'യുദ്ധവും സമാധാനവും': വായന കുറ്റകൃത്യമാകുന്ന കാലം

കെ സുനില്‍ കുമാര്‍

പൗരാവകാശങ്ങള്‍ റദ്ദാക്കപ്പെട്ട അടിയന്തരാവസ്ഥക്കാലത്തെ പൊലീസുകാരുടെ ചെയ്തികളെക്കുറിച്ചുള്ള ചില തമാശകളുണ്ട്. അതിലൊന്ന് എറണാകുളം മഹാരാജാസ് കോളജിലും ഹോസ്റ്റലിലുമായി പൊലീസുകാര്‍ ബ്രര്‍തോള്‍ഡ് ബ്രെഹ്തിനെ അന്വേഷിച്ച് നടന്നതാണ്. കൊച്ചിയില്‍ അടിയന്തരാവസ്ഥയെ എതിര്‍ത്ത നക്‌സലൈറ്റുകളെയും ഇടതുപക്ഷക്കാരെയും  തിരയുമ്പോഴും അവര്‍ക്കിടയിലെ അപകടകാരിയായ തീവ്രവാദി ബ്രെഹ്തിനെ കണ്ടെത്താന്‍ പൊലീസുകാര്‍ക്ക് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശമുണ്ടായിരുന്നുവെന്നാണ് പറയുന്നത്. അക്കാലത്തെ കോളജ് മാഗസിനുകളിലും മാസികകളിലും ചുവരെഴുത്തുകളിലും ബ്രെഹ്തിന്റെ കവിതകള്‍ നിറഞ്ഞതാണ് അയാളെ കണ്ടുപിടിച്ച് ജയിലിലടക്കാന്‍ പൊലീസുകാരെ പ്രേരിപ്പിച്ചത്. “ആരാടാ ബര്‍തോള്‍ഡ് ബ്രെഹ്ത്?” എന്ന് അന്വേഷിച്ച് പൊലീസ് ഒരുപാട് വലഞ്ഞു, കണ്ടുകിട്ടാതെ വിഷമിച്ചു. 1956ല്‍ മരിച്ച ജര്‍മന്‍ കവിയെ എറണാകുളത്തെ കാംപസില്‍ 1975ല്‍ കണ്ടെത്തുക എളുപ്പമായിരുന്നില്ലല്ലോ. ഇപ്പോള്‍ ഫലിതമാണെങ്കിലും അടിയന്തരാവസ്ഥയിലെ പൊലീസ് വാഴ്ച്ചയില്‍ അതൊരു  യാഥാര്‍ത്ഥ്യമായിരുന്നു.

നിങ്ങള്‍ എന്തിനാണ് ടോള്‍സ്‌റ്റോയിയുടെ വാര്‍ ആന്റ് പീസ് എന്ന പുസ്തകം വീട്ടില്‍ സൂക്ഷിക്കുന്നതെന്ന് കോടതിയില്‍ വിശദീകരിക്കണമെന്ന നഗര മാവോയിസ്റ്റ് എന്ന് ആരോപിച്ച് ജയിലിലടച്ച വെര്‍നോണ്‍ ഗോണ്‍സാല്‍വസിനോട് മുംബൈ ഹൈക്കോടതിയിലെ ജഡ്ജിയായ സാരംഗ് കൊട്വാളിന്റെ നിര്‍ദ്ദേശമാണ് ഈ കഥ ഓര്‍മിപ്പിച്ചത്. ഗോണ്‍സാല്‍വസ് മാവോയിസ്റ്റും തീവ്രവാദിയും ആണെന്ന് ബോധ്യപ്പെടുത്താനുള്ള തെളിവുകളായാണ് വാര്‍ ആന്റ് പീസ് ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നതായി പൊലീസ് കോടതിയെ ബോധിപ്പിച്ചത്. കബീര്‍ കലാമഞ്ച് പുറത്തിറക്കിയ രാജ്യ ധമന്‍ വിരോധി, മാര്‍ക്‌സിസ്റ്റ് ആര്‍ക്കൈവ്‌സ്, ലോക് പ്രശസ്തനായ ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്റെ ജയ് ഭീം കോമ്രേഡ്, തുടങ്ങിയ സിഡികളും അണ്ടര്‍സ്റ്റാന്റിംഗ് മാവോയിസ്റ്റ്‌സ്, ആര്‍സിപി റിവ്യൂ തുടങ്ങിയ പുസ്തകങ്ങളും “കടുത്ത കുറ്റകൃത്യ”ത്തിന് തെളിവായി പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഒരു വര്‍ഷമായി ജയിലില്‍ കഴിയുന്ന ഗോണ്‍സാല്‍വസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ജഡ്ജിയുടെ വിചിത്രമായ ചോദ്യം ഉയര്‍ന്നത്.
“രാജ്യ ധമന്‍ വിരോധി” എന്ന പേര് തന്നെ അത് ഭരണകൂടത്തിനെതിരായ എന്തോ ആണെന്ന് സൂചിപ്പിക്കുന്നുണ്ട്. “വാര്‍ ആന്റ് പീസ്” മറ്റൊരു രാജ്യത്ത് നടന്ന യുദ്ധത്തെക്കുറിച്ചാണ്. ഇത്തരം എതിര്‍ക്കപ്പെടേണ്ട പുസ്തകങ്ങള്‍ നിങ്ങള്‍ എന്തിനാണ് വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നത്? ഇത് കോടതിയില്‍ വിശദീകരിക്കണം” എന്നായിരുന്നു ജഡ്ജി ആവശ്യപ്പെട്ടത്.
ലോകസാഹിത്യത്തിലെ എക്കാലത്തെയും മികച്ച നോവലുകളില്‍ ഒന്നായി കരുതപ്പെടുന്നതാണ് ലിയോ ടോള്‍സ്‌റ്റോയിയുടെ വാര്‍ ആന്റ് പീസ്. നെപ്പോളിയന്‍ റഷ്യക്കെതിരെ നടത്തിയ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുദ്ധത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ച് തന്നെ ഓര്‍മിപ്പിക്കുന്ന കൃതിയാണ്. 18 വര്‍ഷമെടുത്ത് എഴുതിത്തീര്‍ത്ത കൃതി മിക്കവാറും ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സാധാരണ വായനക്കാര്‍ പോലും പണം കൊടുത്ത് വാങ്ങി വായിക്കുകയും വീടുകളില്‍ സൂക്ഷിക്കുകയും ചെയ്യുന്ന ഈ പുസ്തകമാണ് തീവ്രവാദ ബന്ധത്തിന് തെളിവായി പൊലീസ് ഹാജരാക്കിയത്.  2017 ഡിസംബര്‍ 31ന് പുനെയിലെ ഭീം കൊറേഗാവില്‍ നടന്ന എല്‍ഗാര്‍ പരിഷത്ത് സമ്മേളനത്തില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് പിറ്റേ ദിവസം നടന്ന ഭീം കൊറേഗാവ് അനുസ്മരണം സംഘര്‍ഷത്തിലെത്തിച്ചത് എന്ന് ആരോപിച്ചാണ് ഗോണ്‍സാല്‍വസ് ഉള്‍പ്പെടെ ആറ് പൗരാവകാശ പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി ജയിലില്‍ അടച്ചത്.  പ്രതികള്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നും ഭീം കൊറേഗാവിലെ സംഘര്‍ഷം മാവോയിസ്റ്റുകളുടെ ആസൂത്രിത നീക്കമായിരുന്നുവെന്നും പൊലീസ് ആരോപിക്കുന്നു.
പൊലീസിന്റെ ബൗദ്ധികമായ പാപ്പരത്തം സമാനമായ പല കേസുകളിലും കാണാനാകും. കേസിന് ആധാരമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്തപ്പോഴാണ് പ്രതി ചേര്‍ക്കപ്പെട്ട ആളുടെ വീട് റെയ്ഡ് ചെയ്യുന്നതും വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന പുസ്തങ്ങള്‍ തെളിവായി മാറുകയും ചെയ്യുന്നത്. നിരോധിക്കപ്പെട്ട സംഘടനയുടെ അംഗമാകുന്നതുകൊണ്ടോ ആശയങ്ങളില്‍ വിശ്വസിക്കുന്നതുകൊണ്ടോ പുസ്തകങ്ങള്‍ വായിക്കുന്നതുകൊണ്ടോ ഒരാള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് കരുതാനാകില്ല എന്ന് സുപ്രീം കോടതിയുടെയും കേരള ഹൈക്കോടതിയുടെയും അടക്കം നിരവധി വിധികളുണ്ട്. അയാള്‍ക്ക് ഏതെങ്കിലും കുറ്റകൃത്യവുമായി ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടാല്‍ മാത്രമേ കുറ്റക്കാരനാകൂ എന്നാണ് ഈ വിധികള്‍ വ്യക്തമാക്കിയത്. “ഒരാള്‍ മാവോയിസ്റ്റ് ആകുന്നത് കുറ്റമല്ല” എന്നായിരുന്നു വയനാട്ടില്‍ നിന്നുള്ള ശ്യാം ബാലകൃഷ്ണനെതിരെ കേരള പൊലീസ് ചുമത്തിയ കേസ് റദ്ദാക്കിയ വിധിയില്‍ കേരള ഹൈക്കോടതി വ്യക്തമാക്കിയത്. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നതോ പ്രവര്‍ത്തിക്കുന്നതോ കുറ്റകരമല്ല.
എന്നാല്‍ ഈ വിധിന്യായങ്ങളെല്ലാ നിലവിലിരിക്കെയാണ് യുദ്ധവും സമാധാനവും പോലുള്ള പുസ്തകങ്ങളും സിഡികളും വീട്ടില്‍ സൂക്ഷിക്കുന്നതെന്തിനാണ് എന്ന് ഒരു ഹൈക്കോടതി ജഡ്ജി ചോദിക്കുന്നത്. പൊലീസും ഭരണകൂട സംവിധാനങ്ങളും നിയമലംഘനങ്ങള്‍ നടത്തുമ്പോള്‍ അത് തടയാന്‍ ജനങ്ങള്‍ക്ക് സമീപീക്കാവുന്ന അവസാന ആശ്രയമാണ് കോടതികള്‍. ആ കോടതിയില്‍ നിന്നുയരുന്ന ഇത്തരം ചോദ്യങ്ങള്‍ നിതിന്യായ വ്യവസ്ഥയിലുള്ള പൗരന്റെ വിശ്വാസം നഷ്ടപ്പെടുത്തുവാന്‍ മാത്രമേ സഹായിക്കൂ.
വായന പോലും കുറ്റകൃത്യമാകുന്ന വിചിത്രവും അപകടകരവുമായ കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നതെന്നാണ് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. നമ്മുടെ വായന മുറിയിലെ ഏത് പുസ്തകവും നമുക്കെതിരായ തെളിവുകളായി മാറിയേക്കാമെന്നും.