മദ്യപിച്ച് ബഹളംവെച്ചത് മുതല്‍ സ്ത്രീകളെ അധിക്ഷേപിക്കല്‍ വരെ; കപില്‍ ശര്‍മ്മ എന്നും വിവാദങ്ങളുടെ തോഴന്‍

ഹിന്ദി ചാനലുകളില്‍ സ്റ്റാന്‍ഡ് അപ് കോമഡിയിലൂടെ സെലിബ്രിറ്റി ആകുകയും ബോളിവുഡില്‍ എത്തിച്ചേരുകയും ചെയ്ത വ്യക്തിയാണ് കപില്‍ ശര്‍മ്മ. കളേഴ്‌സിലെ കോമഡി നൈറ്റ്‌സ് വിത്ത് കപില്‍ ശര്‍മ്മയാണ് അദ്ദേഹത്തിന്റെ ഹിറ്റായ പരിപാടി. പിന്നീട് അവരുമായി തെറ്റിപ്പിരിഞ്ഞ് മറ്റൊരു ചാനലിലേക്ക് ചേക്കേറി. ഇപ്പോള്‍ അജണ്ട ആജ് തക് പരിപാടിയില്‍ വരാമെന്ന് ഏറ്റ് വരാതിരുന്നതാണ് കപിലിനെ വീണ്ടും വിവാദത്തില്‍ എത്തിച്ചിരിക്കുന്നത്. ഇതാദ്യമായിട്ടല്ല കപില്‍ വിവാദമുണ്ടാക്കുന്നത്. കപിലുമായി ബന്ധപ്പെട്ട ഏഴു വിവാദങ്ങള്‍.

മിഡ് എയര്‍ ഫൈറ്റ്

മദ്യപിച്ച് ലക്കുകെട്ട് വിമാനയാത്രക്കിടയില്‍ ബഹളം വെയ്ക്കുകയും സഹപ്രവര്‍ത്തകനെ കൈയേറ്റം ചെയ്യുകയും ചെയ്തതാണ് കപിലുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വിവാദം. ഇതിന്റെ പിന്നാലെയാണ് സുനില്‍ ഗ്രോവര്‍ കപിലുമായുള്ള ചങ്ങാത്തം അവസാനിപ്പിക്കുന്നതും. വിമാനത്തിനുള്ളില്‍ മദ്യപിച്ച് നിലതെറ്റിയ കപില്‍ ശര്‍മ്മ ചന്ദന്‍ പ്രഭാകറുമായി വാക്കേറ്റമായി. ഇതിന് തടയിടാന്‍ ചെന്നതാണ് സുനില്‍. ഇതാണ് പിന്നീട് ഇവര്‍ തമ്മിലുള്ള വാക്കേറ്റത്തിലേക്കും കൈയാംകളിയിലേക്കും എത്തിച്ചേര്‍ന്നത്.

വനിതാ സഹപ്രവര്‍ത്തകരെ അവഹേളിക്കല്‍

2015ല്‍ അന്താരാഷ്ട്ര മറാത്തി ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്‌സിനിടെ കപില്‍ തനിഷാ മുഖര്‍ജി, മോണാലി താക്കൂര്‍, ദീപാലി സയീദ് എന്നീ സെലിബ്രിറ്റികളോട് അപമര്യാദയായി പെരുമാറിയെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഫിലിം ഫെസ്റ്റിവലിന് ശേഷമുള്ള ആഫ്റ്റര്‍ പാര്‍ട്ടിയിലായിരുന്നു സംഭവം.

പ്രിയങ്കാ ചോപ്രയോട് അപമര്യാദയായി പെരുമാറി

ബോളിവുഡ് അവാര്‍ഡ് ചടങ്ങ് ഹോസ്റ്റ് ചെയ്യുമ്പോഴാണ് അത് സംഭവിച്ചത്. മൂന്നു മണിക്കൂറോളം വൈകിയാണ് പ്രിയങ്ക ചടങ്ങിന് എത്തിയത്. ബാക്ക്‌സ്റ്റേജില്‍ എത്തിയിട്ടും വേദിയില്‍ കയറാന്‍ ഇനിയും ടൈം വേണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. ഇതില്‍ ക്ഷുഭിതനായി കപില്‍ പ്രിയങ്കയോട് ദേഷ്യപ്പെട്ടുവെന്നാണ് വിവരം. തന്റെ കൈയിലുള്ള ഇയര്‍ഫോണ്‍ നിലത്തെറിഞ്ഞ് ഉടച്ചാണ് കപില്‍ ദേഷ്യപ്പെട്ടത്. പെണ്‍കുട്ടികളുടെ കുഴപ്പം ഇതാണ്, മാഡം ഇതുവരെ തയാറായിട്ടില്ല എന്ന് പറഞ്ഞായിരുന്നു കപില്‍ ശബ്ദമുയര്‍ത്തിയത്.

ഗര്‍ഭിണിയെക്കുറിച്ച് അസ്ഥാനത്തുള്ള നര്‍മ്മം

കുഴിനിറഞ്ഞ റോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന സ്ത്രീ വഴി മധ്യേ പ്രസവിച്ചതിനെക്കുറിച്ച് കപില്‍ ശര്‍മ്മ നടത്തിയ നര്‍മ്മ പ്രസ്താവന ആക്ടിവിസ്റ്റുകളെ ചൊടിപ്പിച്ചു. ഇതില്‍ വിശദീകരണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ കപിലിന് നോട്ടീസ് അയച്ചു. ആ ജോക്ക് സ്ത്രീവിരുദ്ധവും അപമാനിക്കുന്നതാണെന്നുമായിരുന്നു ആക്ടിവിസ്റ്റുകള്‍ ഉന്നയിച്ച വാദം.

കളേഴ്‌സ് ചാനലുമായുള്ള യുദ്ധം

കോമഡി നൈറ്റ്‌സ് വിത്ത് കപില്‍ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് കപില്‍ സെലിബ്രിറ്റിയായി മാറുന്നത്. 2.5 വര്‍ഷം തുടര്‍ച്ചയായി പരിപാടി അവതരിപ്പിച്ച ശേഷം ചാനലും കപിലും തമ്മില്‍ തെറ്റി. കപിലിന്റെ ആറ്റിറ്റിയൂഡ് മോശമാണെന്നായിരുന്നു ചാനലിന്റെ പരാതി. കരാര്‍ ലംഘിച്ച് മറ്റ് ചാനലുകളില്‍ പരിപാടി അവതരിപ്പിച്ചതും തുടര്‍ച്ചയായി വേതനവര്‍ദ്ധനവ് ആവശ്യപ്പെട്ടു കൊണ്ടിരുന്നതും ചാനലിനെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെ അവര്‍ കപിലിന്റെ കോമഡി പരിപാടി സംപ്രേഷണം ചെയ്യുന്നത് അവസാനിപ്പിച്ചു. ഇതിന് ശേഷമാണ് ദ കപില്‍ ശര്‍മ്മാ ഷോ എന്ന പേരില്‍ മറ്റൊരു ചാനലില്‍ പരിപാടി തുടങ്ങിയത്.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍നിന്നുള്ള ഇറങ്ങിപോക്ക്

സിസിഎല്‍ നാലാം സീസണ്‍ ഹോസ്റ്റ് ചെയ്യേണ്ടിയിരുന്നത് കപിലായിരുന്നു. എന്നാല്‍ തനിക്ക് മാത്രമായി വാനിറ്റി വാന്‍ കിട്ടിയില്ലെന്ന് പറഞ്ഞ് അദ്ദേഹം പരിപാടി ഹോസ്റ്റ് ചെയ്യാതെ ഇറങ്ങി പോയി. ഈ പരിപാടി അവതരിപ്പിക്കാന്‍ 1.25 കോടി രൂപയാണ് കപില്‍ പ്രതിഫലം കൈപറ്റിയത്.

ഷൂട്ടിംഗ് ക്യാന്‍സല്‍ ചെയ്തു

മുന്‍കൂട്ടി അറിയിക്കാതെ ഷൂട്ടിംഗ് ക്യാന്‍സല്‍ ചെയ്യുന്നത് കപിലിന് പതിവാണ്. അമിതാഭ് ബച്ചന്‍, ഷാരുഖ് ഖാന്‍, അനില്‍ കപൂര്‍ തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടികളുടെ ഷൂട്ടിംഗ് പോലും കപില്‍ മുന്‍കൂട്ടി അറിയിക്കാതെ ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്.