രാഷ്ട്രീയരഹിത കലാലയം പോലെയുള്ള ഈ ചലചിത്രമേള എന്തിന് ?

അബ്ദുള്‍ റഷീദ്‌

“നമ്മുടെ ചലച്ചിത്രമേള ഇപ്പോള്‍ രാഷ്ട്രീയം നിരോധിക്കപ്പെട്ട കോളേജുപോലെ ശാന്തമായിരിക്കുന്നു.” കൈരളിയുടെ ആളൊഴിഞ്ഞ പടവുകളില്‍ ഇരിക്കെ ചങ്ങാതി പറഞ്ഞു.

ചുറ്റും നോക്കിയപ്പോള്‍ ശരിയാണ്. ഓരോ സിനിമക്കും ഡെലിഗേറ്റുകള്‍ മണിക്കൂറുകള്‍ വരിനില്‍ക്കുന്നു. സീറ്റുകള്‍ ഫുള്‍ ആകുമ്പോള്‍ വരിയില്‍ ബാക്കിയാകുന്നവര്‍ ആട്ടിയകറ്റപ്പെടുന്നു. പ്രതിഷേധിച്ചാല്‍ പോലീസെത്തി തൂക്കിയെടുത്തു കൊണ്ടുപോകുന്നു. സ്വാശ്രയ കോളജിലേക്കാള്‍ അച്ചടക്കത്തോടെ വെയിലില്‍ വരിനില്‍ക്കുന്ന ചലച്ചിത്രപ്രേമികള്‍..!

മുന്‍പൊക്കെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇങ്ങനെയേ ആയിരുന്നില്ല. സീറ്റുകള്‍ ഫുള്‍ ആയിക്കഴിഞ്ഞാണു ശരിക്കും “മേള”. സീറ്റു കിട്ടാത്തവര്‍ എല്ലാം കൂടി തറയില്‍ പത്രംവിരിച്ചു അതിലൊരു ഇരിപ്പാണ്. എത്രയെത്ര ലോകോത്തര സിനിമകള്‍ അങ്ങനെ കൈരളിയുടെയും കലാഭവന്റെയുമൊക്കെ തറയിലിരുന്നു എത്രയോ പേര്‍ കണ്ടിരിക്കുന്നു. സ്വയം മറന്നു കയ്യടിച്ചിരിക്കുന്നു!

തിരുവനന്തപുരം നഗരത്തെ വെള്ളിയാഴ്ച മുതല്‍ വെള്ളിയാഴ്ചവരെ ഒരു ഉത്സവപറമ്പാക്കിയിരുന്നു മുന്‍പൊക്കെ ചലച്ചിത്രമേള. സൗഹൃദങ്ങളുടെ, ചര്‍ച്ചകളുടെ, സംവാദങ്ങളുടെ, തര്‍ക്കങ്ങളുടെ ഉത്സവപ്പറമ്പ്. കവികള്‍ കൈരളിയുടെ പടവുകളില്‍ ഇരുന്നു ഉറക്കെ കവിത ചൊല്ലിയിരുന്ന ഉത്സവം. പലസ്തീനും ക്യൂബയ്ക്കും വേണ്ടി പ്രകടനങ്ങള്‍ നടത്തിയിരുന്ന നിഷേധികളുടെ സമരോത്സവം. ഓപ്പണ്‍ഫോറങ്ങളില്‍ തീപ്പൊരി പടര്‍ത്തിയിരുന്ന സംവാദങ്ങളുടെ ഉത്സവം.

മണിക്കൂറുകള്‍ ക്യുവില്‍ നിന്നിട്ടും തീയേറ്ററില്‍ കടക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രതിഷേധിച്ച മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നു എന്നായിരുന്നു ഒരു ദിവസത്തെ പത്രവാര്‍ത്ത. “”മദ്യപിച്ചു ബഹളംവെച്ചു”” എന്നാണ് കുറ്റം. കസ്റ്റഡിയില്‍ എടുക്കുകയോ താക്കീത് ചെയ്തു വിടുകയോ ഒന്നുമല്ല, അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമായിരിക്കും. ചിലപ്പോള്‍ ശിക്ഷിച്ചു ജയിലില്‍ ഇടുമായിരിക്കും.

പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്ത് മേള കാണാന്‍ വന്ന മൂന്നു പേരാണ് അറസ്റ്റിലായത്. മേളയില്‍ ഉച്ചത്തില്‍ സംസാരിക്കുകയോ തര്‍ക്കിക്കുകയോ ചെയ്യുന്ന ആര്‍ക്കും (ബഹളമുണ്ടാക്കുക എന്ന് പോലീസ്ഭാഷ) ഇതായിരിക്കും അവസ്ഥ എന്നും ചലച്ചിത്രമേളയില്‍ അച്ചടക്കം പരമപ്രധാനമാണെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ട് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു പത്രക്കുറിപ്പും ഇറക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത വായിച്ചപ്പോള്‍ ഞാന്‍ മുന്‍പൊക്കെ ചലച്ചിത്രമേളകളില്‍ കൈരളിക്ക് മുന്നില്‍ നടന്നിരുന്ന നൂറു നൂറു പ്രതിഷേധങ്ങള്‍ ഓര്‍ത്തു. ഈ പട്ടാള അച്ചടക്കം അന്ന് ഉണ്ടായിരുന്നെങ്കില്‍ എത്രപേര്‍ അറസ്റ്റില്‍ ആവണമായിരുന്നു! എ അയ്യപ്പനൊക്കെ ഒരു ജീവപര്യന്തംതന്നെ കിട്ടിയേനെ!

സ്ഥിരമായി എത്തുന്ന പലരെയും ഇത്തവണ മേളയ്ക്ക് കണ്ടില്ല. അവര്‍ക്കൊന്നും പാസുകള്‍ കിട്ടിയില്ല. മെയില്‍ ഐഡിയും പാസ് വേര്‍ഡും എ ടി എം കാര്‍ഡും ഓണ്‍ലൈന്‍ ബാങ്കിങ്ങുമായി രാവിലെ എട്ടുമണിക്കുതന്നെ കംപ്യുട്ടറിന് മുന്നില്‍ ഇരിക്കാന്‍ കഴിഞ്ഞ യുവതലമുറയ്ക്ക് മാത്രമാണ് ഇത്തവണ ഡെലിഗേറ്റ് പാസ് കിട്ടിയത്. അതും വെറും രണ്ടു മണിക്കൂറില്‍ ക്ളോസ് ചെയ്തു. പണ്ടൊക്കെ ഓണ്‍ലൈന്‍ നിരക്ഷരര്‍ക്കും നേരിട്ട് പണമടച്ചു പാസ് വാങ്ങാമായിരുന്നു. ഇപ്പോള്‍ നമ്മുടെ ചലച്ചിത്രമേള അവരെ നിഷ്‌കരുണം പുറത്താക്കിയിരിക്കുന്നു.

ആവിഷ്‌കാരസ്വാതന്ത്ര്യം ഇന്ത്യയില്‍ മുന്‍പില്ലാത്ത വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലത്ത് ഒരു ഇടതുപക്ഷ സര്‍ക്കാര്‍ കോടികള്‍ മുടക്കി നടത്തുന്ന ഒരു ചലച്ചിത്രമേള എന്ത് മുദ്രാവാക്യമാണ് മുന്നോട്ടുവെക്കുന്നത്? അത്തരമൊരു ചോദ്യം ആരും ചോദിച്ചുകണ്ടില്ല.

മേളയുടെ പോസ്റ്ററുകളിലൊക്കെ വലുതായി കാണുന്നത് 22 എന്നത് മാത്രമാണ്. വെറും എണ്ണത്തിന് അപ്പുറം ലോകത്തോട് ഒന്നും പറയാനില്ലാത്ത മേളയെന്നു സംഘാടകര്‍തന്നെ സമ്മതിച്ചുകഴിഞ്ഞതുപോലെ.

സിനിമകളുടെ തിരഞ്ഞെടുപ്പില്‍പോലും ഈ തികഞ്ഞ അരാഷ്ട്രീയത ഉണ്ട്. അര്‍ദ്ധരാത്രിയില്‍ പ്രേതസിനിമയായ “സാത്താനിക് സ്ലേവെസ്” കാണിച്ചു കാണികളെ പേടിപ്പിക്കാന്‍ ശ്രമിക്കുന്ന സംഘാടകര്‍ കേരളത്തിന്റെ ലോക ചലച്ചിത്രമേളയെ ഒരു “കോണ്‍ജെറിങ്” അനുഭവത്തിനപ്പുറം മറ്റൊന്നുമാക്കാന്‍ ആഗ്രഹിക്കുന്നില്ല.

അങ്ങനെ, ആഗ്രഹിച്ചിരുന്നു എങ്കില്‍ വിളിപ്പാടകലെ ഒരു സമാന്തര മേള നടക്കില്ലായിരുന്നു. ചലച്ചിത്രമേളയുടെ തൊട്ടരികെ , തഴയപ്പെട്ട സിനിമകളുടെ ഒരു സമാന്തര ചലച്ചിത്രമേള പ്രതിഷേധം എന്ന നിലയില്‍ നടക്കുന്നുണ്ട്. അവിടെ നൂറു രൂപ അടച്ചു ആര്‍ക്കും സിനിമ കാണാം. കണ്ട സിനിമയെപ്പറ്റി വെറും നിലത്തു പായ വിരിച്ചിരുന്നു ചര്‍ച്ച ചെയ്യുന്ന കുറേപേരെ അവിടെ കണ്ടു.

മാധ്യമങ്ങള്‍ ഒന്നും ആ സമാന്തരമേളയെപ്പറ്റി ഒരക്ഷരംപോലും പറയുന്നില്ല. പക്ഷെ, ചലച്ചിത്രപ്രേമികള്‍ എങ്കിലും അറിയണം, അങ്ങനെയും ഒന്ന് നടക്കുന്നുണ്ട്. അതിനൊരു രാഷ്ട്രീയമുണ്ട്. അത് ഈ ചെത്തിമിനുക്കിയ ഔദ്യോഗികമേളയുടെ അരാഷ്ട്രീയതയെക്കാള്‍ കരുത്തുറ്റ രാഷ്ട്രീയമാണ്.

ഹിംസയുടെ, അപരവിദ്വേഷനിര്‍മിതിയുടെ, അസഹിഷ്ണുതയുടെ, യുദ്ധോല്‍സുകതയുടെ ഒരു കാലത്ത് ഒരു കലാമേളയും വെറും മേളയല്ല. പ്രത്യേകിച്ചും അതിന്റെ സംഘാടനം ഒരു ഇടതുപക്ഷ ഭരണകൂടത്തിന് ആകുമ്പോള്‍. കമലിനെയും ബീന പോളിനെയും എല്ലാം ഏല്‍പ്പിച്ചു മാറിനില്‍ക്കല്‍ അല്ല സര്‍ക്കാരിന്റെ ചുമതല.

പതിമൂന്നു വര്‍ഷത്തിന് ശേഷം മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം കേരളത്തില്‍ എത്തിച്ച സുരഭിയെ പുറത്താക്കിയ മേളയാണ്. തെറ്റ് തിരിച്ചറിഞ്ഞിട്ടും അത് തിരുത്താന്‍ തയാറാകാത്ത ധാര്‍ഷ്ട്യത്തിന്റെ മേളയാണ്. പക്ഷെ അപ്പോഴും അവിടെ “വിമന്‍ ഇന്‍ സിനിമ കളക്റ്റീവ്” എന്ന ആഭിജാത സംഘടനയ്ക്ക് പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്. അവിടെ രജിഷ വിജയനും പാര്‍വതിക്കുമൊക്കെ ഇടമുണ്ട്. അതുകൊണ്ടുതന്നെ, സുരഭി അവഗണിക്കപ്പെട്ടത് അവിടൊരു ചര്‍ച്ചയെ ആകുന്നില്ല.

മാധ്യമങ്ങള്‍ പണ്ടൊക്കെ ചലച്ചിത്രമേളകള്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ അത് കുറഞ്ഞു. പത്രവാര്‍ത്തകള്‍ അധികവും തിരുവനന്തപുരം നഗരപരിധിയില്‍ ആണ് വരുന്നത്. എങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഏരീസ് തിയറ്ററില്‍ മാധ്യമങ്ങള്‍ക്കു മാത്രമായി പ്രധാനസിനിമകള്‍ മുഴുവന്‍ പ്രദര്‍ശിപ്പിക്കുന്നു. മറ്റാരുമില്ലാത്ത അടച്ചിട്ട തിയറ്ററില്‍ ഇരുന്നു സിനിമകണ്ടാണോ മാധ്യമപ്രവര്‍ത്തകര്‍ ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നറിഞ്ഞുകൂടാ. മുന്‍പൊന്നും അങ്ങനെ ആയിരുന്നില്ല. ഓരോ സിനിമയുടെയും ആസ്വാദനവും പ്രതികരണവും ഓളവും എല്ലാം ജനങ്ങള്‍ക്ക് ഒപ്പമിരുന്നു സിനിമകണ്ടുതന്നെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.

അരാജകവാദി ഒരര്‍ത്ഥത്തില്‍ മനുഷ്യത്വത്തെ പുനര്‍നിര്‍വചിക്കുന്നവനാണ്. അരാജകത്വത്തിന്റെ കലയാണ് ലോകമെങ്ങും സിനിമ. നമ്മുടെ ചിട്ടവട്ട ചിന്തകളെ പൊളിയ്ക്കുന്ന ഒരു കല.

അത് ആസ്വദിക്കാന്‍ എത്തുന്ന എല്ലാവരും കമലിനെപ്പോലെ അലക്കിതേച്ച വേഷവും ഭാഷയും ഉള്ളവര്‍ ആകണമെന്നില്ല. ഉറക്കെ സംസാരിക്കുന്നവരും ചോദ്യം ചോദിക്കുന്നവരും മുദ്രാവാക്യം വിളിക്കുന്നവരുമൊക്കെ അവരില്‍ ഉണ്ടാവും. അവരെയും കാണികളായെങ്കിലും പരിഗണിക്കണം. പോലീസിനെക്കൊണ്ട് അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കരുത്.

നമ്മുടെ ഉന്നതകുലജാത നായികാ സങ്കല്‍പ്പങ്ങളെ ഉടയ്ക്കുന്ന സുരഭിയെപ്പോലെയൊക്കെ മലബാര്‍ ഭാഷ പറയുന്ന, അത്ര വെളുത്ത നിറമില്ലാത്ത നടിമാരെക്കൂടി ഉള്‍ക്കൊള്ളാന്‍ കേരളത്തിന്റെ മേളയ്ക്ക് കഴിയണം. ആ സനല്‍കുമാര്‍ ശശിധരനെയൊക്കെ കേരളമെങ്കിലും ചവിട്ടി പുറത്താക്കരുത്. കമലിന്റെയും ബീന പോളിന്റെയും മഹേഷ് പഞ്ചുവിന്റേയും ഗുഡ്‌ലിസ്റ്റില്‍ ഇല്ല എന്ന കാരണത്താല്‍ ആരും മേളയ്ക്ക് പുറത്താകരുത്. ഒരു സിനിമയും അവഗണിക്കപ്പെടരുത്. മലയാളത്തിന്റെ വാണിജ്യസിനിമപോലും ശക്തമായ മാനുഷികത സംസാരിച്ചു തുടങ്ങിയ ഇക്കാലത്ത് മാനുഷികതയില്ലാത്ത ധര്‍ഷ്ട്യത്തിന്റെ മേള ആവരുത് മലയാളത്തിന്റേത്. അതോ, കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒരു വെറും കോണ്‍ജെറിങ് ഷോ ആയാല്‍ മതിയെന്ന് ഇടതുപക്ഷ സര്‍ക്കാരും തീരുമാനിച്ചുകഴിഞ്ഞോ?

(ശശി ഒറ്റപ്പാലത്തിന്റെ പേരിലായിരുന്നു ഈ ലേഖനം മുമ്പ് കൊടുത്തിരുന്നത്. അദ്ദേഹവുമായി സംസാരിക്കുകയും സ്വന്തം രചന എന്നുള്ള നിലയക്ക് ഇത് പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു. എന്നാല്‍ ഈ ലേഖനം അബ്ദുള്‍ റഷീദ് എഴുതി അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കില്‍ മുമ്പ് പ്രസിദ്ധീകരിച്ചതായിരുന്നു).