുത്തുകാരന്‍, പത്രാധിപര്‍, അധ്യാപകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം.

ഭരണങ്ങാനം ഇടമറ്റം പുലിക്കുന്നേല്‍ കുടുംബത്തില്‍ 1932 ഏപ്രില്‍ 14നാണ് ജോസഫിന്റെ ജനനം. മദ്രാസ് പ്രസിഡന്‍സി കോളജില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഓണേഴ്‌സ് ബിരുദമെടുത്ത അദ്ദേഹം 1958 മുതല്‍ 1967 വരെ കോഴിക്കോട് ദേവഗിരി കോളെജില്‍ അധ്യാപകനായിരുന്നു.സഭാ നേതൃത്വത്തിന് എതിരായ തുറന്ന വിമര്‍ശനങ്ങള്‍ കോളെജില്‍ നിന്ന് പുറത്താക്കപ്പെടാന്‍ കാരണമായി. 1975ല്‍ ആരംഭിച്ച “ഓശാന” എന്ന മാസികയിലൂടെ കത്തോലിക്ക സഭയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ അദ്ദേഹം തുറന്നെഴുതി. പാലായില്‍ പൊന്‍കുന്നം വര്‍ക്കി അധ്യക്ഷനായ യോഗത്തില്‍ പ്രഫ. ജോസഫ് മുണ്ടശേരിയാണ് “ഓശാന” ഉദ്ഘാടനം ചെയ്തത്.

സാമൂഹ്യ പ്രവര്‍ത്തനങ്ങളോടൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും തല്‍പരനായിരുന്നു ജോസഫ് പുലിക്കുന്നേല്‍. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. 1960ല്‍ കോണ്‍ഗ്രസ് ജില്ലാ എക്സിക്യൂട്ടിവിലുണ്ടായിരുന്ന അദ്ദേഹം 1964ല്‍ കേരള കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ ആര്‍. ബാലകൃഷ്ണപിള്ളയ്ക്കൊപ്പം ആദ്യസമ്മേളനം നിയന്ത്രിച്ചു. 1965ല്‍ കല്‍പ്പറ്റ നിയമസഭ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.ഗുഡ് സമരിറ്റന്‍ പ്രോജക്ട് ഇന്ത്യയ്ക്കു രൂപം നല്‍കിയ പുലിക്കുന്നേല്‍ പാലാ ഇടമറ്റത്തെ ഓശാനക്കുന്നിലെ വേഡ് ആന്‍ഡ് ഡീഡ് ആശുപത്രി, പാലിയേറ്റീവ് കാന്‍സര്‍ കെയര്‍ ഹോം, ജൂവനൈല്‍ ഡയബറ്റിക് ഹോം എന്നിവയും സ്ഥാപിച്ചു. ക്രിസ്ത്യന്‍ റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റി, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം എന്നിവയും അദ്ദേഹം സ്ഥാപിച്ചു.

സഭയുടെ നിയമക്കുരുക്കുകളില്‍ പെട്ട വിവാഹങ്ങളുടെയും ശവസംസ്‌കാരങ്ങളുടെയും കാര്‍മികനായി അദ്ദേഹം. 2008ല്‍ ഭാര്യ കൊച്ചുറാണി മരിച്ചപ്പോള്‍ ക്രൈസ്തവാചാരത്തിന് വിരുദ്ധമായി സ്വന്തം വീട്ടുവളപ്പില്‍ ചിതയൊരുക്കി ദഹിപ്പിച്ചു. കൊച്ചുറാണി ഉറങ്ങുന്ന മണ്ണില്‍ തന്നെയും ദഹിപ്പിക്കണമെന്ന ആഗ്രഹം പുലിക്കുന്നേല്‍ മരണപത്രത്തില്‍ കുറിച്ചു. തന്റെ ശേഷക്രിയകള്‍ എങ്ങനെ വേണമെന്ന് മുന്‍കൂട്ടി തീരുമാനിക്കുകയും അത് അച്ചടിച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കുകയും ചെയ്തു.

Read more

കേരളത്തിലെ കത്തോലിക്ക സഭയുടെ പാശ്ചാത്യ മാതൃകയിലുള്ള അധികാരഘടനയുടെ തലപ്പത്തിരിക്കുന്ന പുരോഹിതനേതൃത്വത്തിന്, മാര്‍പാപ്പയോടല്ലാതെ സാധാരണവിശ്വാസികളോടോ രാജ്യത്തെ നിയമവ്യവസ്ഥകളോടോ ഉത്തരവാദിത്തമില്ലെന്നും, രാഷ്ട്രീയ കൊളോണിയലിസത്തിന്റെ തിരോധാനത്തിന് ശേഷവും തുടരുന്ന മത-സാമ്പത്തിക കൊളോണിയലിസത്തിന്റെ ഭാഗമാണതെന്നുമാണ് ജോസഫ് പുലിക്കുന്നേല്‍ അഭിപ്രായപ്പെട്ടിരുന്നത്. വിശ്വാസത്തെ മുറുകെ പിടിക്കുമ്പോഴും മതത്തിനകത്തെ അനാചാരങ്ങളെയും സാമ്പ്രദായിക രീതികളെയും വിമര്‍ശിച്ച പുലിക്കുന്നേലിന്റെ വിയോഗം ഒരുപക്ഷേ ഏറ്റവും വലിയ നഷ്ചമാകുന്നത് ക്രൈസ്തവ സഭയ്ക്ക് തന്നെയാകാം.