ആശുപത്രികിടക്കയില്‍ പ്രണയ സാഫല്യം, മണിക്കൂറകള്‍ക്കുള്ളില്‍ മരണം; കണ്ണുനിറയ്ക്കുന്ന പ്രണയ കഥ

വിവാഹ വസ്ത്രം ധരിച്ച് സഹചാരികമാരാല്‍ ആനയിക്കപ്പെട്ട് വിവാഹ വേദിയിലേക്ക് വരുന്ന വധു എല്ലാവര്‍ക്കും തന്നെ സുപരിചിതയാണ്. എന്നാല്‍ വിവാഹ വസ്ത്രങ്ങള്‍ക്കൊപ്പം ഓക്‌സിജന്‍ മാസ്‌കും ശരീരത്തോട് ചേര്‍ത്തു നിര്‍ത്തിയ ജീവന്‍രക്ഷാ ഉപകരണങ്ങളുമൊപ്പം വിവാഹ വേദിയിലേക്ക് കടന്നു വരുന്ന ഒരു വധുവിന്റെ ചിത്രം ആരുടെയും മനസില്‍ സ്വപ്‌നത്തില്‍ പോലും ഉണ്ടാവില്ല. ഹാര്‍ട്ട്ഫര്‍ട്ടിലെ ഫ്രാന്‍സിസ് ഹോസ്പിറ്റല്‍ ആന്‍ഡ് മെഡിക്കല്‍ സെന്റര്‍ അത്തരമൊരു അപൂര്‍വ്വ വിവാഹത്തിന് വേദിയായി.

മരണമെത്തും മുമ്പ് മുപ്പത്തിയൊന്നുകാരിയായ ഹെതറിന് വേണ്ടി അവളെ ജീവനക്കാളേറെ സ്‌നേഹിക്കുന്ന ഡേവിഡിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ചെയ്യാനാകുമായിരുന്ന ഒരേയൊരു കാര്യം അവളുടെ വിവാഹം നടത്തുക എന്നത് മാത്രമായിരുന്നു.

2015-ലാണ് ഡേവിഡും ഹെതറും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. പ്രണയത്തിനൊടുവില്‍ 2016 ഡിസംബര്‍ 23-ന് അവളെ പ്രൊപ്പോസ് ചെയ്യാനിരുന്ന ഡേവിഡിനെ തേടിയെത്തിയത് ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. ഹെതറിന് സ്തനാര്‍ബുദം. ആ ബന്ധത്തില്‍ നിന്ന് പിന്‍വാങ്ങാമായിരുന്നെങ്കിലും അവള്‍ക്ക് താങ്ങായി കൂടെ നില്‍ക്കാനാണ് ഡേവിഡ് തീരുമാനിച്ചത്.

സര്‍ജറികളും കീമോ തെറാപ്പികളും മുറക്ക് നടന്നെങ്കിലും അവയൊടൊന്നും വഴങ്ങാതെ ഹെതറിന്റെ ശരീരത്തില്‍ കാന്‍സര്‍ പടര്‍ന്നുകൊണ്ടേയിരുന്നു. ഒടുവില്‍ മരണം ഉറപ്പായപ്പോഴും അവളെ വിവാഹം കഴിക്കാന്‍ തന്നെയായിരുന്നു ഡേവിഡിന്റെ തീരുമാനം.

ഡിസംബര്‍ 30 ന് വിവാഹം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും അതുവരെ അവളുടെ ജീവനെ പിടിച്ചുനിര്‍ത്താനാകുമോ എന്ന കാര്യത്തില്‍ ചികിത്സിക്കുന്ന ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതോടെ ഡിസംബര്‍ 22 ന് അവര്‍ വിവാഹിതരായി. ആശുപത്രിക്കിടക്കയില്‍ കിടന്ന് അവള്‍ വിവാഹ പ്രതിജ്ഞ ചൊല്ലി, കേക്ക് മുറിച്ചു. അവളേറെ ആഹ്ലാദിച്ച കുറച്ച് നിമിഷങ്ങള്‍.

എങ്കിലും ആ നിമിഷങ്ങള്‍ കണ്ടു നിന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞ് നിന്നിരുന്നു. ഒടുവില്‍ മണിക്കൂറുകള്‍ക്കകം ഹെതറിന്‍ മരണത്തിലേക്ക്. ആദ്യം വിവാഹം തീരുമാനിച്ച ഡിസംബര്‍ 30 ഹെതറിന്റെ സംസാകാര ചടങ്ങിനുള്ള ദിനമായി.

https://www.facebook.com/photo.php?fbid=10159809203575343&set=a.10152051241305343.902461.769150342&type=3&theater

https://www.facebook.com/photo.php?fbid=10159820744725343&set=a.10152051241305343.902461.769150342&type=3&theater