‘അവള്‍ക്ക് നല്ല അഹങ്കാരമാണ്, അവളെ വേണ്ടെന്ന് വെച്ച് നീ വേറെ കെട്ട്’

ആതിര അഗസ്റ്റിന്‍

”ഇവളൊന്നും അമ്മയല്ല, ഞങ്ങളും പെറ്റതല്ലേ, അതും ഒന്നും രണ്ടുമല്ല പന്ത്രണ്ട് പെറ്റതാ. മണ്ണില്‍ എല്ലുമുറിയെ പണിതാണ് എല്ലാറ്റിന്റെയും തടി വലുതാക്കിയത്.” ഇന്നത്തെ വാര്‍ത്തകള്‍ ഓരോന്നും കേള്‍ക്കുമ്പോള്‍ എല്ലാ വീട്ടിലും പ്രായമായ ആളുകള്‍ പറയുന്ന വാക്കുകളാണിത്. കുഞ്ഞുങ്ങളെ കൊന്ന് ആത്മഹത്യ ചെയ്ത അമ്മമാര്‍, കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നതിന് രണ്ടാനച്ഛനോ അതുപോലെയുള്ളവര്‍ക്കോ മൗനാനുവാദം നല്‍കി മിണ്ടാതിരിക്കുന്ന അമ്മമാര്‍, സ്വന്തം കുട്ടി ക്രൂരമായ ലൈംഗിക ചൂഷണത്തിന് വിധേയരാകുമ്പോള്‍ ഒരക്ഷരം പോലും പുറത്തേക്ക് പറയാന്‍ പോലും പറ്റാതെ നിര്‍വികാരയായി നില്‍ക്കുന്ന അമ്മമാര്‍ ഇങ്ങിനെ പോകുന്നു അവരുടെ പട്ടിക.

ഇത്തരം അവസ്ഥകളിലൊക്കെ നമ്മള്‍ പൊതുവെ ചെയ്യാറുള്ളതെന്താണ്? നമ്മുടെ വാട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് സ്റ്റാറ്റസുകള്‍ മാറ്റും. അതിലുമപ്പുറം പ്രൊഫൈല്‍ മാറ്റും. അത് പലപ്പോഴും ഇരയാക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ ഫോട്ടോയിടും. അതല്ലെങ്കില്‍ കുഞ്ഞുങ്ങളുടെ മരണത്തില്‍ ആ അമ്മയെ കുറ്റപ്പെടുത്തി പോസ്റ്റുകള്‍ ഇടും. അതിലുമപ്പുറം എന്തെങ്കിലും അവര്‍ക്ക് വേണ്ടി നമ്മളുള്‍പ്പെടുന്ന സമൂഹം ചെയ്യാറുണ്ടോ.

നമ്മള്‍ സാധാരണ ഒരു കുഞ്ഞു വിഷമം വന്നാല്‍ ആദ്യം എന്താ ചെയ്യുക. കരയും. എല്ലാ മനുഷ്യനിലും ഉള്ള സ്വാഭാവിക അവസ്ഥ. ഊതി വീര്‍പ്പിച്ച ബലൂണിലെ കാറ്റ് പുറത്ത് പോയ പോലെയുള്ള ആശ്വാസമല്ലേ നിങ്ങള്‍ക്ക് തോന്നുക. ഒന്ന് പൊട്ടിക്കരയാന്‍ പോയിട്ട് കണ്ണ് നിറയാന്‍ പോലും കഴിയാത്തത്ര അവസ്ഥയുണ്ടാകാറില്ലേ. ആരെങ്കിലും ഒന്ന് വിഷമങ്ങള്‍ കേട്ടിരുന്നെങ്കില്‍ എന്ന് ചിലപ്പോഴെങ്കിലും ചിന്തിക്കാറില്ലേ നിങ്ങള്‍. പക്ഷേ, പലപ്പോഴും നമ്മള്‍ ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെ സ്ഥിരം പ്രശ്‌നക്കാരായി കണ്ട് അവരില്‍ നിന്ന് അകലം പാലിക്കാറാണ് പതിവ്. എന്നാല്‍ അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഒന്നു കാതോര്‍ത്തു നോക്കൂ, അവരിലെ മാനസികാരോഗ്യം കരുത്തുള്ളതാകാന്‍ ഒന്നു കൈനീട്ടി നോക്കൂ അത്ഭുതകരമായി ആ വ്യക്തി മാറുന്നത് നമുക്ക് കാണാന്‍ കഴിയും.

എന്താണ് പ്രശ്‌നം എന്ന് നിങ്ങളുടെ സുഹൃത്തിനോട് ചോദിച്ചേ, ഉടന്‍ വരും മറുപടി ഡിപ്രഷന്‍ എന്ന്. യഥാര്‍ത്ഥത്തില്‍ ആ അവസ്ഥയെ കുറിച്ചറിഞ്ഞട്ടല്ല ആ വാക്ക് പലപ്പോഴും അവരില്‍ നിന്നും പുറത്തേക്ക് വരുന്നത്. ചെറിയ സങ്കടങ്ങള്‍ക്ക് പോലും ആ വാക്കിങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും. എന്നാല്‍ ഡിപ്രഷന്‍ എന്ന വാക്ക് ഒരു വലിയ അവസ്ഥയാണ്. പല തരത്തിലുള്ള ഡിപ്രഷനുകള്‍ ഉണ്ട്. ഇത്തരം അമ്മമാര്‍ക്ക് പലപ്പോഴും ഉണ്ടാകാറുള്ള അവസ്ഥയാണ് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍, പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ്, പോസ്റ്റ് പാര്‍ട്ടം ബ്ലൂസ് എന്നിവ.

അവള്‍ക്ക് നല്ല അഹങ്കാരമാണ്, അവളെ വേണ്ടെന്ന് വെച്ച് നീ വേറെ കെട്ട്, കുട്ടിയുണ്ടായതൊന്നും കാര്യമാക്കണ്ട

പിന്‍തലമുറയില്ലെന്ന് കരഞ്ഞ് കൊണ്ടിരുന്ന കുടുംബത്തിലേക്കാണ് മകന്റെ ഭാര്യക്ക് വിശേഷം ഉണ്ടെന്ന സന്തോഷം എത്തിയത്. പിന്നീട് ആഘോഷത്തിന്റെ ദിനങ്ങളായിരുന്നു. പക്ഷേ, കുഞ്ഞുണ്ടായിക്കഴിഞ്ഞപ്പോള്‍ ആ സന്തോഷം വഴി മാറിയത് മറ്റൊരു ദിശയിലേക്കായിരുന്നു. കുട്ടിയെ ഒന്നെടുക്കാനോ കുട്ടിയുടെ കാര്യങ്ങള്‍ക്ക് സമയം ചെലവഴിക്കാനോ കുഞ്ഞിന്റെ അമ്മയെ സമ്മതിക്കില്ല അമ്മായിയമ്മ. കുട്ടിക്ക് ഇടാനുള്ള ഉടുപ്പ് മുതല്‍ കണ്ണെഴുതി പൊട്ട് തൊട്ട് ഉറക്കുന്നത് വരെ അവരായി. പെട്ടെന്ന് അവള്‍ക്കെന്ത് സുഖമാണെന്ന് പുറത്തുള്ളവര്‍ ചിന്തിക്കും. പക്ഷേ, അവളും ഒരമ്മയാണെന്ന് ഓര്‍മ്മിക്കണം.

സ്വന്തം കുഞ്ഞില്‍ യാതൊരു അധികാരമോ എന്തിന് അവളെ ഒന്ന് ചേര്‍ത്ത് പിടിക്കാനോ കഴിയാതെ വിങ്ങുന്ന അമ്മമനസ്സ് ആരും കണ്ടില്ല. നാല് മാസം കഴിഞ്ഞാല്‍ ജോലിക്ക് പോകേണ്ടതു കൊണ്ട് കുട്ടിയെ അധികം ലാളിക്കേണ്ടെന്നായിരുന്നു അവര്‍ പറഞ്ഞത്. ജോലിക്ക് പോയി തുടങ്ങിയപ്പോള്‍ അവളുടെ ആരോഗ്യ പ്രശ്‌നവും എട്ട് മണിക്കൂര്‍ രാത്രി ഷിഫ്റ്റും ഹോര്‍മോണ്‍ വ്യതിയാനവും ഒക്കെ അവളെ തളര്‍ത്തി കൊണ്ടേയിരുന്നു. ഓഫീസിലെ ജോലിഭാരവും കൂടിയായപ്പോള്‍ നന്നായി സംസാരിച്ചിരുന്ന അവള്‍ സംസാരിക്കാതെയായി. പുറത്ത് വരുന്ന വാക്കുകള്‍ ദേഷ്യത്തിന്റേതായി മാറി.

വീട്ടിലെത്തിയാല്‍ സ്വന്തം കുഞ്ഞിനെ മാറോട് ചേര്‍ക്കുമ്പോള്‍ ഏതൊരമ്മയും എല്ലാ വേദനകളും മറക്കും. അതും നിഷേധിക്കപ്പെട്ട അവസ്ഥയില്‍ അവളിലെ മാതൃത്വം മുറിവേറ്റു. ഇതിനിടിയില്‍ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന അറിഞ്ഞ അവള്‍ നിസ്സഹായയായി നില്‍ക്കുമ്പോള്‍, നിന്റെ സ്വഭാവമാണ് താന്‍ മറ്റൊരു സ്ത്രീയിലേക്ക് തിരിയാനെന്നുള്ള അയാളുടെ ന്യായീകരണം കൂടിയായപ്പോള്‍ അടക്കിവെച്ചിരുന്ന എല്ലാ വിഷമങ്ങളും എത്തി നിന്നത് പൊട്ടിത്തെറിയിലാണ്.

അതിനെ ഭ്രാന്താണെന്ന് കാണിച്ച് വിവാഹമോചന ഹര്‍ജി കൂടിയെത്തിയപ്പോള്‍ കഥ പൂര്‍ണമായി. ഭ്രാന്താണെന്ന് വരുത്തിത്തീര്‍ക്കാന്‍ പല സൈക്കാട്രിസ്റ്റുകളുടെയും അടുത്ത് കൊണ്ടു പോയി. എല്ലാ പിടിവള്ളിയും പോയ അവള്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങളില്ലെന്നും ശരിയാകും എന്ന സൈക്കാട്രിസ്റ്റുകളുടെ വാക്കുകള്‍ അയാള്‍ക്ക് ശരിയായി മനസ്സിലായില്ല. മനസ്സിലാക്കി കൊടുക്കുന്നതില്‍ ഡോക്ടറും പരാജയപ്പെട്ടിട്ടുണ്ടാകണം. ഡോക്ടര്‍മാരെ കാണിച്ച രേഖകള്‍ വിവാഹമോചനത്തിന് അയാള്‍ക്ക് തുറുപ്പു ചീട്ടായി. ഭ്രാന്തിയായ ഭാര്യയെ പേടിയാണെന്ന ന്യായീകരണം കോടതിയില്‍ അയാള്‍ ആവര്‍ത്തിച്ചു. എവിടെയാണ് തിരുത്തലുകള്‍ ആവശ്യമെന്ന് അറിയാത്ത ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതം പൊലിഞ്ഞു. ഇങ്ങിനെ കുറേയേറെ ഉദാഹരണങ്ങള്‍. എന്റെ മകന് വേറെയും പെണ്ണ് കിട്ടും എന്ന് പറയുന്ന അമ്മമാര്‍ ഇന്നും കുറവല്ല.

കുട്ടിയുണ്ടാകുന്നതുവരെ വലിയ കുഴപ്പങ്ങളൊന്നും ഉണ്ടാകില്ല. എന്നാല്‍ പ്രസവശേഷം ചില സ്ത്രീകളില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങും. കുട്ടിയുണ്ടാകുന്നതോടെ അവരുടെ ജീവിതം പൂര്‍ണമായും മാറും. അതിനെ പെട്ടെന്ന് അംഗീകരിക്കാന്‍ പലര്‍ക്കും കഴിഞ്ഞെന്ന് വരില്ല. രാത്രിയിലുള്ള ഉറക്കം നഷ്ടപ്പെടല്‍, കുട്ടിക്ക് കൊടുക്കാനുളള മുലപ്പാല്‍ കുറയുക, കുട്ടിയുടെ കരച്ചില്‍, രാത്രി ഏറെ വൈകിയും കരയുന്ന കുട്ടിയെ കൈയിലെടുത്ത് വെച്ച് ഇരുന്നു ഉറങ്ങുക…ഇതൊക്കെ പലര്‍ക്കും താങ്ങാവുന്നതിനും അപ്പുറത്താണ്. ഇതൊക്കെ പണ്ടുള്ളവരും ചെയ്തിട്ടുണ്ടില്ലേ എന്നാവും നമ്മള്‍ ചോദിക്കുക. എന്നാല്‍ ഈസ്ട്രജന്റെയും പ്രൊജസ്‌ട്രോണിന്റെയും കുറവുണ്ടാകുന്നതും ചുറ്റുപാടുകളുമൊക്കെ വിഷാദത്തിലേക്ക് നയിക്കാം.

കാരണങ്ങള്‍?

ഹോര്‍മോണ്‍ വ്യതിയാനവും ആരോഗ്യപ്രശ്‌നങ്ങളും ദാമ്പത്യ ബന്ധങ്ങളിലെ അസ്വാരസ്യവും ഒക്കെ കാരണമാണ്. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഇതിനോടൊപ്പം ചേര്‍ത്തു പറയേണ്ടതാണ്. ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദ്ദം, പ്രിയപ്പെട്ടവരുടെ വേര്‍പിരിയല്‍, കുടുംബത്തിലെ മറ്റ് സമ്മര്‍ദ്ദങ്ങള്‍, കുഞ്ഞിനുണ്ടാകുന്ന രോഗങ്ങള്‍, നേരത്തെയുള്ള പ്രസവം, പാരമ്പര്യമായി വിഷാദരോഗം ഉണ്ടായിരിക്കുക തുടങ്ങി നിരവധി കാരണങ്ങളാണ് ഇത്തരം അവസ്ഥയിലേക്ക് എത്തിക്കുന്നത്.

തിരുത്തല്‍ വേണ്ടതെവിടെ?

ഇത്തരം മാനസികാവസ്ഥയിലേക്ക് പോകുന്നവര്‍ക്ക് എ്‌പ്പോഴും വേണ്ടത് മാനസികമായ പിന്തുണയാണ്. മരുന്നുകള്‍ വേണ്ടതാണ് അവസ്ഥയെങ്കില്‍ അതിന് ഒപ്പം നില്‍ക്കുകയും അതിനനുസരിച്ച് ചുറ്റുപാടുകള്‍ ക്രമീകരിക്കുകയും വേണം. കുടുംബത്തിലുള്ളവര്‍ക്ക് നല്ല കൗണ്‍സിലിംഗ് ആവശ്യമാണ്. നിങ്ങളെത്തിപ്പെടുന്ന സൈക്കാട്രിസ്റ്റ്, സൈക്കോളജിസ്റ്റ് ഡോക്ടര്‍മാര്‍ ശരിയാണെന്ന് ഉറപ്പു വരുത്തുക കൂടി ചെയ്യുക. അത് പലപ്പോഴും ഇത്തരം മാനസികാവസ്ഥയിലൂടെ പോകുന്നവര്‍ക്ക് സാധ്യമായെന്ന് വരില്ല. കൂടെ നില്‍ക്കുന്നവര്‍ക്കാണ് ഇതൊക്കെ ചെയ്യാന്‍ കഴിയുക. എല്ലാ ഡിപ്രഷനുകളും ക്രൂരമായ അവസ്ഥയിലേക്ക് അവരെ എത്തിക്കില്ല. കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നവരും ഉണ്ട്. എങ്കിലും അതിദയനീയ അവസ്ഥയിലേക്കെത്തുന്നത് കുട്ടികളെ മര്‍ദ്ദിക്കുകയോ കൊല്ലുകയോ ഒക്കെ ചെയ്യുമ്പോഴാണ്. അപ്പോള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ മാനസികാവസ്ഥ ചര്‍ച്ച ചെയ്യപ്പെടുന്നത് തന്നെ. ഈ അവസ്ഥയുടെ ലക്ഷണങ്ങള്‍ പലപ്പോഴും ക്രൂരമായിരിക്കണമെന്നില്ല. എങ്കിലും ഭൂരിഭാഗം സ്ത്രീകളും ഇപ്പോള്‍ ഈ അവസ്ഥകളിലൂടെ കടന്നു പോകാറുണ്ടെന്നുള്ളതാണ് വാസ്തവം. ആത്മഹത്യാ പ്രവണതയും ഒക്കെ ഇതിന്റെ ഭാഗമാണ്. ശരിയായ രീതിയില്‍ ചികിത്സയോടൊപ്പം വേണ്ടത് കുടുംബത്തിന്റെയും ജീവിത പങ്കാളിയുടേയും പിന്തുണ കൂടിയാണ്. ഒറ്റപ്പെടുത്തി സഹതാപം കാണിക്കുകയല്ല വേണ്ടത്. ഒപ്പം നില്‍ക്കാനുള്ള മനസ്സാണ് വേണ്ടത്.