യു.എ.ഇ - ഇസ്രായേൽ നയതന്ത്രബന്ധവും പശ്ചിമേഷ്യൻ രാഷ്ട്രീയ മാറ്റങ്ങളും

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച യു എ ഇ യുടെ നിലപാട് അറബ് ഇസ്ലാമിക ലോകത്തു രൂക്ഷമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ രൂപപ്പെടുത്താന്‍ ഇടവരുത്തുന്നതാണ്. സിയോണിസ്‌റ് രാഷ്ട്രത്തിന്റെ അധിനിവേശം നാള്‍ക്കുനാള്‍ അനുഭവിക്കുന്ന പലസ്തീന്‍ ജനതയോടുള്ള വഞ്ചനയാണിത്. പ്രാദേശിക ശാക്തിക സന്തുലനവും സാമ്പത്തികനേട്ടവും മാത്രം ലക്ഷ്യം വെച്ച് അന്താരാഷ്ട്ര നിയമങ്ങളോ മാനുഷികമൂല്യങ്ങളോ പരിഗണിക്കാത്ത ഇസ്രയേലുമായി സന്ധി ചെയ്യന്നത് പലസ്തീന്‍ അധിനിവേശത്തെ സ്വാഗതം ചെയ്യുന്നതിന് തുല്യമാണ്.

ഇസ്രയേലുമായി നയതന്ത്രബന്ധം ആരംഭിച്ച ആദ്യ ജിസിസി രാജ്യമാണ് യു എ ഇ. അറബ് രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇസ്രയേലുമായി സ്വാഭാവിക ബന്ധം രൂപപ്പെടുന്നതിനു യു എ ഇയുമായുള്ള നയതന്ത്ര സഹകരണം പാതയൊരുക്കും. സൈനിക സാമഗ്രികളും മറ്റു സുരക്ഷാ സംവിധാനങ്ങളും വാങ്ങിക്കൂട്ടുവാനുമായി ജൂലൈ മാസത്തില്‍ ഇസ്രായേലിന്റെ ഏറോസ്‌പേസ് ഇന്‍ഡസ്ട്രീസ് തുടങ്ങി വിവിധ കമ്പനികളുമായി യു എ ഈ കരാറുകളുണ്ടാക്കിയിരുന്നു.

ഈ മനുഷ്യത്വരഹിതമായ തീരുമാനത്തിന് മതപരമായ പിന്തുണ നല്‍കിയ യു എ ഈയുടെ മതകാര്യമേധാവി ശൈഖ് അബ്ദുല്ലാഹ് ഇബ്ന്‍ ബയ്യയുടെ നിലപാട് ഇസ്ലാമിക പണ്ഡിതര്‍ക്കിടയില്‍ കൂടുതല്‍ വിമര്‍ശനവിധേയമായി. രാജ്യത്തിന്റെ പൊതുതാല്‍പര്യങ്ങളില്‍ ഭരണാധികാരിക്കും തീരുമാനങ്ങള്‍ എടുക്കാം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് പലസ്തീനികള്‍ക്കെതിരെ അതിക്രമവും അധിനിവേശവും തുടരുന്ന സിയോണിസ്റ്റു രാഷ്ട്രത്തോടു നയതന്ത്രബന്ധം സ്ഥാപിച്ച യു എ ഇയുടെ തീരുമാനത്തെ അദ്ദേഹം ന്യായീകരിച്ചത്. ലിബിയ, കുവൈറ്റ്, ഒമാന്‍ തുടങ്ങി വിവിധ രാഷ്ട്രങ്ങളിലെ പണ്ഡിതന്മാരും അന്താരാഷ്ട്ര പണ്ഡിതസഭയും ഈ തീരുമാനത്തെ ശക്തമായി അപലപിക്കുകയുണ്ടായി.

വര്‍ഷങ്ങളായി രഹസ്യബന്ധം തുടര്‍ന്നിരുന്ന ജി സി സിയിലെ ഈ രാജ്യങ്ങള്‍ അവരുടെ അവിശുദ്ധ ബന്ധത്തിന് ജനസ്വീകാര്യത ലഭിക്കുവാന്‍ വേണ്ടിയാണു അറബ് ലോകത്തിലെ ഏറ്റവും സങ്കീര്‍ണ വിഷയമായ പലസ്തീന്‍ പ്രശ്‌നം തന്നെ ന്യായീകരിക്കാന്‍ എടുത്തത്. ഏകപക്ഷീയ തീരുമാനത്തിലൂടെ പലസ്തീന്‍ വിഷയത്തിന് പരിഹാരം കാണാന്‍ സാധിക്കില്ല. പലസ്തീന്‍ ജനതയോടുള്ള വഞ്ചനയാണിത് എന്ന് പറഞ്ഞു പലസ്തീന്‍ അതോറിറ്റിയും ഹമാസും ഫതഹും ഈ കരാറിനെ തള്ളിക്കളഞ്ഞതിനാല്‍ സ്വാഭാവികമായും യാതൊരുവിധ മാറ്റവും സംഭവിക്കുകയില്ല. കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. ഒമാനും സുഡാനും ബഹ്റിനും അതിനായുള്ള നീക്കുപോക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ സംഭവത്തോടെ പലസ്തീന്‍ വിഷയത്തില്‍ അറബ് ഭരണാധികാരികളുടെ വഞ്ചന ദൃശ്യമാക്കപ്പെടുന്നു എന്നത് യാഥാര്‍ത്ഥ്യം.

മുസ്ലിം ബ്രദര്‍ഹുഡിനെ കൂടുതല്‍ നിയന്ത്രണത്തിലാക്കി പ്രാദേശികമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളിലൊന്നും കൂടിയാണ് ഈ കരാര്‍. വിമത സ്വരങ്ങളെ നിശ്ശബ്ദമാക്കുന്ന ചരിത്രമുള്ള യു എ ഇക്കു ഗള്‍ഫു രാഷ്ട്രങ്ങളിലെ പ്രധാന പ്രതിപക്ഷ സ്വരമായ മുസ്ലിം ബ്രദര്‍ഹുഡിനെ അടിച്ചമര്‍ത്തുന്നതിലൂടെ അവസാന വിമതസ്വരവും ഇല്ലാതാക്കാന്‍ സാധിക്കുന്നു. മുസ്ലിം ബ്രദര്‍ഹുഡിന്റെ ഇസ്ലാമിക വൈജ്ഞാനിക വ്യവഹാരത്തില്‍ അവര്‍ക്കുള്ള സ്വീകാര്യതയും അറബ് ഇസ്ലാമിക സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ കൈവന്നിട്ടുള്ള ജനകീയതയും അറബ് ഭരണാധികാരികളെ അസ്വസ്ഥപ്പെടുത്തുന്നതാണ്. രാജഭരണകൂടങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന പണ്ഡിതര്‍ക്കെതിരെ ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധിഷേധ സ്വരമുയര്‍ത്താന്‍ കഴിയുന്ന ഇഖ് വാന്‍ പ്രവര്‍ത്തകരുടെ സ്വാധീനവും അറബ് ഭരണാധികാരികളെ ഈ സംഘടനക്കെതിരെ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചു. ഈ സാഹചര്യത്തില്‍ ഇസ്രായേല്‍ യു എ ഇ നയതന്ത്ര ബന്ധം ഇഖ് വാന്‍ വിരുദ്ധ നിലപാടിന് ആക്കം കൂട്ടുകയും ചെയ്യും എന്നത് തീര്‍ച്ചയാണ്.

ഈജിപ്റ്റ്, ബഹ്റിന്‍ സഊദ് അറേബ്യ, യു എ ഇ ഇഖ് വാനിനെ തീവ്രവാദ പ്രവര്‍ത്തനം ആരോപിച്ചു നിരോധിച്ചതിനെ രാഷ്ട്രീയ പിന്നാമ്പുറം ഇതാണ്. പലസ്തീനിലെ ഹമാസിനെയും ശത്രുവായി കാണുന്ന ജി സി സി രാജ്യങ്ങളുടെ നയം ഇസ്രായേലിന്റെ പുതിയ സഹകരണ പദ്ധതികളെ ആയാസരഹിതമാക്കി മാറ്റി. വെസ്റ്റ് ബാങ്കില്‍ തുടരുന്ന അതിക്രമത്തിനും അധിനിവേശത്തിനും താത്കാലിക വിരാമം മാത്രമേ ഈ കരാര്‍ കൊണ്ടുണ്ടാവുകയുള്ളൂ എന്ന് പ്രധാനമന്ത്രി നെതന്യാഹു തന്നെ വെളിപ്പെടുത്തിയിരുന്നു. കരാര്‍ പ്രഖ്യാപിച്ച സമയം തന്നെ ഗാസയില്‍ ബോബാക്രമണം നടത്തിയ ഇസ്രായേല്‍ നിലവിലെ അവസാനിപ്പിച്ചിട്ടില്ല. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയെ അവഗണിക്കുന്നു എന്നാണ് ഇതിന്റെ അര്‍ത്ഥം. പലസ്തീനിനെ മുഴുവനായും പരിഗണിക്കാതെ വെസ്റ്റ് ബാങ്കിനെ മാത്രം ചര്‍ച്ചക്കെടുന്നതും ഹമാസ് വിരുദ്ധ നിലപാടിന്റെ ഭാഗമാണ്. രണ്ട മില്യന്‍ അധികം ജനങ്ങള്‍ തിങ്ങി താമസിക്കുന്ന ഗാസയെ ഞെരുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന ഇസ്രായേലിന്റെ അതിക്രമങ്ങളെ വകവെയ്ക്കാതെ വാണിജ്യ താത്പര്യങ്ങള്‍ മാത്രം മുന്നില്‍ കണ്ട് സിയോണിസ്റ്റു രാഷ്ട്രത്തിനു അടിയറവ് വെയ്ക്കയാണ് ജി സി സി രാജ്യങ്ങള്‍ ചെയ്യുന്നത്.

സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ യു എ ഇ ഇസ്രായേല്‍ ബന്ധം പലസ്തീനികള്‍ക്ക് അനുകൂലമായി വീക്ഷിക്കാമെന്നു പ്രസ്താവിച്ചെങ്കിലും ഇസ്ലാമിക ലോകത്തു നിന്നു അഭിമുഖീകരിക്കേണ്ടി വരുന്ന ചോദ്യങ്ങളെ ഭയന്നു കൊണ്ടാണ് വ്യക്തമായി പിന്തുണ പ്രഖ്യാപിക്കാതിരിക്കുന്നത്. 2002 – ല്‍ പലസ്തീന്‍ പ്രദേശങ്ങളില്‍ നിന്നും ഇസ്രായേല്‍ പിന്‍വലിയണമെന്ന് ആവശ്യപ്പെടുന്ന അറബ് പീസ് പ്ലാന്‍ ആവര്‍ത്തിക്കുക മാത്രമാണ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ചെയ്തത്. വിഷയത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ഇബ്ന്‍ സല്‍മാനും ഇസ്രയേലും തമ്മിലുള്ള ബന്ധം പ്രശസ്തമാണ്. ഡൊണള്‍ഡ് ട്രംപിന്റെ “ഡീല്‍ ഓഫ് ദി സെഞ്ച്വറി”യെക്കുറിച്ച ചര്‍ച്ചകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ പലസ്തീനികള്‍ ഇസ്രായേലിനു വഴങ്ങണമെന്ന മുഹമ്മദ് ഇബ്ന്‍ സല്‍മാനിന്റെ പ്രസ്താവന വിവാദപരമായിരുന്നു. പ്രമുഖ പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗ്ജി മരണത്തില്‍ സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ പങ്ക് വ്യക്തമായിരുന്നു. സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളിലെ മനുഷ്യാവകാശ ധ്വംസനത്തെ കുറിച്ചു ധാരാളം എഴുതിയ ഖശോഗ്ജി ജി സി സി രാജ്യങ്ങളും ഇസ്രയേലും തമ്മില്‍ നടക്കുന്ന നയതന്ത്ര ചര്‍ച്ചകളെയും വിമര്‍ശിച്ചിരുന്നു. അദ്ദേഹത്തെ മുസ്ലിം ബ്രദര്‍ഹുഡിന്റെ ഏജന്റ് ആണ് എന്ന് ആരോപിച്ചു ജി സി സി മീഡിയ തേജോവധം ചെയ്യാന്‍ ശ്രമിച്ചിരുന്നു. അല്‍ ജസീറയില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ഖശോഗ്ജി വധഭീഷണി നേരിട്ട സന്ദര്‍ഭത്തിലാണ് അമേരിക്കയില്‍ അഭയം തേടിയത്. തുര്‍ക്കിയിലെ സൗദി എംബസിയില്‍ വെച്ച് നടന്ന ഖശോഗ്ജിയുടെ കൊലപാതകം ജിസിസി ഇസ്രായേല്‍ ബന്ധത്തിന്റെ പിന്നാമ്പുറ രാഷ്ട്രീയം പ്രകടമാക്കുന്നുണ്ട്.

ഡീല്‍ ഓഫ് തി സെഞ്ചറിക്കും ജറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതിനും ശേഷം അമേരിക്കയുടെ ഇസ്രായേല്‍ അനുകൂലമായ നടപടിയാണിത്. സിറിയയില്‍ നിന്നും സൈനികരെ പിന്‍വലിച്ച ഡൊണള്‍ഡ് ട്രംപിന്റെ നടപടി പശ്ചിമേഷ്യന്‍ പ്രദേശങ്ങളില്‍ നിന്നുമുള്ള പിന്മാറ്റമായി പലരും വീക്ഷിച്ചിരുന്നു. എങ്കിലും ഇസ്രായേലിന്റെ സംരക്ഷണവും അവരുടെ സുഗമമായ വാണിജ്യ ഇടപാടുകള്‍ക്ക് സുരക്ഷിത പാതയൊരുക്കലും അമേരിക്കയുടെ മുന്‍കടന്നാക്രമത്തില്‍ വരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇസ്രായേലില്‍ നെതന്യാഹു നേരിടുന്ന അഴിമതി കേസുമായി ബന്ധപ്പെട്ടു നടക്കുള്ള പ്രതിഷേധ സ്വരങ്ങളെ നിശ്ശബ്ദമാക്കി വിഷയം വഴിതിരിച്ചു വിടാനുള്ള ശ്രമവും കൂടിയാണിത്.

പ്രാദേശികമായി തുര്‍ക്കിയെ പിന്തുണക്കുന്ന ഖത്തറിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുക എന്നതും ഇതിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. 1951- ല്‍ ഇസ്ലാമിക ലോകത്തില്‍ നിന്നുള്ള വിടുതി ലക്ഷ്യം വെച്ച് ഇസ്രയേലിനെ ആദ്യമായി അംഗീകരിച്ച മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമാണ് തുര്‍ക്കി. തുര്‍ക്കിയുടെ പട്ടാള ഭരണികാരികള്‍ ഇസ്രയേലുമായി നല്ല ബന്ധമാണ് നില നിര്‍ത്തിയിരുന്നത്. എ കെ പാര്‍ട്ടിയുടെ അധികാര പ്രവേശത്തിനു ശേഷം പല സമയങ്ങളിലായി ഇസ്രയേലുമായി തുര്‍ക്കി ഇടയുകയുണ്ടായി. ഇസ്രായേല്‍ സൈന്യം തുര്‍ക്കിഷ് പൗരന്മാരെ വധിച്ച ഫ്രീഡം ഫ്‌ലോട്ടില്ല സംഭവത്തില്‍ തുര്‍ക്കിയോട് പരസ്യമായി മാപ്പു ചോദിക്കേണ്ടി വന്നതും നഷ്ടപരിഹാരം നല്‌കേണ്ടി വന്നതും ഇസ്രായേലിനു അന്താരാഷ്ട്ര തലത്തില്‍ വലിയ മാനക്കേടാണ് ഉണ്ടാക്കിയത്. അതിനു ശേഷവും എര്‍ദോഗാനും നെതന്യാഹുവും തമ്മിലുള്ള വാക്പയറ്റും ബന്ധം കൂടുതല്‍ വഷളാക്കി. നിലവില്‍ നയതന്ത്രബന്ധമില്ലാത്ത തുര്‍ക്കി യു എ ഈയുടെ തീരുമാനത്തെ അതികഠിനമായി വിമര്‍ശിച്ചതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തില്‍ തുര്‍ക്കിയുടെ സഹകാരിയെന്ന നിലയില്‍ ഖത്തറിനെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തിന് ആക്കം കൂട്ടാന്‍ ഈ കരാര്‍ വഴിയൊരുക്കുമെന്നതില്‍ സംശയമില്ല.

പ്രാദേശിക രാഷ്ട്രീയത്തില്‍ ഇസ്രയേലും സൗദി അറേബ്യയും ഒരുപോലെ ശത്രുവായി കാണുന്ന ഇറാനെ തളക്കാനും ഈ കരാറിലൂടെ കഴിയുന്നതാണ് മറ്റൊരു വസ്തുത. ഇറാനിയന്‍ വിപ്ലവത്തിന് ശേഷം സദ്ദാം ഹുസൈനിനെ ഉപയോഗിച്ച് വര്‍ഷങ്ങളോളം നടത്തിയ യുദ്ധപരമ്പര കൊണ്ടുപോലും ഇറാനിലെ തകര്‍ക്കാന്‍ അമേരിക്കക്കും പ്രാദേശിക സഖ്യ കക്ഷികള്‍ക്കും സാധിച്ചില്ല. പ്രക്ഷുബ്ധമായ പ്രാദേശിക രാഷ്ട്രീയത്തില്‍ ഇസ്രയേലും ഇറാനും തമ്മിലുള്ള നയതന്ത്രയുദ്ധം അറിയാവുന്ന അമേരിക്കക്കും സൗദി അറേബ്യക്കും ഈ കരാര്‍ പുതിയ പ്രാദേശിക പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ സാഹചര്യമൊരുക്കുന്നു.

പ്രാദേശിക രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കൊപ്പം പശ്ചിമേഷ്യന്‍- വടക്ക് ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ സാമൂഹിക അസ്ഥിരത സൃഷ്ടിക്കുന്ന ശീഈ സുന്നി വിഭാഗീയതയെ നിലനിര്‍ത്തുന്നതില്‍ വൈദേശിക ശക്തികള്‍ക്ക് നിര്‍ണായക പങ്കുണ്ട്. സ്വാഭാവികമായും ഇറാന്‍ വിരുദ്ധ സമീപനം സ്വീകരിക്കുന്ന ഇസ്രായേലിന്റെ ജിസിസി രാജ്യങ്ങളിലെ സജീവ സാന്നിദ്ധ്യം പ്രാദേശികമായി ശിഈ സുന്നി വിഭാഗീയത ആളിക്കത്തിക്കുമെന്നത് തീര്‍ച്ചയാണ്.