തേനീച്ചകളുടെ അന്തകന്മാര്‍ കേരളത്തിലും

ചെടികളില്‍ പരാഗണം നടത്തുന്ന ഈച്ചകള്‍ എതെങ്കിലും കാരണത്താല്‍ നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടാല്‍ അധികം വൈകാതെ മനുഷ്യനും ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകുമെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഒരിക്കല്‍ പ്രസ്താവിച്ചതായി തേനീച്ചകര്‍ഷകര്‍ ഓര്‍മിപ്പിക്കാറുണ്ട്. ഭൂമിയിലെ ഭക്ഷ്യശൃംഖലയിലും ജിവന്റെ നിലനില്‍പ്പിലും ഈ ജീവികള്‍ക്കുള്ള നിര്‍ണായക പ്രാധാന്യം കണക്കിലെടുത്തുകൊണ്ടായിരിക്കും ഐന്‍സ്റ്റീന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയിരിക്കുക. ഭൗതിക ശാസ്ത്രജ്ഞനായിരുന്ന ഐന്‍സ്റ്റീന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയോ എന്നത് തര്‍ക്കത്തിലാണെങ്കിലും ലോകവ്യപകമായ തേനീച്ചകളും അവയുടെ അസംഖ്യം ബന്ധുക്കളും തിരോധാനത്തിന്റെ പാതയിലാണ്. വനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വാഭാവിക ആവാസ വ്യവസ്ഥകളുടെ തകര്‍ച്ച, കാലാവസ്ഥ വ്യതിയാനം, മൊബൈല്‍ ടവറുകളില്‍നിന്നുള്ള മൈക്രോവേവ് റേഡിയേഷന്‍, ഏകവിള സമ്പ്രദായത്തിലൂന്നിയ ഊര്‍ജ്ജിത രാസകൃഷി തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ തേനീച്ചകളുടെയും അവയുടെ ബന്ധുക്കളുടെയും സംഖ്യ ചുരുങ്ങുന്നതിന് പിന്നിലുള്ളതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം ഉപരിയായി മനുഷ്യന്‍ അപകടരഹിതം എന്നി വാദിച്ചുകൊണ്ട് ലോകത്ത് ഏറ്റവും അധികം വിറ്റഴിക്കുന്ന ഏതാനും പുതുതലമുറ കീടനാശിനികളാണ് പാവം തേനീച്ചകളുടെ അവയുടെ കോളനികളുടെയും വിനാശത്തിനും പരാഗണം നടത്തുന്ന മറ്റ് ഈച്ചകളുടെ അപ്രത്യക്ഷമാകലിനും പിന്നിലെന്ന് ആഗോളതലത്തില്‍ നടക്കുന്ന വിവിധ ശാസ്ത്രീയപഠനങ്ങള്‍ തെളിയിക്കുന്നത്. “നിയോനിക്കോട്ടിനോയിഡ്” വിഭാഗത്തില്‍പെട്ട കീടനാശിനികള്‍, “ഫ്രിപ്രോണില്‍” എന്നീ കീടനാശികളാണ് തേനീച്ചകളുടെയും അവയുടെ ബന്ധുക്കളുടെയും കൊലയാളികളായി മാറിയിരിക്കുന്നത്.

കീടങ്ങളെ കൊന്നൊടുക്കുവാന്‍ കൊണ്ടുവന്ന രാസകീടനാശിനികള്‍ കീടങ്ങള്‍ക്കുപകരം മനുഷ്യനെ കൊന്നൊടുക്കിയപ്പോള്‍ മനുഷ്യര്‍ക്ക് സുരക്ഷിതം എന്നുപറഞ്ഞ് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ വിപണിയില്‍ ഇറക്കിയ പുതുതലമുറ കീടനാശിനികളാണ് നിയോനിക്കോട്ടിനോയിഡുകള്‍ അഥവാ നിയോണിക്സ് എന്ന പേരിലറയപ്പെടുന്ന കീടനാശിനികള്‍. മനുഷ്യര്‍ക്ക് താരതമ്യേന അപായരഹിതമാണെങ്കിലും പരിസ്ഥിതിയെ മൊത്തം വിഷമയമാക്കി നാശം വിതയ്ക്കാന്‍ ആരോ കൃത്യമായി രൂപകല്പന ചെയ്തെടുത്ത കീടനാശിനികളാണ് നിയോനിക്കോട്ടിനോയിഡുകള്‍. ലോകത്ത് ഇവ ചെന്നെത്താത്ത ആവാസസ്ഥാനങ്ങളോ ജലാശയങ്ങളോ ഇല്ല. ആഗോള തലത്തില്‍ കീടനാശിനി വില്പനയുടെ 40 ശതമാനത്തിനടുത്ത് നിയോനിക്കോട്ടിനോയിഡ് കീടനാശിനികളാണ്. മണ്ണിലും വിത്തിലും ചെടികളിലും പുല്‍ത്തകിടികളിലും വൃക്ഷങ്ങളിലും കന്നുകാലി വളര്‍ത്തലിലും കോഴി വളര്‍ത്തലിലുമെല്ലാം കാണപ്പെടുന്ന കീടങ്ങള്‍ക്കെതിരെ ഈ കീടനാശിനികള്‍ വളരെ വ്യാപകമായി ഉപയോഗിക്കുന്നു. നിയോനിക്കോട്ടിനോയിഡ് വിഭാഗത്തില്‍പ്പെട്ട ആദ്യ കീടനാശിനി ഇമിഡാക്ലോപ്രിഡ് 1991 ല്‍ ബഹുരാഷ്ട്ര കുത്തക കമ്പനിയായ ബെയറാണ് ആദ്യമായി പുറത്തിറക്കിയത്. പിന്നീട് 50 ലേറെ കീടനാശിനികള്‍ ഈ വിഭാഗത്തില്‍ പുറത്തിറങ്ങി. ബെയറിന്റെ തന്നെ തയാക്ലോപ്രിഡ്, ക്ലോത്തിയാനിഡിന്‍, സിന്‍ജെന്തയുടെ തയോമിതോക്ലാ, നിപ്പണ്‍ കമ്പനിയുടെ അസറ്റാമി പ്രിഡ് തുടങ്ങിയവയാണ് പ്രമുഖ നിയോണിക്സ് കീടനാശനികള്‍. ഇതില്‍ ഇമിഡാക്ലോപ്രിഡ്, തയാമിതോക്ലാ, ക്ലോത്തിനായിഡിന്‍ എന്നീ കീടനാശിനികള്‍ തേനീച്ചകള്‍ക്കും ബന്ധുക്കള്‍ക്കും ഏറ്റവും അപകടകാരികളാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കീടനാശിനിയായ ഇമിഡാക്ലോപ്രിഡാണ് ഇതിലേറ്റവും വിനാശകാരി.

നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കെതിരെയാണ് നിയോനിക്കോട്ടിനോയിഡുകള്‍ ഏറ്റവും ഫലപ്രദം. അന്തര്‍വ്യാപന ശേഷിയുള്ളവയാണ് ഈ വിഭാഗം കീടനാശിനികള്‍. വേരു മുതല്‍ പൂമ്പൊടി വരെയുള്ള സര്‍വ്വകോശങ്ങളെയും ഈ കീടനാശിനികള്‍ വിഷമയമാക്കിമാറ്റും. ഈ വിഷം ചെടിയില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷമാവുന്നില്ല. വിത്തില്‍ പുരട്ടിയും മണ്ണില്‍ ചേര്‍ത്തും ഇലകളില്‍ തളിച്ചും ഈ വിഷം ഒരിക്കല്‍ തളിച്ചുകഴിഞ്ഞാല്‍ ഇതിന്റെ വീര്യം മാസങ്ങളോളം ചെടിയില്‍ നില്‍ക്കും. നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ ചത്തുമലക്കും. 1991ല്‍ വിദേശങ്ങളില്‍ ഇറക്കിയ ഈ കീടനാശിനി 2011 ലാണ് കേരളത്തില്‍ ഔദ്യോഗികമായി ശുപാര്‍ശ ചെയ്യുന്നത്. എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള ഏതാനും കീടനാശിനികള്‍ 2011 മെയ് മാസം കേരള സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ പകരം സുരക്ഷിതകീടനാശിനിയായ കേരളാ കാര്‍ഷിക സര്‍വ്വകലാശാല ശുപാര്‍ശ ചെയ്ത കീടനാശിനികളില്‍ നിയോനിക്കോട്ടിനോയിഡും ഉണ്ടായിരുന്നു. നിരോധിച്ച ഫോറേറ്റ്, കാര്‍ബോഫ്യുറാന്‍ , മീഥൈല്‍ പാരത്തിയോണ്‍, മോണോ ക്രോട്ടോഫോസ്, തുടങ്ങിയ കീടനാശിനികള്‍ക്ക് പകരമായി ഇമിഡാക്ലോപ്രിഡ് തയോമിതോക്ലാ എന്നീ നിയോനിക്കോട്ടിനോയിഡ് കീടനാശിനികള്‍ തല്‍കാലത്തേക്ക് ശുപാര്‍ശ ചെയ്തു. യൂറോപ്പിലും മറ്റും പരിസ്ഥിതിക്ക് ഹാനികരമെന്ന് കണ്ട് നിരോധിക്കണമെന്ന മുറവിളി ഉയര്‍ന്നു തുടങ്ങിയ സമയത്തായിരുന്നു കേരളത്തിലേക്കുള്ള ഇവയുടെ രംഗപ്രവേശനം. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്തക്കളായി മാറിയത് നിയോനിക്കോട്ടിനോയിഡ് കീടനാശിനി ഉല്‍പ്പാദകരായ ബഹുരാഷ്ട്ര കമ്പനികളാണ്. 2016 ല്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല പുറത്തിറക്കിയ പാക്കേജ് ഓഫ് പ്രാക്ടീസസ് ശുപാര്‍ശകളില്‍ ഈ പുതുതലമുറ കീടനാശിനികള്‍ സ്ഥിരമായി സ്ഥാനം പിടിച്ചു. ഇന്ന് കേരളത്തില്‍ നെല്‍കൃഷിയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന കീടനാശിനികളാണ് നിയോനിക്കോട്ടിനോയിഡ് കീടനാശിനികള്‍. ഇമിഡാക്ലോപ്രിഡ്, തയോമിതോക്ലാ, അസറ്റൈല്‍ പ്രിഡ്, തയാക്ലോപ്രൈഡ്, എന്നീ നാല് നിയോനിക്കോട്ടിനോയിഡുകള്‍ കീടനാശിനികള്‍ ഇപ്പോള്‍ കേരളാ കാര്‍ഷിക സര്‍വ്വകലാശാല ശുപാര്‍ശ ചെയ്യുന്നുണ്ട്. നെല്ല്, പച്ചക്കറി വിളകള്‍, പയറു വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയിലെ കീടനിയന്ത്രണത്തിനാണ് ഇവയുടെ വ്യാപക ഉപയോഗം. കോഴിപേന്‍,കന്നുകാലികളിലെ ചെള്ള്, തുടങ്ങിയവ നിയന്ത്രിക്കാനുള്ള മിശ്രിതങ്ങളിലും ഇവ അനധികൃതമായി ഉപയോഗിക്കുന്നുണ്ട്.

മലകളും,ജലാശയങ്ങളും, നീരരുവികളിലും നിറഞ്ഞ കേരളത്തിലെ പരിസ്ഥിതിയില്‍ ഇവ സര്‍വ്വവ്യാപിയായി മാറാന്‍ അധികകാലം ഒന്നും വേണ്ടിവരില്ല. അല്പം ചില അനാവശ്യകീടങ്ങളെ കൊന്നൊടുക്കാന്‍ മുഴുവന്‍ പരിസ്ഥിതിയെയും മലീമസമാക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് 55 വര്‍ഷം മുമ്പ് പ്രസിദ്ധീകിരച്ച നിശബ്ദവസന്തം എന്ന പുസ്തകത്തില്‍ റേച്ചല്‍ കാഴ്സണ്‍ വിശദീകരിച്ചിരുന്നു. റേച്ചല്‍ കാഴ്സണിന്റെ പുസ്തകമിറങ്ങി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മാരകമായ ഡിഡിറ്റിയുടെ ഉപയോഗം കൃഷിയില്‍ നിരോധിക്കപ്പെട്ടു. എന്നാല്‍ ചരിത്രം മറ്റൊരു രീതിയില്‍ വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഡിഡിറ്റിയെപ്പോലെ നിയോനിക്കോട്ടിനോയിഡ് കീടനാശിനികളും ലോകം മുഴുവനും വ്യാപിച്ച് അപകടം വിതച്ചുകൊണ്ടിരിക്കുന്നു. മനുഷ്യര്‍ക്കും നട്ടെല്ലുള്ള ജന്തുവര്‍ഗ്ഗങ്ങള്‍ക്കും താരതമ്യേന സുരക്ഷിതമെന്ന് വീമ്പിളക്കി വിപണിയിലിറക്കിയ നിയോണിക്സ് കീടനാശിനികള്‍ പരിസ്ഥിതിയുടെ അടിത്തറതന്നെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. തേനീച്ചകള്‍ക്കും പരാഗണം നടത്തുന്ന ബന്ധുക്കളായ മറ്റ് ഈച്ചകള്‍ക്കും ഡിഡിറ്റിയെക്കാള്‍ 5000 മുതല്‍ 10000 ഇരട്ടിവരെ വിഷകരമാണ് നിയോനിക്കോട്ടിനോയിഡ് കീടനാശിനികള്‍ എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വളരെ ചെറിയ അളവില്‍ പോലും ഈ കീടനാശിനികളുടെ സാന്നിധ്യം തേനീച്ചകളെയും ഉപകാരികളായ മറ്റ് ഷഡ്പദങ്ങളെയും കൊന്നൊടുക്കും. ഈ കീടനാശിനികള്‍ മാത്രമല്ല, ഇവ വിഘടിച്ചുണ്ടാകുന്ന രാസാവശിഷ്ടങ്ങളും തേനീച്ചകള്‍ക്കും ബന്ധുക്കള്‍ക്കും ഹാനികരമാണ്.

യൂറോപ്പിലും അമേരിക്കയിലും നിയോനിക്കോട്ടിനോയിഡ് കീടനാശിനികളുടെ വ്യാപകമായ സാന്നിധ്യത്തെക്കുറിച്ചും തേനീച്ച കോളനികളില്‍ ഇവ സൃഷ്ടിക്കുന്ന വിനാശത്തെക്കുറിച്ചും വ്യാപകമായ പഠനങ്ങള്‍ നടക്കുന്നുണ്ട്. കേരളത്തില്‍ ഈ പുതുനിര കീടനാശിനികളുടെ സാന്നിധ്യത്തെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടന്നിട്ടില്ല. എന്നാല്‍ ഇമിഡാക്ലോപ്രിഡ് പോലുള്ള നിയോനിക്കോട്ടിനോയിഡുകള്‍ വിഘടിക്കാതെ പരിസ്ഥിതിയില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ചില പഠനങ്ങളില്‍ കണ്ടെത്തയിട്ടുണ്ട്. വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും കേരളത്തില്‍ കൊണ്ടുവരുന്ന പഴം-പച്ചക്കറികളില്‍ അടുത്തകാലത്ത് ഇവയുടെ അവശിഷ്ടം കണ്ടെത്തിയത് നിയോനിക്കോട്ടിനോയിഡ് കീടനാശിനികളുടെ ഉപയോഗം വ്യാപകമാണെന്നതിന്റെ സൂചനയാണ്. കേരളകാര്‍ഷിക സര്‍വ്വകലാശാലയുടെ വെള്ളയാണി കാര്‍ഷിക കോളേജിലെ കീടനാശിനി പരിശോധന ലബോറട്ടറിയില്‍ 2017 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ വിദേശത്തുനിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പഴം-പച്ചക്കറികള്‍ പരിശോധിച്ചപ്പോള്‍ രണ്ട് നിയോനിക്കോട്ടിനോയിഡ് കീടനാശിനികളുടെ അവശിഷ്ട വിഷാംശം കണ്ടെത്തി. ബജിമുളക്, മഞ്ഞ കാപ്സിക്കം, ചുവന്ന കാപ്സിക്കം, പച്ച കാപ്സിക്കം, മല്ലിയില, സാമ്പാര്‍മുളക്, കുരു ഇല്ലാത്ത പച്ച മുന്തിരി, റെഡ്ഗ്ലോബ് ഇനം മുന്തിരി റോയല്‍ ഗാല ഇനം ആപ്പിള്‍ എന്നിവയില്‍ അസെറ്റാമിപ്രിഡ് എന്ന കീടനാശിനിയുടെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തി. നിയോനിക്കോട്ടിനോയിഡ് കീടനാശിനികളുടെ അവശിഷ്ട വിഷാംശം ഇതാദ്യമായാണ് കേരളത്തിലെ പരിശോധനകളില്‍ കണ്ടെത്തുന്നത്. മനുഷ്യര്‍ക്ക് ഹാനികരമായ അളിവില്‍ ഇവയുടെ സാന്നിധ്യം ഇല്ലെങ്കിലും തേനീച്ചകളെയും ബന്ധുക്കളെയും നശിപ്പിക്കാന്‍ ഇവയുടെ വളരെ ചെറിയ അളവിലുള്ള സാന്നിധ്യം മതി.

നിയോനിക്കോട്ടിനോയിഡുകള്‍ മനുഷ്യര്‍ക്കും പക്ഷികള്‍ക്കും നട്ടെല്ലുള്ള മറ്റ് ജന്തുവര്‍ഗ്ഗങ്ങള്‍ക്കും താരതമ്യേന അപകടരഹിതമെന്നാണ് വാദം. എന്നാല്‍ ഈ വിഭാഗം കീടനാശിനികളെക്കുറിച്ച് അറിവുള്ളതിനെക്കാള്‍ അറിവില്ലാത്ത വസ്തുതകളാണ് കൂടുതലും. പരിസ്ഥിതി വിനാശത്തിനുവേണ്ടി പ്രത്യേകമായി നിര്‍മ്മിക്കപ്പെട്ട കീടനാശിനിയാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുളക്, വഴുതന, നെല്ല്, ധാന്യവര്‍ഗ്ഗങ്ങള്‍ ഇലക്കറികള്‍ വെള്ളരി വര്‍ഗ്ഗങ്ങള്‍ മറ്റ് പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, പയറുവര്‍ഗ്ഗ വിളകള്‍ എന്നിവയിലെല്ലാം ഈ വിഭാഗം കീടനാശിനികള്‍ വ്യാപകമായി പ്രയോഗിക്കപ്പെടുന്നുണ്ട്. ലോകത്തെ 80 ശതമാനം സപുഷ്ടികളായ സസ്യങ്ങളിലും പരാഗണം നടത്തുന്നത് പരാഗവിതരണക്കാരായ തേനീച്ചകളും ബന്ധുക്കളായ ഷഡ്പദങ്ങളുമാണ്. കാര്‍ഷിക വിളകളില്‍ മൂന്നിലൊന്നിന്റെയും പരാഗവിതരണക്കാര്‍ തേനീച്ചകളാണ്. തേനീച്ചകളുടെയും ബന്ധുക്കളുടെയും തിരോധാനം ഇവയെ ആശ്രയിച്ച് പരാഗണം നടത്തുന്ന സസ്യങ്ങളുടെ ഭാവി അപകടത്തിലാകും. ഈ സസ്യങ്ങളെ ഭക്ഷണമാക്കുന്ന മൃഗങ്ങളുടെ നിലനില്‍പ് അപകടത്തിലാണ്. വിളവില്‍തന്നെ വന്‍ ഇടിവുണ്ടാകും. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥതന്നെ അപകടത്തിലാകും. തേനീച്ചകളും ബന്ധുക്കളായ ഷഡ്പദങ്ങളും നിര്‍വ്വഹിക്കുന്ന പാരസ്ഥിതിക സേവനം പൂര്‍ണ്ണമായും നഷ്ടപ്പെടും. തേനീച്ചകള്‍ ബംബ്ള്‍ ബീസ് എന്നറിയപ്പെടുന്ന വന്‍ തേനീച്ചകള്‍ ഏകാകികളായ ഈച്ചകള്‍ എന്നിവയെല്ലാം നിയോനിക്കോട്ടിനോയിഡുകള്‍ പ്രയോഗിക്കുന്നതുകൊണ്ടുണ്ടാകുന്ന വംശനാശ ഭീഷണി നേരിടുന്നവയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.തേനീച്ചകളുടെ ബന്ധുക്കളായ ഏകദേശം 25000 ത്തോളം ഷഡ്പദങ്ങളാണ് നിയോനിക്കോട്ടിനോയിഡുകളുടെ ഭീഷണി നേരിടുന്നത്.

പാരിസ്ഥിതികമായി ദീര്‍ഘകാലം നിലനില്‍ക്കുന്നവയാണ് നിയോനിക്കോട്ടിനോയിഡ് കീടനാശിനികള്‍. മകരന്ദം, പൂമ്പൊടി, സസ്യങ്ങളില്‍ രന്ധ്രങ്ങള്‍ വഴിയായി ദ്രാവക രൂപത്തില്‍ പുറത്തുവരുന്ന ബിന്ദുസ്രാവം എന്നിവയിലെല്ലാം നിയോനിക്കോട്ടിനോയിഡുകള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നു. ഈ കീടനാശിനികള്‍ പ്രയോഗിക്കുന്ന കൃഷിയിടങ്ങളില്‍ മാത്രമല്ല മണ്ണിലും ജലത്തിലും കൂടി സഞ്ചരിച്ച് കിലോമീറ്ററുകള്‍ അകലെയുള്ള മറ്റ് സസ്യങ്ങളില്‍പോലും കാണപ്പെടുന്നു. വിഘടിക്കാതെ ആ കീടനാശിനികള്‍ ദീര്‍ഘകാലം ഉപരിതല ജല സ്രോതസ്സുകളിലും ഭൂഗര്‍ഭ ജലസ്രോതസ്സുകളിലും നിലനില്‍ക്കുന്നു. മണ്ണിലും എക്കലിലുമെല്ലാം ഇവ കാണപ്പെടുന്നു. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വെ നടത്തിയ പഠനത്തില്‍ ശേഖരിച്ച 63 ശതമാനം ജല സാമ്പിളുകളിലും ഇവയുടെ സാന്നിധ്യം കണ്ടെത്തി. കാനഡയില്‍ നടത്തിയ പഠനത്തില്‍ 91 ശതമാനം ജലാശയങ്ങളിലും ഈ കീടനാശനികള്‍ കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തി. തേനീച്ചകള്‍ക്ക് ഒരുവിധത്തിലും രക്ഷപ്പെടാനാവാത്തവിധം പരിസ്ഥിതിയിലെ സര്‍വ്വസാന്നിധ്യമായി മാറിയരിക്കുകയാണ് ഈ കീടനാശിനികള്‍. ഇവ നിരോധിക്കപ്പെട്ടാല്‍ പോലും വര്‍ഷങ്ങളോളം പരിസ്ഥിതിയില്‍ ഇവയുടെ സാന്നിധ്യം അവശേഷിക്കും. പ്രധാന കൃഷിയിടത്തില്‍ നിന്നും തേനീച്ചകള്‍ രക്ഷപെട്ടാല്‍ പോലും വീദൂരത്തില്‍ വളരുന്ന വന്യസസ്യങ്ങളുടെ പൂമ്പൊടിയിലെ മകരന്ദത്തിലും ബിന്ദുസ്രവത്തിലുമെല്ലാം നിയോനിക്കോട്ടിനോയിഡുകളുടെ സാന്നിധ്യമുണ്ടാവും. ഒരിക്കലും രക്ഷപ്പെടാനാവാത്ത ഒരു കെണിയാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടുകൊണ്ട് ഈ നാശിനികള്‍ തേനീച്ചകള്‍ക്ക് ഒരുക്കിയിരിക്കുന്നത്. തേനീച്ചക്കോളനികള്‍ നശിക്കാന്‍ കൃഷിയിടത്തിലെ ചെടികളില്‍ പ്രയോഗിക്കുന്ന അതേ അളവിലുള്ള നിയോനിക്കോട്ടിനോയിഡ് കീടനാശിനികള്‍ വേണമെന്നില്ല. വളരെ ചെറിയ അളവിലുള്ള ഈ കീടനാശിനികളുടെ സാന്നിധ്യം പോലും തേനീച്ചകളുടെ ജീവിതതാളം തെറ്റിക്കുകയും അവയെ കൊന്നൊടുക്കുകയും ചെയ്യും. ഏറെ പ്രചാരത്തിലുള്ള ക്ലോത്തിനായിഡിന്‍ എന്ന നിയോണിക്സ് കീടനാശിനിയുടെ നാല് നാനോഗ്രാം മാത്രം മതി അതടങ്ങിയ പൂമ്പൊടി ഭക്ഷിക്കുന്ന തേനീച്ചകളുടെ പാതിയെയും കൊന്നൊടുക്കാന്‍. തേനീച്ചകളുടെ പ്രത്യുത്പാദനം വളര്‍ച്ച. ചലനശേഷി രോഗപ്രതിരോധശേഷി എന്നിവയെയെല്ലാം നിയോനിക്കോട്ടിനോയിഡ് കീടനാശിനികള്‍ പ്രതീകൂലമായി ബാധിക്കുന്നു. തേനീച്ചക്കോളനികളുടെ തകര്‍ച്ചയ്ക്ക് കാരണമായ സിസിഡി (colony collapse disorder) യ്ക്കു പിന്നിലും നിയോനിക്കോട്ടിനോയിഡ് കീടനാശിനികളാണെന്ന് വ്യക്തമാക്കുന്നു. തേനീച്ചക്കോളനികളിലെ ബഹൂഭൂരിപക്ഷം വേലക്കാരി ഈച്ചകളും കൂട്ടില്‍ തിരിച്ചെത്താതെ അപ്രത്യക്ഷമാകുന്ന രോഗമാണിത്.

തേനീച്ചകളുടെ കേന്ദ്രനാഡീവ്യൂഹത്തെ തകര്‍ക്കുന്ന കീടനാശിനികളാണ് നിയോനിക്കോട്ടിനോയിഡുകള്‍. നാഡികളെ പ്രക്ഷുബ്ധമാക്കി ആത്യന്തികമായ തളര്‍ച്ചയിലേക്കും മരണത്തിലേക്കും തള്ളിവിടുന്നു. പൂമ്പൊടിയിലും മകരന്ദത്തിലും ചെറിയ അളവിലുള്ള സാന്നിധ്യം മാത്രം മതി തേനീച്ചകളെ കൊന്നൊടുക്കാന്‍. പൂമ്പൊടിയും മകരന്ദവും പൂക്കളില്‍ നിന്നും ശേഖരിക്കാനുള്ള ശേഷികുറയും. ഗമനദിശ തെറ്റുമെന്നതിനാല്‍ തേനീച്ചകള്‍ക്ക് കൂട്ടില്‍ തിരിച്ചെത്താനാവില്ല. ആരോഗ്യകരമായ തേനീച്ചക്കൂട്ടത്തിലെ തേനീച്ചകള്‍ ഒരിടത്തു തേനുണ്ടെന്നറഞ്ഞാല്‍ നൃത്തച്ചുവടുകളൊടെ പരസ്പരം ആശയവിനിമയം നടത്തും. നിയോനിക്കോട്ടിനോഡിയുകള്‍ തേനീച്ചകളുടെ ഈ സാമൂഹിക ആശയവിനിമയ ശേഷിയെയും നശിപ്പിക്കുക. ആരോഗ്യപൂര്‍ണ്ണമായ ഒരു തേനീച്ചക്കോളനി എപ്പോഴും ശുചിത്വമുള്ളതായിരിക്കും. ഈ കീടനാശിനി ബാധയേറ്റാല്‍ ചത്ത ഈച്ചകളെ കൂട്ടില്‍ നിന്നും നീക്കാനുള്ള ശേഷിയും നഷ്ടപ്പെടും. തയോമിതോക്ലാം എന്ന കീടനാശിനി ചെറിയ അളവില്‍ കലര്‍ന്ന പൂമ്പൊടിയും മധുവും രണ്ടാഴ്ച തുടര്‍ച്ചയായി ഭക്ഷിച്ച റാണിയീച്ചകളില്‍ 26 ശതമാനവും മുട്ടിയിടുന്നത് നിര്‍ത്തിയെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ആരോഗ്യമുള്ള റാണിയീച്ചകള്‍ നിര്‍ദ്ദീഷ്ട സമയത്തിനും മുമ്പെ മുട്ടിയിടും. പൂക്കാലത്തിനും മുമ്പെ വിരിഞ്ഞിറങ്ങുന്ന ഇളം തേനീച്ചകള്‍ ആവശ്യത്തിനും ഭക്ഷണം കിട്ടാതെ പട്ടിണിയിലാകും. ചില കോളനികള്‍ക്ക് റാണിയീച്ചകളെ തന്നെ നഷ്ടപ്പെടും. ഇമിഡാക്ലോപ്രിഡ് എന്ന കീടനാശിനിയുടെ നേരിയ തോതിലുള്ള സാന്നിധ്യം പോലും തേനീച്ചകളുടെ വളര്‍ച്ചയെ മുരടിപ്പിക്കും. നിയോനിക്കോട്ടിനോയിഡ് കീടനാശിനികള്‍ക്കൊപ്പം മറ്റ് കീടനാശിനികള്‍ കൂടിച്ചെരുന്നതോടെ തേനീച്ചകള്‍ക്കും കോളനികള്‍ക്കുമുണ്ടാകുന്ന നാശം പതിന്മടങ്ങായി വര്‍ധിക്കും. പരാദങ്ങളോടും രോഗങ്ങളോടുമുള്ള പ്രതിരോധശേഷി തീര്‍ത്തും ഇല്ലെതെയാകും.

തേനീച്ചക്കൂടുകളില്‍ നിയോനിക്കോട്ടിനോയിഡ് കീടനാശിനികള്‍ വിഘടിച്ചുണ്ടാകുന്ന രാസവസ്തുക്കള്‍ കീടനാശിനികളെക്കാള്‍ കൂടുതല്‍ അപകടകാരികളാണ്. ഇത് തേനീച്ച കോളനികളിലെ പുഴുക്കളെ കൊന്നൊടുക്കുന്നു. ദീര്‍ഘകാലം ഈ രാസവസ്തുക്കള്‍ അവശേഷിക്കുന്നത് കോളനിയെ പൂര്‍ണ്ണമായി തകര്‍ക്കും. അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സി 2016 ല്‍ നടത്തിയ പ്രാഥമിക അവലോകന പ്രകാരം ഇമിഡാക്ലോപ്രിഡ് എന്ന കീടനാശിനിയുടെ സാന്നിധ്യം തേനീച്ചക്കോളനികളെ അപകടത്തിലാക്കും. തേനീച്ച കോളനികളില്‍ മാത്രമല്ല സംസ്‌കരിക്കച്ചെടുക്കുന്ന തേനില്‍ പോലും നിയോനിക്കോട്ടിനോയിഡുകളുടെ സാന്നിധ്യമുണ്ടെന്നാണ് അടുത്ത കാലത്ത് നടത്തിയ ചില പഠനങ്ങള്‍ തെളിയക്കുന്നത്. അന്റാര്‍ട്ടിക്ക ഒഴികെയുള്ള പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച 200 ഓളം തേന്‍ സാമ്പിളുകളില്‍ 75 ശതമാനത്തിലും നിയോനിക്കോട്ടിനോയിഡ് കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്ന് 2017 ഒക്ടോബര്‍ ആറിന് സയന്‍സ് മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നാണ് തേന്‍ സാമ്പിളുകള്‍ ശേഖരിച്ചത്. വടക്കന്‍ അമേരിക്കയിലെ 86 ശതമാനം സാമ്പിളുകളിലും ഏഷ്യയിലെ 80 ശതനമാനം സാമ്പിളുകളിലും യൂറോപ്പിലെ 79 ശതമാനം സാമ്പിളുകളിലും ഈ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തി. 45 ശതമാനം തേന്‍ സാമ്പിളുകളിലും രണ്ടില്‍ അധികം നിയോനിക്കോട്ടിനോയിഡ് കീടനാശിനികളുണ്ടായിരുന്നു. ഒറ്റപ്പെട്ട ദ്വീപസമൂഹങ്ങളില്‍ പോലും ഈ കീടനാശനിയുടെ സാന്നിധ്യമുണ്ട്. തേനീച്ചകളുടെ അനേകം തലമുറകള്‍ ആഗോളവ്യാപകമായി ഈ കൊലയാളി കീടനാശിനിയുമായി നിരന്തരം സമ്പര്‍ക്കത്തിലാണെന്ന് ഈ പഠനം തെളിയക്കുന്നു.

ഭൂമിയിലെ ജിവന്റെ രണ്ടു ഭാഗവും ഷഡ്പദങ്ങളാണ്. കോടിക്കണക്കിന് വര്‍ഷങ്ങളിലെ പരിണാമത്തിലൂടെ ഉരുവപ്പെട്ടുവന്ന ഇവയില്‍ നല്ലൊരു പ ങ്കും ഇന്ന് വംശനാശ ഭീഷണിയിലാണ്. ജര്‍മ്മനിയിലെ സ്വാഭാവിക ആവാസ വ്യവസ്ഥകളില്‍ കഴിഞ്ഞ 27 വര്‍ഷങ്ങളില്‍ നടത്തിയ ഒരു പഠനത്തില്‍ തേനീച്ചകളും ചിത്രശലഭങ്ങളും ഉള്‍പ്പെടെ പറക്കുന്ന ഷഡ്പദങ്ങളുടെ സംഖ്യയില്‍ 75 ശതമാനത്തോളം കുറവുണ്ടായതായി കണ്ടെത്തി. ബ്രിട്ടന്‍, ജര്‍മ്മനി, ഹംഗറി എന്നീ രാജ്യങ്ങളില്‍ നടത്തിയ ഒരു പഠനത്തില്‍ നിയോനിക്കോട്ടിനോയിഡ് കീടനാശിനികള്‍ പ്രയോഗിച്ച കൃഷിയിടങ്ങളില്‍ തേനീച്ചകളുടെയും ബന്ധുക്കളുടെയും എണ്ണം പുഷ്പിക്കുന്ന സീസണില്‍ ഗണ്യമായി കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ തേനീച്ചകളുടെ എണ്ണത്തില്‍ 50 ശതമാനത്തോളം കുറവുണ്ടായതായി ഒരു ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ പരാഗവിതരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 1000 ത്തോളം സ്പീഷിസ് ഈച്ചകളുണ്ടെന്നാണ് ഏകദേശം കണക്ക്. ഇവയില്‍ പല വന്യജാതികളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. നീലഗിരിയിലും മറ്റും കാട്ടില്‍നിന്നും ശേഖരിക്കുന്ന തേനിന്റെ അളവ് മൂന്നിലൊന്നായി കുറഞ്ഞുവെന്നാണ് ആദാവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.

Read more

നിയോനിക്കോട്ടിനോയിഡുകള്‍ക്കൊപ്പം തേനീച്ചക്കോളനികളില്‍ മരണം വിതക്കുന്ന മറ്റൊരു കീടനാശിനി ഫിപ്രോണില്‍. മനുഷ്യരില്‍ അര്‍ബ്ബുദത്തിന് കാരണമായേക്കുമെന്ന് അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സി വിലയിരുത്തിയിട്ടുള്ള ഈ കീടനാശിനി തേനീച്ചകള്‍ക്കും മാരകമാണ്. ബിഎഎസ്എഫ് എന്ന ബഹുരാഷ്ട്ര കുത്തകകമ്പനിക്കാണ് ഈ കീടനാശിനിയുടെ പേറ്റെന്റ് അവകാശം. മണ്ണില്‍ ഒരു വര്‍ഷത്തോളം നിലനില്‍ക്കുന്ന ഈ കീടനാശിനിയും വളരെ സാവധാനത്തിലെ വിഘടിക്കുകയുള്ളു. ചൈനയിലും യൂറോപ്പിലും കര്‍ശനനിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ള ഈ കീടനാശിനിക്ക് ഇന്ത്യയില്‍ അത്തരം നിയന്ത്രണങ്ങളൊന്നുമില്ല. എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ തുടര്‍ന്ന് കേരളത്തില്‍ ശുപാര്‍ശ ചെയ്യപ്പെട്ട അസിഫേറ്റ്, ക്ലോര്‍പൈറിഫോസ്, സ്പിനോസാസ് എന്നീ കീടനാശിനികളും തേനീച്ചകള്‍ക്കും പരിസ്ഥിതിക്കും അത്യന്തം മാരകമാണ്.
തേനീച്ചകള്‍ക്ക് ഹാനികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇമിഡാക്ലോപ്രിഡ്, അസെറ്റമിപ്രിഡ്, തയോക്ലോപ്രിഡ്, എന്നീ മൂന്ന് നിയോക്കോട്ടിനോയിഡ് കീടനാശിനികള്‍ക്ക് കര്‍ശനനിയന്ത്രണമുണ്ട്. ഫ്രാന്‍സ് ഈ വിഭാഗത്തില്‍ പെട്ട കീടനാശിനികള്‍ക്ക് സമീപഭാവിയില്‍ തന്നെ നിരോധിക്കാനുള്ള ആലോചനയിലാണ്. തേനീച്ചകള്‍ക്ക് മരണത്തിന്റെ കായകല്പങ്ങളായി മാറിയ ഈ കീടനാശിനികള്‍ക്കെതിരെ ലോകവ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. റേച്ചല്‍ കാഴ്സണ്‍ നിശബ്ദവിപ്ലവത്തില്‍ സൂചിപ്പിച്ചതുപോലെ ഈ കീടനാശിനികളൊന്നും തന്നെ വിവേചനപൂര്‍വ്വം ജിവജാലങ്ങളെ സമീപിക്കുന്നില്ല. ഒഴിവാക്കാന്‍ ശ്രമിക്കുന്ന ഒരു കീടത്തെ മാത്രമായി നശിപ്പിക്കാനും അവയ്ക്ക് സാധിക്കില്ല. ജൈവവൈവിധ്യ സമ്പന്നമായ കേരളത്തില്‍ നിയോനിക്കോട്ടിനോയിഡ് കീടനാശിനികളുടെയും ഫ്രിപ്രോണിലിന്റെയും വ്യപകമായ ഉപയോഗം പരിസ്ഥിതിയില്‍ വന്‍വിനാശം വിതക്കും. ഒറ്റ രാത്രി കൊണ്ടായിരിക്കുകയല്ല വളരെ സാവധാനം മാത്രമായിരിക്കും അതെന്നു മാത്രം.