"രണ്ടുതരം വൈറസുകളെയാണ് ഈ സ്ത്രീ പസഫിക് സമുദ്രത്തിലേക്ക് തൂത്തെറിഞ്ഞത്"

ഹരി മോഹൻ

രണ്ടുതരം വൈറസുകളെയാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഈ സ്ത്രീ പസഫിക് സമുദ്രത്തിലേക്കു തൂത്തെറിഞ്ഞത്. കോവിഡ്-19 എന്ന മഹാമാരിയെയും വംശീയതയെന്ന മനുഷ്യനിര്‍മ്മിത ദുരന്തത്തെയും.

രണ്ടുതവണ ന്യൂസിലാന്‍ഡിനെ പിടികൂടിയ കോവിഡിനെ കൃത്യമായ സ്ട്രാറ്റജിയൊരുക്കി അവര്‍ നേരിട്ടു. വംശീയതയെ തുരത്തിയോടിക്കാന്‍ 5 ലക്ഷം മാത്രം ജനസംഖ്യയുള്ള ഈ പസഫിക് ഐലന്റ് രാഷ്ട്രത്തെ അവര്‍ മാനവികത പഠിപ്പിച്ചു. ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്‌ലിം പള്ളികളിലുണ്ടായ വെടിവെയ്പ്പ് നടത്തിയ വ്യക്തിയെ “പേരില്ലാത്തവന്‍” എന്നു വിളിച്ച്, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ ഹിജാബ് ധരിച്ചെത്തി, പാര്‍ലമെന്റില്‍ അസ്സലാമു അലൈക്കും എന്നു സംസാരിച്ചു തുടങ്ങി, പതിയെ ന്യൂസിലാന്‍ഡിനെ അവര്‍ അതിജീവിക്കാന്‍ പഠിപ്പിച്ചു, വംശീയതയില്‍ നിന്ന്.

ഇതിനിടയില്‍ ആ രാജ്യത്തെ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സാനിറ്ററി പാഡുകള്‍ സൗജന്യമാക്കിയ ഒരു പ്രധാനമന്ത്രിയെ കണ്ടു. പത്രസമ്മേളനങ്ങളിലും അഭിമുഖങ്ങളിലും ചോദ്യങ്ങള്‍ ചിരിയോടെ കേട്ടിരിക്കുന്ന, അതിനെല്ലാം മറുപടിയുള്ള ഒരു പ്രധാനമന്ത്രിയും പല രാഷ്ട്രങ്ങള്‍ക്കും പുതിയ കാഴ്ചയായിരുന്നു.

ഇതൊക്കെയും മലയുടെ ഒരറ്റം മാത്രമാണ്.

അതുകൊണ്ടു തന്നെയാവണം, ആ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നല്‍കി ഈ സ്ത്രീയെ അവര്‍ ഇന്നു രണ്ടാംവട്ടവും അധികാരത്തിലേറ്റുന്നത്. അതെ. ഇന്നത്തെ ഏറ്റവും സന്തോഷമുള്ള വാര്‍ത്തയാണ്. ന്യൂസിലാന്‍ഡ് പൊതുതിരഞ്ഞെടുപ്പിലെ മൂന്നില്‍ രണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍, ജസിന്ത ആര്‍ഡനിന്റെ ലേബര്‍ പാര്‍ട്ടിക്കു ലഭിച്ചത് 49.2 ശതമാനം വോട്ട്.  120 അംഗ പാര്‍ലമെന്റില്‍ അവരിപ്പോള്‍ തന്നെ 64 സീറ്റുകള്‍ നേടിക്കഴിഞ്ഞു.

പണ്ടൊരിക്കല്‍ കോവിഡിനെ തോല്‍പ്പിച്ച ജനതയോട് ജസിന്ത പറഞ്ഞ മൂന്നുവരിയുണ്ട്. അത് ആവര്‍ത്തിക്കേണ്ടതുണ്ട്. “”ഇതൊരു നാഴികക്കല്ലാണ്. പക്ഷേ ഇപ്പോഴും ജോലി തീര്‍ന്നിട്ടില്ല. അതുകൊണ്ട് വളരെ സിമ്പിളായി താങ്ക്‌യൂ ന്യൂസിലാന്‍ഡ് എന്നു പറഞ്ഞ് ഞാന്‍ അവസാനിപ്പിക്കട്ടെ.””

Read more

(ലേഖകൻ ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിൽ (ANI) റിപ്പോർട്ടറാണ്)