അപരിചിതരെ സഹായിച്ചോളൂ, നിങ്ങളുടെ ആത്മവിശ്വാസം കൂടും!

ആത്മവിശ്വാസം കൂട്ടാന്‍ പലവിധ മാര്‍ഗങ്ങളാണ് മനുഷ്യര്‍ എപ്പോഴും പരീക്ഷിക്കാറുള്ളത്. ആശങ്കയുടെയും സംഘര്‍ഷത്തിന്റെയും സമ്മര്‍ദ്ദത്തിന്റെയും അതിവേഗ ലോകത്ത് ആത്മവിശ്വാസം തേടി അലയുന്ന എത്രയോ പേരെ നാം കണ്ടിട്ടുണ്ട്. ഇവരില്‍ പലരും ആ സാധനം കിട്ടുമോയെന്ന് അന്വേഷിച്ചാണ് ആള്‍ദൈവങ്ങളുടെ പക്കല്‍ വരെ എത്തിച്ചേരുന്നത്.

എന്നാല്‍ ഇത്ര വലിയ പെടാപ്പാടൊന്നും പെടേണ്ട. എവിടെയും പോയി കുടുങ്ങുകയും വേണ്ട. ആത്മവിശ്വാസം കിട്ടാന്‍ നല്ലൊരു മാര്‍ഗ്ഗമുണ്ട്. പുതിയൊരു ഗവേഷണ പഠനം പറയുന്നത് നോക്കുക. മറ്റുള്ളവരെ സഹായിക്കുന്നത് നിങ്ങളുടെ കോണ്‍ഫിഡന്‍സ് കൂട്ടുമെന്ന്.

ടീനേജുകാരുടെ ഇടയിലാണ് പഠനം നടത്തിയത്. അവരുടെ ആത്മവിശ്വാസം സ്വയം ബഹുമാനവും എല്ലാം കൂടാന്‍ മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ സാധിച്ചത്രെ. മറ്റുള്ളവരെ സഹായിക്കുക, പങ്കിടുക, അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുക തുടങ്ങിയവയെല്ലാം ഒരാളുടെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നാണ് പഠനം. എന്നാല്‍ ഈ മറ്റുള്ളവര്‍ അപരിചിതരാകണം കേട്ടോ. അല്ലാതെ നിങ്ങളെ അടുത്തറിയുന്നവരല്ല.

നിങ്ങളുമായി യൊതൊരു ബന്ധവുമില്ലാത്ത ആളെ സഹായിക്കാന്‍ നിങ്ങള്‍ തല്‍പ്പരനാണോ. എങ്കില്‍ ഒരു സംശയവും വേണ്ട. ആത്മവിശ്വാസം ഉയരും. ജേണല്‍ ഓഫ് അഡോളസന്‍സില്‍ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുഎസിലെ ബ്രിഗാം യംഗ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍മാരാണ് പഠനം നടത്തിയത്.

അപ്പോള്‍ ഇനി മടിച്ചു നില്‍ക്കേണ്ട, സ്ട്രേഞ്ചറാണെങ്കിലും ആപത്തില്‍ പെട്ടാല്‍ സഹായിച്ചോളൂ. നിങ്ങളെ അത് ശാക്തീകരിക്കും.