ഉമ്മൻചാണ്ടിയുടെയോ വി.എസിന്റെയോ...വിക്ടേഴ്സ് ചാനല്‍ ഏത് സര്‍ക്കാരിന്റെ കാലത്താണ് തുടങ്ങിയത്?

ഹരി മോഹൻ

വിക്ടേഴ്സ് ചാനല്‍ ഇന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചതോടെ ചാനല്‍ ഏത് സര്‍ക്കാരിന്റെ കാലത്താണു തുടങ്ങിയത് എന്നതിനെപ്പറ്റി ചര്‍ച്ചകള്‍ സജീവമായിക്കഴിഞ്ഞു. ആദ്യം ഉമ്മന്‍ ചാണ്ടിയും അതിനു മറുപടിയായി വി.എസും രംഗത്തു വന്നു. ഇവരുടെ പ്രസ്താവനകളിലും വി.എസിന്റെ എട്ടുകാലി മമ്മൂഞ്ഞ് പ്രയോഗത്തിലും അഭിരമിക്കുന്നതല്ലാതെ മാധ്യമങ്ങള്‍ ഇതിന്റെ നിജഃസ്ഥിതി കണ്ടെത്താന്‍ താത്പര്യപ്പെടുന്നില്ല. വളരെ കൃത്യമായി Kerala Infrastructure and Technology for Education (KITE) -ന്റെ സൈറ്റില്‍ കിടക്കുന്ന ഒരു കാര്യത്തെ കുറിച്ചാണു തര്‍ക്കം.

സര്‍ക്കാര്‍ വെബ്സൈറ്റായതിനാല്‍ ഔദ്യോഗിക വിവരമായി നമുക്കിതിനെ കാണാം. അങ്ങനെയെങ്കില്‍ കാര്യം ഇങ്ങനെയാണ്-

No photo description available.

Versatile ICT Enabled Resource for Students എന്നതിന്റെ ചുരുക്കപ്പേരാണ് വിക്ടേഴ്സ്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി വിക്ഷേപിച്ച കൃത്രിമോപഗ്രഹമായ എജ്യുസാറ്റിന്റെ സഹായത്തോടെയാണ് ഈ പദ്ധതി നടത്തുന്നത്. സ്കൂള്‍ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഇന്ററാക്ടീവ് ബ്രോഡ്ബാന്റ് നെറ്റ്‌വര്‍ക്കാണിത്. ഇനി തര്‍ക്കവിഷയത്തിന്റെ ആദ്യ ഉത്തരം. ഈ ഇന്ററാക്ടീവ് ബ്രോഡ്ബാന്റ് നെറ്റ്‌വര്‍ക്കിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നത് 2005 ജൂലൈ 28-നാണ്. അതായത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന, യു.ഡി.എഫ് സര്‍ക്കാരിന്റെ അഞ്ചാം വര്‍ഷം. ഉദ്ഘാടനം ചെയ്തത് അന്നത്തെ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം, തിരുവനന്തപുരത്തു വെച്ച്.

ഇനി അതിന്റെ രണ്ടാം ഘട്ടം. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഉദ്ഘാടനം ചെയ്തത് ആദ്യ ഇന്ററാക്ടീവ് ബ്രോഡ്ബാന്റ് നെറ്റ്‌വര്‍ക്കാണ്. ഇതിന്റെ നോണ്‍ ഇന്ററാക്ടീവ് മോഡ് എന്നു പറയുന്നത് ഒരു സമ്പൂര്‍ണ, 24×7 വിദ്യാഭ്യാസ ചാനലാണ്. അതിന്റെ ഉദ്ഘാടനം നടന്നത് 2006 ഓഗസ്റ്റ് മൂന്നിനാണ്. അതായത് വി.എസ് സര്‍ക്കാര്‍ അധികാരത്തില്‍ക്കയറി രണ്ടര മാസത്തിനുള്ളില്‍ തന്നെ.

ചുരുക്കത്തില്‍ ഇരുകൂട്ടര്‍ക്കും അവകാശവാദങ്ങള്‍ ഉന്നയിക്കത്തക്കതായാണു കാര്യങ്ങള്‍ കിടക്കുന്നത്. പക്ഷേ 2004 സെപ്റ്റംബര്‍ 20-ന് എജ്യുസാറ്റ് വിക്ഷേപിച്ചതിനു ശേഷം യു.ഡി.എഫ് സര്‍ക്കാര്‍ രണ്ടു വര്‍ഷം നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ഇന്ത്യയിലെ ആദ്യ ഇന്ററാക്ടീവ് ബ്രോഡ്ബാന്റ് നെറ്റ്‌വര്‍ക്ക് സാധ്യമായത്. അന്ന് യു.പി.എ സര്‍ക്കാരായിരുന്നു കേന്ദ്രത്തില്‍ എന്നതിനാല്‍ ഇവിടെ കാര്യങ്ങള്‍ അനുകൂലമായി തീര്‍ന്നു എന്നും കരുതാം. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു വന്ന പദ്ധതിയുടെ ചുവടു പിടിച്ചാണ് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു സമ്പൂര്‍ണ വിദ്യാഭ്യാസ ചാനല്‍ ഇവിടെയുണ്ടായത്. അതല്ലാതെ രണ്ടര മാസത്തിനുള്ളില്‍ ഇന്ത്യയിലെ ആദ്യ ബ്രോഡ്ബാന്റ് നെറ്റ്‌വര്‍ക്കും ഒരു 24×7 വിദ്യാഭ്യാസ ചാനലും കൊണ്ടുവരാന്‍ അമാനുഷികതകളുള്ള സര്‍ക്കാരായിരുന്നില്ല വി.എസിന്റേത്. പക്ഷേ ആ പദ്ധതി ഗുണകരമായി തുടരാന്‍ വി.എസ് സര്‍ക്കാരിനായി എന്നതു വളരെ പ്രധാനപ്പെട്ടതാണ്. അതിനപ്പുറം പദ്ധതിയുടെ സമ്പൂര്‍ണാവകാശം സ്ഥാപിക്കാനുള്ള ഒന്നും ഇവിടെയുണ്ടായിട്ടില്ല.

ഏപ്രില്‍ 10-ന് വാഷിങ്ടണ്‍ പോസ്റ്റില്‍ വന്ന കേരളാ മോഡലിനെ കുറിച്ചുള്ള ആര്‍ട്ടിക്കിളില്‍ ആദ്യഘട്ടത്തില്‍ അവകാശപ്പെട്ടിരുന്നതു പോലെ കേരളാ മോഡല്‍ എന്നാല്‍ കമ്മ്യൂണിസ്റ്റ് മോഡലാണെന്ന അവകാശവാദവും കേരളത്തിന്റെ എല്ലാ നേട്ടങ്ങളുടെയും രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കലുമൊക്കെ തുടരുന്നവരോട് ഒരിക്കല്‍ക്കൂടി പറയുകയാണ്. കേരളാ മോഡല്‍ എന്നൊന്നുണ്ടെങ്കില്‍ അതില്‍ ഒരേ അളവില്‍ അവകാശം കോണ്‍ഗ്രസിനും സി.പി.ഐ.എമ്മിനും സി.പി.ഐയ്ക്കും ലീഗിനും മറ്റു രാഷ്ട്രീയ, സാംസ്കാരിക സംഘടനകള്‍ക്കും ഉണ്ട്. വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളുടെയും വ്യക്തികളുടെയും ഒക്കെ ചരിത്രവും വര്‍ത്തമാനവുമൊക്കെ ഉള്‍ച്ചേര്‍ന്നതാണ് ഈ കേരളാ മോഡല്‍ എന്നത്. അതില്‍ വി.എസും ഉമ്മന്‍ ചാണ്ടിയും പിണറായിയും മാത്രമല്ല. ഇ.എം.എസും പട്ടം താണുപിള്ളയും ശങ്കറും അച്യുതമേനോനും പി.കെ.വിയും സി.എച്ചും കരുണാകരനും നായനാരും ഒക്കെയുണ്ട്.

Read more

ഇനി മറ്റൊരു മോഡലുണ്ട്. ആരും ഏറ്റെടുക്കാന്‍ സാധ്യതയില്ലാത്തത്. അതേക്കുറിച്ചു പറഞ്ഞേ മതിയാവൂ. കേരളത്തിലെ ഭൂരിപക്ഷം കുട്ടികളും ഇന്ന് ആന്‍ഡ്രോയിഡ് ഫോണുകളിലും ടി.വികളിലും കണ്ടാസ്വദിച്ച, ഇപ്പോള്‍ ആഘോഷിക്കുന്ന ഡിജിറ്റല്‍ വിദ്യാഭ്യാസം എന്തെന്നറിയാത്ത പതിനായിരക്കണക്കിനു കുട്ടികള്‍ വയനാട്ടിലും ഇടുക്കിയിലുമൊക്കെ ഇപ്പോഴുമുണ്ട്. ജൂണ്‍ ഒന്നു മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കാനുള്ള തീരുമാനമെടുത്തത് ഇന്നലെയല്ല. ദിവസങ്ങള്‍ക്കു മുമ്പാണ്. എന്നിട്ടും ട്രൈബല്‍ വകുപ്പിന്റെ കണക്കിലുള്ള 28,000-ത്തോളം ആദിവാസി വിഭാഗക്കാരായ വിദ്യാര്‍ത്ഥികളില്‍ (ഒന്നുമുതല്‍ 10 വരെ ക്ലാസുകള്‍) പതിനായിരത്തിനു മുകളിലുള്ളവര്‍ ഇന്നും ക്ലാസുകളുടെ ഭാഗമായിട്ടില്ല. ഇന്നു രാവിലെ പോലും മാധ്യമപ്രവര്‍ത്തകര്‍ ക്ലാസ്സിനെ കുറിച്ചു ചോദിച്ചപ്പോള്‍ പരസ്പരം അത്ഭുതത്തോടെ നോക്കുന്ന പല കുട്ടികളെയും കണ്ടു. വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശം എന്നൊന്നുണ്ട്. അതാണവര്‍ക്കു നഷ്ടപ്പെടുന്നത്. അടിസ്ഥാന വിഭാഗത്തിന് അവകാശങ്ങള്‍ സാധ്യമാക്കാതെയാണ് ഈ അവകാശം സ്ഥാപിക്കലുകളെന്ന് ഓര്‍ത്താല്‍ നല്ലതാണ്.