'മറ്റുള്ളവരും ഈ പാത പിന്തുടരും' സിനമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് പാര്‍വതി

പാര്‍വതി തിരുവോത്ത്

യഥാര്‍ത്ഥത്തില്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചത് മറ്റാരേക്കാളും മികച്ച നടന്‍ എന്നാണ്. കാരണം ഞാനത് വിശ്വസിക്കുന്നു. ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു, എനിക്ക് അദ്ദേഹത്തോട് വ്യക്തിപരമായ വിദ്വേഷമില്ല. പക്ഷെ, എന്റെ പ്രസംഗത്തിന് പിന്നാലെ വന്ന വാര്‍ത്തകളിലെ തലക്കെട്ടുകള്‍ പാര്‍വതി മമ്മൂട്ടിയെ വിമര്‍ശിച്ചു എന്ന തരത്തിലുള്ളതാണ്. ഒന്നോ രണ്ടോ മാധ്യമങ്ങള്‍ മാത്രമാണ് നമ്മുടെ സിനിമകളിലെ സ്ത്രീവിരുദ്ധതയെ മഹത്വവത്ക്കരിക്കുന്നതാണ് ഞാന്‍ വിമര്‍ശിച്ചതെന്ന് എഴുതിയത്. എന്നെ ആക്രമിക്കുന്നവര്‍ ആ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായി വായിക്കാത്തവരാണ്. എന്നെ വിമര്‍ശിക്കുന്ന സിനിമാ മേഖലയില്‍നിന്നുള്ളവര്‍ പോലും ഞാന്‍ സംസാരിച്ചതിന്റെ വീഡിയോ പൂര്‍ണമായി കണ്ടിട്ടില്ല. അവര്‍ അത് കണ്ടിരുന്നെങ്കില്‍ അവര്‍ക്ക് മനസ്സിലായേനെ ഞാന്‍ അദ്ദേഹത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലാ എന്ന്.

വിഷ്വല്‍ ഗ്രാമറിനെ ഫിലിം മേക്കേഴ്‌സ് എങ്ങനെ സ്ത്രീവിരുദ്ധതയെ മഹത്വവത്ക്കരണത്തിനായി ഉപയോഗിക്കുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. ശ്രീഹരി ശ്രീധരന്‍ കഴിഞ്ഞ ദിവസം എഴുതിയ ലേഖനത്തിലെ ചില കാര്യങ്ങള്‍ ഞാന്‍ ഇവിടെ എഴുതാം. ഒരാള്‍ കാറിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് വരുന്നത് പല തരത്തില്‍ ചിത്രീകരിക്കാം. ഒരു കൊമേഡിയന്‍ ഡോര്‍ തുറന്ന് ഇറങ്ങുമ്പോള്‍ വീണാല്‍ ആളുകള്‍ ചിരിക്കും.

അതൊരു സൂപ്പര്‍സ്റ്റാര്‍ ആകുമ്പോള്‍ അതിനൊരു എക്‌സ്ട്രാ എഫര്‍ട്ട് വരും. ബാക്ക്ഗ്രൗണ്ട് മ്യൂസിക് തീവ്രമാകും, കാര്‍ ഒന്ന് തിരിഞ്ഞിട്ടൊക്കെയെ നില്‍ക്കു. ഹീറോ പുറത്തിറങ്ങും, സണ്‍ഗ്ലാസ് വെയ്ക്കും, സ്ലോ മോഷനില്‍ നടക്കും, കാല് കൊണ്ട് ഡോര്‍ ചവിട്ടി അടയ്ക്കും. മഹത്വവത്ക്കരണം – ഹീറോയിസത്തിന്റെ ആഘോഷം.

ഒരു കഥാപാത്രം ആരുമാകാം. അവര്‍ക്ക് സെക്‌സിസ്റ്റ്, സ്ത്രീവിരുദ്ധ പ്രവണതകളുണ്ടാകാം. ഈ സ്ത്രീവിരുദ്ധതയെ മോശം കാര്യമായിട്ടാണോ അതോ അറിഞ്ഞോ അറിയാതെയോ മഹത്വവത്ക്കരിക്കുന്നുണ്ടോ ? നിങ്ങള്‍ ഉപയോഗിക്കുന്ന സിനിമാറ്റിക്ക് ഗ്രാമര്‍ ഏതാണോ അത് അനുസരിച്ചിരിക്കും അത്. സ്ത്രീവിരുദ്ധനായ ഒരാളെ യഥാര്‍ത്ഥത്തില്‍ കാണിക്കാന്‍ പറ്റും, പക്ഷെ അതൊരു നല്ല കാര്യമായി എടുത്തു കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

എനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ഒന്ന്് ഞാന്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേല്‍ കടന്നുകയറ്റം നടത്തി എന്നാണ്. അതൊരിക്കലും ഇല്ല. നായകന്മാര്‍ സെക്‌സിസ്റ്റായ, വയലന്റായ, സ്ത്രീവിരുദ്ധരായ സിനിമകളുണ്ടാക്കു. സീരിയല്‍ കില്ലേഴ്‌സിനെക്കുറിച്ച് സിനിമ എടുക്കു. തെറ്റായതിനെ മഹത്വവത്ക്കരിക്കാതെ ഹീറോയിസത്തെ പോലും നിങ്ങള്‍ക്ക് ആഘോഷിക്കാം.

ആളുകള്‍ പറയും, സിനിമ വെറും സിനിമയാണ്. രണ്ടര മണിക്കൂര്‍ ഒരു ഇരുണ്ട മുറിയില്‍ ഇരുന്ന് ആളുകള്‍ കൈയടിക്കുകയും ചിരിക്കുകയും കരയുകയുമൊക്കെ ചെയ്യുമ്പോള്‍ സിനിമ എന്നത് രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ്. കാരണം അത് അത്ര അധികം ആളുകളുടെ ബോധത്തെ സ്വാധീനിക്കുന്ന ഒന്നാണ്. യാഥാര്‍ത്ഥ്യത്തെ കാണിക്കാം, അതിനെ മഹത്വവത്ക്കരിക്കേണ്ട ആവശ്യമില്ല. എഴുത്തുകാരനിലും സംവിധായകനിലുമാണ് ഇതിന്റെ ഉത്തരവാദിത്തം. അതിലെല്ലാം ഉപരി ഒരു താരത്തിന് താന്‍ സ്‌ക്രീനില്‍ എന്ത് പറയുന്നു, എന്തു ചെയ്യുന്നു എന്ന കാര്യത്തില്‍ അഭിപ്രായം പറയാം.

ഈ ബോധവത്ക്കരണത്തെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. എന്റെ എല്ലാ സിനിമകളിലും ഞാന്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടത്താറുണ്ട്. ആ ചര്‍ച്ചയില്‍ എന്റെ സംവിധായകര്‍ക്കോ എഴുത്തുകാര്‍ക്കോ യാതൊരു കുഴപ്പവുമുണ്ടായിട്ടില്ല.

സിനിമകള്‍ വാണിജ്യതാല്‍പര്യങ്ങള്‍ക്കായി സെക്‌സിസത്തെയും സ്ത്രീവിരുദ്ധതയെയും ആഘോഷിക്കുമ്പോള്‍, അത് എന്താണ് പറയുന്നത്. എന്താണ് ഇവിടെ ശരിക്കും വില്‍ക്കപ്പെടുന്നത്? നെഗറ്റീവായ ഒന്നിനെയാണ് “കൂള്‍ ബാഡ്ആസ്” ലേബലില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത്. വില്ലനെ സ്ത്രീവിരുദ്ധനാക്കുമ്പോള്‍ അയാളെ നിങ്ങള്‍ ഫോളോ ചെയ്യില്ല, കാരണം നമുക്ക് അറിയാം അയാള്‍ വില്ലനാണെന്ന്. ആഘോഷപൂര്‍വമായ ബിജിഎമ്മിന്റെ പശ്ചാത്തലത്തില്‍ ഒരു ഹീറോ അത് ചെയ്യുമ്പോള്‍ – നമ്മള്‍ അദ്ദേഹത്തെ പോലെ ആകാന്‍ ആഗ്രഹിക്കും – കാരണം അയാള്‍ ഹീറോ ആണ്.

ഇത് പഠിക്കാന്‍ കുറച്ച് സമയമെടുക്കും. പക്ഷെ, ഒരു പടി പുറകോട്ട് വെച്ച് നോക്കിയാല്‍ കല എങ്ങനെ മനുഷ്യനെ ഹ്യൂമന്‍ സൈക്കിയെ ബാധിക്കുന്നു എന്ന് മനസ്സിലാകും.

കല സമൂഹത്തില്‍നിന്ന് എടുക്കുന്നിടത്തോളം കാലം കലകളിലുടെ നല്‍കുന്നതാണ് സമൂഹത്തില്‍ പ്രതിഫലിക്കുന്നത്. സോഷ്യല്‍ മീഡിയയുടെ ആവിര്‍ഭാവത്തിന് ശേഷം സമൂഹത്തിലുണ്ടായിരിക്കുന്ന അസഹിഷ്ണുതയുടെ തലം നോക്കു. പുരുഷന്‍ സ്ത്രീ ഈ നിര്‍വചനത്തിന് അപ്പുറത്തുള്ള ഒന്നിനെയും സ്വീകരിക്കില്ല. അത്രയ്ക്ക് “മാച്ചോ” അല്ലാത്ത ആളുകളോട് നമ്മുടെ സിനിമകളിലെ കഥാപാത്രങ്ങള്‍ എന്തുകൊണ്ടാണ് നിര്‍വികാരരാകുന്നത്. സ്വവര്‍ഗരതിക്കാരെയും മൂന്നാംലിംഗക്കാരെയും എന്തിനാണ് നമ്മുടെ സിനിമകളില്‍ മോശമായി ചിത്രീകരിക്കുന്നത്. അവരെ ബേസ് ചെയ്ത് എന്തുകൊണ്ടാണ് ഇത്രയധികം കോമഡി ട്രാക്കുകള്‍? കറുത്ത ആളുകളെയും വണ്ണമുള്ളവരെയും എന്തിനാണ് കളിയാക്കുന്നത്?

എന്തിന് നമ്മള്‍ ഈ അസഹിഷ്ണുതയെ സഹിക്കണം ?

എനിക്ക് അസഹിഷ്ണുതയെന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍, അതേ എനിക്ക് അസഹിഷ്ണുതയാണ്. സ്ത്രീകളെയും വിഭിന്ന വിഭാഗക്കാരെയും സിനിമയില്‍ ചിത്രീകരിക്കുന്ന രീതിയോട് എനിക്ക് അസഹിഷ്ണുതയാണ്. ആ സീനുകള്‍ എന്റെ കസേരയിലിരുന്ന് കാണാന്‍ എനിക്ക് താല്‍പര്യമില്ല. ഇത് എന്റെ കൂടി സിനിമാ മേഖലയാണ്, ഞാനിവിടെയാണ് വര്‍ക്ക് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇതേക്കുറിച്ച് സംസാരിക്കാനുള്ള എല്ലാ അവകാശവും എനിക്കുണ്ട്. എനിക്കെതിരെ ആര്‍ക്കെങ്കിലും യുക്തിസഹമായ വാദങ്ങള്‍ നിരത്താനുണ്ടെങ്കില്‍, കേള്‍ക്കാന്‍ ഞാന്‍ തയാറാണ്. ഞാന്‍ ആവശ്യപ്പെടുന്നത് ആരോഗ്യകരമായ ചര്‍ച്ചകളും സംവാദങ്ങളുമാണ്.

ഈ സംഭവം കേരളത്തിലെ സ്ത്രീവിരുദ്ധതയെ സംബന്ധിച്ച ചര്‍ച്ച ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കട്ടെ ഇത്തരം സംഭവങ്ങള്‍ മറ്റ് സ്ഥലങ്ങളില്‍ നടക്കുന്നില്ല എന്നല്ല. ദേശീയ മാധ്യമങ്ങള്‍ ഇതിനെ ഒരു പ്രാദേശിക വിഷയമായി കൈകാര്യം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത് എല്ലായിടത്തും സംഭവിക്കുന്ന ഒന്നാണെന്ന് ജനങ്ങള്‍ക്ക് തിരിച്ചറിവുണ്ടായാല്‍ മാത്രമെ ഇതില്‍ എന്തെങ്കിലം ചെയ്യാന്‍ സാധിക്കുകയുള്ളു. എനിക്ക് അഭിമാനമുണ്ട് എന്റെ സംസ്ഥാനം ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിലും മാറ്റത്തിനുള്ള പാത തെളിക്കുന്നതിലും.

എനിക്കുറപ്പുണ്ട് മറ്റുള്ളവരും ഈ പാത പിന്തുടരുമെന്ന്. വിജയ് സിനിമയെക്കുറിച്ച് തന്റെ അഭിപ്രായം പറഞ്ഞ മാധ്യമ പ്രവര്‍ത്തക ധന്യാ രാജേന്ദ്രന്‍ ആക്രമിക്കപ്പെട്ടു. സൂപ്പര്‍സ്റ്റാറുകളെക്കുറിച്ച് എഴുതിയ അന്നാ എംഎം വെട്ടിക്കാടിനും സംഭവിച്ചത് ഇത് തന്നെയാണ്. സത്യം എന്താണെന്നാല്‍ ഒരു സ്ത്രീ സംസാരിച്ചു എന്നതാണ് അസഹിഷ്ണുതയ്ക്ക് കാരണം. ചര്‍ച്ച ചെയ്യപ്പെടേണ്ടതായ വിഷയത്തിന് ഇടം കിട്ടിയുമില്ല.

സ്ത്രീവിരുദ്ധത നമുക്ക് ചുറ്റുമുണ്ട്. അത് ഒരു തെറ്റല്ല എന്ന രീതിയില്‍ നമ്മള്‍ അതിനെ സാമാന്യവത്ക്കരിച്ച് കഴിഞ്ഞു. ഒരു പാര്‍ട്ടിയിലോ ഫാമിലി ഇവന്റിലോ ആണെങ്കില്‍, മുതിര്‍ന്നവര്‍ പറയും, പുരുഷന്മാര്‍ ചെയ്യട്ടെ, നിങ്ങള്‍ എന്തിനാ അതോര്‍ത്ത് ഭാരപ്പെടുന്നത് എന്ന്. നിനക്ക് സ്ത്രീത്വമില്ല, നീ എന്താ ടോംബോയ് പോലെ നടക്കുന്നെ ?

ഈ സംഭാഷണങ്ങള്‍ നടക്കുമ്പോള്‍ സ്ത്രീകള്‍ പോലും അടക്കിചിരിക്കും. ഇത് തെറ്റാണെന്ന് തിരിച്ച് പറയാന്‍ ആരും തയാറാകുന്നില്ല.

പുരുഷന്മാര്‍ പോലും പുരുഷത്വലക്ഷണങ്ങള്‍ പ്രകടിപ്പിക്കാനുള്ള നിരന്തര സമ്മര്‍ദ്ദത്തിലാണ്. കരയരുത്, വികാരമുണ്ടാകരുതെന്നാണ് അവരെ പഠിപ്പിച്ചിരിക്കുന്നത്.

ഇതിന്റെ വലിയൊരു തലമാണ് സിനിമാ തിയേറ്ററുകളില്‍. ചിലര്‍ക്ക് തോന്നും അത് ശരിയല്ല ഞാനിതിന് ചിരിക്കാന്‍ പാടില്ല. പക്ഷെ, മറ്റുള്ളവര്‍ ചിരിക്കുമ്പോള്‍ അവരും കൂടെ ചിരിക്കും. സ്ത്രീവിരുദ്ധത എന്നത് വളരെ നോര്‍മ്മലാണ് എന്ന് ചിന്തിക്കാന്‍ പാകത്തിന് നമ്മളുടെ മനസ്സുകള്‍ സജ്ജമാണ്.

നമ്മുടെ സ്ത്രീകള്‍ക്കും ഇതിലൊരു പങ്ക് വഹിക്കാനുണ്ട്. സ്ത്രീവിരുദ്ധത ഭീഷണിയായി തോന്നാത്തവര്‍ക്ക് പ്രത്യേകിച്ചും. അധിക്ഷേപിക്കപ്പെടാനും മര്‍ദ്ദിക്കപ്പെടാനുമുള്ള ആളുകളാണ് എന്ന് അവരുടെ മനസ് കണ്ടീഷന്‍ ചെയ്യപ്പെട്ടിരിക്കുകയാണ്. വിമോചനം എന്ന ആശയത്തില്‍നിന്ന് തന്നെ അവര്‍ ദൂരെയാണ്.

ഞാനെന്തുകൊണ്ട് സന്തോഷമായി ജീവിക്കുന്നു എന്ന ആശയം അവര്‍ക്ക് മനസ്സിലാകുന്നേയില്ല. ഞാനൊരു അപൂര്‍ണ മനുഷ്യനാണെന്ന് അവര്‍ കരുതുന്നു.

എന്നെ വിമര്‍ശിച്ച് പോസ്റ്റിട്ട സ്ത്രീയെ കുറിച്ച് മാത്രമല്ല ഞാന്‍ പറയുന്നത്. എനിക്കെതിരെ അവര്‍ ഉപയോഗിച്ചത് ഞാന്‍ സിനിമയില്‍ ധരിച്ച വസ്ത്രങ്ങളും, ലിപ് ലോക്ക് സീനുകളുമൊക്കെയാണ്. പരസ്പര സമ്മതത്തോടെ കാമുകനോട് അടുത്ത് ഇടപഴകുന്നത് എങ്ങനെയാണ് ലൈംഗികമായി ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തുന്നതിനും എതിര്‍ക്കുന്നതിനും തുല്യമാകുന്നത്?

ഞാന്‍ അങ്ങനെ ഒരു സീന്‍ ചെയ്തിട്ടുണ്ട എന്നതിനാല്‍ ഒരാളെ വിമര്‍ശിക്കാനുള്ള എന്റെ ക്വാളിഫിക്കേഷന്‍ നഷ്ടപ്പെട്ടുവെന്നാണ് അവര്‍ ഉന്നയിക്കുന്ന ആശയം. ഇതെല്ലാം കൊണ്ടെത്തിക്കുന്നത് പഴയ കാല സ്ത്രീയുടെ പരിശുദ്ധി എന്ന പാട്രിയാര്‍ക്കിയിലേക്കാണ്. ഒരു സ്ത്രീ കന്യകയല്ലെങ്കില്‍, അല്ലെങ്കില്‍ അവളെ ഒരു പുരുഷന്‍ തൊട്ടിട്ടുണ്ടെങ്കില്‍ അവള്‍ ശുദ്ധയല്ല. അവളുടെ അഭിപ്രായങ്ങള്‍ക്ക് വിലയില്ല. ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ കൊണ്ടാണ് എന്റെ പേഴ്‌സണാലിറ്റി അളക്കുന്നതെങ്കില്‍ എനിക്ക് ധൈര്യമായി പറയാം എന്റെ സിനിമകള്‍ സ്ത്രീവിരുദ്ധതയെ മഹത്വവത്ക്കരിക്കുന്നവയോ പോസിറ്റീവായി കാണിക്കുന്നവയോ അല്ല. എന്റെ കഥാപാത്രങ്ങളുടെ സെക്ഷ്വല്‍ എക്‌സ്പ്രഷന്‍ എനിക്ക് അഭിമാനത്തോടെ സമൂഹത്തെ കാണിക്കാം, കാരണം അത് നമുക്ക് ആവശ്യത്തിന് ഇല്ല. സ്ത്രീകള്‍ക്ക് ഇമോഷണല്‍, ഇന്റലക്ച്വല്‍ സെല്‍വ്‌സ് അവകാശപ്പെടാം പക്ഷെ സെക്ഷ്വല്‍ സെല്‍വ്‌സ് നിഷിദ്ധമാണ്.

സ്ത്രീക്കെതിരെയുള്ള ആക്രമണം തുടങ്ങി കഴിഞ്ഞാല്‍ അത് ബലാത്സംഗ കൊലപാതക ഭീഷണികളിലേക്ക് വരെ കടക്കും.

എന്റെ പ്രായവും പ്രശ്‌നമാണ്. ഞാന്‍ പറഞ്ഞത് കുറച്ച് കൂടി മുതിര്‍ന്നൊരു സ്ത്രീയാണ് പറഞ്ഞതെങ്കില്‍ അതിനെ പക്വതയുള്ള ഉപദേശമായി കണക്കാക്കിയേനെ. ഇത്ര ചെറുപ്പത്തില്‍ നിനക്ക് എങ്ങനെ സംസാരിക്കാന്‍ സാധിക്കും. പിന്നെ ആന്റി എന്നുള്ള അധിക്ഷേപവും. ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ ഒരാളെ വിമര്‍ശിക്കാനും അധിക്ഷേപിക്കാനുമുള്ള മാര്‍ഗങ്ങളുണ്ടെന്നതാണ്. സ്ത്രീയാണെങ്കില്‍, ലൈംഗിക വസ്തുവായി അധിക്ഷേപിക്കാം, പിന്നെ നിങ്ങളുടെ ശാരീരിക പ്രത്യേകതകള്‍, സ്ത്രീത്വത്തിന്റെ അളവ് തുടങ്ങി പ്രായം വരെ എല്ലാം.

എന്റെ നല്ല സുഹൃത്തുക്കളായ ബോബി-സഞ്ജയ് ഇതേക്കുറിച്ച് ഹാസ്യാത്മകമായ ഒരു കുറിപ്പ് എഴുതിയിരുന്നു. സ്ത്രീ അവളുടെ അഭിപ്രായത്തില്‍നിന്ന് പിന്മാറുന്നില്ലെന്ന് തോന്നുമ്പോള്‍ ആക്രമണത്തിന്റെ തോത് മാറുന്നു എന്ന തരത്തിലാണ് അവര്‍ എഴുതിയത്. സംവിധായകന്‍ ആഷിക് അബുവും ഇതേക്കുറിച്ച് നീളത്തില്‍ സംസാരിച്ചിട്ടുണ്ട്. ഇതിലെല്ലാം അന്തര്‍ലീനമായി കിടക്കുന്ന ഒന്നുണ്ട്, “സംസാരിക്കരുത്, അത് എന്നെ അസ്വസ്ഥനാക്കുന്നു”.

എന്നോട് പലരും പറഞ്ഞ് അത് അങ്ങ് അവഗണിച്ച് വിട്ടേക്ക്, പൊയ്‌ക്കോളും. കുറച്ച് കാലം മിണ്ടാതിരിക്ക് ആളുകള്‍ ഇത് മറന്നോളുമെന്നും പറഞ്ഞവരുണ്ട്. ശരിയാണ്, ആദ്യം ഒച്ചപ്പാടുണ്ടാക്കുകയും പിന്നീട് മറന്ന് മറ്റൊരു വിഷയത്തിലേക്ക് പോകുകയുമാണ് ഇക്കാലത്ത് കണ്ടുവരുന്നത്. പക്ഷെ, ഞാനിപ്പോള്‍ മിണ്ടാതിരുന്നാല്‍, അടുത്ത തവണയും ഞാന്‍ മിണ്ടാതിരിക്കേണ്ടി വരും, ശരിയല്ലേ ? സംസാരിക്കുമ്പോഴൊക്കെ ഞാന്‍ എന്റെ ജീവന്റെ കാര്യത്തില്‍ പേടിക്കണോ ? ഞാനും നിയമം അനുസരിക്കുന്ന, നികുതി അടയ്ക്കുന്ന പൗരനാണ്. എല്ലാ പൗരന്മാര്‍ക്കും സംസാരിക്കാനുള്ള അവകാശവുമുണ്ട്. ഞാന്‍ സംസാരിച്ചത് ബഹുമാനത്തോടെയാണ്.

ഇന്ന് നമുക്ക് വിമന്‍ ഇന്‍ കളക്ടീവുണ്ട്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെണ്ടേഴ്‌സിനും സിനിമയില്‍ നല്ലൊരു അന്തരീക്ഷമെന്ന ലക്ഷ്യത്തോടെയാണ് സിനിമയിലെ സ്ത്രീകള്‍ ഈ പ്ലാറ്റഫോമിലേക്ക് ഒത്തുചേരുന്നത്. ഫെബ്രുവരിയില്‍ ഞങ്ങളില്‍ ഒരാളെ തട്ടിക്കൊണ്ടു പോകുകയും പീഡിപ്പിക്കുകയും ചെയ്തു. ഈ കാര്യം ചര്‍ച്ച ചെയ്യാന്‍ പോലും ഞങ്ങള്‍ക്കൊരു വേദിയില്ലെന്ന തോന്നലുണ്ടാക്കി. ഈ സംഭവത്തിന് മുന്‍പ് ദുരനുഭവങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളായാണ് തോന്നിയത്. അതെല്ലാം അവഗണിക്കാനും അംഗീകരിക്കാനും ഞങ്ങള്‍ പഠിച്ചിരുന്നു. പക്ഷെ, ഇനിയില്ല. സ്ത്രീ എന്ന നിലയില്‍ തൊഴിലിടത്തെ ഞങ്ങളുടെ അവകാശങ്ങള്‍ എന്താണ് എന്ന് അറിയണമായിരുന്നു, അങ്ങനെ ഡബ്ല്യുസിസി രൂപീകൃതമായി.

ഞങ്ങളുടെ അസോസിയേഷന്‍ കൊണ്ട് പുരുഷന്മാരെ ആക്രമിക്കാനാണ് എന്ന തോന്നല്‍ പലര്‍ക്കുമുണ്ട്. പിന്നെ ഫെമിനിസ്റ്റ് എന്ന വാക്കുപയോഗിച്ചും ഞങ്ങളെ ആക്രമിച്ചു, അതെന്തോ ചീത്ത കാര്യമാണെന്ന തരത്തില്‍. കേള്‍ക്കാന്‍ കാത് തുറക്കുന്നവര്‍ക്ക് സമയമാകുമ്പോള്‍ മനസ്സിലാകും, പുരോഗതിക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ ഒത്തുചേര്‍ന്നതെന്ന്.

അതിന് സമയമെടുക്കും. ഇത്തവണ ഇത് നന്നായി ഉപയോഗിക്കും. ഞങ്ങള്‍ തലമുറകളായി അനുഭവിച്ചുകൊണ്ടിരുന്നതിനെതിരെ യുദ്ധം ചെയ്യാന്‍ ഒരു പട പൊങ്ങി വരുന്നുണ്ട്. ഇത്തവണ, ഇത് നിയമത്തിലൂടെയും, ബഹുമാനത്തിലൂടെയും സ്‌നേഹത്തിലൂടെയും ശരിയാക്കും.

പാശ്ചാത്യലോകത്ത് ഇന്ന് ആരും എന്‍-വേര്‍ഡ് ഉപയോഗിക്കില്ല. ചിലപ്പോള്‍, പത്ത് വര്‍ഷത്തിന് ശേഷം ഒരു ഡിന്നര്‍ ടേബിളില്‍, ആരെങ്കിലും ഒരാളുടെ ലിംഗത്തെക്കുറിച്ച് തമാശ പറയും, അപ്പോള്‍ ആളുകള്‍ ചിരിക്കില്ല – കാരണം അതൊരു തമാശയല്ല. ആ ദിവസം വരും.

സ്ക്രോള്‍ ഡോട്ട് ഇന്‍ല്‍ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ലേഖനം മലയാളത്തിലേക്ക് മൊഴിമാറ്റിയത്

കടപ്പാട് സ്ക്രോള്‍ ഡോട്ട് ഇന്‍