ഇത് അതിജീവനത്തിനുള്ള പോരാട്ടം; ദേശീയ പണിമുടക്ക് മോദി സര്‍ക്കാരിനുള്ള താക്കീതാവും

Advertisement

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം ശക്തമാകുന്ന വേളയില്‍ ജനുവരി എട്ടിന് തൊഴിലാളികള്‍ നടത്തുന്ന ദേശീയ പണിമുക്ക് മോദി സര്‍ക്കാരിനുള്ള താക്കീതാവും. ജനുവരി ഏഴിന് അര്‍ദ്ധരാത്രി 12 മുതല്‍ എട്ടിന് അര്‍ദ്ധരാത്രി 12 വരെയാണ് ദേശീയ പണിമുടക്ക്. ദേശീയ ട്രേഡ് യൂണിയനുകളും കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍ ജീവനക്കാരുടെയും സംഘടനകളും ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 21,000 രൂപയായി നിശ്ചയിക്കുക, എല്ലാ തൊഴിലാളികള്‍ക്കും പ്രതിമാസം 10,000 രൂപ വീതം പെന്‍ഷന്‍ നല്‍കുക, തൊഴില്‍ നിയമങ്ങള്‍ തൊഴിലുടമകള്‍ക്ക് അനുകൂലമായി ഭേദഗതി ചെയ്യരുത്, പൊതുമേഖലാ സ്വകാര്യവത്കരണം നിര്‍ത്തിവെയ്ക്കുക, തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുക, കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുക, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

ബി.ജെ.പി അനുകൂല തൊഴിലാളി സംഘടനയായ ബി.എം.എസ് മാത്രമാണ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

തൊഴിലാളികള്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യങ്ങള്‍

1) പൊതുവിതരണ സമ്പ്രദായത്തിന്റെ സാര്‍വത്രികവത്കരണത്തിലൂടെയും ചരക്ക് വിപണിയില്‍ ഊഹക്കച്ചവട വ്യാപാരം നിരോധിക്കുന്നതിലൂടെയും വിലക്കയറ്റം തടയുന്നതിനുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളണം.

2) തൊഴിലില്ലായ്മ നിരക്ക് ദ്രുതഗതിയില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണം.

3) യാതൊരു വിധത്തിലുള്ള ഉപാധികളുമില്ലാതെ എല്ലാ അടിസ്ഥാന തൊഴില്‍ നിയമങ്ങളും കര്‍ശനമായി നടപ്പിലാക്കുക, അതോടൊപ്പം തന്നെ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടികളുണ്ടാവണം.

4) എല്ലാ തൊഴിലാളികള്‍ക്കും സാമൂഹിക സുരക്ഷാ പരിരക്ഷ ഉറപ്പു വരുത്തണം.

5) എല്ലാ തൊഴിലാളികള്‍ക്കും പ്രതിമാസം 21,000 രൂപയില്‍ കുറയാത്ത മിനിമം വേതനം നല്‍കണം.

6) പതിനായിരം രൂപയില്‍ കുറയാത്ത പെന്‍ഷന്‍ തുക എല്ലാ തൊഴിലാളികള്‍ക്കും നല്‍കുക.

7) കേന്ദ്ര/സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കല്‍ നിര്‍ത്തലാക്കുക.

8.) സ്ഥിരം തൊഴിലുകളില്‍ നിയമനം നടത്താതെ കരാറടിസ്ഥാനത്തില്‍ ഉള്ളതാക്കുന്നത് നിര്‍ത്തലാക്കണം, സമാന തൊഴിലെടുക്കുന്ന സ്ഥിരം തൊഴിലാളികള്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും ഒരേ വേതനവും ആനുകൂല്യങ്ങളും ലഭ്യമാക്കണം.

9) ബോണസ്, പ്രൊവിഡന്റ് ഫണ്ട് എന്നിവയുടെ കണക്കും യോഗ്യതയും നിര്‍ണയിക്കുന്നതിനായി മുന്നോട്ടു വെയ്ക്കുന്ന ഉപാധികള്‍ നീക്കം ചെയ്യണം, ഇതോടൊപ്പം ഗ്രാറ്റുവിറ്റി തുക വര്‍ദ്ധിപ്പിക്കുക.

10) അപേക്ഷ സമര്‍പ്പിച്ച തിയതി മുതല്‍ 45 ദിവസത്തിനുള്ളില്‍ ട്രേഡ് യൂണിയനുകളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കുക ; ഐഎല്‍ഒ കണ്‍വെന്‍ഷനുകള്‍ സി 87, സി 98 എന്നിവ പ്രകാരമുള്ള ഉടമ്പടികള്‍ ഉടനടി അംഗീകരിക്കുക.

11) തൊഴിലാളി വിരുദ്ധ തൊഴില്‍ നിയമ ഭേദഗതികളും തൊഴില്‍ കോഡ് നിര്‍മ്മാണവും അവസാനിപ്പിക്കുക.

12) റെയില്‍വേ, ഇന്‍ഷുറന്‍സ്, പ്രതിരോധ മേഖലകളിലെ സ്വകാര്യവത്കരണവും നേരിട്ടുള്ള വിദേശനിക്ഷേപവും അനുവദിക്കാതിരിക്കുക.

13) പൗരത്വഭേദഗതി നിയമം പിന്‍വലിക്കുക, അതോടൊപ്പം ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്റ്ററും നടപ്പിലാക്കുന്നതില്‍ നിന്ന് പിന്മാറുക

തൊഴിലില്ലാ പടയായി യുവതീയുവാക്കള്‍; ലക്ഷങ്ങള്‍ തെരുവിലിറങ്ങും

മോദി ഭരണത്തില്‍ രാജ്യത്തെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ തൊഴിലില്ലാപടയായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 7.3 കോടിയിലധികം ആളുകള്‍ക്ക് തൊഴിലില്ല. ഇതില്‍ ഭൂരിപക്ഷവും യുവാക്കളാണ്. പ്രതിവര്‍ഷം രണ്ടു കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത നരേന്ദ്രമോദി പ്രധാനമന്ത്രിയായി തുടരുമ്പോള്‍ തന്നെയാണ് ജനങ്ങള്‍ തൊഴിലിനായി അലയുന്നത്.

സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി പ്രതിമാസ കണക്കനുസരിച്ച് 2019 ഡിസംബറില്‍ തൊഴിലില്ലായ്മ നിരക്ക് 7.7 ശതമാനമായി ഉയര്‍ന്നു. സെപ്തംബര്‍ മാസത്തില്‍ ഇത് ഏഴ് ശതമാനമായിരുന്നു.

തൊഴിലവസരങ്ങളുടെ ആവശ്യം തൊഴിലാളികളുടെയും ജീവനക്കാരുടെയും പ്രധാന ആവശ്യമായി തീര്‍ന്ന സാഹചര്യത്തില്‍ രാജ്യത്തുടനീളം ലക്ഷങ്ങള്‍ പണിമുടക്കിന്റെ ഭാഗമാവും.

തൊഴിലാളിവിരുദ്ധ നയങ്ങള്‍ മുഖമദ്രയാക്കി മോദി സര്‍ക്കാര്‍

രണ്ടാം മോ ദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്ക് വേഗം കൂട്ടി. തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത് നാല് കോഡുകള്‍ ആക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മിനിമം വേതന നിയമം, ശമ്പളം കൊടുക്കുന്നത് സംബന്ധിച്ച നിയമം, ബോണസ് നിയമം, തുല്യജോലിക്ക് തുല്യവേതന നിയമം എന്നിവ പിന്‍വലിച്ച് ‘കോഡ് ഓണ്‍ വേജ്’ എന്ന നിയമം പാര്‍ലമെന്റ് പാസാക്കി.

ഈ നിയമം വാഗ്ദാനം ചെയ്യുന്ന മിനിമം വേതനം പ്രതിദിനം 178 രൂപയാണ്. ഒരു ദിവസത്തെ ജോലിസമയം ഒമ്പതു മണിക്കൂറാക്കി. ഒരു ദിവസം പണിമുടക്കിയാല്‍ എട്ടു ദിവസത്തെ വേതനം പിടിച്ചുവെയ്ക്കാന്‍ തൊഴിലുടമകള്‍ക്ക് അവകാശം നല്‍കി.

മറ്റു മൂന്ന് കോഡുകള്‍ ലേബര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്കു വിട്ടിരിക്കുകയാണ്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ മൂന്ന് കോഡും പാസാക്കാനാണ് നീക്കം. ട്രേഡ് യൂണിയന്‍ നിയമം, വ്യവസായ തര്‍ക്കനിയമം, ഇഎസ്‌ഐ നിയമം, പിഎഫ് നിയമം തുടങ്ങിയ സുപ്രധാന നിയമങ്ങള്‍ നിരാകരിക്കപ്പെടും.

ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് കടുത്ത ആഘാതം ഏല്‍പ്പിക്കുന്നതാണ് പുതിയ കോഡുകള്‍. പത്രപ്രവര്‍ത്തകരുടെ അവകാശം സംരക്ഷിക്കുന്ന നിയമവും റദ്ദാക്കപ്പെടും. ലാഭകരമായി പ്രവര്‍ത്തിക്കുന്ന തന്ത്രപ്രധാന പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുകയാണ്.

തകര്‍ന്നടിഞ്ഞ് കാര്‍ഷിക മേഖല

കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാത്തതിനാല്‍ കടക്കെണിയില്‍ കുടുങ്ങിയ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് രാജ്യത്താകെ ഉയര്‍ന്നുവന്ന കര്‍ഷകസമരങ്ങളെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നു. കാര്‍ഷികമേഖലയുടെ തകര്‍ച്ച ലക്ഷക്കണക്കിന് കര്‍ഷകത്തൊഴിലാളികളുടെ ജീവിതം തകര്‍ത്തു.

വിലക്കയറ്റം രൂക്ഷമാണ്. പെട്രോള്‍, ഡീസല്‍, പാചകവാതകം തുടങ്ങിയവയുടെ വില കുതിച്ചുയരുകയാണ്. മോട്ടോര്‍ തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലാണ്. ഉള്ളി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ജനങ്ങളെ ദുരിതത്തിലാക്കി. പൊതുവിതരണം ശക്തിപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കുന്നില്ല.

2016-ലെ നോട്ടുനിരോധനം ഒരു കോടി തൊഴില്‍ നഷ്ടപ്പെടുത്തി. ജിഎസ്ടി ചെറുകിട വ്യവസായമേഖലയ്ക്ക് ഏല്‍പ്പിച്ച ആഘാതം വലിയ തൊഴില്‍ നഷ്ടമുണ്ടാക്കി. തൊഴിലുറപ്പുപദ്ധതി നിയമപ്രകാരമുള്ള തൊഴിലും കൂലിയും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂട്ടാക്കുന്നില്ല.

കൂപ്പുകുത്തിയ സാമ്പത്തിക മേഖല

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ നയിച്ചത്. വ്യവസായമേഖലയിലെ വളര്‍ച്ച മുരടിച്ചു. ഓട്ടോമൊബൈല്‍ വ്യവസായത്തെയാണ് പ്രതിസന്ധി കൂടുതല്‍ ബാധിച്ചത്. വാഹന ഉത്പ്പാദനവും വില്‍പ്പനയും കുറഞ്ഞു. ഏകദേശം 10 ലക്ഷം തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി. റിയല്‍ എസ്റ്റേറ്റ് മേഖലയും പ്രതിസന്ധിയിലാണ്. ജനങ്ങളുടെ വാങ്ങല്‍കഴിവ് ഇടിഞ്ഞതാണ് ഈ പ്രതിസന്ധിക്കു കാരണം.
തൊഴില്‍ നഷ്ടപ്പെടുന്നതും കൂലി കുറയുന്നതും കാര്‍ഷികത്തകര്‍ച്ചയുമാണ് ജനങ്ങളുടെ വാങ്ങല്‍കഴിവ് ഇടിയാന്‍ കാരണം. അതിനു പരിഹാരം കാണുന്നതിനു പകരം കോര്‍പറേറ്റ് നികുതി ഇളവ് ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. 2019-20- ലെ ബജറ്റില്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ച നികുതിവരുമാനത്തില്‍ 1.45 ലക്ഷം കോടി രൂപയാണ് കുത്തകകള്‍ക്ക് വിട്ടുകൊടുത്തത്. ഏതു സാഹചര്യത്തിലും കോര്‍പറേറ്റുകള്‍ക്ക് സമ്പത്ത് വാരിക്കൂട്ടാന്‍ അവസരമൊരുക്കുകയാണ് ബിജെപി സര്‍ക്കാര്‍.

കേളത്തില്‍ ‘ഹര്‍ത്താല്‍’; മുഴുവന്‍ തൊഴില്‍ മേഖലകള്‍ സ്തംഭിക്കും

കേന്ദ്രസര്‍ക്കാരിനെതിരെ തൊഴിലാളികള്‍ പണിമുടക്കുമ്പോള്‍ കേരളത്തില്‍ ഹര്‍ത്താലായേക്കും. കെ.എസ്.ആര്‍.ടി.സി തൊഴിലാളികളും വ്യാപാരികളും സഹകരിക്കുമെന്ന് സി.ഐ.ടി.യു അവകപ്പെടുമ്പോള്‍ പണിമുടക്ക് ദിവസം കേരളം നിശ്ചലമാകും.

സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യബസുകളും നിരത്തിലിറങ്ങില്ല. ജീവനക്കാരുടെ സംഘടനകളും പണിമുടക്കുന്നതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല. ബാങ്ക് ജീവനക്കാരുടെ സംഘടനകളും പണിമുടക്കും. പെട്രോള്‍ പമ്പുകളില്‍ പണിമുടക്കില്ലെങ്കിലും ജീവനക്കാര്‍ക്ക് ജോലിക്കെത്താന്‍ സാധിക്കാത്ത സ്ഥിതിയാണെങ്കില്‍ അടച്ചിടേണ്ടി വരുമെന്ന് വിതരണക്കാരുടെ സംഘടന വ്യക്തമാക്കി.