അറബ് വസന്തം,അമേരിക്ക,അല്‍ജസീറ: ഖത്തര്‍ ഉപരോധത്തിന്റെ അന്തര്‍ധാരകള്‍

യു.ടി മുഹമ്മദ് ശഹീര്‍

2011 ജനുവരി ആകുമ്പോഴേക്കും കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. മറ്റു വാര്‍ത്താ വിതരണക്കാരെയും രാഷ്ട്രീയ വിശകലനക്കാരെയും പോലെ ഖത്തര്‍ അധികൃതരും അല്‍ജസീറയും തുണീഷ്യയില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭത്തെ ഒച്ചിന്റെ വേഗത്തിലാണു തിരിച്ചറിഞ്ഞത്. പ്രക്ഷോഭം തലസ്ഥാനമായ തൂനിസിലെത്തുകയും ബെന്‍ അലി പതനം മുന്നില്‍ കാണുകയും ചെയ്ത അവസരത്തിലാണ് ഇവരൊക്കെ ഉണരുന്നത്. സമാനമായി ജനുവരി 25ന് സമൂഹമാധ്യമങ്ങള്‍ വഴിയും മറ്റും ഈജിപ്തില്‍ ജനകീയ മുന്നേറ്റത്തിനായി മുഴങ്ങിയ ആഹ്വാനങ്ങള്‍ക്കു പോലും വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല.

ഹുസ്നി മുബാറക്കിനെതിരായ 18 ദിവസം നീണ്ട വിപ്ലവത്തിന് പ്രക്ഷോഭകാരികള്‍ തുടക്കം കുറിക്കുമ്പോള്‍ അല്‍ജസീറാ ചാനലില്‍ ഒരു കായിക ഡോക്യുമെന്ററി സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, ഈജിപ്തിലെ സംഭവവികാസങ്ങളുടെ വ്യാപ്തി അധികം വൈകാതെത്തന്നെ വ്യക്തമായിത്തുടങ്ങി. ഇത് മേഖലയുടെ ഭൂമിശാസ്ത്രത്തിലുണ്ടാക്കാന്‍ പോകുന്ന ഭൂകമ്പസമാനമായ സ്വാധീനങ്ങളെ ഖത്തര്‍ നേതൃത്വം അതിവേഗം തിരിച്ചറിയുകയും അതിനനുസരിച്ച് തങ്ങളുടെ നയതന്ത്രങ്ങള്‍ ക്രമീകരിക്കുകയും ചെയ്തു. അപ്പോഴേക്കും കെയ്റോയിലെ തഹ്രീര്‍ സ്‌ക്വയറില്‍ ചുരുളഴിഞ്ഞുകൊണ്ടിരിക്കുന്ന ജനകീയ വിപ്ലവത്തെ 24 മണിക്കൂറും ഇടതടവില്ലാതെ റിപ്പോര്‍ട്ട് ചെയ്ത് പ്രക്ഷോഭത്തിന്റെ കേന്ദ്രബിന്ദുവായിത്തീര്‍ന്നിരുന്നു അല്‍ജസീറ. (ഖത്തര്‍ ആന്‍ഡ് ദ അറബ് സ്പ്രിങ്, ക്രിസ്റ്റ്യന്‍ ഉള്‍റിച്ച്സെന്‍, ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസ്-2014)

സഊദി അറേബ്യയുടെ നേതൃത്വത്തില്‍ വിവിധ അറബ് രാഷ്ട്രങ്ങള്‍ ഖത്തറിനു നേരെ സാമ്പത്തിക-നയതന്ത്ര ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ട് ആറു മാസം പിന്നിട്ടിരിക്കുകയാണ്. മേഖലയെ പ്രതിസന്ധിയിലാഴ്ത്തിയ നടപടി, ഡൊണാള്‍ഡ് ട്രംപിന്റെ ജറൂസലം പ്രഖ്യാപനത്തിലും ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിലും മറ്റും മുങ്ങിപ്പോയ വേളയില്‍ പുതിയ പ്രശ്നമുന്നയിച്ച് ഉപരോധരാജ്യങ്ങളില്‍പെട്ട യു.എ.ഇ രംഗത്തെത്തിയിരിക്കുന്നു. യു.എ.ഇയില്‍നിന്ന് ബഹ്റൈനിലേക്കു തിരിച്ച യാത്രാവിമാനം അന്താരാഷ്ട്ര വ്യോമാതിര്‍ത്തി ലംഘിച്ച് ഖത്തര്‍ തടഞ്ഞെന്നാണു പുതിയ ആരോപണം. അതോടൊപ്പം ഖത്തര്‍ രാജകുടുംബാംഗത്തെ യു.എ.ഇ തടവില്‍ പാര്‍പ്പിച്ചതായും വാര്‍ത്ത പ്രചരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഖത്തര്‍ ഉപരോധത്തിന്റെ രാഷ്ട്രീയത്തെ കുറിച്ച് പുനരാലോചന നടത്താനാണ് ഇവിടെ തുനിയുന്നത്.

വൈരുദ്ധ്യങ്ങളുടെ നയതന്ത്രം

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെ പോലെ തന്നെ അത്ര പെട്ടെന്ന് ഗ്രഹിച്ചെടുക്കാന്‍ സാധിക്കാത്ത തരത്തില്‍ കുഴമറിഞ്ഞതാണ് ഖത്തറിന്റെ രാഷ്ട്രീയവും. വെറും 11,437 ചതുരശ്ര കി.മീറ്ററും 16,99,000 ജനസംഖ്യയും(അതില്‍ തന്നെ വെറും 25 ശതമാനം സ്വന്തം പൗരന്മാരും) ഉള്ള ഒരു കൊച്ചുരാജ്യം എന്തു കൊണ്ട് ഇങ്ങനെ വളഞ്ഞിട്ടുള്ള അയല്‍രാജ്യ ആക്രമണത്തിനിരയാകുന്നുവെന്നതു തന്നെ കൗതുകമുണര്‍ത്തുന്ന ചോദ്യമാണ്. പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലെ സുപ്രധാന ശക്തിയായി വളര്‍ന്നിട്ടുണ്ട് ഇന്ന് ഖത്തര്‍. മേഖലയിലെ രïാമത്തെയും ലോകത്തെ മൂന്നാമത്തെയും വലിയ പ്രകൃതി വാതക സ്രോതസുകളുള്ളത് ഖത്തറിലാണ്. ലോകത്തെ 12-ാമത്തെയും മേഖലയിലെ
രണ്ടാമത്തെയും വലിയ എണ്ണ സംഭരണികളും ഖത്തറിലാണുള്ളത്.

വിരോധാഭാസങ്ങള്‍ നിറഞ്ഞതാണ് ഖത്തറിന്റെ രാഷ്ട്രീയ നയതന്ത്രം. അറബ് ദേശീയതയുടെയും അമേരിക്കന്‍ വിരുദ്ധതയുടെയും ശക്തമായ ശബ്ദമായ അല്‍ജസീറാ ചാനല്‍ ഒരു വശത്ത് നേരിട്ടു നടത്തുമ്പോള്‍, മറുവശത്ത് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യു.എസ് നാവികതാവളത്തിന് ആതിഥ്യമരുളുന്നു(മുഖ്യമായും ഈ താവളത്തില്‍നിന്നാണ് അമേരിക്ക ഐ.എസ് കേന്ദ്രങ്ങള്‍ക്കു നേരെ വ്യോമാക്രമണം നടത്തുന്നത്). രാജ്യത്തിന്റെ ഭരണാധികാരികള്‍ സഊദി വഹാബിസത്തോട് ആഭിമുഖ്യമുള്ളവരായിരിക്കുമ്പോള്‍ തന്നെ സഊദിയെ എപ്പോഴും സംശയദൃഷ്ടിയോടെ നോക്കിക്കാണുന്നു. ഫലസ്തീന്‍ വിഷയത്തില്‍ സജീവമായി ഇടപെടുകയും ജൂതരാഷ്ട്രത്തെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഇസ്റാഈല്‍ വിദേശകാര്യ മന്ത്രിയെ തങ്ങളുടെ തലസ്ഥാനത്ത് വിളിച്ചുവരുത്തുകയും ചെയ്യുന്നു. ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വൈരുദ്ധ്യങ്ങളുടെ ആകെത്തുകയാണ് ഖത്തര്‍ നയതന്ത്രം. അങ്ങനെയൊരു രാജ്യം വന്‍ ശക്തികളുടെ നോട്ടപ്പുള്ളിയാകാന്‍ പക്ഷെ വേറെ ചില കാരണങ്ങളുണ്ടായിരുന്നു. ഇപ്പോള്‍, സഊദി അടക്കമുള്ള രാജ്യങ്ങള്‍ പറയുന്ന കാരണങ്ങള്‍ വെറും പുകമറ മാത്രമാണ്. അറബ് ഏകാധിപതികളെ കടപുഴക്കുകയും രാജാധിപത്യ പീഠങ്ങളെ വിറപ്പിക്കുകയും ചെയ്ത 2011ലെ അറബ് വസന്തത്തെ ഒളിമറക്കുള്ളില്‍നിന്ന് ഖത്തര്‍ കൈമെയ് മറന്നു സഹായിച്ചുവെന്നതാണ് ഒന്നാമത്തെ കാര്യം. അറബ് വസന്തം വഴിയും മേഖലയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെട്ടും അറബ് ലോകത്തും മുസ്ലിം ലോകത്തും സുപ്രധാന സ്വാധീന ശക്തിയായി ഖത്തര്‍ വളരുന്നുവെന്നതു മറ്റൊരു കാരണം.

അറബ് വസന്തവും ഒളിയുദ്ധങ്ങളും

2010 ഡിസംബര്‍ 27ന് തുണീഷ്യയില്‍ ബൂ അസീസി എന്ന യുവ തെരുവു കച്ചവടക്കാരന്റെ ആത്മാഹുതി കത്തിപ്പടര്‍ന്നത് മധ്യേഷ്യന്‍ രാജ്യങ്ങളിലെ ഏകാധിപത്യത്തിന്റെ രാജസിംഹാസനങ്ങളിലേക്കായിരുന്നു. തുണീഷ്യയില്‍ 24 വര്‍ഷം അടക്കിവാണ സൈനുല്‍ ആബിദീന്‍ ബെന്‍ അലിയാണ് ആദ്യം കടപുഴകി വീണത്. തൊട്ടുപിറകെ, ഈജിപ്തില്‍ മൂന്നു പതിറ്റാണ്ടുകാലം എതിര്‍ശബ്ദങ്ങളെ അടിച്ചൊതുക്കി ഭരിച്ച ഹുസ്നി മുബാറക്കും നിലംപതിച്ചു. ലിബിയയിലെ മുഅമ്മര്‍ ഗദ്ദാഫിയുടേതായിരുന്നു അടുത്ത ഊഴം. ജനകീയരോഷം പതഞ്ഞൊഴുകിയപ്പോള്‍ 34 വര്‍ഷത്തെ ഗദ്ദാഫിയുഗവും പഴങ്കഥയായി. യമനില്‍ അലി അബ്ദുല്ല സാലിഹിന് അധികാരം വിട്ടൊഴിയേണ്ടി വന്നു. സിറിയയുടെ ബശ്ശാറുല്‍ അസദിനെതിരേ ആരംഭിച്ച ജനകീയ പ്രക്ഷോഭം ഇന്നും ആ രാജ്യത്തെ നീറിപ്പുകച്ചുകൊണ്ടിരിക്കുന്നു. ബഹ്റൈനും സഊദി വരെ ആ ജനകീയ പ്രക്ഷുബ്ധതയില്‍ ശരിക്കും വിറച്ചു.

ഈ രാഷ്ട്രീയ സന്നിഗ്ധ ഘട്ടത്തെ ഒരു അവസരമാക്കിയെടുക്കുകയായിരുന്നു ഖത്തര്‍ ചെയ്തത്. ഒരു സാമ്പത്തിക ശക്തി എന്നതിനപ്പുറം അതുവരെ മേഖലയുടെ രാഷ്ട്രീയത്തില്‍ അത്രവലിയ റോളൊന്നുമുണ്ടായിരുന്നില്ല ഖത്തറിന്. എന്നാല്‍, അറബ് വസന്തം തുറന്നുതന്ന തുറസ്സുകളെ മുതലെടുക്കുകയായിരുന്നു ഖത്തര്‍ ചെയ്തതെന്ന് കൃത്യമായി വിലയിരുത്തുന്നുണ്ട് മുകളില്‍ ഉദ്ധരിച്ച ക്രിസ്റ്റ്യന്‍ ഉള്‍റിച്ച്സെന്റെ “ഖത്തര്‍ ആന്‍ഡ് ദ അറബ് സ്പ്രിങ് “. അറബ് രാജ്യങ്ങളുടെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരായ സമരത്തെ സാമ്പത്തികമായും ആശയപരമായും ഖത്തര്‍ സഹായിച്ചതായി പുസ്തകം പറയുന്നുണ്ട്. ജനാധിപത്യ, മനുഷ്യാവകാശ പോരാട്ടങ്ങളെ ഖത്തര്‍ വളരെ സ്വതന്ത്രമായി പിന്തുണച്ചത് അയല്‍രാജ്യങ്ങളെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. ഏകാധിപത്യ രാജ്യങ്ങള്‍ക്കിടയില്‍ നല്ല പിള്ള ചമയാന്‍ അല്‍ജസീറ ഖത്തറിന് നല്ല സഹായവുമായി. അറബ് ലോകത്തുനിന്നുള്ള തത്സമയവിവരങ്ങള്‍ക്കായി ലോകം അല്‍ജസീറ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നല്ലോ അന്നേരം.

അറബ് പ്രക്ഷോഭത്തിനിടെ കളിനിയമങ്ങള്‍ മാറിമറിഞ്ഞതോടെ ഈ രാഷ്ട്രീയക്കളിയില്‍ മുന്നില്‍ നില്‍ക്കാനായി ഖത്തര്‍ ജനകീയ മുന്നേറ്റത്തിന്റെ സ്വഭാവങ്ങളെ പെടുന്നനെ സ്വാംശീകരിക്കുകയാണ് ചെയ്തതെന്ന് സ്റ്റാന്‍ഡ്ഫോഡ് സര്‍വകലാശാലയിലെ ലിന കാത്തിബ് പറയുന്നു. അറബ് വസന്തത്തിന്റെ സമയത്തോ അതിനു മുന്‍പോ ശേഷമോ ഇത്തരമൊരു സവിശേഷ മുന്നേറ്റത്തെ അടയാളപ്പെടുത്താവുന്ന തരത്തില്‍ ആഴത്തിലുള്ള നയതന്ത്രപരമായ ആലോചനകള്‍ക്കൊന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയമോ രാജഭരണകൂടമോ ശ്രമിച്ചിട്ടില്ലെന്നാണ് ലണ്ടന്‍ കിങ്സ് കോളജിലെ ഡെവിഡ് ബി. റോബേട്ട്സ് ഒരു ലേഖനത്തില്‍ വിശദീകരിക്കുന്നത്.

ഹുസ്നി മുബാറകിന്റെ പതനത്തിനു പിറകെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ഹുഡിന്റെ മുഹമ്മദ് മുര്‍സിയെ സന്ദര്‍ശിച്ച ആദ്യ വിദേശനേതാക്കളില്‍ ഒരാളായിരുന്നു ഖത്തര്‍ അമീര്‍. മുര്‍സിയുടെ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിക്ക് ഖത്തന്‍ വന്‍ സാമ്പത്തിക സഹായവും നല്‍കി. മുര്‍സി സര്‍ക്കാരിന് ആകെ 5.5 ബില്യണ്‍ യു.എസ് ഡോളര്‍ ഖത്തര്‍ സംഭാവനയായി നല്‍കിയെന്നും കണക്കുകള്‍ പുറത്തുവന്നിരുന്നു. തുണീഷ്യയില്‍ അധികാരത്തിലേറിയ അന്നഹ്ദ സര്‍ക്കാരിനെയും യമനിലെയും മൊറോക്കോയിലെയും സിറിയയിലെയും വിമതപ്രവര്‍ത്തനങ്ങളെയും വായ്പയും സാമ്പത്തിക സഹായവും നല്‍കി ഖത്തര്‍ പിന്തുണച്ചു. ഇതേതുടര്‍ന്നാണ് 2014 മാര്‍ച്ചില്‍ സഊദിയും ബഹ്റൈനും യു.എ.ഇയും തങ്ങളുടെ അംബാസഡര്‍മാരെ ഖത്തറില്‍നിന്നു പിന്‍വലിച്ചു പ്രതിഷേധമറിയിച്ചത്. അതിനിടെ ഫലസ്തീന്‍, യമന്‍, എത്യോപ്യ, എരിത്രിയ, ഇന്തോനേഷ്യ, സോമാലിയ, ദാര്‍ഫര്‍, ലബനാന്‍ തുടങ്ങി അറബ്-ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആഭ്യന്തരസംഘര്‍ഷത്തില്‍ മധ്യസ്ഥ റോളിലും ഖത്തര്‍ അവതരിച്ചത് തങ്ങളുടെ അപ്രമാദിത്തം നഷ്ടപ്പെടുത്തുമെന്ന ഭീതി സഊദിയിലും യു.എ.ഇയിലും വളര്‍ത്തുകയുïായി. ഭീകരപ്രസ്ഥാനങ്ങളെ ഖത്തര്‍ സഹായിക്കുന്നുവെന്ന സഊദി സഖ്യരാജ്യങ്ങളുടെ പ്രധാന വിമര്‍ശത്തിന്റെ കാതല്‍ ഇതാണ്.

അമേരിക്കയുടെ താല്‍പര്യങ്ങള്‍

ഗള്‍ഫ്, അറബ് മേഖലയിലുള്ള അമേരിക്കയുടെ താല്‍പര്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1940കളില്‍ സഊദി അറേബ്യയിലും ബഹ്റൈനിലും നാവിക-സുരക്ഷാ സജ്ജീകരണങ്ങളും താവളങ്ങളും ആരംഭിച്ചതു മുതല്‍ അതിന്റെ ചരിത്രം ആരംഭിക്കുന്നു. വിവിധ കാലങ്ങളിലായി വിവിധ പ്രസിഡന്റുമാര്‍ പശ്ചിമേഷ്യയുടെ രാഷ്ട്രീയത്തില്‍ ശക്തമായി ഇടപെട്ടതിനു ചരിത്രം സാക്ഷിയാണ്. എന്നാല്‍, ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ് ആറു മാസം പിന്നിട്ടപ്പോഴേക്കും പേര്‍ഷ്യന്‍ കടലിടുക്കിന്റെ ഭൂരാഷ്ട്രതന്ത്രത്തില്‍ വലിയ മാറ്റങ്ങളാണുണ്ടായത്. മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാവിലക്കും വിമാനത്തില്‍ ലാപ്ടോപ്പ് വിലക്കും ഏര്‍പ്പെടുത്തി വരാനിരിക്കുന്ന രാഷ്ട്രീയനീക്കങ്ങളുടെ സൂചന അധികാരത്തിലേറി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ട്രംപ് വെളിപ്പെടുത്തി. ഖത്തറിനു പകരം സഊദിയെയും യു.എ.ഇയെയും കൂടെക്കൂട്ടി പുതിയ കരുനീക്കങ്ങള്‍ ആരംഭിച്ചു.

ട്രംപിന്റെ ചരിത്രപരമായ സഊദി സന്ദര്‍ശനവും അറബ്-ഇസ്ലാമിക നേതാക്കളുമായുള്ള റിയാദ് ഉച്ചകോടിയും ആ പ്രൊപഗണ്ടാ രാഷ്ട്രീയനീക്കത്തില്‍ നാഴികക്കല്ലായി. ട്രംപിന്റെ മരുമകന്‍ ജാരദ് കുഷ്നറും സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ പുതിയ നയതന്ത്രങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റിയാദിലും വാഷിങ്ടണിലും പലവട്ടം കൂടിക്കാഴ്ചകളുണ്ടായി. സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്‍ മക്മസ്റ്ററെ പോലെ പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വിദഗ്ധരായ വലിയൊരു നിര തന്നെ ഭരണകൂടത്തിലുണ്ടായതിനാല്‍ കാര്യങ്ങള്‍ കൃത്യമായി നിര്‍ണയിക്കാന്‍ എളുപ്പമായി.

അതിന്റെ തുടര്‍ച്ചയായിരുന്നു ഭീകരതയ്ക്കെതിരേ അറബ് സഖ്യം രൂപപ്പെടുത്തിയ റിയാദ് ഉച്ചകോടി. ട്രംപ് സഊദി വിട്ട് രണ്ടു ദിവസത്തിനകം തന്നെ ഈ സഖ്യം ഖത്തറിനെതിരേ പുതിയ മാധ്യമ കാംപയിന്‍ ആരംഭിക്കുകയുണ്ടായി. ഇറാന്‍, അല്‍ഖാഇദ, സെപ്റ്റംബര്‍ 11, ഇസ്ലാമിസ്റ്റ് സംഘങ്ങള്‍ എന്നിവയുമായി ചേര്‍ത്തിക്കെട്ടിയാണു പ്രാദേശിക മാധ്യമങ്ങളില്‍ ഖത്തറിനെതിരേ വലിയ തോതിലുള്ള കാംപയിന്‍ പ്രത്യക്ഷപ്പെട്ടത്. അധികം വൈകാതെ സഊദി സഖ്യരാജ്യങ്ങള്‍ ഖത്തറിന് ഉപരോധവും ഏര്‍പ്പെടുത്തി. ശ്രദ്ധേയമായ കാര്യം ഈ ഘട്ടങ്ങളിലൊന്നും അമേരിക്ക ചിത്രത്തിലേ ഉണ്ടായിരുന്നില്ല എന്നതാണ്. ഖത്തര്‍ ഉപരോധത്തെ ആദ്യ നിമിഷം അഭിനന്ദിച്ച ട്രംപ് അധികം വൈകാതെ ഗള്‍ഫ് സഖ്യം തകരരുതെന്ന ഉപദേശവുമായും രംഗത്തെത്തി. ഉപരോധം ഏര്‍പ്പെടുത്തുന്നതിന് ഒരാഴ്ച മുന്‍പായിരുന്നു ഖത്തറിന് 12 ബില്യന്‍ യു.എസ് ഡോളറിന്റെ ഫൈറ്റര്‍ വിമാനങ്ങള്‍ നല്‍കാനുള്ള കരാറില്‍ അമേരിക്ക ഒപ്പുവച്ചതെന്ന് ഇതിനോടു ചേര്‍ത്തുവായിക്കണം.

അല്‍ജസീറയും അറബ് ലോകത്തെ വാര്‍ത്തകളും

ഇത്തവണ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ സഊദി അടക്കമുള്ള രാജ്യങ്ങള്‍ ആദ്യം ആവശ്യപ്പെട്ട നിബന്ധനകളിലൊന്ന് അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടണമെന്നായിരുന്നു. 1996ല്‍ ചാനലിന്റെ ആരംഭം തൊട്ട് ഇതുവരെയായി അറബ് മാധ്യമലോകത്തെയും അറബ് ലോകത്തെ കുറിച്ചുള്ള പുറംമാധ്യമങ്ങളുടെ വാര്‍ത്താഭാവനകളെയും അല്‍ജസീറ നന്നായി സ്വാധീനിച്ചിട്ടുെണ്ടന്ന കാര്യം വസ്തുതയാണ്. 1990കളിലെ ഇറാഖ് യുദ്ധം കവര്‍ ചെയ്ത സി.എന്‍.എന്നിനു ശേഷം അറബ് ലോകത്തുനിന്നുള്ള വാര്‍ത്തകളെ ആഴത്തിലും സത്യസന്ധമായും അവതരിപ്പിച്ചായിരുന്നു അല്‍ജസീറയുടെ വരവ്. അതുവരെ റോയിട്ടേഴ്സ്, എ.എഫ്.പി, എ.പി അടക്കമള്ള വാര്‍ത്താ ഏജന്‍സികള്‍ തരുന്ന വാര്‍ത്തകളായിരുന്നു എല്ലാവര്‍ക്കും അറബ് ലോകത്തുനിന്നുള്ള വാര്‍ത്തകള്‍. അതില്‍ സത്യാന്വേഷണത്തിനുള്ള ഒരു സാധ്യതയുമുണ്ടായിരുന്നില്ല. പലപ്പോഴും അസത്യവും അര്‍ധസത്യവും നിറഞ്ഞ വാര്‍ത്തകള്‍ പുറംലോകത്തിനു ലഭിച്ചുകൊണ്ടിരുന്നു.

സംഭവസ്ഥലങ്ങളില്‍നിന്നുള്ള ഫൂട്ടേജുകളുമായി അല്‍ജസീറ വന്നതോടെ ബി.ബി.സിയും സി.എന്‍.എന്നും സ്‌കൈ ന്യൂസുമൊക്കെ അറബ് വാര്‍ത്തകളുടെ യഥാര്‍ഥ ചിത്രം റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ബന്ധിതരായി. അറബ് വസന്തം ഖത്തറിന്റെയും അല്‍ജസീറയുടെയും നാഴികക്കല്ലായി മാറിയതു നേരത്തെ പറഞ്ഞു. അറബ് ലോകത്തെ സത്യങ്ങളെല്ലാം വിളിച്ചുപറയാന്‍ ചാനല്‍ മുതിര്‍ന്നത് ഇസ്റാഈലിനൊപ്പം സഊദി, ഈജിപ്ത്, യു.എ.ഇ അടക്കമുള്ള രാജ്യങ്ങള്‍ക്കും കനത്ത തലവേദന സൃഷ്ടിച്ചു. അതുകൊെണ്ടാക്കെ തന്നെയാണ് ചാനല്‍ അടച്ചുപൂട്ടേണ്ടത് ഈ രാജ്യങ്ങളുടെ പ്രഥമ പരിഗണനയില്‍ വരുന്നത്. അന്താരാഷ്ട്രതലത്തിലുള്ള കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും പുതിയ നയതന്ത്ര ഉപരോധത്തെ ഖത്തര്‍ അനായാസം നേരിട്ടത് അല്‍ജസീറയുടെ ബലത്തില്‍ തന്നെയായിരുന്നുവെന്നതാണ് ഏറെ രസകരമായ കാര്യം.