വിഡ്ഢികളാകാൻ അമേരിക്ക മുടക്കിയത് 2 .14 ലക്ഷം കോടി രൂപ

ജോർജ് ജോസഫ് പറവൂർ

പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം നിർത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം ലോകം വ്യാപകമായി ചർച്ച ചെയ്യുകയാണ്. കോടികണക്കിന് ഡോളറിന്റെ സഹായം സ്വീകരിച്ച ശേഷം പാകിസ്ഥാൻ തങ്ങളെ വിഡ്ഢികളാക്കുകയായിരുന്നവെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. കഴിഞ്ഞ 15 വർഷത്തിനിടെയാണ് ഇത് ഉണ്ടായതെന്ന് എന്ന് അദ്ദേഹം പ്രത്യേകം സൂചിപ്പിക്കുമ്പോൾ ഉന്നം മുഖ്യമായും ഡെമോക്രാറ്റിക്‌ പാർട്ടിയും മുൻ പ്രസിഡന്റ് ബാരാക് ഒബാമയുമാണെന്നു വ്യക്തം. ഇതിനു പിന്നാലെ, ഐക്യ രാഷ്ട്ര സഭയിലെ അമേരിക്കൻ പ്രതിനിധി നിക്കി ഹാലിയും വൈറ്റ് ഹൌസ് വക്താവ് സാറ സാൻഡേഴ്സും കൂടുതൽ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അമേരിക്കൻ സൈനികരെ വധിച്ചപ്പോൾ പാകിസ്ഥാൻ താലിബാനെ സഹായിക്കുകയായിരുന്നു എന്നാണ് സാറ വ്യക്തമാക്കിയത്. ഒസാമ ബിൻ ലാദനെയും താലിബാൻ തലവൻ മുല്ല മൻസൂറിനേയും അമേരിക്ക വധിച്ചത് പാകിസ്ഥാന്റെ മണ്ണിൽ വച്ചായിരുന്നുവെന്ന് ഓർമിപ്പിച്ചു പാക്കിസ്ഥാനെ കൂടുതൽ കടന്നാക്രമിക്കുകയായിരുന്നു നിക്കി ഹാലി.

വാസ്തവത്തിൽ ഇതഃപര്യന്തം ചെയ്തു പോന്ന ഗുരുതരമായ തെറ്റ് തിരുത്തുകയായിരുന്നു ഇപ്പോൾ വാഷിംഗ്ടൺ ചെയ്തത്. ഇന്ത്യ ഉൾപ്പടെയുള്ള പല രാജ്യങ്ങളും തെളിവുകൾ സഹിതം ഭീകരവാദ സംഘടനകളുമായി പാകിസ്ഥാൻ പുലർത്തുന്ന ബന്ധം പലപ്പോഴും ലോക വേദികളിൽ കൊണ്ട് വന്നിരുന്നു. അനേക വർഷങ്ങളായി ഭീകര വാദത്തിന്റെ കളിത്തൊട്ടിലാണ് പാകിസ്ഥാൻ. അമേരിക്ക, പാകിസ്ഥാന് നൽകുന്ന സൈനീകവും സാമ്പത്തികവുമായ സഹായങ്ങൾ പലപ്പോഴും അൽ ക്വയിദ, താലിബാൻ തുടങ്ങിയ ഭീകരവാദ ബ്രിഗേഡുകളെ കെട്ടിപ്പടുക്കാൻ പാക് ഭരണകൂടം ഉപയോഗിച്ചിരുന്നത് വ്യക്തമായിരുന്നു. ഇന്ത്യയിൽ മുംബൈ, പത്താൻകോട്ട് എന്നിവിടങ്ങളിൽ ഭീകരാക്രമണം നടത്തിയവർക്ക് പരിശീലനം നൽകിയത് പാക് സൈന്യമായിരുന്നുവെന്നതിനു തെളിവുകൾ പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഒബാമ ഭരണകൂടം ഇതൊന്നും ഗൗനിക്കാതെ സഹായങ്ങൾ അനുസ്യൂതം തുടർന്നു. മാത്രവുമല്ല വ്യാപാര രംഗത്തെ മികച്ച പങ്കാളി എന്ന നിലയിൽ “മോസ്റ്റ് ഫെവേഡ്‌ നേഷൻ” [എം. എഫ്. എൻ] എന്ന പദവി നൽകുകയും ചെയ്തു. ഇങ്ങനെ 15 വർഷത്തിനിടയിൽ 3300 കോടി ഡോളറിന്റെ [2 .14 ലക്ഷം കോടി രൂപ] സഹായമാണ് അമേരിക്ക പാക്കിസ്ഥാന് നൽകിയത്.

അമേരിക്കയുടെ പാകിസ്ഥാനോടുള്ള ചായ്‌വ് ശക്തമാകുന്നത് എഴുപതുകളിലാണ്. 1971 ലെ ഇന്ത്യ- പാക് യുദ്ധത്തെ തുടർന്ന് ഇന്ത്യ, സോവിയറ്റ് യൂണിയനുമായി അടുത്തതാണ് അമേരിക്കയുടെ പാക് അനുഭാവം വർധിക്കുന്നതിന് നിദാനമായത്. അന്ന് ഇന്ദിരാഗാന്ധി – ലിയോനിഡ് ബ്രഷ്നേവ് സാമ്പത്തിക – സൈനീക ഉടമ്പടി അമേരിക്കയെ പ്രകോപിച്ചുവെന്നു തന്നെ പറയാം. ദക്ഷിണേഷ്യൻ മേഖലയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനും ഇന്ത്യക്കെതിരെ ഒരു വെടിമരുന്ന് സൂക്ഷിക്കുന്നതിനും മാറി മാറി വന്ന യു എസ് പ്രസിഡന്റുമാർ പാകിസ്ഥാനെ ഉപയോഗിക്കുകയായിരുന്നു. ശത കോടിക്കണക്കിനു ഡോളർ പാകിസ്താനിലേക്ക് ഒഴുകുകയായിരുന്നു എന്ന് പറയാം. പാക് സമ്പദ്ഘടന പിടിച്ചു നിന്നതു പോലും ഈ കൈ അയഞ്ഞുള്ള സാമ്പത്തിക സഹായം മൂലമായിരുന്നു. ഐക്യ രാഷ്ട്ര സംഘടന പോലുള്ള ലോക വേദികളിൽ അമേരിക്ക, ഇന്ത്യൻ നിലപാടുകൾക്കെതിരെ പാകിസ്ഥാനെ ശക്തമായി പ്രതിരോധിച്ചു. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ലോക രാഷ്ട്രീയ രംഗത് ഇന്ത്യ ഏറെക്കുറെ ഒറ്റപ്പെടുന്ന സ്ഥിതി ഇത് മൂലം വന്നു. യു എൻ രക്ഷാസമിതിയിൽ ഇന്ത്യക്ക് അംഗത്വം കിട്ടാതെ പോയതിനു പിന്നിൽ ഈ അമേരിക്കൻ തന്ത്രങ്ങളുണ്ട്. ഒടുവിൽ അത് അവർക്ക് തന്നെ വിനയായി എന്ന് ബോധ്യപ്പെടാൻ ട്രംപ് പ്രസിഡന്റ് സ്ഥാനത്തു അവരോധിതനാകേണ്ടി വന്നു. ഈ ഒറ്റ നടപടി അമേരിക്കയിൽ ട്രംപിന്റെ ജനപ്രീതി കാര്യമായി ഉയർത്തി എന്നാണ് റിപോർട്ടുകൾ. മറ്റു പല കാര്യങ്ങളിലും ട്രംപിന്റെ കടുത്ത വിമർശകരായവർ പോലും ഈ വിഷയത്തിൽ അദ്ദേഹത്തെ അനുകൂലിക്കുകയാണ്.

ഇന്ത്യക്ക് വലിയ ആശ്വാസമാകുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്. ഒരു പരിധി വരെ കഴിഞ്ഞ 15 വർഷമായി ഇന്ത്യ നടത്തുന്ന നയതന്ത്ര നീക്കങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഇതെന്ന് വിലയിരുത്താം. അമേരിക്കൻ സഹായം ഇന്ത്യയിൽ ഭീകരാക്രമണ പരമ്പര നടത്തുന്നതിന് പാകിസ്ഥാൻ നിരന്തരം ഉപയോഗിച്ചിരുന്നു. വാസ്തവത്തിൽ, മുൻ പ്രസിഡന്റ് ബാരാക് ഒബാമയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന ചില കാര്യങ്ങൾ പോലും ഉണ്ട്. കാരണം മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായിരുന്ന ഡേവിഡ് ഹെഡ്‌ലിയെ ചോദ്യം ചെയ്യാൻ ഇന്ത്യ ആവർത്തിച്ചു ആവശ്യപ്പെട്ടിട്ടും അമേരിക്ക അനുമതി നൽകിയില്ല. ഈ സംഭവത്തിൽ പാകിസ്താന്റെ പങ്ക് വ്യക്തമായി തന്നെ തെളിയിക്കാവുന്ന മാർഗം എന്തുകൊണ്ട് വാഷിംഗ്ടൺ അടച്ചു എന്നത് ദുരൂഹമാണ്.

വാഷിംഗ്ടൺ ഡെൽഹിയുമായി അടുക്കുന്നു

അമേരിക്ക ഇന്ത്യയോട് കൂടുതൽ അടുക്കാൻ ശ്രമിക്കുന്നു എന്നും ഇതിന്റെ സൂക്ഷ്മവായനയിൽ മനസിലാക്കാൻ കഴിയും. അത് ഇന്ത്യയോടുള്ള എന്തെങ്കിലും സ്നേഹം കൊണ്ടല്ല, മറിച്ചു അമേരിക്കയുടെ സാമ്പത്തിക താൽപ്പര്യം കൊണ്ടാണ്. അമേരിക്കൻ സമ്പദ്‌രംഗം ഇന്ന് ഏറ്റവും കടുത്ത ഭീഷണി നേരിടുന്നത് ചൈനയിൽ നിന്നാണ്. ലോകത്തെ മുൻനിര കമ്പനികൾ പലതും ചൈനീസ് കമ്പനികളാണ്. ഇവർ ലോകം കീഴടക്കാനുള്ള തയാറെടുപ്പിലുമാണ്. ഇതിനെ ചെറുക്കേണ്ടത് യാങ്കികളുടെ ശക്തമായ താല്പര്യമാണ്. അതുകൊണ്ട് ദക്ഷിണ – പൂർവേഷ്യൻ മേഖലയിൽ ശക്തമായ ഒരു രാജ്യത്തിൻറെ സഹകരണം അമേരിക്ക കാംക്ഷിക്കുന്നു. ഇതിനു പുറമെ, ഇന്ത്യ ലോകത്തെ ഏറ്റവും വലിയ കമ്പോളങ്ങളിൽ ഒന്നാണ്. ഇന്ത്യയുടെ “മാർക്കറ്റ് പൊട്ടൻഷ്യൽ” എന്തുകൊണ്ടും ചൈന, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളെക്കാൾ മികച്ചതാണ്. ഈ ഘടകങ്ങളെല്ലാം ചേർത്ത് വായിക്കുമ്പോൾ ഇന്ത്യ സഖ്യ കക്ഷിയാകേണ്ടത് അമേരിക്കയുടെ ആവശ്യമായി മാറുകയാണ്. ട്രംപിനെ വാനോളം പുകഴ്ത്തുന്ന ഇന്നത്തെ ഇന്ത്യൻ ഭരണകൂടം ഇതിനു ഏറെ അനുകൂല സാഹചര്യം ഒരുക്കുകയും ചെയ്യുന്നു.

പാക് – ചൈന ബന്ധത്തിൽ വഴിത്തിരിവാകും

ഈ കഥയിൽ സവിശേഷമായ ഒരു ട്വിസ്റ്റ് സംഭവിക്കുന്നുണ്ട്. ചൈന ഈ സംഭവവികാസങ്ങളിൽ പാകിസ്ഥാനെ പിന്തുണക്കുന്നു എന്നതാണ് അത്. ഇന്ത്യക്കെതിരെ പാകിസ്ഥാൻ നടത്തുന്ന നീക്കങ്ങളെ എന്നും പിന്തുണച്ചിട്ടുള്ള രാജ്യമാണ് ചൈന. സാമ്പത്തിക താല്പര്യങ്ങൾ തന്നെയാണ് ഇവിടെയും പ്രകടമാകുന്നത്. അമേരിക്ക ഇന്ത്യയോടടുക്കുമ്പോൾ ചൈനയുടെ സ്വാഭാവിക മിത്രം പാകിസ്ഥാൻ ആയിരിക്കും. ചൈന ഈയിടെ മുന്നോട്ട് വച്ച ഒരു വൻ പദ്ധതിയാണ് വൺ ബെൽറ്റ്, വൺ റോഡ് അഥവ ഒബോർ. ഏഷ്യൻ രാജ്യങ്ങൾ തമ്മിലും യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ടങ്ങളുമായി കണക്ടിറ്റിവിറ്റിയും സഹകരണവും വർധിപ്പിക്കുക എന്നതാണ് ഒബോറിന്റെ ലക്‌ഷ്യം.

റോഡ് മാർഗം തീർക്കുന്ന ഈ കണക്ടിവിറ്റി വഴി ഒരു വ്യപാര ഇടനാഴി രൂപപ്പെടുത്തുകയാണ് ചൈന ഈ സ്വപ്ന പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഇതിനുള്ള റോഡ് കണക്ടിവിറ്റി പ്രധാനമായും പാകിസ്ഥാനിലൂടെയാണ്. ചൈനയുടെ വ്യാപാര സാധ്യത ഗണ്യമായി ഉയർത്തുന്ന പദ്ധതി പക്ഷെ, ഇന്ത്യ വളരെ സംശയത്തോടെയാണ് കാണുന്നത്. ഇന്ത്യക്കെതിരെ പാകിസ്ഥാനോ, ചൈനയോ ആക്രമണം നടത്തിയാൽ ഏറെ നിർണ്ണായകമാകും ഒബോർ പദ്ധതിയിലെ റോഡുകൾ. ഇത്തരം കാരണങ്ങളാൽ ഇന്ത്യ പദ്ധതിയുമായി സഹകരിക്കുന്നില്ല. ഇന്ത്യയുടെ സുഹൃദ് രാജ്യമായ നേപ്പാൾ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾ പദ്ധതിയുമായി സഹകരിക്കുമ്പോൾ ഇന്ത്യയെ സഹകരിപ്പിക്കുന്നതിന് ചൈനക്ക് താല്പര്യവുമില്ല. ചൈനയുടെ നേതൃത്വത്തിലുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ഈ സഹകരണം ഇന്ത്യക്ക് ശക്തമായ വെല്ലുവിളി ഉയർത്തുന്നതാണ്.

ഈ പദ്ധതിയിൽ ചൈനയോടൊപ്പം ശക്തമായി നിലകൊള്ളുന്നത് പാകിസ്ഥാനാണ് എന്നത് ചൈനയുടെ പിന്തുണയ്ക്ക് ഒരു പ്രധാന കാരണമാണ്. സ്വാഭാവികമായും ചൈന -പാക് സഹകരണം ഇന്നത്തെ സാഹചര്യത്തിൽ ശക്തമാകുമെന്ന് കരുതാം. അമേരിക്കയുടെ കരുതൽ ഇല്ലാതാകുമ്പോൾ പാകിസ്ഥാന് ചൈനയെ കൂടുതൽ ആശ്രയിക്കേണ്ടി വരും. സാമ്പത്തിക സഹായം ഇല്ലെങ്കിലും ചൈനയുടെ കരുത്തിൽ ഊറ്റം കൊള്ളാൻ പാകിസ്ഥാൻ ശ്രമിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. അമേരിക്ക ഇന്ത്യയോട് കൂടുതൽ അടുക്കുന്ന സാഹചര്യം ഈ മേഖലയിൽ പുതിയ ശാക്തിക ചേരികൾ രൂപപെടുന്നതിനും വഴിയൊരുക്കും. ഉത്തര ചൈന കടലിൽ ചൈന നടത്തുന്ന സൈനീക അഭ്യാസങ്ങളും ഉത്തര കൊറിയക്ക് ചൈന ഇന്ധനം നൽകിയതും അമേരിക്കയെ കൂടുതൽ പ്രകോപിച്ചിട്ടുണ്ട്. അമേരിക്കയുടെ പുതിയ നീക്കങ്ങൾക്ക് പിന്നിൽ ഇത്തരം ചില പശ്ചാത്തലങ്ങളും സജീവമാണ്.
ധനസഹായം നിർത്തി എന്ന രീതിയിൽ ഒരു ചെറിയ കാര്യമായി അമേരിക്കയുടെ നടപടിയെ കുറച്ചു കാണരുത്. ദൂരവ്യാപകമായി ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ വൻ ചലനം സൃഷ്ടിക്കുന്ന ഒരു നടപടിയാണ് ഇത്. ഇത് ഇന്ത്യക്ക് നേട്ടമാകുമോ എന്നത് പ്രധാനമാണ്. മാറിയ പശ്ചാത്തലത്തിൽ ഈ സാഹചര്യത്തെ അനുകൂലമാക്കി മാറ്റാൻ കഴിഞ്ഞാൽ ദക്ഷിണേഷ്യൻ മേഖലയിൽ ഇന്ത്യക്ക് മേൽകൈ നേടാൻ പറ്റിയ അവസരമാണ് എന്ന് വിലയിരുത്താം.