ഡിജിപി കസേരയ്ക്ക് തൊട്ടരികെ, ശ്രീജിത്തിന് ഹൈക്കോടതിയുടെ കനത്ത പ്രഹരം; ചീഫ് സെക്രട്ടറിയുടെ ‘ക്ലീൻ ചിറ്റ്’ റിപ്പോർട്ട് ചവറ്റുകുട്ടയിലേക്ക്!
എഡിജിപി എസ് ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. എഡിജിപി ശ്രീജിത്തിനും മുൻ ആഭ്യന്തര സെക്രട്ടറിയും നിലവിലെ ചീഫ് സെക്രട്ടറിയുമായ ബിശ്വനാഥ് സിൻഹയ്ക്കും എതിരെയാണ് കോടതി ആഞ്ഞടിച്ചത്. ശ്രീജിത്തിനെതിരായ പരാതിയിൽ ആഭ്യന്തര സെക്രട്ടറി നൽകിയ റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.
പരാതിക്കാരനെയും ആരോപണവിധേയനായ എഡിജിപി ശ്രീജിത്തിനെയും ഒരുമിച്ചിരുത്തി സംയുക്ത ഹിയറിങ്ങ് (Joint Hearing) നടത്തിയ അന്നത്തെ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ നടപടിയെ കോടതി ഗൗരവമായി വിമർശിച്ചു. ഒരു ഉദ്യോഗസ്ഥനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിൽ ഇരുവിഭാഗത്തെയും ഒരുമിച്ചിരുത്തുന്നത് ന്യായമായ നടപടിയായി അംഗീകരിക്കാനാകില്ലെന്നും ഇതിലൂടെ പരാതിക്കാരന് സ്വതന്ത്രമായി കാര്യങ്ങൾ ബോധിപ്പിക്കാനുള്ള അവസരം നഷ്ടപ്പെടുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ആരോപണവിധേയൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായതിനാൽ തെളിവുകളെ സ്വാധീനിക്കാനോ പരാതിക്കാരനെ ഭയപ്പെടുത്താനോ ഉള്ള സാധ്യത വളരെ കൂടുതലാണെന്നും കോടതി വ്യക്തമാക്കി.
പരാതിക്കാരൻ ഉന്നയിച്ച ആരോപണങ്ങൾ തെറ്റായതും ഉപദ്രവപരവുമാണെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ടാണ് ഹൈക്കോടതി റദ്ദാക്കിയത്. ശ്രീജിത്തിനെ കുറ്റവിമുക്തനാക്കിയ ഈ റിപ്പോർട്ടിൽ തീയതി പോലും രേഖപ്പെടുത്തിയിരുന്നില്ല. ഇത് റിപ്പോർട്ടിന്റെ വിശ്വാസ്യതയെ സംശയത്തിലാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. സർക്കാരിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാളായ ബിശ്വനാഥ് സിൻഹയിൽ നിന്ന് ഉയർന്ന അച്ചടക്കവും നിഷ്പക്ഷവും നീതിയുക്തവുമായ നടപടിക്രമങ്ങളുമാണ് പ്രതീക്ഷിക്കുന്നതെന്നും, എന്നാൽ ഈ കേസിൽ സ്വീകരിച്ച നടപടികൾ ആ നിലവാരം പുലർത്തുന്നതല്ലെന്നും കോടതി തുറന്നടിച്ചു.
എഡിജിപി ശ്രീജിത്തിന്റെ സാന്നിധ്യമില്ലാതെ പരാതിക്കാരന് സ്വതന്ത്രമായി വാദം അവതരിപ്പിക്കാൻ പുതിയ ആഭ്യന്തര-വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറി അവസരം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. കൂടാതെ, പരാതിക്കാരനായ ദിപിൻ ഇടവന നൽകിയ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടർ നൽകിയ ഫയലിൽ ഉടൻ തീരുമാനമെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
എഡിജിപി ശ്രീജിത്തിന്റെ വിദേശയാത്രകൾ സംബന്ധിച്ചും, ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ നടത്തിയ അഴിമതികൾ സംബന്ധിച്ചും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ദിപിൻ ഇടവനയാണ് ഹൈക്കോടതിയെ സമീപിച്ചത്. ശ്രീജിത്തിന് ഉടൻ തന്നെ ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് ഈ ഹൈക്കോടതി വിധി വരുന്നത് എന്നത് അദ്ദേഹത്തിനും സർക്കാരിനും കനത്ത തിരിച്ചടിയായിരിക്കുകയാണ്.
ആഭ്യന്തര മന്ത്രിക്കെതിരായ വെല്ലുവിളി; അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു
ഓണത്തിന് പാട്ടുവെച്ച് ആഘോഷിച്ചാൽ പണികിട്ടും? മുന്നറിയിപ്പുമായി പകർപ്പവകാശ ഏജൻസി