അനിയൻ അംബാനിയെ വിഴുങ്ങാൻ ചേട്ടൻ അംബാനി

ജോർജ് ജോസഫ് പറവൂർ

ടെലികോം മേഖലയിൽ ചോദ്യം ചെയ്യാനാകാത്ത ഭീമനായി വാഴാൻ ഒരുങ്ങി മുകേഷ് അംബാനി. വൻ കടക്കെണിയിലേക്ക് വഴുതി വീണ അനുജൻ അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷന്റെ വസ്തുവകകൾ വാങ്ങിയാണ്, ബദ്ധവൈരികളായ ഭാരതി ഇൻഫ്രാടെല്ലിനെ കീഴ്പ്പെടുത്താൻ മുകേഷ് ഒരുങ്ങുന്നത്. 24,000 കോടി രൂപയ്ക്കാണ് ആർ കോമിന്റെ വക സ്പെക്ട്രം, ടവറുകൾ തുടങ്ങിയ നെറ്റ് വർക്ക് അപ്പാടെ മുകേഷ് അംബാനി വാങ്ങുന്നത്. ഏറ്റവും കൗതുകകരമായ കാര്യം ഈ ഡീൽ ഉറപ്പിച്ച ഡിസംബറിലെ അവസാന വ്യാഴാഴ്‌ച ഇവരുടെ പിതാവ് ധീരുബായ് അംബാനിയുടെ എൺപത്തിയഞ്ചാം പിറന്നാൾ ആയിരുന്നു എന്നതാണ്. റിലയൻസിനെ ലോകത്തെ ഏറ്റവും വലിയ 20 കമ്പനികളിൽ ഒന്നാക്കാനാണ് ചേട്ടൻ അംബാനി ലക്‌ഷ്യം വയ്ക്കുന്നത്.

ചേട്ടൻ നൽകുന്ന തുകയുടെ നല്ലൊരു ഭാഗം കടബാധ്യതകൾ വീട്ടാനാണ് അനുജൻ ഉപയോഗിക്കുക. മൊത്തം കടബാധ്യത 6000 കോടിയിലേക്ക് ചുരുക്കി കൊണ്ടുവരാനാണ് ഇതിലൂടെ അനിൽ അംബാനി ശ്രമിക്കുന്നത്. 2017 മാർച്ചിലെ കണക്കുകൾ പ്രകാരം ആർ കോമിന്റെ മൊത്തം കടബാധ്യത 44,700 കോടി രൂപയാണ്. അടുത്ത മാർച്ചോടെ കടങ്ങൾ റീസ്ട്രക്ച്ചർ ചെയ്തു പുതിയ തുടക്കത്തിന് ഒരുങ്ങുകയാണ് അനിൽ അംബാനി. വർഷങ്ങൾക്കു മുൻപ് ഭാഗം വച്ച് ചേട്ടനും അനിയനും പിരിയുമ്പോൾ അനിൽ അംബാനിയാണ് ടെലികോം മേഖലയിലേക്ക് കടന്നത്. ഭാഗം വയ്പ്പിലെ ഒരു പ്രധാന തീരുമാനം പത്തു വർഷത്തേക്ക് മുകേഷ് ടെലികോം മേഖലയിൽ നിക്ഷേപം നടത്തില്ല എന്നതായിരുന്നു. ഈ കരാർ പാലിച്ചു, കൃത്യം പത്തു വർഷത്തിന് ശേഷമാണ് മുകേഷ് അംബാനി, റിലയൻസ് ജിയോയുമായി രംഗത്തെത്തുന്നത്. അനുജൻ കടക്കെണിയിലേക്ക് വീണപ്പോൾ ചേട്ടന്റെ കമ്പനി വമ്പൻ ഹിറ്റായി. ഒറ്റ വർഷം കൊണ്ട് പത്തു കോടി കസ്റ്റമേഴ്സിനെ നേടി ലോകത്തെ ഞെട്ടിക്കാൻ ജിയോക്ക് കഴിഞ്ഞു. നിലവിൽ 14 കോടി ഉപയോക്താക്കളാണ് റിലയൻസ് ജിയോക്കുള്ളത്.

2005 ലാണ് ചേട്ടനും അനുജനും പിരിയുന്നത്. അന്ന് എണ്ണ, വാതക ബിസിനസുകൾ മുകേഷ് എടുത്തപ്പോൾ അനിലിന് കിട്ടിയത് ടെലികോം, ഊർജ മേഖലകളാണ്. തിരിഞ്ഞു നോക്കാതെയായിരുന്നു മുകേഷിന്റെ വളർച്ച. ചുരുങ്ങിയ കാലം കൊണ്ട് ലോകത്തെ ആദ്യത്തെ പത്തു മുൻനിര സമ്പന്നരിൽ ഒരാളായി അദ്ദേഹം. നിരവധി വര്ഷങ്ങളായി ഇന്ത്യയിലെ അതിസമ്പന്നരിൽ ഒന്നാമനാണ് മുകേഷ് അംബാനി. ടാറ്റ, ബിർള തുടങ്ങിയ പരമ്പരാഗത വമ്പന്മാരെ പിന്നിലാക്കിയായിരുന്നു ഈ മുന്നേറ്റം എന്നത് ശ്രദ്ധേയമാണ്. പിന്നീട് റീട്ടയിൽ ബിസിനസുൾപ്പടെ നിരവധി മേഖലകളിലേക്ക് കടന്ന അദ്ദേഹത്തിന്റെ വളർച്ച അത്ഭുതാവഹമായിരുന്നു. എന്നാൽ, അനിൽ അംബാനിക്ക് പ്രതീക്ഷിച്ച വളർച്ച കൈവരിക്കാനായില്ല. ടെലികോം രംഗത്തെ കടുത്ത മത്സരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിട്ടും പിടിച്ചു നില്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്ന വിൽപന കരാർ പ്രകാരം ആർ കോമിന്റെ 122 .4 മെഗാ ഹെർട്സ് 4 ജി സ്പെക്ട്രവും രാജ്യമെമ്പാടുമുള്ള 43,000 ടവറുകളും ഇനി ജിയോയോയുടെ സ്വന്തമാകും. ഇതിനു പുറമെ, 178,000 കിലോമീറ്റർ [ആർ കെ എം] വരുന്ന ഒപ്റ്റിക്കൽ ഫൈബർ ശൃഖല, 248 മീഡിയ കോൺവെർജെൻസ് നോഡുകൾ എന്നിവയും മുകേഷ് അംബാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാകും. ചൈന ഡെവലൊപ്മെൻറ് ബാങ്ക് അവരുടെ വായ്പകൾ കുടിശ്ശികയായതിനെതിരെ നാഷണൽ കമ്പനി ലാ ട്രിബുണലിനെ സമീപിച്ചതാണ് അനിലിനെ കുഴപ്പത്തിലേക്കു നയിച്ചത്. പലിശയടക്കം 9600 കോടി രൂപയാണ് ചൈന ബാങ്കിന് കുടിശിക വരുത്തിയിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഐഡിബി ഐ ബാങ്ക് എന്നീ ബാങ്കുകളാണ് അനിൽ അംബാനിക്ക് കൂടുതൽ പണം വായ്പ കൊടുത്തിരിക്കുന്നത്. പുതിയ കരാറിന്റെ പശ്ചാത്തലത്തിൽ ചൈന ബാങ്ക്, ട്രിബ്യുണലിൽ നൽകിയ പരാതി പിൻവലിക്കാനും സാധ്യത ഉണ്ട്. അതുകൊണ്ട് പല കമ്പനികളുടെയും ഓഹരികൾ വിറ്റ് ബാങ്കുകളുടെ ബാധ്യതകൾ തീർക്കാനുള്ള തീവ്ര ശ്രമത്തിലാണ് കമ്പനി. ഇത് ക്ളീൻ സ്ലേറ്റിൽ കാര്യങ്ങൾ തുടങ്ങാൻ സഹായമാകും എന്നാണ് പ്രതീക്ഷ.

ഇതോടെ ടവറുകൾ അടക്കമുള്ള ടെലികോം അടിസ്ഥന സൗകര്യങ്ങളുടെ കാര്യത്തിൽ ജിയോ ഭാരതിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താകും. അടുത്ത ഒരു വർഷത്തിനിടയിൽ 10 കോടി ഉപഭോക്താക്കളെ കൂടി നേടുക എന്ന ജിയോയുടെ ലക്ഷ്യത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ പുതിയ ഇടപാട്. സുനിൽ ഭാരതി മിത്തലിന്റെ ഇൻഫ്രാടെല്ലുമായി ജിയോ നടത്താൻ പോകുന്ന അതിശക്തമായ മത്സരത്തിനായിരിക്കും ഇനി ഇന്ത്യയിലെ ടെലികോം മേഖല സാക്ഷ്യം വഹിക്കുക. ഈ മത്സരത്തെ നേരിടുന്നതിനായി ഇൻഫ്രാടെൽ, വൊഡാഫോൺ, ഐഡിയ എന്നീ കമ്പനികളുടെ ഓഹരികൾ വാങ്ങി നില ഭദ്രമാക്കാനുള്ള തയാറെടുപ്പിലാണ്.

Read more

2018 മാർച്ചിനകം ചേട്ടനും അനുജനും തമ്മിലുള്ള വിൽപന ഇടപാടുകൾ പൂർത്തീകരിക്കാനാണ് കരാർ. . ബാധ്യതകൾ കുറയ്ക്കുന്നതിനായി റിയൽ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപങ്ങളും വിൽക്കാൻ ഒരുങ്ങുകയാണ് അനിൽ അംബാനി. പല കമ്പനികളിലായി ഹോൾഡ് ചെയ്യുന്ന നാമമാത്ര ഓഹരികളും പണമാക്കി മാറ്റാനാണ് നീക്കം. ഏതായാലും വില്പന വാർത്തകൾ വന്നതോടെ റിലയൻസ് കമ്മ്യൂണിക്കേഷന്റെ ഓഹരി വില കുതിച്ചുയർന്നു. അനിൽ അംബാനി ഗ്രൂപ് കടബാധ്യതകൾ കുറക്കുന്നതോടെ 2018 ൽ അവർക്ക് ശക്തമായി മുന്നേറാനുള്ള കളമൊരുങ്ങുമെന്ന പ്രതീക്ഷയാണ് ഇതിനു അടിസ്ഥാനം