രാഹുല്‍ ഗാന്ധിയില്‍ ഇന്ത്യയും കോണ്‍ഗ്രസും പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

സ്വാതന്ത്ര ഇന്ത്യയെ കൂടുതല്‍ കാലം ഭരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസില്‍ കുടുംബവാഴ്ച എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. തലമുറ തലമുറയായി കൈമാറിവരുന്ന അധികാരത്തിന്റെ കിരീടം ഒടുവില്‍ രാഹുല്‍ ഗാന്ധിയിലേക്ക് കൈമറ്റം ചെയ്യപ്പെടുന്നു. കുടുംബ വാഴ്ച ഒരു സത്യമാണെങ്കിലും ഭാരതീയര്‍ ഈ പ്രസ്ഥാനത്തെ സ്‌നേഹിക്കുകയും, ആശ്ലേഷിക്കുകയും, അധികാരത്തിലേറ്റുകയും ചെയ്തുകൊണ്ടിരുന്നു എന്നതാണ് സത്യം.

ലാല്‍ കൃഷ്ണ അദ്വാനിയുടെ രഥയാത്രയില്‍ തുടങ്ങി, ബാബറി മസ്ജിദ് ധ്വംസനത്തോടെ ശക്തി പ്രാപിച്ച ഹൈന്ദവ ഫാഷിസം അധികാരം കീഴടക്കിയതോടെ രാജ്യത്ത് വിഭാഗീയത മുമ്പില്ലാത്ത വിധം സജ്ജീവ്വമായി. ന്യൂനപക്ഷങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും അവിശ്വസനീയമായ വിധത്തില്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന അവസ്ഥ രാജ്യത്ത് സംജാതമായി.

ഈ ഘട്ടത്തിലാണ് കോണ്‍ഗ്രസ്സിന്റെ കഴിവുകെട്ട നേതൃത്വമായി മാറും എന്ന് ഏവരും ഭയന്നിരുന്ന രാഹുല്‍ഗാന്ധി ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വരുന്നതും പിന്നീട് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തെത്തുന്നതും. കഴിഞ്ഞ ചില മാസങ്ങളായി ദേശീയ രാഷ്ട്രീയത്തില്‍ മോഡിപ്രഭാവം മങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആളില്ലാ സദസ്സുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ സാധ്യതയാണ് രാഹുലിന് കരുത്താവുന്നത്. 1970 ജൂണ്‍ 19ന് രാജ്യത്തെ ഏറ്റവും ശക്തരായ ഗാന്ധി കുടുംബത്തിലെ നാലാം തലമുറയിലാണ് രാഹുലിന്റെ ജനനം.

നിരന്തരം ദുരന്തങ്ങള്‍ വേട്ടയാടിയ ജീവിതമായിരുന്നു രാഹുലിന്റേത്. സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് അമ്മൂമ്മ ഇന്ദിര ഗാന്ധി വധിക്കപ്പെട്ടു. അതേത്തുടര്‍ന്ന് പഠനം വീട്ടിലേക്കു മാറ്റേണ്ടി വന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴും വളരെ എളിയ ജീവിതം നയിച്ചിരുന്ന രാഹുല്‍ ഗാന്ധി പാത്രങ്ങള്‍ കഴുകാനും, ഭക്ഷണം വിളമ്പാനുമെല്ലാം സഹായിച്ചിരുന്നതായി സഹപാഠികള്‍ ഈ ദിവസങ്ങളില്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

ഒരു ശരാശരി വിദ്യാര്‍ഥിമാത്രമായിരുന്നു രാഹുല്‍ ഗാന്ധി. 1989 ല്‍ ബിരുദപഠനത്തിനായി സെന്റ് സ്റ്റീഫന്‍ കോളേജില്‍ ചേര്‍ന്നു. 1991 ലെ രാജീവ് ഗാന്ധി വധത്തോടെ ഹാര്‍വാര്‍ഡിലേക്ക് മാറേണ്ടി വന്നു. സുരക്ഷാ ഭീഷണികള്‍ വീണ്ടും രാഹുലിനു വിനയായി.

1994 ല്‍ ബി എ പാസായി. ഹാര്‍വാര്‍ഡില്‍ റൗള്‍ വിന്‍സി എന്ന അപരനാമത്തിലാണ് രാഹുല്‍ പഠിച്ചിരുന്നത്. ഡവലപ്‌മെന്റ് സ്റ്റഡീസില്‍ എം ഫില്‍ എടുത്ത രാഹുല്‍ ഗാന്ധി മുബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി നോക്കിയിരുന്നു. എന്നാല്‍ 2004 അമേത്തിയില്‍ നിന്ന് ജയിച്ചു രാഹുല്‍ രാഷ്ട്രീയത്തില്‍ സജീവമാകുകയായിരുന്നു.

2004 ലിലും 2007ലെ യു പി തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് രാഹുലായിരുന്നു. 2009 ലെ തിരഞ്ഞെടുപ്പില്‍ 125 റാലികളിലാണ് രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്തത്. 2014 ല്‍ ഏകദേശം അഞ്ഞൂറോളം വേദികളില്‍ “ക്രൗഡ് പുള്ളര്‍” ആകാനും രാഹുലിന് കഴിഞ്ഞു.

തന്റെ ദുരന്തങ്ങളെപ്പറ്റി എപ്പോഴും വാചാലരാകാറുള്ള രാഹുല്‍ ഗാന്ധി തന്റെ പിതാവും മുത്തശ്ശിയുമെല്ലാം വ്യവസ്ഥിതിയുടെ ഇരകളാണെന്നണ് വിശ്വസിക്കുന്നു.

ബൗദ്ധിക ദാരിദ്ര്യവും, അക്ഷരങ്ങളോടും, ആശയങ്ങളോടുമുള്ള എതിര്‍പ്പും സംവാദങ്ങളോടുമുള്ള ഭയവും എക്കാലത്തെയും ഫാഷിസത്തിന്റെ ലക്ഷണമാണ്. ഏകപക്ഷീയമായി സംസാരിക്കുന്ന “മന്‍ കീ ബാത്തു”കളോടാണ് ഇതിന് പ്രിയം.

മാസങ്ങള്‍ക്ക് മുന്‍പാണ്, സ്വഛ്ഭാരത് മുതലുള്ള “തട്ടിപ്പുകള്‍” തുറന്നു കാട്ടി സംസാരിച്ചപ്പോള്‍ ബാം ഗ്ലൂര്‍ മൗണ്ട് കാര്‍മല്‍ കോളേജിലെ പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചത്. ഇത് ദേശീയ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയായി ആഘോഷിച്ചത്. ബാഗ്ലൂര്‍ മൗണ്ട് കാര്‍മേല്‍ കോളേജിലെ പെണ്‍കുട്ടികള്‍ ഇന്ത്യയിലെ രാഷ്ട്രീയം നിരീക്ഷിക്കുന്നതില്‍ അത്രമേല്‍ നൈപുണ്യവും, പരിചയവും ഉള്ളവരാണ് എന്ന് കരുതുവാന്‍ ന്യായങ്ങള്‍ ഒന്നുമില്ല.

വിദര്‍ഭയിലെ കര്‍ഷകര്‍ കടം കയറിയല്ല, പ്രണയ നൈരാശ്യം കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നത് എന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഈ പെണ്‍കുട്ടികള്‍ക്കറിയുമോ എന്തോ.? ഒരു രൂപയുടെയും, അന്‍പത് പൈസയുടെയും ചെക്ക് കൊടുത്ത് രാജ്യത്ത് കടം കയറി ആത്മഹത്യയുടെ വക്കത്ത് നില്‍ക്കുന്ന കര്‍ഷകരെ അപമാനിച്ച യോഗിമാരുടെ കഥകള്‍ ഈ വിദ്യാര്‍ഥിനികള്‍ കേട്ടിട്ടുണ്ടാകില്ലായിരിക്കും.

പുതുയ കലാപങ്ങളും മുമ്പ് കേട്ടുകേഴ്വിയില്ലാത്ത കൊലപാതകങ്ങളുമെല്ലാം കോണ്‍ഗ്രസ്സ് അടക്കമുള്ള മതേതര ചേരിയുടെ ഐക്യമാണ് കാലം ആവശ്യപ്പെടുന്നതെന്ന് അടിവരയിടുന്നു. കല്‍ബുര്‍ഗി മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ളവരെ കൊന്നുതള്ളിയതും വര്‍ധിച്ച് വരുന്ന അസഹിഷ്ണുതയും ഈ യോജിപ്പിന് അടിവരയിടുന്നു.

അഭിഭാഷകനും എഴുത്തുകാരനുമായ അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരിയാണ് ലേഖകന്‍

Read more

[ഈ ലേഖനത്തിലുള്ളത് എഴുത്തുകാരന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. സ്ഥാപനത്തിന്റെ നിലപാടല്ല]