"കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾക്ക്" റദ്ദാക്കിയ മിലൻ കുന്ദേരയുടെ ചെക്ക് പൗരത്വം 40 വർഷത്തിനുശേഷം പുനഃസ്ഥാപിച്ചു

നാൽപ്പത് വർഷത്തിലേറെ കാലത്തെ പ്രവാസജീവിതത്തിനുശേഷം, ചെക്ക് വംശജനും “ദി അൻബെറബൾ ലൈറ്റ്നെസ് ഓഫ് ബീയിംഗിന്റെ” രചയിതാവായ മിലൻ കുന്ദേരയ്ക്ക് ജന്മനാടിന്റെ പൗരത്വം തിരികെ ലഭിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച പാരീസിലെ അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റിൽ 90 കാരനായ എഴുത്തുകാരനെ സന്ദർശിച്ച് അദ്ദേഹത്തിന്റെ പൗരത്വ രേഖകൾ കൈമാറി എന്ന് ചെക്ക് റിപ്പബ്ലിക്കിന്റെ ഫ്രാൻസിലെ അംബാസഡർ പീറ്റർ ഡ്രൂലക് പൊതു ടെലിവിഷനോട് പറഞ്ഞതായി “ദി ഗാർഡിയൻ” റിപ്പോർട്ട് ചെയ്തു. “ഇത് വളരെ പ്രധാനപ്പെട്ട ഒരു പ്രതീകാത്മക ആംഗ്യമാണ്, ചെക്ക് റിപ്പബ്ലിക്കിലെ ഏറ്റവും വലിയ ചെക്ക് എഴുത്തുകാരന്റെ പ്രതീകാത്മക തിരിച്ചുവരവ്,” ഡ്രൂലക് പറഞ്ഞു. പൗരത്വം തിരിച്ചു നൽകൽ “വളരെ ലളിതമായ നിമിഷമായിരുന്നെന്നും, എന്നാൽ വളരെ സൗഹാർദപരവും ഊഷ്മളവുമായിരുനെന്നും” അദ്ദേഹം പറഞ്ഞു. “അദ്ദേഹം നല്ല മാനസികാവസ്ഥയിലായിരുന്നു, രേഖകൾ കൈപറ്റിയതിന് ശേഷം നന്ദി പറഞ്ഞു,” ഡ്രൂലക് കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര പ്രശസ്തി നേടിയ കല്‍പിതകഥകളുടെ രചയിതാവായ കുന്ദേരയെ 1950 ൽ ചെക്കോസ്ലോവാക്യൻ പാർട്ടിയിൽ നിന്ന് “കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾക്ക്” പുറത്താക്കി. അധികാരികൾക്ക് അപ്രിയ വ്യക്തിയായി മാറിയ അദ്ദേഹം ഒടുവിൽ 1975 ൽ ഫ്രാൻസിലേക്ക് പലായനം ചെയ്തു. 1979 ൽ അദ്ദേഹത്തിന്റെ ചെക്ക് പൗരത്വം റദ്ദാക്കുകയും രണ്ട് വർഷത്തിന് ശേഷം അദ്ദേഹം ഒരു ഫ്രഞ്ച് പൗരനായിത്തീരുകയും ചെയ്തു.

അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതികളായ “ദി അൻബെറബൾ ലൈറ്റ്നെസ് ഓഫ് ബീയിംഗ്”, “ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫോർഗെറ്റിങ്” എന്നിവ ഫ്രാൻസിൽ വച്ചാണ് എഴുതിയത് 80 കളുടെ അവസാനം വരെ ഇവ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ നിരോധിക്കപ്പെട്ടിരുന്നു.

1988-ൽ അദ്ദേഹത്തിന്റെ “ഇമ്മോർട്ടാലിറ്റി” എന്ന നോവൽ അദ്ദേഹം ചെക്കിൽ എഴുതിയ അവസാന നോവലായിരുന്നു; അതിനുശേഷം അദ്ദേഹം ഫ്രഞ്ച് ഭാഷയിൽ നാല് നോവലുകൾ കൂടി എഴുതിയിട്ടുണ്ട്, 2014 ലെ “ഫെസ്റ്റിവൽ ഓഫ് ഇൻസിഗ്നിഫിക്കൻസ്” ആണ് ഒടുവിലത്തേത്.

കുന്ദേരയുടെ പൗരത്വം പുനഃസ്ഥാപിക്കുക എന്ന ആശയം വർഷങ്ങളായി ചെക്ക് റിപ്പബ്ലിക്കിലെ അധികാരികൾ മുന്നോട്ട് വച്ചിട്ടുണ്ട്.

പാരീസിൽ കുന്ദേരയുടെയും ഭാര്യ വെറയുടെയും പ്രിയപ്പെട്ട റെസ്റ്റോറന്റിൽ വച്ച് നടത്തിയ മൂന്ന് മണിക്കൂർ കൂടിക്കാഴ്ചയ്ക്ക് ശേഷം അവരുടെ പൗരത്വം പുനഃസ്ഥാപിക്കാമെന്ന വാഗ്ദാനം താൻ നൽകിയിരുന്നതായി ചെക്ക് റിപ്പബ്ലിക്ക് പ്രധാനമന്ത്രി ആൻഡ്രെജ് ബാബിക് 2018 നവംബറിൽ പ്രഖ്യാപിച്ചു.

“ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ അംഗീകാരമായിരുന്നു,” ബാബിക്ക് അക്കാലത്ത് എഴുതി, സാഹിത്യത്തിലെ നോബൽ സമ്മാനത്തിനുള്ള മത്സരാർത്ഥിയായി പലപ്പോഴും പരാമർശിക്കപ്പെടുന്ന കുന്ദേരയെ ചെക്ക്, ഫ്രഞ്ച്, ലോക സാഹിത്യങ്ങളുടെ ഇതിഹാസമായി വിശേഷിപ്പിക്കുന്നു. ചെക്ക് റിപ്പബ്ലിക് സന്ദർശിക്കാൻ താൻ കുന്ദേരയെയും ഭാര്യായെയും ക്ഷണിച്ചുവെന്ന് അദ്ദേഹം പറഞ്ഞു, എന്നാൽ നോവലിസ്റ്റിന്റെ പ്രതികരണം അനുകൂലമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കുന്ദേര ഇപ്പോൾ വെള്ളിവെളിച്ചത്തിൽ നിന്നും അകന്നുള്ള ജീവിതമാണ് നയിക്കുന്നത്, മാധ്യമപ്രവർത്തകരോട് സംസാരിക്കാറില്ല. പലായനത്തിന് ശേഷം ആദ്യമായി 1996 ൽ ജന്മനാട് സന്ദർശിച്ച കുന്ദേര നിരവധി തവണ ജന്മനാട്ടിൽ തിരിച്ചെത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്, പക്ഷേ ആൾമാറാട്ടത്തിലൂടെയായിരുന്നു ഈ യാത്രകൾ.

വീട് എന്ന ആശയം തനിക്ക് വളരെ അവ്യക്തമാണ് എന്ന് 1984 ൽ ന്യൂയോർക്ക് ടൈംസിന് നൽകിയ ഒരു അഭിമുഖത്തിൽ കുന്ദേര പറഞ്ഞു. “വീടിനെക്കുറിച്ചുള്ള നമ്മുടെ ധാരണ അവസാനം ഒരു മിഥ്യാധാരണ അല്ലെങ്കിൽ കെട്ടുകഥ തന്നെയല്ലേ എന്ന് ഞാൻ അത്ഭുതപ്പെടുന്നു. നമ്മൾ ആ കെട്ടുകഥയുടെ ഇരകളല്ലേ എന്ന് ഞാൻ ചിന്തിക്കുന്നു. വേരുകളുണ്ടെന്ന നമ്മുടെ ആശയം – d’être enraciné – നമ്മൾ പറ്റിനിൽക്കുന്ന ഒരു കെട്ടുകഥയാണോ എന്ന് ഞാൻ ആശ്ചര്യപ്പെടുന്നു,” ഫ്രാൻസിലെ ഒരു കുടിയേറ്റക്കാരനെപ്പോലെയും പുസ്തകമെഴുതുന്ന ഒരു സാധാരണക്കാരനെപ്പോലെയും ഉള്ള ജീവിതങ്ങൾക്ക് ഇടയിൽ ഉള്ളതായിരുന്നു തന്റെ തിരഞ്ഞെടുപ്പ് എന്ന് അദ്ദേഹം പറഞ്ഞു.

2008 ൽ കുന്ദേരയ്ക്ക് സാഹിത്യത്തിനുള്ള ചെക്ക് ദേശീയ സമ്മാനം ലഭിച്ചെങ്കിലും അത് സ്വീകരിക്കാൻ അദ്ദേഹം പോയില്ല. 2009 ൽ, 1929 ൽ അദ്ദേഹം ജനിച്ച നഗരമായ ബ്രനോയുടെ ഓണററി പൗരത്വം ലഭിച്ചു, പക്ഷേ രചയിതാവ് ഫ്രാൻസിൽ തുടർന്നു.

Read more

അതേ വർഷം, തന്റെ സാഹിത്യ രചനകൾക്കായി സമർപ്പിച്ച ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ അദ്ദേഹം വിസമ്മതിച്ചു, ഈ ചടങ്ങിനെ ഒരു “നെക്രോഫൈൽ (ശവരതി) പാർട്ടി” എന്ന് തമാശയായി വിശേഷിപ്പിച്ച്‌ അദ്ദേഹം സംഘാടകർക്ക് ഒരു കത്തും അയച്ചിരുന്നു. ചടങ്ങിന്റെ ഉദ്ഘാടന വേളയിൽ വായിച്ച കത്തിൽ, കുന്ദേര ഒരു ഫ്രഞ്ച് എഴുത്തുകാരനാണെന്ന് സ്വയം വിശേഷിപ്പിക്കുകയും തന്റെ പുസ്തകങ്ങളെ ഫ്രഞ്ച് സാഹിത്യമായി കണക്കാക്കണമെന്നും പുസ്‌തകശാലകളിൽ അവ അങ്ങനെ തരംതിരിക്കണമെന്നും നിർബന്ധിച്ചു.