‘കോരന് കഞ്ഞി കുമ്പിളില്‍ തന്നെ’, കാര്‍ഷിക മേഖലയ്ക്ക് തലോടല്‍ മാത്രം

ഡോ. ജോസ് ജോസഫ്

മാന്ദ്യത്തിലാഴ്ന്ന കാര്‍ഷിക മേഖലയെ കര കയറ്റുന്നതിനോ കര്‍ഷകരെ പ്രതിസന്ധിയില്‍ നിന്നും സംരക്ഷിക്കുന്നതിനോ സമഗ്രമായ നിര്‍ദേശങ്ങളൊന്നുമില്ലാത്തതാണ് ഇന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റലി പാര്‍ലമെന്റില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച വന്‍ പദ്ധതികളുടെ പിന്തുടര്‍ച്ചയോ പുതിയ ബ്രഹദ് പദ്ധതികളോ ഈ ബജറ്റില്‍ കാണാനില്ല. കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കുമെന്ന് കഴിഞ്ഞ രണ്ട് ബജറ്റുകളിലും നടത്തിയ പ്രഖ്യാപനം  മൂന്നാമതും ജയ്റ്റലി ആവര്‍ത്തിച്ചിരിക്കുന്നു. മുന്‍ ബജറ്റുകളിലേതു പോലെ ഈ ലക്ഷ്യം നേടുന്നതിനുള്ള വന്‍ പദ്ധതികളോ സമഗ്രമായ സമീപനമോ ഈ ബജറ്റിലും കാണാനില്ല.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റായതിനാല്‍ കാര്‍ഷിക മേഖലക്ക് വേണ്ടി കൂടുതല്‍ പരിഗണ പ്രതീക്ഷിച്ചവരെ ബജറ്റ് നിരാശരാക്കുന്നു. കര്‍ഷകര്‍ക്ക് ഉല്പദാനച്ചെലവും അതിന്റെ 50 ശതമാനം കൂടിചേരുന്ന തുകയും കുറഞ്ഞ താങ്ങുവിലയായി നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നതാണ് ഈ ബജറ്റിലെ ഏറ്റവും പ്രമുഖമായ പ്രഖ്യാപനം. 2007 ല്‍ ഡോ. എം.എസ് സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള ദേശീയ കര്‍ഷക കമ്മീഷന്‍ നല്‍കിയ ഈ ശുപാര്‍ശയില്‍ യുപിഎ സര്‍ക്കാര്‍ ഏഴു വര്‍ഷവും എന്‍ഡിഎ സര്‍ക്കാര്‍ നാലു വര്‍ഷവും അടയിരുന്നു. തിരെഞ്ഞടുപ്പ് മുന്നില്‍ കണ്ടാകണം ഇപ്പോള്‍ ബജറ്റില്‍ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഒന്നും രണ്ടും യുപിഎ സര്‍ക്കാരുക്കളുമായി താതമ്യപ്പെടുത്തുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കഴിഞ്ഞ നാലു വര്‍ഷങ്ങളിലെ കാര്‍ഷിക മേഖലയിലെ പ്രകടനം തീര്‍ത്തും തൃപ്തികരമല്ല. യുപിഎ സര്‍ക്കാര്‍ ഭരിച്ച 2004-2014 കാലയളവില്‍ കാര്‍ഷിക മേഖലയിലെ വളര്‍ച്ചാനിരക്ക് ശരാശരി നാലു ശതമാനത്തിടുത്തായിരുന്നു. 1995-96 മുതല്‍ 2004-05 വരെയുള്ള പതിറ്റാണ്ടില്‍ കേവലം 2.6 ശതമാനമായിരുന്ന കാര്‍ഷിക വളര്‍ച്ചാ നിരക്കാണ് ഡോ. മന്‍മോഹന്‍ സിംഗിന്റെ ഭരണകാലത്ത് നാലു ശതമാനത്തിലേക്ക് ഉയര്‍ന്നത്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ ആദ്യവര്‍ഷം കാര്‍ഷിക വളര്‍ച്ചാ നിരക്ക് കീഴോട്ടായിരുന്നു. 0.2 ശതമാനം. 2015 -16 ല്‍ കേവലം 0.7 ശതമാനവും 2016-17 പ്രാഥമിക കണക്കുകള്‍ പ്രകാരം 4.9 ശതമാനവുമായിരുന്നു കാര്‍ഷിക വളര്‍ച്ചാ നിരക്ക്. 2018 ലെ സാമ്പത്തിക സര്‍വെ പ്രകാരം ഈ വര്‍ഷം കാര്‍ഷിക മേഖയില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്ക് 2.1 ശതമാനം മാത്രമാണ്. നോട്ടു നിരോധനത്തിനു പിന്നാലെ ഈ വര്‍ഷം ഖാരിഫ് സീസണിലും റാബി സീസണിലും വിത്തിറക്കിയ കൃഷി ഭൂമിയുടെ വിസ്തൃതിയില്‍ കുറവുണ്ടായതായും സാമ്പത്തിക സര്‍വെയില്‍ പറയുന്നു. ഇതു കാരണം ഗ്രാമീണ മേഖലയില്‍ തൊഴിലാളികളുടെ വേതനത്തില്‍ കുറവുണ്ടായതായാണ് സാമ്പത്തിക സര്‍വ്വെയിലെ വിശകലനം. യഥാര്‍ത്ഥ്യത്തിലുള്ള കാര്‍ഷിക മേഖലയിലെ മൊത്തം ആദ്യന്തര ഉല്പദാനവും കര്‍ഷകരുടെ യഥാര്‍ഥ വരുമാനവും മോദി സര്‍ക്കാരിന്റെ കഴിഞ്ഞ നാലു വര്‍ഷത്തെ ഭരണത്തില്‍ വളര്‍ച്ചയില്ലാതെ ഏറെകുറെ നിശ്ചലാവസ്ഥയിലാണെന്നു സാമ്പത്തിക സര്‍വേ തുറന്നു സമ്മതിച്ചു. ഈ മാന്ദ്യം മറികടക്കാനും കാര്‍ഷിക മേഖലയെ തിരികെ വളര്‍ച്ചയിലേക്ക് എത്തിക്കാനുമുള്ള ഭാവനാപൂര്‍ണ്ണമായ നടപടികളൊന്നും ബജറ്റില്‍ ഇല്ല.

തങ്ങളുടെ ഭരണ കാലാവധി കഴിയുന്ന 2019നു ശേഷം രണ്ടും മൂന്നും വര്‍ഷങ്ങള്‍ കഴിഞ്ഞും കാര്‍ഷിക മേഖലയില്‍ ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കുന്നത് മോദി സര്‍ക്കാരിന്റെ സ്ഥിരം നടപടിയാണ്.  ഇതിലൂടെ പദ്ധതികളില്‍ പ്രഖ്യാപിക്കുന്ന ലക്ഷ്യങ്ങള്‍ എത്രമാത്രം നിറവേറ്റി എന്ന വിലയിരുത്തലില്‍ നിന്നും രക്ഷപ്പെടാന്‍ ഈ സര്‍കാരിനു കഴിയുന്നു. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നതാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ കാര്‍ഷിക മേഖലയിലെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രചരണ തന്ത്രം. 2016-17 ലെ കേന്ദ്ര ബജറ്റിലാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റലി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈ ലക്ഷ്യം നിറവേണമെങ്കില്‍ പ്രതിവര്‍ഷം 11-12 ശതമാനമെങ്കിലും നിരക്കില്‍ കാര്‍ഷിക മേഖല വളരണം. എന്നാല്‍ അടുത്ത നാലു വര്‍ഷം കൊണ്ട് ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള വിപ്ലവകരമായ പ്രഖ്യാപനങ്ങളൊന്നും 2018-19 ലെ ബജറ്റില്‍ ഇല്ല.

കര്‍ഷകര്‍ക്ക് ഉല്പദാനച്ചെലവും അതിന്റെ അഞ്ചു ശതമാനവും കൂടിച്ചേരുന്ന തുക കുറഞ്ഞ താങ്ങുവിലയായി (എംഎസ്പി) നല്‍കണമെന്നായിരുന്നു ഡോ.എം.എസ് സ്വാമി നാഥന്‍ അധ്യക്ഷനായ ദേശീയ കര്‍ഷക കമ്മീഷന്റെ പ്രധാന ശുപാര്‍ശകളിലൊന്ന്. 2014 ല്‍ ലോക്‌സഭാ തിരെഞ്ഞടുപ്പില്‍ നരേന്ദ്ര മോദി ഇത് ഒരു പ്രധാന പ്രചാരണ വിഷയമായി ഉയര്‍ത്തിയിരുന്നു. ബിജെപിയുടെ പ്രകടനപത്രികയില്‍ കര്‍ഷകര്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനവും ഇതായിരുന്നു.

കഴിഞ്ഞ നാലു വര്‍ഷവും പലപ്പോഴായി പാര്‍ലമെന്റില്‍ ഈ വിഷയം ഉയര്‍ന്നുവന്നപ്പോഴെല്ലാം ഗവണ്‍മെന്റ് ഇതിനോട് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ നാലു വര്‍ഷത്തിനു ശേഷം അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റില്‍ കര്‍ഷകര്‍ക്ക് ഉല്പദാനച്ചെലവും അതിന്റെ 50 ശതമാനവും കൂടി കുറഞ്ഞ താങ്ങുവിലയായി നല്‍കമെന്ന വാഗ്ദാനം എന്‍ഡിഎ സര്‍ക്കാര്‍ ഒരിക്കല്‍ കൂടി പൊടി തട്ടിയെടുത്തിയിരിക്കുകയാണ്. കര്‍ഷകര്‍ക്ക് ഖാരിഫ് വിളകളില്‍ ഉല്പദാനച്ചെലവും അതിന്റെ 50 ശതമാനവും കൂടിച്ചേരുന്ന തുക കുറഞ്ഞ താങ്ങുവിലയായി നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നാണ് 2018-19 ലെ ബജറ്റില്‍ ജയ്റ്റ്‌ലി നടത്തിയിരിക്കുന്ന പ്രഖ്യാപനം. നീതി ആയോഗും സംസ്ഥാന സര്‍ക്കാരുക്കളുമായി ചേര്‍ന്ന് ഇതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ഈ സര്‍ക്കാരിന്റെ അവശേഷിക്കുന്ന ഭരണകാലത്ത് ഈ പ്രഖ്യാപനം നടപ്പാക്കാനുള്ള സാധ്യത കുറവാണ്.

അതെ സമയം ഇത് ഒരു പ്രചാരണ വിഷയമായി അടുത്ത തെരെഞ്ഞടുപ്പിലും തുടരുകയും ചെയും. റാബി വിളകള്‍ക്ക് ഇത് നേരെത്ത തന്നെ പ്രഖ്യാപിച്ചു എന്ന ധനമന്ത്രിയുടെ അവകാശവാദം യഥാര്‍ത്ഥ ബോധത്തോടെയല്ല. കാര്‍ഷിക ഉല്പനങ്ങള്‍ക്ക് താങ്ങുവില നല്‍കുന്നതിനും കഴിഞ്ഞ നാലു വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ട്രാക്ക് റെക്കോഡ് അത്ര മികച്ചതല്ല. കേന്ദ്രം പ്രഖ്യാപിക്കുന്ന താങ്ങുവിലക്ക് പുറമെ സംസ്ഥാനങ്ങള്‍ സ്വന്തം നിലക്ക് കര്‍ഷകര്‍ക്ക് അധിക ബോണസായി നല്‍കുന്ന താങ്ങുവില നിര്‍ത്തലാക്കണമെന്നതായിരുന്നു മോദി സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയ ആദ്യ നിര്‍ദേശങ്ങളിലൊന്ന്.

കേന്ദ്ര സര്‍ക്കാര്‍ താങ്ങുവില പല വിളകളുടെയും കാര്യത്തില്‍ വളരെ താഴ്ന്ന തലത്തില്‍ നിലനിര്‍ത്തിയതിനാല്‍ കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ താങ്ങുവില നല്‍കുന്ന 20 വിളകളില്‍ ഏഴെണ്ണത്തിന്റെയും കാര്യത്തില്‍ കര്‍ഷകരുടെ വരുമാനം നെഗറ്റീവ് ആയിരുന്നുമെന്ന് വിശകലനങ്ങള്‍ സൂചിപ്പിക്കുന്നു. അതായത് കര്‍ഷകര്‍ക്ക് ഈ വിളകള്‍ക്ക് ഉല്പദാനച്ചെലവിലും കുറഞ്ഞ താങ്ങുവില മാത്രമാണ് ലഭിച്ചതെന്ന് വ്യക്തം. മറ്റു വിളകളില്‍ പലതിലും ഏഴോ എട്ടോ ശതമാനം മാത്രമായിരുന്നു കര്‍ഷകര്‍ക്ക് ലഭിച്ച അധിക വരുമാനം. രണ്ടാം യുപിഎ സര്‍ക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ താങ്ങുവില നല്‍കുന്ന 20 വിളകളില്‍ 17 ന്റെയും താങ്ങുവിലയിലുള്ള വര്‍ധനവ് തീര്‍ത്തും കുറവായിരുന്നു. പല വിളകളുടെയും വിപണി വില സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയിലും താഴെപ്പോയി.

സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിക്കാത്ത ചില വിളകളില്‍ ഉല്പദാനം കൂടിയിട്ടും വിപണി വില കുത്തനേ ഇടിഞ്ഞു. ഇപ്പോള്‍ ഉല്പദാനച്ചെലവും അതിന്റെ 50 ശതമാനവും കൂടിയുള്ള കുറഞ്ഞ താങ്ങുവില നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരിക്കുന്നത് ഖാരിഫ് വിളകള്‍ക്ക് മാത്രമാണ്. അതു തന്നെ എപ്പോള്‍ നടപ്പാക്കുമെന്നതിന് സമയപരിധിയൊന്നും നിശ്ചയിച്ചിട്ടുമില്ല. ഇന്ത്യ ഭക്ഷ്യോല്പനങ്ങള്‍ക്ക് താങ്ങുവിലയായി നല്‍കുന്ന സബ്‌സിഡി ഇപ്പോള്‍ തന്നെ ലോകവ്യാപാര സംഘടനയുടെ നിരീക്ഷണത്തിലാണ്. മാത്രമല്ല ഇങ്ങനെ നല്‍കുന്ന 150 ശതമാനം താങ്ങുവിലയുടെ ബാധ്യത കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുമോ അതോ ഭാരം സംസ്ഥാനങ്ങളുടെ ചുമലിലേക്ക് തള്ളിയിടുമോ എന്നും വ്യക്തമല്ല. വളരെ ആത്മാര്‍ത്ഥവും തീവ്രവുമായ ശ്രമം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെങ്കില്‍ ഈ പ്രഖ്യാപനവും പതിവ് പ്രചാരണ തന്ത്രം മാത്രമായി അവശേഷിക്കാനാണ് സാധ്യത. ഡിമാന്റിനുസരിച്ച് ഉല്പദാനം ക്രമീകരിക്കാനുള്ള സംവിധാനമേര്‍പ്പെടുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

കാര്‍ഷിക വായ്പ നല്‍കുന്നതിന് കഴിഞ്ഞ ബജറ്റില്‍ നീക്കിവെച്ചിരുന്നത് 10 ലക്ഷം കോടി രൂപയായിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷം ഇത് 11 ലക്ഷം കോടി രൂപയായി ഉയര്‍ത്തും. കാര്‍ഷിക വായ്പക്കുള്ള ആകെ തുക ബജറ്റ് പ്രസംഗത്തില്‍ വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ഇതില്‍ കേന്ദ്ര സര്‍ക്കാരിന് വിശേഷിച്ച് മുടക്കൊന്നുമില്ല. ബാങ്കുകള്‍ വിതരണം ചെയ്യാനുള്ള വായ്പയുടെ ലക്ഷ്യം മാത്രമാണിത്. ചെറുകിട – നാമമാത്ര കര്‍ഷകരേക്കാള്‍ വന്‍കിടക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കുമാണ് കാര്‍ഷിക വായ്പയുടെ കൂടുതല്‍ പ്രയോജനം. വിളകള്‍ കൃഷി ചെയുന്ന കര്‍ഷകര്‍ക്ക് നല്‍കുന്ന കിസാന്‍ ക്രെഡറ്റ് കാര്‍ഡിന്റെ മാതൃകയില്‍ മത്സ്യബന്ധന മേഖലയിലെയും മൃഗസംരക്ഷണമേഖലയിലെയും കര്‍ഷകര്‍ക്കും കിസാന്‍ കാര്‍ഡുകള്‍ നല്‍കാനുള്ള നിര്‍ദേശം ഈ മേഖലകളിലെ കര്‍ഷകര്‍ക്കു പ്രയോജനം ചെയ്യും. മത്സ്യബന്ധന മേഖലക്കും മൃഗസംരക്ഷണ മേഖലക്കും കൂടി 10000 കോടി രൂപയാണ് ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നത്. കൃഷി അനുബന്ധ മേഖലകളില്‍ മൊത്തം നീക്കിവെക്കുന്ന വിഹതത്തില്‍ മൃഗസംരക്ഷണ മേഖലക്കു വേണ്ടി നീക്കി വെക്കുന്ന വിഹിതത്തിന്റെ ശതമാനം ഓരോ വര്‍ഷവും കുറഞ്ഞു വരികയാണ്.

സുഗന്ധവ്യജ്ഞനങ്ങളുടെയും ഔഷധ കൃഷിയുടെയും പ്രോത്സാഹനത്തിന് 200 കോടി രൂപ മാത്രമാണ് ബജറ്റില്‍ നീക്കി വെച്ചരിക്കുന്നത്. പ്രതിസന്ധി നേരിടുന്ന തോട്ടം മേഖലയുടെ പുനരുദ്ധാരണത്തിന് പ്രത്യേക പദ്ധതികളോ പാക്കേജാ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലെ തിരെഞ്ഞടുത്ത നിയന്ത്രിത കര്‍ഷക വിപണികളെ സംയോജിപ്പിച്ചു കൊണ്ട് 2016 ല്‍ ആരംഭിച്ച ഇലക്ട്രോണിക് കാര്‍ഷിക വിപണിയുമായി 2018 മാര്‍ച്ച് 31 ഓടെ 585 എപിഎംസി വിപണികളെ ബന്ധിപ്പിക്കും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ച് രാജ്യത്തെ 22000 ഗ്രാമീണ കാര്‍ഷിക ചന്തകളിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കും.എപിഎംസി നിയന്ത്ര വിപണികളിലെയും 22000 ഗ്രാമീണ കാര്‍ഷിക ചന്തകളിലെയും (ഗാംസ്) അടിസ്ഥാന സൗകര്യ വികസനത്തിന് 2000 കോടി രൂപയുടെ അഗ്രിമാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രകച്ചര്‍ ഫണ്ട് രൂപീകരിക്കും. ഈ വിപണിയില്‍ കര്‍ഷകര്‍ക്ക് നേരിട്ട് വില്‍കുന്നതിനുള്ള സൗകര്യം ഒരുക്കും.

 

 

ഹോര്‍ട്ടികള്‍ച്ചര്‍ വിളകളുടെ കൃഷി,വിപണനം,സംസ്‌കരണം എന്നിവ ക്ലസ്റ്റര്‍ അടിസ്ഥാനത്തിലാക്കും. ഓരോ വിളയിലും പ്രാമുഖ്യമുള്ള ജില്ലകള്‍ക്ക് പ്രത്യേക അംഗീകാരം നല്‍കും. കര്‍ഷകരുടെ ഉല്പദാക കമ്പനികളുടെയും ഗ്രാമീണ ഉല്പാദക സംഘങ്ങളുടെയും നേതൃത്വത്തില്‍ 1000 ഹെക്ടറില്‍ കുറയാത്ത സ്ഥലത്ത് ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കും. ദേശീയ ഗ്രാമീണ ഉപജീവന പരിപാടിയുടെ (എന്‍ആര്‍എല്‍പി) ഭാഗമായി വനിതാ സ്വയം സഹായ സംഘങ്ങളെയും ജൈവകൃഷി ഏറ്റെടുത്ത നടത്താന്‍ പ്രേത്സാഹിപ്പിക്കും. ഭക്ഷ്യസംസ്‌ക്കരണത്തിനുള്ള ബജറ്റ് വിഹിതം നിലവിലെ 715 കോടിയില്‍ നിന്നും 2018-19 ല്‍ 1400 കോടി രൂപയായി ഉയര്‍ത്തും.

തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങി വര്‍ഷം മുഴുവന്‍ ആവശ്യമുള്ള വിളകളുടെ ഉല്പദാനവും ഉപഭോഗവും ഏകോപിപ്പിച്ചു കൊണ്ട് ഓപ്പറേഷന്‍ ഫുഡ് പദ്ധതിയുടെ മാതൃകയില്‍ ഓപ്പറേഷന്‍സ് ഗ്രീന്‍സ് എന്ന പദ്ധതി ആരംഭിക്കും. ഈ പദ്ധതിക്ക് 500 കോടി രൂപ നീക്കി വെയ്ക്കും. കയറ്റുമതിക്കു വേണ്ടി ഉദാരമായ നയപരിപാടികള്‍ നടപ്പാക്കും. മുളകൃഷിയും വ്യവസായവും പ്രേത്സാഹിപ്പിക്കാന്‍ 1290 കോടി രൂപ ചെലവില്‍ ദേശീയ ബാംബൂ മിഷന്‍ പുനരാവിഷ്‌ക്കരിക്കും. വെള്ളം പമ്പു ചെയ്യാന്‍ കര്‍ഷകര്‍ സ്ഥാപിക്കുന്ന സോളാര്‍ ഉപകരണങ്ങളില്‍ നിന്നുമുള്ള അധിക ൈവദ്യുതി വാങ്ങാന്‍ നടപടി സ്വീകരിക്കും..

2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരിട്ടയാക്കണമെങ്കില്‍ 1.78 ദശലക്ഷം ഹെക്ടര്‍ സ്ഥലത്ത് അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ അധികമായി ജലസേചന സൗകര്യം ഏര്‍പ്പെടുത്തേണ്ടി വരും. ആക്‌സിലിറേറ്റഡ് ഇറിഗേഷന്‍ ബെന്നഫിറ്റ് (ഐബിപി) പദ്ധതിയുടെ കീഴില്‍ 2019 ഡിസംബറിനുള്ളില്‍ 76 ലക്ഷം ഹെക്ടര്‍ കൃഷി ഭൂമി അധികമായി ജലസേചന പദ്ധതികള്‍ക്കു കീഴില്‍ കൊണ്ടു വരുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഏറെ മുന്നേറാനായിട്ടില്ല. 2016-17 ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന 6000 കോടി രൂപയുടെ ഭൂഗര്‍ഭജല പരിപാലന പരിപാടി ഇതു വരെ തുടങ്ങിയിട്ട് പോലുമില്ല. ഭൂഗര്‍ഭജല പരിപാലന പരിപാടിയിലൂടെ 30 ശതമാനത്തില്‍ താഴെ മാത്രം കൃഷി ഭൂമികളില്‍ ജലസേചന സൗകര്യമുള്ള 96 ജില്ലകളില്‍ 2600 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നാണ് 2018-19 ബജറ്റിലെ പ്രഖ്യാപനം. കാര്‍ഷിക മേഖലയില്‍ കാലവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ നേരിടുന്നതിനോ ജലസേചന പദ്ധതികളില്‍ കൂടുതല്‍ നിക്ഷേപം നടത്തി കാര്യക്ഷമാക്കുന്നതിനോ ബജറ്റില്‍ നിര്‍ദേശങ്ങളൊന്നുമില്ല.

പ്രധാനമന്ത്രിയുടെ അഭിമാന പദ്ധതിയായ പ്രധാനമന്ത്രി ഹസല്‍ ബീമാ യോജന എന്ന വിള ഇന്‍ഷുറന്‍സ് പദ്ധതി കര്‍ഷകര്‍ക്ക് പ്രയോജനകരമായി പുനരാവ്ഷിക്കരിക്കുന്നതിനുള്ള നിര്‍ദേശങ്ങളും ബജറ്റില്‍ ഇല്ല. 100 കോടി രൂപ വരെ വിറ്റു വരവുള്ള കര്‍ഷകരുടെ ഉലപദാക കമ്പനികളെ കേന്ദ്ര ധനമന്ത്രി ആദായ നികുതിയില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. ഹ്രസ്വകാല വായ്പ കൃത്യമായി തിരിച്ചടക്കുന്ന ചെറുകിട കര്‍ഷകര്‍ക്ക് നല്‍കുന്ന പലിശ ഇളവിലേക്കുള്ള വിഹിതം കഴിഞ്ഞ ബജറ്റില്‍ നീക്കി വച്ച 15000 കോടി രൂപ തന്നെയായി ഈ ബജറ്റിലും നിലനിര്‍ത്തിയിട്ടുണ്ട്.

2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കും കര്‍ഷകര്‍ക്ക് ഉല്പദാനച്ചെലവും അതിന്റെ പകുതിയും കൂടിച്ചേര്‍ന്ന തുക കുറഞ്ഞ താങ്ങുവിലയായി നല്‍കും തുടങ്ങിയ പതിവ് പ്രഖ്യാപനങ്ങള്‍ക്കപ്പുറം കര്‍ഷക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സമഗ്രമായ നിര്‍ദേശങ്ങളൊന്നും ജെയ്റ്റലിയുടെ ബജറ്റ് പ്രസംഗത്തില്‍ ഇല്ല. 60 വയസ് കഴിഞ്ഞ കര്‍ഷകര്‍ക്കും ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കും ക്ഷേമ പദ്ധതികളും  തെരെഞ്ഞടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയിരുന്നു. കാര്‍ഷിക മേഖലയില്‍ കോര്‍പ്പറേറ്റ് പ്രീണമാണ് ഈ സര്‍ക്കാര്‍ തുടരുന്നത്. നാമമാത്രമായി ലഭിക്കുന്ന പരിരക്ഷ കൂടി എടുത്ത് കളഞ്ഞു. കര്‍ഷകരുടെ കടം എഴുതിതള്ളുന്നതിനോ അനിയന്ത്രിമായ ഇറക്കുമതി തടയുന്നതിനോ കൃഷിച്ചെലവ് കുറച്ച് ഉല്പദാന ക്ഷമത കൂട്ടുന്നതിനോ ഉള്ള നിര്‍ദേശങ്ങളൊന്നും ഈ ബജറ്റില്‍ ഇല്ല.