ബാങ്ക് ദേശസാല്‍ക്കരണവും പ്രിവിപേഴ്സും

അഡ്വ. ജയശങ്കര്‍

1967-ല്‍ പ്രധാനമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത ഇന്ദിരാഗാന്ധി രണ്ടുമാസത്തിനകം തന്റെ ഓഫീസില്‍ സുപ്രധാനമായ ഒരു മാറ്റം വരുത്തി. ലാല്‍ ബഹദൂര്‍ ശാസ്ത്രിയില്‍ നിന്ന് ഏറ്റെടുത്ത എല്‍.കെ. ഝായെ ഒഴിവാക്കി. പി.എന്‍. ഹക്സറെ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങല്‍ ഇന്ദിരയുടെ കണ്ണും കാതും ഹൃദയവും ബുദ്ധിയുമായി പ്രവര്‍ത്തിച്ചത് ആ കശ്മീരി ബ്രാഹ്മണനായിരുന്നു.

1913 സെപ്റ്റംബര്‍ 4ന് ഗുജറാന്‍വാലയില്‍ ജനിച്ച പരമേശ്വര്‍ നാരായണ്‍ ഹക്സര്‍ അലഹബാദ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയശേഷം ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലും ലിങ്കണ്‍സ് ഇന്നിലും പഠനം തുടര്‍ന്നു. അക്കാലത്ത് സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി. വി.കെ. കൃഷ്ണമേനോന്റെ അടുത്ത അനുയായിയും ഫിറോസ് ഗാന്ധിയുടെ സുഹൃത്തും ഇന്ദിരയുടെ പരിചയക്കാരനും ആയിരുന്നു. അലഹബാദ് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യവെ, 1947-ല്‍ നെഹ്റുവാണ് ഹക്സറെ ഫോറിന്‍ സര്‍വീസിലേക്ക് തെരഞ്ഞെടുത്തത്. ആദ്യം നൈജീരിയയിലും പിന്നെ ഓസ്ട്രിയയിലും അംബാസഡറായി. തുടര്‍ന്ന് ബ്രിട്ടനിലെത്തിയ അദ്ദേഹം ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറും ആക്ടിംഗ് ഹൈക്കമ്മീഷണറുമായി സേവനമനുഷ്ഠിച്ചു.

അക്കാലത്താണ് 1966-ല്‍ പ്രധാനമന്ത്രിയായിത്തീര്‍ന്ന ഇന്ദിരാഗാന്ധി അമേരിക്ക സന്ദര്‍ശിച്ചത്. ഹക്സറും അവരെ അനുഗമിച്ചു. അദ്ദേഹത്തിന്റെ കഴിവും കാര്യപ്രാപ്തിയും സംസാരവും പെരുമാറ്റവുമൊക്കെ ഇന്ദിരയെ ആകര്‍ഷിച്ചു. അങ്ങനെ പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റിന്റെ ചുമതല ഹക്സറെ ഏല്‍പിക്കാന്‍ തീരുമാനമായി. അധികം വൈകാതെ ക്യാബിനറ്റ് സെക്രട്ടേറിയറ്റിന്റെയും ക്യാബിനറ്റിന്റെ തന്നെയും പ്രാധാന്യം കുറഞ്ഞു; പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റ് സര്‍വശക്തമായി.

1967-ലെ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി കോണ്‍ഗ്രസ് നേതാക്കളെ ഇരുത്തി ചിന്തിപ്പിച്ചു. നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കാന്‍ പലരും പല മാര്‍ഗ്ഗവും നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രി മുന്‍കയ്യെടുത്ത് 1967 മേയ് മാസത്തില്‍ എ.ഐ.സി.സി. യോഗം വിളിച്ചു. പത്തിന പരിപാടി അംഗീകരിച്ചു. സ്വകാര്യ ബാങ്കുകളുടെ സാമൂഹ്യ നിയന്ത്രണം, വാണിജ്യകുത്തകകള്‍ക്കുമേല്‍ നിയന്ത്രണം, ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയുടെ ദേശസാല്‍ക്കരണം, സ്വകാര്യ സ്വത്ത് സമ്പാദനത്തിന് നിയന്ത്രണം, കയറ്റുമതിക്കും ഭക്ഷ്യധാന്യങ്ങള്‍ക്കും സംസ്ഥാനങ്ങളുടെ നിയന്ത്രണം, നാട്ടുരാജാക്കന്മാര്‍ക്കുള്ള പ്രത്യേക അവകാശങ്ങളും പ്രിവിപേഴ്സും നിര്‍ത്തലാക്കല്‍ എന്നിവയായിരുന്നു പത്തിനപരിപാടിയിലെ പ്രധാന ഇനങ്ങള്‍.

പ്രിവിപേഴ്സും പ്രത്യേക അവകാശങ്ങളും നിര്‍ത്തലാക്കണം എന്ന ചിന്താഗതിക്കാരായിരുന്നു കാമരാജ്, വൈ.ബി. ചവാന്‍, അതുല്യഘോഷ് എന്നീ മുതിര്‍ന്ന നേതാക്കള്‍. എന്നാല്‍ മൊറാര്‍ജി ദേശായും എസ്.കെ. പാട്ടീലും അതിനോട് വിയോജിച്ചു. പ്രിവിപേഴ്സ് നിര്‍ത്തലാക്കുന്നത് നാട്ടുരാജ്യ സംയോജനകാലത്ത് ഇന്ത്യാ ഗവണ്‍മെന്റ് രാജാക്കന്മാര്‍ക്ക് നല്‍കിയ ഉറപ്പുകളുടെ ലംഘനവും അധാര്‍മ്മികവുമാണെന്ന് അവര്‍ വാദിച്ചു. ബാങ്ക് ദേശസാല്‍ക്കരിക്കണം എന്ന് കോണ്‍ഗ്രസിലെ ചില യുവനേതാക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും പ്രമുഖ നേതാക്കളാരും അതിനോട് യോജിച്ചില്ല. സാമൂഹ്യനിയന്ത്രണം രണ്ടുവര്‍ഷം തുടരട്ടെ ദേശസാല്‍ക്കരണം എന്നിട്ടാകാം എന്നായിരുന്നു ഇന്ദിരയുടെ നിലപാട്.

പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ മൊറാര്‍ജിയെ പിന്തള്ളിയെങ്കിലും പാര്‍ട്ടിയിലും മന്ത്രിസഭയിലും ഇന്ദിരാഗാന്ധിയുടെ നില സുരക്ഷിതമായിരുന്നില്ല. കോണ്‍ഗ്രസ് പ്രസിഡന്റ് കാമരാജും ഉപപ്രധാനമന്ത്രി മൊറാര്‍ജിയും അവരോട് കടുത്ത നീരസം വെച്ചുപുലര്‍ത്തി. ഏറ്റവുമടുത്ത മുഹൂര്‍ത്തത്തില്‍ ഇന്ദിരയെ താഴെയിറക്കണമെന്ന് അവര്‍ ആഗ്രഹിച്ചു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി എക്സിക്യൂട്ടീവില്‍ മൊറാര്‍ജിയെ അനുകൂലിക്കുന്നവര്‍ക്കായിരുന്നു മുന്‍തൂക്കം. ബിഹാറില്‍ നിന്നുള്ള സഹമന്ത്രി താരകേശ്വരി സിന്‍ഹ ആയിരുന്നു ഇന്ദിരാവിരുദ്ധ നീക്കങ്ങള്‍ക്ക് മുന്‍കയ്യെടുത്തത്. അതേസമയം യുവതുര്‍ക്കികള്‍ എന്നറിയപ്പെട്ട ഒരു ചെറുസംഘത്തെ ഇന്ദിരയും വളര്‍ത്തിയെടുത്തു. ചന്ദ്രശേഖര്‍, മോഹന്‍ധാരിയ, കൃഷ്ണകാന്ത് എന്നിവരായിരുന്നു അവരില്‍ പ്രധാനികള്‍. പത്തിനപരിപാടി സമയബന്ധിതമായി നടപ്പാക്കണം, സ്വകാര്യബാങ്കുകള്‍ ദേശസാല്‍ക്കരിക്കണം എന്നൊക്കെ അവര്‍ നിരന്തരം ആവശ്യപ്പെട്ടു. പാര്‍ട്ടിക്കകത്തെ യാഥാസ്ഥിതിക വിഭാഗത്തെ എതിര്‍ക്കുകയും ശുണ്ഠിപിടിപ്പിക്കുകയും ചെയ്തു.

1967 ഒക്ടോബറില്‍ ജബല്‍പൂരില്‍ ചേര്‍ന്ന എ.ഐ.സി.സി. യോഗത്തില്‍ ബാങ്ക് ദേശസാല്‍ക്കരണം വീണ്ടും ചര്‍ച്ചാവിഷയമായി. ഒരു കാരണവശാലും അത് നടപ്പില്ല എന്ന മൊറാര്‍ജി അറുത്തുമുറിച്ചുപറഞ്ഞു. ഇന്ദിരയും അതിനോട് യോജിച്ചു. തല്‍ക്കാലം സാമൂഹ്യനിയന്ത്രണം തുടരട്ടെ എന്നവര്‍ യുവതുര്‍ക്കികളെ സമാധാനിപ്പിച്ചു. പുതിയ എ.ഐ.സി.സി. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതും ചിന്താവിഷയമായി. ഇന്ദിരയും കാമരാജും കൂടിയാലോചിച്ച് ഒരാളെ കണ്ടെത്താന്‍ ചുമതലപ്പെടുത്തി. ഒരുപാടാലോചിച്ചശേഷം മൈസൂര്‍ മുഖ്യമന്ത്രി നിജലിംഗപ്പയെ പുതിയ പ്രസിഡന്റായി തീരുമാനിച്ചു.

ബെല്ലാരി ജില്ലയിലെ ഹാലുവഗലു ഗ്രാമത്തില്‍ ഒരു ഇടത്തരം ലിംഗായത്ത് കുടുംബത്തിലാണ് 1902 ഡിസംബര്‍ 10ന് സിദ്ദവനഹള്ളി നിജലിംഗപ്പ ജനിച്ചത്. ബാംഗ്ലൂര്‍ സെന്‍ട്രല്‍ കോളേജില്‍ നിന്ന് ബി.എ.യും പൂന ലോ കോളേജില്‍ നിന്ന് ബി.എല്ലും പാസായി. അഭിഭാഷകനായിരിക്കവെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി. 1946-ല്‍ ഭരണഘടനാ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് മൈസൂര്‍ പി.സി.സി. പ്രസിന്റായി പ്രവര്‍ത്തിച്ചു. 1956-ല്‍ ഭാഷാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കപ്പെട്ട മൈസൂര്‍ സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി. 1958 മേയ് 16 വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. 1962 ജൂണ്‍ 21 വീണ്ടും മുഖ്യമന്ത്രിയായി. എ.ഐ.സി.സി. പ്രസിഡന്റായി ചുമതലയേറ്റ 1968 മേയ് 25 വരെ മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നു.

ആദ്യകാലം മുതലേ സിന്‍ഡിക്കേറ്റില്‍ അംഗമായിരുന്നുവെങ്കിലും, കാമരാജും ഇന്ദിരയും തമ്മിലുള്ള യുദ്ധത്തില്‍ നിജലിംഗപ്പ നിഷ്പക്ഷത പാലിക്കുകയാണുണ്ടായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഇരുവിഭാഗങ്ങള്‍ക്കും തുല്യ പ്രാതിനിധ്യം നല്‍കി. ഇന്ദിരയെ താഴെയിറക്കണം എന്ന കാമരാജ്, മൊറാര്‍ജി അച്ചുതണ്ടിന്റെ ആവശ്യത്തോട് നിജലിംഗപ്പ അനുകൂലമായല്ല പ്രതികരിച്ചത്. യു.പി. ബിഹാര്‍, പശ്ചിമബംഗാള്‍ മുതലായ വലിയ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെടുകയും പാര്‍ലമെന്റില്‍ പോലും പ്രതിപക്ഷം ശക്തമാവുകയും ചെയ്ത സാഹചര്യത്തില്‍ ഒരു പിളര്‍പ്പ് ഒഴിവാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു.

അതേസമയം സിന്‍ഡിക്കേറ്റും പ്രധാനമന്ത്രിയും അന്തിമയുദ്ധത്തിന് ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടിവെച്ചു. എതിര്‍പക്ഷത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രമുഖപത്രങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു. യുവ എം.പി.മാരെ ഉപയോഗിച്ച് ചെളിവാരിയെറിയിച്ചു. ധനകാര്യമന്ത്രിയുടെ മകന്‍ കാന്തിദേശായിയുടെ വഴിവിട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചന്ദ്രശേഖര്‍ പാര്‍ലമെന്റില്‍ ആരോപണമുന്നയിച്ചു. രാഷ്ട്രീയ സദാചാരത്തിന്റെയും ധാര്‍മ്മികതയുടെയും അവസാന വാക്കായി സ്വയം ഭാവിച്ചിരുന്ന മൊറാര്‍ജി ദേശായി അതുകേട്ട് കുപിതനായി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചന്ദ്രശേഖറെ ശാസിക്കാന്‍ പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തി. ഇന്ദിരാഗാന്ധി അത് സൗകര്യപൂര്‍വ്വം വിസ്മരിച്ചു.

1969 ഫെബ്രുവരിയില്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ഇടക്കാല തെരഞ്ഞെടുപ്പുണ്ടായി. എന്നാല്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. യു.പിയില്‍ മാത്രമാണ് ഒരു മന്ത്രിസഭ രൂപീകരിക്കാന്‍ കഴിഞ്ഞത്. അതേവര്‍ഷം ഉപതെരഞ്ഞെടുപ്പിലൂടെ കാമരാജും എസ്.കെ. പാട്ടീലും ലോക്സഭയില്‍ തിരിച്ചെത്തി. അതോടെ സിന്‍ഡിക്കേറ്റിന്റെ നീക്കങ്ങള്‍ ശക്തിപ്പെട്ടു. ഏപ്രില്‍ മാസം ആകുമ്പോഴേക്കും ഇന്ദിരയെ മാറ്റിയേതീരൂ എന്ന നിലപാടില്‍ നിജലിംഗപ്പയും എത്തിച്ചേര്‍ന്നു. നയപരമായ കാര്യങ്ങളൊന്നും പ്രധാനമന്ത്രി തന്നോട് ആലോചിക്കുന്നില്ലെന്ന് പരാതിപ്പെട്ടു.

1969 ഏപ്രില്‍ അവസാനം ഹരിയാനയിലെ ഫരീദാബാദില്‍ നടന്ന കോണ്‍ഗ്രസ് വാര്‍ഷികസമ്മേളനം പാര്‍ട്ടി പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മിലുള്ള ഏറ്റുമുട്ടലിന് വേദിയായി. അധ്യക്ഷപ്രസംഗത്തില്‍ നിജലിംഗപ്പ ഇന്ദിരയുടെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു. പൊതുമേഖല ഒട്ടും കാര്യക്ഷമമല്ലെന്നും തീരെ ലാഭകരമല്ലെന്നും കുറ്റപ്പെടുത്തി. അധ്യക്ഷന്റെ അധികപ്രസംഗം കേട്ട് പ്രതിനിധികള്‍ സ്തബ്ധരായി. ഡി.പി. മിശ്രയും ഉമാശങ്കര്‍ ദീക്ഷിതും ഇറങ്ങിപ്പോയി. നിജലിംഗപ്പയെ ശാസിക്കണമെന്നാവശ്യപ്പെട്ട് യുവതുര്‍ക്കികള്‍ ഉടന്‍ പ്രമേയം കൊണ്ടുവന്നു. പക്ഷേ അധ്യക്ഷപ്രസംഗത്തിന്മേല്‍ ചര്‍ച്ചപാടില്ല എന്ന് ചൂണ്ടിക്കാട്ടി പ്രമേയം നിരാകരിച്ചു. വേദിയില്‍ സന്നിഹിതയായിരുന്ന ഇന്ദിരാഗാന്ധി പാര്‍ട്ടി അധ്യക്ഷന് തല്‍ക്ഷണം മറുപടി നല്‍കി: പൊതുമേഖലയുടെ പ്രാഥമിക ഉദ്ദേശം ലാഭമല്ല; ദേശീയ സ്വാശ്രയത്വം ഊട്ടിയുറപ്പിക്കലാണ്. രാജ്യത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് പരമപ്രാധാന്യം നല്‍കിക്കൊണ്ടാണ് സാമ്പത്തികനയം രൂപീകരിച്ചിട്ടുള്ളത്. കേള്‍വിക്കാര്‍ ഇന്ദിരയെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.

ഫരീദാബാദ് സമ്മേളനം അവസാനിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 1969 മേയ് 3ന് രാഷ്ട്രപതി ഡോ. സക്കീര്‍ ഹുസൈന്‍ അന്തരിച്ചു. ഉപരാഷ്ട്രപതി വി.വി. ഗിരി ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റു. രാഷ്ട്രപതി തെരഞ്ഞെടുപ്പ് വീണ്ടും കോണ്‍ഗ്രസിലെ ബലപരീക്ഷണത്തിന് വഴിയൊരുക്കി.

സിന്‍ഡിക്കേറ്റ് ലോക്സഭാ സ്പീക്കര്‍ നീലം സഞ്ജീവറെഡ്ഡിയുടെ പേര് മുന്നോട്ടുവെച്ചു. അനൗപചാരിക ചര്‍ച്ചകളില്‍ റെഡ്ഡിയുടെ പേര് ഉയര്‍ന്നുവന്നപ്പോഴൊക്കെ ഇന്ദിര അര്‍ത്ഥവത്തായ മൗനം പാലിച്ചു. ബാംഗ്ലൂരില്‍ എ.ഐ.സി.സി. യോഗത്തോടനുബന്ധിച്ച് ചേരുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡാണ് തീരുമാനം എടുക്കേണ്ടിയിരുന്നത്. ഊഹാപോഹങ്ങള്‍ തുടരവെ ഇന്ദിരാഗാന്ധി ജപ്പാനില്‍ പര്യടനത്തിന് പോയി. വ്യക്തിനിഷ്ഠമായ പോരാട്ടത്തിന് ആശയപരമായ തലം നല്‍കണമെന്ന് പി.എന്‍. ഹക്സര്‍ ഇന്ദിരയെ ഉപദേശിച്ചു.

ജൂലൈ 11ന് എ.ഐ.സി.സി.ക്ക് മുന്നോടിയായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ചേര്‍ന്നു. അന്നേദിവസം പ്രധാനമന്ത്രി പങ്കെടുത്തില്ല. പകരം സാമ്പത്തിക പരിഷ്‌കരണത്തെക്കുറിച്ചുള്ള തന്റെ ചിതറിയ ചിന്തകള്‍ ഉള്‍ക്കൊളളിച്ച ഒരു കുറിപ്പ് കേന്ദ്രമന്ത്രി ഫക്രുദ്ദീന്‍ അലി അഹമ്മദ് വശം കൊടുത്തയച്ചു. സ്വകാര്യ ബാങ്കുകള്‍ക്ക് മേലുള്ള സാമ്പത്തിക നിയന്ത്രണം ആരംഭിച്ചിട്ട് രണ്ടുകൊല്ലമായില്ലെങ്കിലും ബാങ്ക് ദേശസാല്‍ക്കരണം പുനഃപരിശോധിക്കാന്‍ താന്‍ സന്നദ്ധയാണെന്ന് അതില്‍ സൂചിപ്പിച്ചിരുന്നു. തന്റെ ആശയങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ സ്വീകരിക്കാം എന്നും വ്യക്തമാക്കി. പ്രവര്‍ത്തകസമിതി പരിഹാസരൂപത്തിലാണെങ്കിലും പ്രധാനമന്ത്രിയുടെ ചിന്തകള്‍ പൂര്‍ണ്ണമായിത്തന്നെ സ്വീകരിച്ചു.

ജൂലൈ 12ന് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നു. എ.ഐ.സി.സി. പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും കൂടാതെ മൊറാര്‍ജി ദേശായി, വൈ.ബി. ചവാന്‍, ഫക്രുദ്ദീന്‍ അലി അഹമ്മദ്, ജഗ്ജീവന്‍ റാം, കാമരാജ്, എസ്.കെ. പാട്ടീല്‍ എന്നിവരായിരുന്നു ബോര്‍ഡിലെ അംഗങ്ങള്‍. സിന്‍ഡിക്കേറ്റുകാര്‍ സഞ്ജീവറെഡ്ഡിയുടെയും പേരും ഇന്ദിര ജഗ്ജീവന്‍ റാമിന്റെയും പേരുകള്‍ നിര്‍ദ്ദേശിച്ചു. ഒരു പട്ടികജാതിക്കാരന്‍ പരമോന്നത പദവിയില്‍ എത്തണമെന്ന രാഷ്ട്രപിതാവിന്റെ സ്വപ്നത്തെപ്പറ്റിയും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. പക്ഷേ മൊറാര്‍ജിയും കാമരാജും വഴങ്ങിയില്ല. 40 മിനിറ്റ് നീണ്ട ചര്‍ച്ചക്കൊടുവില്‍ വോട്ടെടുപ്പ് നടന്നു. ജഗ്ജീവന്‍ റാമും നിജലിംഗപ്പയും വോട്ട് ചെയ്തില്ല. ഇന്ദിരയും ഫക്രുദ്ദീനും ജഗ്ജീവന്‍ റാമിന് വോട്ട് ചെയ്തു. വൈ.ബി. ചവാന്‍ അടക്കം മറ്റുള്ളവര്‍ റെഡ്ഡിക്കുവേണ്ടി കൈപൊക്കി. രണ്ടിനെതിരെ നാല് വോട്ടിന് സഞ്ജീവറെഡ്ഡി സ്ഥാനാര്‍ത്ഥിയായി.

പാര്‍ലമെന്ററി ബോര്‍ഡിലെ പരാജയവും വൈ.ബി. ചവാന്റെ നിലപാടുമാറ്റവും ഇന്ദിരയെ ക്രുദ്ധയാക്കി. അവര്‍ ഉടനടി പത്രസമ്മേളനം വിളിച്ചു മുറിവേറ്റ പെണ്‍കടുവയെപ്പോലെ ഗര്‍ജ്ജിച്ചു. ഇപ്രകാരം ഒരു തീരുമാനമെടുത്ത പാര്‍ട്ടി മേലാളന്മാര്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരും എന്ന് മുന്നറിയിപ്പ് നല്‍കി. തന്റെ സാമൂഹ്യ, രാഷ്ട്രീയ നിലപാടുകള്‍ക്കെതിരായ കടന്നാക്രമണമാണ് പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ നടന്നതെന്ന് കുറ്റപ്പെടുത്തി.

ജൂലൈ 13-ാം തീയതി ആക്ടിംഗ് പ്രസിഡന്റ് വി.വി. ഗിരി രാഷ്ട്രപതി സ്ഥാനത്തേക്ക് താന്‍ മത്സരിക്കും എന്ന് പ്രഖ്യാപിച്ചു. “യഥാര്‍ത്ഥ സത്യാഗ്രഹി ഭവിഷ്യത്തുകളെ വകവെക്കാതെ അനീതിക്കെതിരെ ധാര്‍മ്മികസമരം നടത്തുമെന്ന് മഹാത്മജി നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതനുസരിച്ച് ഞാന്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യില്ല. പക്ഷെ പാര്‍ലമെന്ററി ബോര്‍ഡ് രാജ്യത്തോട് നീതി കാട്ടുകയോ സ്വന്തം സംഘടനയോട് നീതിയുക്തമായി പെരുമാറുകയോ ചെയ്തിട്ടില്ല.” പ്രധാനമന്ത്രിയുടെ പരോക്ഷപിന്തുണയോടെയാണ് ഗിരി മത്സരിക്കുന്നതെന്നും ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ കൂറുമാറി വോട്ട് ചെയ്യുമെന്നും ശ്രുതി പരന്നു.

സിന്‍ഡിക്കേറ്റിനെതിരെ ആഞ്ഞടിക്കാന്‍ തന്നെ ഇന്ദിരാഗാന്ധി തീരുമാനിച്ചു. നിര്‍ണ്ണായക സമയത്ത് തന്നെ വഞ്ചിച്ച ചവാനെയല്ല ആദ്യം മുതലേ എതിരാളിയായിരുന്ന മൊറാര്‍ജിയെയാണ് പ്രതികാരത്തിനായി അവര്‍ തെരഞ്ഞെടുത്തത്. പരമ യാഥാസ്ഥിതികനും പിന്തിരിപ്പനും എന്ന് മുദ്ര പതിഞ്ഞ ദേശായിയെ ഒറ്റതിരിച്ച് ആക്രമിക്കുന്നതായിരിക്കും പുരോഗമന ചിന്താഗതിക്കാരനായി അറിയപ്പെടുന്ന ചവാനെ കൈകാര്യം ചെയ്യുന്നതിനേക്കാള്‍ ഫലപ്രദം എന്ന് അവര്‍ കരുതി.

ജൂലൈ 16-ാം തീയതി യാതൊരു പ്രകോപനവും കൂടാതെ ധനകാര്യവകുപ്പ് മൊറാര്‍ജിയില്‍ നിന്ന് ഏറ്റെടുത്തു. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിലുള്ള ധര്‍മ്മസങ്കടത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാന്‍ വേണ്ടിയാണ് ഇതെന്ന് കത്തില്‍ വ്യക്തമാക്കി. വകുപ്പൊന്നുമില്ലാതെ ഉപപ്രധാനമന്ത്രിയായി തുടരണമെന്ന് അഭ്യര്‍ത്ഥിച്ചു. അപമാനിതനായ ദേശായി ഉടന്‍ രാജിവെച്ചു. ജൂലൈ 21ന് അദ്ദേഹം പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി. ഇന്ദിരയുടെ പെരുമാറ്റം തികച്ചും ഖേദകരമെന്ന് പരിതപിച്ചു. “എന്റെ മനസ്സാക്ഷി തികച്ചും ശുദ്ധമാണ്. അജ്ഞത നിമിത്തമോ കാലുഷ്യം കൊണ്ടോ എന്റെ മേല്‍ ചെളിവാരി എറിയുന്നവര്‍ നടത്തുന്ന ശ്രമങ്ങളെപ്പറ്റി കുണ്ഠിതമില്ല”

ജൂലൈ 19-ാം തീയതി 50 കോടിയിലധികം നിക്ഷേപമുള്ള 14 സ്വകാര്യ ബാങ്കുകള്‍- അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാ്ങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ദേനാ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, യുണൈറ്റഡ് കമേഴ്സ്യല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ- ദേശസാല്‍ക്കരിച്ചുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. രാജ്യത്തെ മൊത്തം നിക്ഷേപങ്ങളുടെ 70 ശതമാനത്തോളം ഈ ബാങ്കുകളിലായിരുന്നു. നമ്മുടെ പ്രഖ്യാപിത പദ്ധതികളുടെയും നയങ്ങളുടെയും പുതിയതും കൂടുതല്‍ ഓജസ്സുറ്റതുമായ നടപ്പാക്കല്‍ ഘട്ടമാണിതെന്ന് പ്രധാനമന്ത്രി റേഡിയോ പ്രക്ഷേപണത്തിലൂടെ അവകാശപ്പെട്ടു.

സ്വകാര്യ ബാങ്കുകള്‍ ദേശസാല്‍ക്കരിച്ച വാര്‍ത്ത രാജ്യത്തെമ്പാടും വലിയ കോളിളക്കം സൃഷ്ടിച്ചു. ദരിദ്രരും സാധാരണക്കാരും കോരിത്തരിച്ചു. ജീവിതത്തില്‍ ഒരിക്കലും ഒരു ബാങ്കിലും പോകാത്തവരായിരുന്നു അവരില്‍ അധികവും. പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രകടനങ്ങള്‍ നടന്നു. സി.പി.ഐ, സി.പി.എം. പാര്‍ട്ടികള്‍ ദേശസാല്‍ക്കരണത്തെ പിന്തുണച്ചു.

രാജ്യത്തെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലും നടത്തിപ്പിലും ഉള്ളവയായിരുന്നു ദേശസാല്‍ക്കരിക്കപ്പെട്ട വാണിജ്യബാങ്കുകള്‍. ഉദാഹരണത്തിന് യുണൈറ്റഡ് കമേഴ്സ്യല്‍ ബാങ്ക് ഘനശ്യാംദാസ് ബിര്‍ള സ്ഥാപിച്ചതും ബിര്‍ള ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ളതുമായിരുന്നു . സിന്‍ഡിക്കേറ്റ് ബാങ്കിന്റെ സ്ഥാപകന്‍ മണിപ്പാലിലെ ടി.എം.എ. പൈയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ പ്രധാന സംഘാടകന്‍ മദ്രാസിലെ ചിദംബരം ചെട്ടിയാരും ആയിരുന്നു. ബാങ്ക് ദേശസാല്‍ക്കരണം മൂലധനശക്തികളെയും അവരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളെയും കോപാകുലരാക്കി. പ്രധാനമന്ത്രി വ്യക്തിപരമായ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത അപകടത്തിലാക്കിയെന്ന് അവര്‍ ആരോപിച്ചു. സ്വതന്ത്രാപാര്‍ട്ടിയും ഭാരതീയ ജനസംഘവും അതേ ആരോപണം ആവര്‍ത്തിച്ചു.

ജൂലൈ 19ന് സഞ്ജീവറെഡ്ഡി ലോക്സഭാ സ്പീക്കര്‍ സ്ഥാനം രാജിവെച്ചു. ഗിരി ആക്ടിംഗ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു. അതേത്തുടര്‍ന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുള്ള ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റു. സി.പി.എം, സി.പി.ഐ, എസ്.എസ്.പി. പാര്‍ട്ടികള്‍ ഗിരിക്ക് പിന്തുണ പ്രഖ്യാപിച്ചു. പിന്നാലെ ശിരോമണി അകാലിദളും ഡി.എം.കെ.യും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗും ഗിരിയെ പിന്തുണക്കാന്‍ തീരുമാനിച്ചു.

സ്വതന്ത്രാ, ജനസംഘം, ബി.കെ.ഡി എന്നീ വലതുപക്ഷ പാര്‍ട്ടികള്‍ പൊതുസമ്മതനായ ഒരു സ്ഥാനാര്‍ത്ഥിയെ അന്വേഷിച്ചു. ഒടുവില്‍ മുന്‍ ധനകാര്യമന്ത്രി സി.ഡി. ദേശ്മുഖിനെ കണ്ടെത്തി. അങ്ങനെ രാഷ്ട്രപതി സ്ഥാനത്തേക്ക് ത്രികോണമത്സരം ഉറപ്പായി. ഓഗസ്റ്റ് 16 വോട്ടെടുപ്പ് തീയതിയായി നിശ്ചയിച്ചു.

സ്വകാര്യ ബാങ്കുകള്‍ ഏറ്റെടുക്കാനും ദേശസാല്‍ക്കരിക്കാനുമുള്ള ബില്ല് ജൂലൈ 25ന് നിയമമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോന്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ഓഗസ്റ്റ് 8ന് പാര്‍ലമെന്റ് പാസാക്കി. 9-ാം തീയതി രാഷ്ട്രപതി ഒപ്പിട്ടു. അതോടെ ബില്ല് നിയമമായി. മുമ്പ് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് പിന്‍വലിച്ചു. നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് സ്വകാര്യ ബാങ്കുകളുടെ ഓഹരി ഉടമകളും ഡയറക്ടര്‍മാരും സ്വതന്ത്ര, ജനസംഘം നേതാക്കളും സുപ്രീംകോടതിയെ സമീപിച്ചു.

കുറഞ്ഞ ഭൂരിപക്ഷത്തോടെയാണെങ്കിലും സഞ്ജീവറെഡ്ഡി വിജയിക്കും എന്നായിരുന്നു പൊതുവെ ഉണ്ടായിരുന്ന ധാരണ. കോണ്‍ഗ്രസുകാരെല്ലാവരും റെഡ്ഡിക്കുതന്നെ വോട്ടു ചെയ്യും, അവസാന നിമിഷം പ്രധാനമന്ത്രിയും സിന്‍ഡിക്കേറ്റും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാകും എന്ന് പ്രതീക്ഷിച്ചു. സഞ്ജീവറെഡ്ഡിയുടെ നാമനിര്‍ദ്ദേശപത്രികയില്‍ ഇന്ദിരാഗാന്ധി ഒപ്പിട്ടുവെങ്കിലും കോണ്‍ഗ്രസുകാര്‍ക്ക് വിപ്പ് കൊടുക്കാന്‍ വിസമ്മതിച്ചു. അതോടെ ഒത്തുതീര്‍പ്പുസാധ്യത മങ്ങി. പിരിമുറുക്കം വര്‍ദ്ധിച്ചു.

സഞ്ജീവറെഡ്ഡിക്ക് വോട്ടുചെയ്യണമന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി എക്സിക്യൂട്ടീവ് ഓഗസ്റ്റ് 14ന് പാര്‍ട്ടി അംഗങ്ങളോട് ആവശ്യപ്പെട്ടു. മത്സരം ജനാധിപത്യവും കമ്യൂണിസവും തമ്മിലാണെന്ന് നിജലിംഗപ്പ ചൂണ്ടിക്കാട്ടി. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ശക്തികളാണ് ഗിരിയെ പിന്തുണക്കുന്നത്. വിഘടനവാദവും വിഭജനവാദവും പ്രോത്സാഹിപ്പിക്കുന്ന സി.പി.എം., അകാലിദള്‍, ഡി.എം.കെ. മുസ്ലീംലീഗ് മുതലായ പാര്‍ട്ടികളാണ് ഗിരിയുടെ പിന്നില്‍ അണിനിരന്നിട്ടുള്ളത്. അതിനാല്‍ രാജ്യസ്നേഹികളായ സ്വതന്ത്രാ, ജനസംഘം പാര്‍ട്ടികളും അന്ധമായ കോണ്‍ഗ്രസ് വിരോധം വെടിഞ്ഞ് സഞ്ജീവറെഡ്ഡിയെ വിജയിപ്പിക്കണം.

നിജലിംഗപ്പയുടെ അഭ്യര്‍ത്ഥന മാനിച്ച് തങ്ങളുടെ രണ്ടാം മുന്‍ഗണനാ വോട്ടുകള്‍ റെഡ്ഡിക്ക് ചെയ്യാന്‍ സ്വതന്ത്രാപാര്‍ട്ടിയും ജനസംഘവും തീരുമാനിച്ചു. അതോടെ മുമ്പ് താന്‍ റെഡ്ഡിക്ക് നല്‍കിയ പിന്തുണ റദ്ദായതായി ഇന്ദിരാഗാന്ധി നിജലിംഗപ്പക്ക് കത്തെഴുതി. സ്വന്തം മനസ്സാക്ഷി അനുസരിച്ച് വോട്ടുചെയ്യാന്‍ അവര്‍ അനുയായികളെ ആഹ്വാനം ചെയ്തു.

ഓഗസ്റ്റ് 16ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ വോട്ടെടുപ്പ് സമാധാനപരമായി നടന്നു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനും വിമതപ്രവര്‍ത്തനം നടത്തിയതിനും നിജലിംഗപ്പ ഇന്ദിരാഗാന്ധി, ഫക്രുദ്ദീന്‍ അലി അഹമ്മദ്, ജഗ്ജീവന്‍ റാം എന്നിവര്‍ക്കും. യു.പി. ബിഹാര്‍, പഞ്ചാബ് പി.സി.സി. അധ്യക്ഷന്മാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തനിക്കെതിരെ അച്ചടക്ക നടപടി കൈക്കൊള്ളുന്നപക്ഷം പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇന്ദിരാഗാന്ധി മുന്നറിയിപ്പ് നല്‍കി.

ഓഗസ്റ്റ് 20-ാം തീയതി പാര്‍ലമെന്റ് മന്ദിരത്തിന്റെ 62-ാം മുറിയില്‍ വെച്ച് വോട്ടെണ്ണി. ആദ്യ റൗണ്ടില്‍ ഗിരി 45 ശതമാനം വോട്ടോടെ വ്യക്തമായ മേല്‍ക്കൈ നേടി. സഞ്ജീവറെഡ്ഡിക്ക് 37. 5 ശതമാനവും ദേശ്മുഖിന് 13.5 ശതമാനവും മറ്റെല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കൂടി ഒരു ശതമാനവും വോട്ടേ കിട്ടിയുള്ളൂ. ഇലക്ട്രല്‍ കോളേജില്‍ ഗിരി 4,01,515 വോട്ട് നേടിയപ്പോള്‍ സഞ്ജീവറെഡ്ഡിക്ക് 3,13,548 ഉം ദേശ്മുഖിന് 1,12,769 വോട്ടും കിട്ടി. ചന്ദ്രസേനാനി 831, ബാബുലാല്‍ മഗ് 576, ചൗധരി ഹരിറാം 125, അനിരുദ്ധ് ശര്‍മ്മ 125, കുഭിറാം 94 എന്നായിരുന്നു മറ്റ് സ്ഥാനാര്‍ത്ഥികളുടെ വോട്ടുനില.

പാര്‍ലമെന്റംഗങ്ങളില്‍ 359 പേര്‍ ഗിരിക്കും 268 പേര്‍ റെഡ്ഡിക്കും 101 പേര്‍ ദേശ്മുഖിനും വോട്ട് ചെയ്തു. 6 വോട്ട് അസാധുവായി. പ്രതിപക്ഷ മന്ത്രിസഭകള്‍ നിലവിലുണ്ടായിരുന്ന കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, ഒറീസ, പഞ്ചാബ് എന്നിവിടങ്ങളിലെല്ലാം ഗിരി കനത്ത ഭൂരിപക്ഷം നേടിയിരുന്നു. കോണ്‍ഗ്രസ് ഭരണത്തിലിരുന്ന രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, മൈസൂര്‍ എന്നിവിടങ്ങളില്‍ സഞ്ജീവറെഡ്ഡി വലിയ ഭൂരിപക്ഷം നേടി; ആസാമിലും മധ്യപ്രദേശിലും നേരിയ മുന്‍തൂക്കമേ കിട്ടിയുള്ളൂ. ഉത്തര്‍പ്രദേശില്‍ ഗിരി വ്യക്തമായ ഭൂരിപക്ഷം നേടി; ഇരു സ്ഥാനാര്‍ത്ഥികളുടെയും മാതൃസംസ്ഥാനമായ ആന്ധ്രയിലും ഗിരിക്കായിരുന്നു മുന്‍തൂക്കം. കോണ്‍ഗ്രസ് എം.പി.മാരില്‍ മൂന്നിലൊരുഭാഗം എം.എല്‍.എ.മാരും നാലിലൊന്ന് കൂറുമാറി ഗിരിക്ക് വോട്ടുചെയ്തു എന്നു വ്യക്തമായി.

ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ ഗിരി ഭൂരിപക്ഷത്തിനടുത്തെത്തിയെങ്കിലും ഉദ്വേഗം വര്‍ധിക്കുകയാണ് ചെയ്തത്. ജനസംഘത്തിന്റെയും സ്വതന്ത്രാപാര്‍ട്ടിയുടെയും രണ്ടാം മുന്‍ഗണനാ വോട്ടുകള്‍ സഞ്ജീവറെഡ്ഡിക്കായിരുന്നു എന്നതുതന്നെ കാരണം. രണ്ടാം റൗണ്ടും എണ്ണിക്കഴിഞ്ഞപ്പോള്‍ ഗിരിക്ക് 4,20,077 വോട്ടും സഞ്ജീവറെഡ്ഡിക്ക് 4,05,427 വോട്ടും കിട്ടി. അങ്ങനെ ഗിരി ജയിച്ചതായി പ്രഖ്യാപിച്ചു.

ഒറീസയിലെ ഒരു തെലുഗു ബ്രാഹ്മണ കുടുംബത്തില്‍ 1894 ആഗസ്റ്റ് 10നാണ് വരാഹഗിരി വെങ്കിടഗിരി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അഭിഭാഷകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. അയര്‍ലണ്ടില്‍ ഉപരിപഠനം നടത്തിയ ഗിരി നിയമബിരുദം നേടി 1916-ല്‍ നാട്ടിലെത്തി മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. 1921-ല്‍ നിസ്സഹകരണ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റുവരിച്ചു. അതിനുശേഷം അഭിഭാഷകവൃത്തി ഉപേക്ഷിച്ചു. ട്രേഡ് യൂണിയന്‍ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. രണ്ടുതവണ എ.ഐ.ടി.യു.സിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1936-ല്‍ ബോബ്ലി രാജാവിനെ തോല്‍പിച്ച് മദ്രാസ് നിയമസഭയിലെത്തി. 1937-39 കാലയളവില്‍ തൊഴില്‍മന്ത്രിയായിരുന്നു. 1947-51 കാലത്ത് സിലോണില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായും പ്രവര്‍ത്തിച്ചു. 1952-ല്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1952-54 കാലത്ത് കേന്ദ്ര തൊഴില്‍മന്ത്രിയായിരുന്നു. 1957-ലെ തെരഞ്ഞെടുപ്പില്‍ ഗിരി തോറ്റു. പിന്നീട് ഉത്തര്‍പ്രദേശിലും കേരളത്തിലും മൈസൂരിലും ഗവര്‍ണറായി സേവനമനുഷ്ഠിച്ചു. 1967-ല്‍ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. സന്താനനിയന്ത്രണവും കുടുംബാസൂത്രണവും നടപ്പാക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തീവ്രയത്നം നടത്തുന്ന കാലത്ത് ഒരു കാരണവശാലും രാഷ്ട്രപതിയായിരിക്കാന്‍ പാടില്ലാത്ത ആളായിരുന്നു വി.വി. ഗിരി. അദ്ദേഹത്തിന് 14 മക്കളുണ്ടായിരുന്നു.

തെരഞ്ഞെടുപ്പുഫലം ഇന്ദിരാഗാന്ധിയെ സന്തോഷിപ്പിച്ചു. തന്നെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നവര്‍ക്ക് തിരിച്ചടി നല്‍കുമെന്ന് അവര്‍ സിന്‍ഡിക്കേറ്റിന് മുന്നറിയിപ്പ് നല്‍കി. നെഹ്റുവിന്റെ അവസാനകാലം മുതല്‍ കോണ്‍ഗ്രസ് അടിസ്ഥാനതത്വങ്ങളില്‍ നിന്ന് വ്യതിചലിച്ചുവെന്ന് അവര്‍ കുറ്റപ്പെടുത്തി. സഞ്ജീവറെഡ്ഡിയെപ്പോലെ ഒരാളെ രാഷ്ട്രപതി സ്ഥാനത്തേക്ക് തീരുമാനിച്ചത് യാദൃശ്ചികമല്ല, ജനസംഘത്തിന്റെയും സ്വതന്ത്രാപാര്‍ട്ടിയുടെയും വോട്ട് തേടിയത് മനസ്സാക്ഷിക്ക് നിരക്കുന്നതല്ല എന്ന് കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 21ന് ഇന്ദിര ഡിഫന്‍സ് കോളനിയിലുള്ള വീട്ടില്‍ച്ചെന്ന് ഗിരിയെ അഭിനന്ദിച്ചു. പാര്‍ലമെന്റില്‍ സി.പി.ഐ, സി.പി.എം., എസ്.എസ്.പി. അംഗങ്ങള്‍ ഗിരിക്ക് സിന്ദാബാദ് വിളിച്ചു. ഓഗസ്റ്റ് 24ന് വി.വി. ഗിരി രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു. താന്‍ ജനങ്ങളുടെ ദാസനായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഓഗസ്റ്റ് 30ന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നു. യു.പി.യിലെ ബറേലിയില്‍ നിന്നുള്ള അഭിഭാഷകനും മുന്‍ ഹൈക്കോടതി ജഡ്ജിയും മുന്‍കേന്ദ്ര നിയമമന്ത്രിയുമായ ജി.എസ്. പഥക് ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സി.പി.ഐ, സി.പി.എം., ഡി.എം.കെ. പാര്‍ട്ടികള്‍ ചേര്‍ന്ന് ശിവ ഷണ്മുഖം പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കി. പി.എസ്.പി.യും ബി.കെ.ഡിയും ചേര്‍ന്ന് എച്ച്.വി. കാമത്തിനെയും മത്സരിപ്പിച്ചു. ജനസംഘവും സ്വതന്ത്രാപാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല. പഥക്കിന് 400 വോട്ട് കിട്ടിയപ്പോള്‍ ശിവ ഷണ്മുഖംപിള്ളക്ക് 169ഉം കാമത്തിന് 156ഉം വോട്ടാണ് കിട്ടിയത്. അങ്ങനെ പഥക് തെരഞ്ഞെടുക്കപ്പെട്ടു.

സഞ്ജീവറെഡ്ഡി രാജിവെച്ച ഒഴിവില്‍ ഗുര്‍ദയാല്‍ സിങ്ങ് ധില്ലന്‍ ലോക്സഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. അഭിഭാഷകനും ദീര്‍ഘകാലം പഞ്ചാബ് നിയമസഭാ സ്പീക്കറുമായിരുന്ന ധില്ലന്‍ തരണ്‍ തരണ്‍ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്. ആര്‍.കെ. ഖാദില്‍കറെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ഒഴിവുവന്നു. ആസാമില്‍ നിന്നുള്ള ജോര്‍ജ്ജ് ഗില്‍ബര്‍ട്ട് സ്വെല്‍ തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം കോണ്‍ഗ്രസുകാരനായിരുന്നില്ല, സ്വയംഭരണപ്രദേശത്തെ പ്രതിനിധീകരിച്ച ഹില്‍ ലീഡേഴ്സ് കോണ്‍ഫറന്‍സിന്റെ പ്രതിനിധി ആയിരുന്നു.

രാഷ്ട്രപതി തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് അതിവേഗം പിളര്‍പ്പിലേക്ക് നീങ്ങി. പാര്‍ട്ടിയെ വഞ്ചിച്ച പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് 70 കോണ്‍ഗ്രസ് എം.പി.മാര്‍ ഓഗസ്റ്റ് 22ന് നിജലിംഗപ്പയോട് അഭ്യര്‍ത്ഥിച്ചു. ഇന്ദിരാഗാന്ധി 1972 വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പ് പറയാനാവില്ലെന്ന് നിജലിംഗപ്പ വാര്‍ത്താലേഖകരെ അറിയിച്ചു. അതേസമയം 248 എം.പി.മാര്‍ മുന്‍ എ.ഐ.സി.സി. പ്രസിഡന്റ് സഞ്ജീവയ്യയുടെ വീട്ടില്‍ യോഗം ചേര്‍ന്ന് ഇന്ദിരാഗാന്ധിയില്‍ വിശ്വാസം രേഖപ്പെടുത്തി. ബിഹാര്‍ പി.സി.സി പ്രസിഡന്റ് എ.പി. ശര്‍മ്മയാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. പ്രധാനമന്ത്രി അഖിലേന്ത്യാ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ കീഴ്ജീവനക്കാരിയല്ലെന്ന് ഓഗസ്റ്റ് 29ന് ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചു.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ വൈ.ബി. ചവാന്‍ ഇന്ദിരാപക്ഷത്തേക്ക് കൂറുമാറി. സെപ്റ്റംബര്‍ 18-ാം തീയതി മാത്രമാണ് അദ്ദേഹം ആ വിവരം പരസ്യപ്പെടുത്തിയുള്ളൂ എന്നുമാത്രം. സെപ്റ്റംബര്‍ 27ന് തമിഴ്നാട് പി.സി.സി. പ്രസിഡന്റ് സി. സുബ്രഹ്മണ്യം രാജിവെച്ചു. അദ്ദേഹം കാമരാജിനെ നിശിതമായി വിമര്‍ശിച്ചു. ഇന്ദിരാഗാന്ധിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ എ.ഐ.സി.സി. യോഗം ഉടന്‍ വിളിച്ചുചേര്‍ക്കണമെന്ന് ഇന്ദിരാഗാന്ധി സെപ്റ്റംബര്‍ 29ന് ആവശ്യപ്പെട്ടു. എ.ഐ.സി.സി. വിളിക്കാന്‍ വേണ്ടത്ര അംഗബലം പ്രധാനമന്ത്രിക്ക് ഉണ്ടായിരുന്നു. എങ്കിലും അത്യുത്സാഹത്താല്‍ ഏതാനും പേരുടെ കള്ള ഒപ്പ് കൂടി ഇട്ടാണ് അപേക്ഷ സമര്‍പ്പിച്ചത്. നവംബര്‍ ഒന്നാം തീയതി പ്രവര്‍ത്തകസമിതി യോഗം വിളിച്ചുകൂട്ടി തീരുമാനിക്കാമെന്ന് നിജലിംഗപ്പ സമ്മതിച്ചു. ആ യോഗത്തോടെ പാര്‍ട്ടി പിളരും എന്ന കാര്യം ഉറപ്പായി. ഇരുകൂട്ടരും അണികളെയും നേതാക്കളെയും പാര്‍ലമെന്റ്, നിയമസഭാ അംഗങ്ങളെയും തങ്ങളുടെ ഭാഗത്ത് ഉറപ്പിച്ചു നിര്‍ത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി.

ഒക്ടോബര്‍ 28-ാം തീയതി നിജലിംഗപ്പ ഇന്ദിരാഗാന്ധിക്ക് ഒരു തുറന്ന് കത്ത് എഴുതി പ്രസിദ്ധീകരിച്ചു. പ്രധാനമന്ത്രി വ്യക്തിപൂജ പ്രോത്സാഹിപ്പിക്കുകയാണെന്നും അവരെ സ്ഥാനത്തേക്ക് ഉയര്‍ത്തിയ നേതാക്കളെ നിന്ദിക്കുകയാണെന്നും തന്നോടുള്ള വ്യക്തിപരമായ കൂറ് പാര്‍ട്ടിയോടും രാജ്യത്തോടുമുള്ള ഉത്തരവാദിത്തമായി ചിത്രീകരിക്കുന്നുവെന്നും ആരോപിച്ചു. ഒക്ടോബര്‍ 31ന് നിജലിംഗപ്പ സുബ്രഹ്മണ്യത്തെയും ഫക്രുദ്ദീന്‍ അലി അഹമ്മദിനെയും വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി.

നവംബര്‍ ഒന്നാം തീയതി മുന്‍ നിശ്ചയപ്രകാരം കാമരാജ്, അതുല്യഘോഷ്, മൊറാര്‍ജി, എസ്.കെ. പാട്ടീല്‍, സാദിഖ് അലി, സി.ബി. ഗുപ്ത, റാം സുഭഗ് സിങ്ങ്, ഹിതേന്ദ്ര ദേശായി, പി. വെങ്കിട സുബ്ബയ്യ, കെ.സി. എബ്രഹാം, നിജലിംഗപ്പ എന്നിവര്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് യോഗം ചേര്‍ന്നു. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം എന്ന ആവശ്യം പ്രവര്‍ത്തകസമിതി തള്ളിക്കളഞ്ഞു.

എബ്രഹാം മാസ്റ്റര്‍ ഒഴികെയുള്ള പ്രവര്‍ത്തകസമിതി അംഗങ്ങളെ പ്രധാനമന്ത്രിയുടെ ആരാധകര്‍ കൂവിവിളിക്കുകയും ദേഹോപദ്രവത്തിന് മുതിരുകയും ചെയ്തു. അതിന് നേതൃത്വം നല്‍കിയ സുഭദ്രാജോഷി, ശശിഭൂഷണ്‍, ഓംപ്രകാശ് ബഹദൂര്‍ മുതലായവരെ നിജലിംഗപ്പ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

ഇന്‍ഡിക്കേറ്റ് എന്നറിയപ്പെട്ട വിമതര്‍ അതേസമയത്ത് മറ്റൊരിടത്ത് യോഗം ചേര്‍ന്നു. അവിടെ ഇന്ദിരാഗാന്ധി, സി. സുബ്രഹ്മണ്യം, ഫക്രുദ്ദീന്‍ അലി അഹമ്മദ്, വൈ.ബി. ചവാന്‍, ജഗ്ജീവന്‍ റാം, വി.പി. നായ്ക്, ഉമാശങ്കര്‍ ദീക്ഷിത്, ബ്രഹ്മാനന്ദ റെഡ്ഡി, മോഹന്‍ലാല്‍ സുഖാദിയ, ശങ്കര്‍ദയാല്‍ ശര്‍മ്മ എന്നിവര്‍ക്കൊപ്പം കെ.സി. എബ്രഹാം മാസ്റ്ററും പങ്കെടുത്തു. രണ്ട് യോഗത്തിലും പങ്കെടുത്ത മാസ്റ്റര്‍ ഒടുവില്‍ സിന്‍ഡിക്കേറ്റ് പക്ഷത്ത് ഉറച്ചു.

പാര്‍ട്ടി പിളരുന്ന പക്ഷം സ്ഥാനഭ്രംശം ഭയന്ന ഏതാനും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ആ ഘട്ടത്തില്‍ ഒത്തുതീര്‍പ്പ് ശ്രമം ആരംഭിച്ചു. രാജസ്ഥാനിലെ മോഹന്‍ലാല്‍ സുഖാദിയ, മഹാരാഷ്ട്രയിലെ വസന്തറാവു നായ്ക്, യു.പി.യിലെ ചന്ദ്രഭാനു ഗുപ്ത, ഗുജറാത്തിലെ ഹിതേന്ദ്ര ദേശായി, ജമ്മുകശ്മീരിലെ ഗുലാം മുഹമ്മദ് സാദിഖ്, മധ്യപ്രദേശിലെ ശ്യാംചരണ്‍ ശുക്ല, ആന്ധ്രപ്രദേശിലെ ബ്രഹ്മാനന്ദ റെഡ്ഡി, ആസാമിലെ ബിമല പ്രസാദ് ചാലിഹ, ത്രിപുരയിലെ ശചീന്ദ്ര സിങ്ങ്, മൈസൂരിലെ വീരേന്ദ്ര പാട്ടീല്‍ എന്നിവരായിരുന്നു സമാധാനനീക്കം നയിച്ചത്. പക്ഷേ ഫലമൊന്നും ഉണ്ടായില്ല. ഇന്ദിരാഗാന്ധി അച്ചടക്കം പാലിക്കണം എന്ന് നിജലിംഗപ്പയും എ.ഐ.സി.സി. പ്രസിഡന്റ് സ്ഥാനമൊഴിയണമെന്നു പ്രധാനമന്ത്രിയും ശഠിച്ചു. ചര്‍ച്ചകള്‍ പരാജയപ്പെട്ടു.

നവംബര്‍ 3-ാം തീയതി നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ നിന്ന് ഇന്ദിരാഗാന്ധിയും വൈ.ബി. ചവാനും ജഗജീവന്‍ റാമും വിട്ടുനിന്നു. അവര്‍ സ്വന്തം നിലയ്ക്ക് എ.ഐ.സി.സി. വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചു. സമാന്തര എ.ഐ.സി.സി. വിളിച്ചുകൂട്ടുന്നത് കടുത്ത അച്ചടക്കലംഘനമാണെന്ന് നിജലിംഗപ്പ ഇന്ദിരാഗാന്ധിക്ക് കത്ത് കൊടുത്തു. അദ്ദേഹത്തിന്റെ നിലപാട് തികച്ചും പ്രകോപനപരമാണെന്ന് ഇന്ദിര തിരിച്ചടിച്ചു.

നവംബര്‍ 4ന് റെയില്‍വെമന്ത്രി ഡോ. റാം സുഭഗ് സിങ്ങിനെ പ്രധാനമന്ത്രി കേന്ദ്ര ക്യാബിനറ്റില്‍ നിന്ന് പുറത്താക്കി. പിന്നാലെ സഹമന്ത്രിമാരായ പരിമള്‍ഘോഷ്, എം.എസ്. ഗുരുപാദസ്വാമി, ജെ.ബി. മുക്ത്യാല്‍ റാവു, ജഗന്നാഥ് പഹാഡിയ എന്നിവരോടും രാജി ആവശ്യപ്പെട്ടു. അവരും ഉടന്‍ രാജിവെച്ചു. വിന്‍സര്‍ പ്ലേസിലെ മുന്‍മന്ത്രി എം.വി. കൃഷ്ണപ്പയുടെ വസതിയില്‍ സമാന്തര എ.ഐ.സി.സി. ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.

ഈ ഘട്ടത്തില്‍ വീരേന്ദ്രപാട്ടീലും കെ.സി. എബ്രഹാമും പിളര്‍പ്പ് ഒഴിവാക്കാന്‍ ഒരു അവസാനശ്രമം നടത്തിനോക്കി. നവംബര്‍ 7ന് ഇന്ദിരാഗാന്ധിയും നിജലിംഗപ്പയും തമ്മില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടു. അതോടെ പിളര്‍പ്പ് ഉറപ്പായി. 8-ാം തീയതി ഇന്ദിരാഗാന്ധി പത്രസമ്മേളനം നടത്തി താന്‍ വിശ്വാസവോട്ട് തേടുകയോ ലോക്സഭ പിരിച്ചുവിടുകയോ ചെയ്യില്ല എന്ന് പ്രഖ്യാപിച്ചു. നവംബര്‍ 12ന് ഇന്ദിരാഗാന്ധിയെ നിജലിംഗപ്പ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അതോടെ പിളര്‍പ്പ് പൂര്‍ത്തിയായി.

പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ലോക്സഭയിലെ 220ഉം രാജ്യസഭയിലെ 90ഉം എം.പി.മാര്‍ ഇന്ദിരാഗാന്ധിക്കൊപ്പം നിന്നു. ബാക്കിയുള്ളവര്‍ സിന്‍ഡിക്കേറ്റ് പക്ഷത്ത് നിലയുറപ്പിച്ചു. 530 അംഗ ലോക്സഭയില്‍ കേന്ദ്രമന്ത്രിസഭയ്ക്ക് കേവലഭൂരിപക്ഷം ഇല്ലാതായി. എങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ഡി.എം.കെ.യുടെയും പിന്തുണയോടെ ഭരണം തുടരാമെന്ന് ഇന്ദിരാഗാന്ധിക്ക് ഉറപ്പുണ്ടായിരുന്നു.

മുതിര്‍ന്ന നേതാക്കള്‍ മിക്കവരും സിന്‍ഡിക്കേറ്റ് പക്ഷത്ത് ഉറച്ചുനിന്നപ്പോള്‍ ഗുല്‍സാരിലാല്‍ നന്ദ അവര്‍ക്കൊപ്പം പോയില്ല. അദ്ദേഹം ഇന്ദിരയ്ക്കൊപ്പം നിലയുറപ്പിച്ചു. അതേസമയം മുന്‍ സോഷ്യലിസ്റ്റ് നേതാവ് അശോക് മേത്ത ഇന്ദിരയെ വിട്ട് സംഘടനാപക്ഷത്തേക്ക് പോയി എന്നുമാത്രമല്ല നിജലിംഗപ്പക്കുശേഷം ആ പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റാവുകയും ചെയ്തു. പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചപ്പോള്‍ സംഘടനാ കോണ്‍ഗ്രസുകാര്‍ പ്രത്യേക ഗ്രൂപ്പായി ഇരുന്നു. ഡോ. റാം സുഭഗ് സിങ്ങ് ആയിരുന്നു ലോക്സഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍. അദ്ദേഹത്തെ സ്പീക്കര്‍ പ്രതിപക്ഷ നേതാവായും അംഗീകരിച്ചു. മൊറാര്‍ജി ദേശായി ഇരുസഭകളിലെയും പാര്‍ട്ടി ഘടകത്തിന്റെ പൊതുനേതാവായും തെരഞ്ഞെടുക്കപ്പെട്ടു.

നവംബര്‍ 15ന് ഉരുക്ക്-ഖന വ്യവസായമന്ത്രി സി.എം. പൂനച്ച രാജിവെച്ചു. റബാത്ത് ഉച്ചകോടി സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ പങ്കെടുപ്പിക്കാതിരുന്ന പ്രശ്നത്തില്‍, കേന്ദ്രസര്‍ക്കാരിനെ ശാസിക്കാന്‍ വേണ്ടി സ്വതന്ത്രാപാര്‍ട്ടിയിലെ പിലു മോഡി കൊണ്ടുവന്ന പ്രമേയം ലോക്സഭ ചര്‍ച്ച ചെയ്ത് 140നെതിരെ 306 വോട്ടോടെ തള്ളിക്കളഞ്ഞു. അതോടെ കേന്ദ്രമന്ത്രിസഭയുടെ നിലഭദ്രമെന്ന് തെളിഞ്ഞു. റബാത്ത് പ്രശ്നത്തില്‍ മുന്‍ നിയമമന്ത്രി എം.സി. ഛഗ്ല കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. അദ്ദേഹം കേന്ദ്രസര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ചു.

നവംബര്‍ 22ന് ഇന്ദിരാഗാന്ധി വിളിച്ചുകൂട്ടിയ വിമത എ.ഐ.സി.സി. യോഗത്തില്‍, ആകെയുണ്ടായിരുന്ന 705 അംഗങ്ങളില്‍ 445 പേര്‍ പങ്കെടുത്തു. ആ യോഗം നിജലിംഗപ്പയെ പാര്‍ട്ടിയില്‍ നിന്നും പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്താക്കി. ഡി. സഞ്ജീവയ്യയെ പാര്‍ട്ടിയുടെ ഇടക്കാല പ്രസിഡന്റാക്കണം എന്നാണ് ഇന്ദിര ആഗ്രഹിച്ചത്. എന്നാല്‍ അതിനെ ആന്ധ്ര മുഖ്യമന്ത്രി ബ്രഹ്മാനന്ദറെഡ്ഡി എതിര്‍ത്തു. അതിനാല്‍ സി. സുബ്രഹ്മണ്യം എ.ഐ.സി.സി.യുടെ താല്‍ക്കാലിക പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സമ്മേളനത്തില്‍ സംസാരിക്കവെ ഇന്ദിരാഗാന്ധി വികാരാധീനയായി. അംഗത്വമെടുക്കാന്‍ 21 വയസ്സ് വരെ കാത്തിരിക്കേണ്ടിവന്നു എങ്കിലും താന്‍ ജന്മനാ കോണ്‍ഗ്രസുകാരിയാണ്; ആനന്ദഭവന്‍ എന്ന കോണ്‍ഗ്രസ് തറവാട്ടിലാണ് പിറന്നുവീണതെന്നും അവര്‍ അനുസ്മരിച്ചു. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് പ്രഖ്യാപിച്ചു.

സംഘടനാ കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ്ണ സമ്മേളനം ഡിസംബര്‍ 19, 20, 21 തീയതികളില്‍ ഗുജറാത്തിലെ ഗാന്ധി നഗറില്‍ നടന്നു. നിജലിംഗപ്പയെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തു. വ്യക്തിപൂജയും സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അനുവദിക്കില്ല എന്ന പ്രഖ്യാപിച്ചു. ഭരണകോണ്‍ഗ്രസിന്റ് സമ്മേളനം ഡിസംബര്‍ 26, 27 തീയതികളില്‍ ബോംബെയില്‍ നടന്നു. സ്വത്തവകാശം മൗലികാവകാശമല്ലാതാക്കണം, മുന്‍നാട്ടുരാജാക്കന്മാരുടെ പ്രത്യേക അവകാശങ്ങളും പ്രിവി പേഴ്സും നിര്‍ത്തലാക്കണം എന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബാബു ജഗജീവന്‍ റാം പാര്‍ട്ടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

അതിനുപിന്നാലെ ബാങ്ക് ദേശസാല്‍ക്കരണക്കേസില്‍ സുപ്രീംകോടതി വിധി കല്‍പ്പിച്ചു. ദേശസാല്‍ക്കരണ നിയമത്തിന്റെ പ്രസക്തമായ വകുപ്പുകള്‍ അസാധുവാണെന്ന് ജസ്റ്റിസ് ജെ.സി. ഷാ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് 1970 ഫെബ്രുവരി 10ന് വിധിച്ചു. പതിനൊന്നംഗ ബെഞ്ചില്‍ ഒരു ജഡ്ജി മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെ സാധൂകരിച്ചത്.

പാര്‍ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് സി.ബി. ഗുപ്ത നയിച്ച ഉത്തര്‍പ്രദേശ് മന്ത്രിസഭ പ്രതിസന്ധിയിലായി. കമലാപതി ത്രിപാഠിയുടെ നേതൃത്വത്തില്‍ ഇന്ദിരാപക്ഷക്കാര്‍ പിന്തുണ പിന്‍വലിച്ചു. ഗുപ്ത രാജിവെച്ചെങ്കിലും ചരണ്‍സിങ്ങുമായി കൂട്ടുചേര്‍ന്ന് ഇന്ദിരാകോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതില്‍ വിജയിച്ചു. ആന്ധ്ര മുഖ്യമന്ത്രി ബ്രഹ്മാനന്ദറെഡ്ഡിയും രാജസ്ഥാനിലെ മോഹന്‍ലാല്‍ സുഖാദിയ, മഹാരാഷ്ട്രയിലെ വി.പി. നായ്ക്, ആസാമിലെ ബിമല പ്രസാദ് ചാലിഹ എന്നിവരും ഇന്ദിരപക്ഷത്ത് ഉറച്ചുനിന്നു. പിളര്‍പ്പ് അവരെ ബാധിച്ചില്ല. മൈസൂരിലെ വീരേന്ദ്രപാട്ടീലും ഗുജറാത്തിലെ ഹിതേന്ദ്രദേശായിയും സംഘടനാപക്ഷത്താണ് നിലയുറപ്പിച്ചത്. കൂറുമാറ്റത്തിലൂടെ അവരുടെ മന്ത്രിസഭയെ തകര്‍ക്കാന്‍ ഇന്ദിരാഗ്രൂപ്പുകാര്‍ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

അതേസമയം കേന്ദ്രമന്ത്രിയും ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനുമായ ജഗ്ജീവന്‍ റാമിനെതിരെ അതീവഗുരുതരമായ ആരോപണം ഉയര്‍ന്നുവന്നു. അനവധികാലമായി മന്ത്രിയായിരിക്കുന്ന ജഗ്ജീവന്‍ അളവറ്റ സ്വത്ത് അവഹിതമായി സമ്പാദിച്ചു എന്നുമാത്രമല്ല കഴിഞ്ഞ പത്ത് വര്‍ഷമായി ആദായനികുതി അടച്ചിട്ടില്ല എന്ന കാര്യം മൊറാര്‍ജിയോട് അടുപ്പമുള്ള കേന്ദ്രങ്ങള്‍ പുറത്തുവിട്ടു. ഇന്ദിരാഗാന്ധി റാമിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയൊന്നുമില്ല; പകരം ജോലിത്തിരക്കിനിടയില്‍ അദ്ദേഹം ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ മറന്നുപോയതാണെന്ന് വ്യാഖ്യാനിച്ചു.

1970 ജൂണ്‍ മാസം കേന്ദ്രമന്ത്രിസഭ പുനസ്സംഘടിപ്പിച്ചു. മൊറാര്‍ജിയില്‍ നിന്ന് ഏറ്റെടുത്ത ധനകാര്യവകുപ്പ് വൈ.ബി. ചവാനെ ഏല്‍പിച്ചു. പകരം ആഭ്യന്തരവകുപ്പ് പ്രധാനമന്ത്രി തന്നെ കയ്യാളി. കൂട്ടത്തില്‍ സ്വരണ്‍സിങ്ങിനെ വിദേശകാര്യവകുപ്പ് ഏല്‍പ്പിച്ചു. വിദേശകാര്യമന്ത്രിയായിരുന്ന ദിനേശ് സിങ്ങിനെ വ്യവസായ വികസനം, ആഭ്യന്തരവാണിജ്യം എന്നീ അപ്രധാന വകുപ്പുകളുടെ ചുമതലക്കാരനാക്കി ഒതുക്കി. പ്രധാനമന്ത്രിക്കുമേല്‍ പി.എന്‍. ഹക്സറുടെ സ്വാധീനം വര്‍ദ്ധിക്കുന്ന എന്നതിന്റെ പ്രത്യക്ഷമായ സൂചനയായിരുന്നു ദിനേശ് സിങ്ങിന്റെ ഈ സ്ഥാനചലനം.

നാട്ടുരാജാക്കന്മാര്‍ക്കുള്ള പ്രത്യേക ആനുകൂല്യങ്ങളും പ്രിവിപേഴ്സും നിര്‍ത്തലാക്കാന്‍ ഇന്ദിരാഗാന്ധിയും യുവതുര്‍ക്കികളും പ്രതിജ്ഞാബദ്ധരായിരുന്നു. എന്ന്, എങ്ങനെ എന്ന കാര്യത്തിലേ ചില്ലറ ആശയക്കുഴപ്പമുണ്ടായിരുന്നുള്ളൂ. നാട്ടുരാജാക്കന്മാരുമായി ചര്‍ച്ച ചെയ്ത് സമവായത്തിലെത്താന്‍ ശ്രമം നടന്നുവെങ്കിലും അത് ഫലപ്രാപ്തിയില്‍ എത്തിയില്ല. ജാം നഗറിലെ മുന്‍നാട്ടുരാജാവ് ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. പക്ഷേ അവ പ്രധാനമന്ത്രിക്ക് സ്വീകാര്യമായില്ല. ഒടുവില്‍ ഭരണഘടന ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. നിര്‍ദ്ദിഷ്ട ഭേദഗതി ബില്‍ സെപ്റ്റംബര്‍ 2ന് ലോക്സഭ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കി. എന്നാല്‍ സെപ്റ്റംബര്‍ 6ന് ഒരു വോട്ട് വ്യത്യാസത്തില്‍ രാജ്യസഭ അത് നിരാകരിച്ചു.

സെപ്റ്റംബര്‍ 6-ാം തീയതി തന്നെ രാഷ്ട്രപതി ഒരു പ്രത്യേക വിളംബരത്തിലൂടെ രാജ്യത്തെ വിവിധ നാട്ടുരാജാക്കന്മാര്‍ക്ക് നല്‍കിയിരുന്ന അംഗീകാരം പിന്‍വലിച്ചു. അങ്ങനെ അവരുടെ പ്രത്യേക അവകാശങ്ങളും പ്രിവി പേഴ്സും ഇല്ലാതായി. വിളംബരം സെപ്റ്റംബര്‍ 19ന് കേന്ദ്ര ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തി. അതിനെതിരെ മാധവറാവു സിന്ധ്യ മുതലായ മുന്‍ നാട്ടുരാജാക്കന്മാര്‍ സുപ്രീംകോടതിയെ സമീപിച്ചു. 1970 ഡിസംബര്‍ 15ന് ചീഫ് ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുള്ള അധ്യക്ഷനായ ഭരണഘടനാബെഞ്ച് രാഷ്ട്രപതിയുടെ വിളംബരം അസാധുവായി പ്രഖ്യാപിച്ചു.

ബാങ്ക് ദേശസാല്‍ക്കരണ കേസിന് പിന്നാലെ പ്രിവി പേഴ്സ് കേസിലും തിരിച്ചടി ഏറ്റതോടെ ഇനിയും അങ്ങനെ ന്യൂനപക്ഷമന്ത്രിസഭയുമായി മുന്നോട്ട് പോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഇന്ദിരാഗാന്ധിക്ക് തോന്നി. വ്യക്തമായ മാന്‍ഡേറ്റിനുവേണ്ടി ജനങ്ങളെ സമീപിക്കുവാന്‍ അവര്‍ തീരുമാനിച്ചു. ഡിസംബര്‍ 27ന് ലോക്സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അങ്ങനെ രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങി.