ഫെയ്‌സ് ആപ്പും സ്വകാര്യതയും

ഈയിടെ വൈറല്‍ ആയ ഫെയ്‌സ് ആപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്റര്‍നെറ്റ് സ്വകാര്യതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് ഫോട്ടോകള്‍ അതിവേഗത്തില്‍ എഡിറ്റ് ചെയ്യാന്‍ കഴിവുള്ള ഈ റഷ്യന്‍ ആപ്പിന് വലിയ സ്വീകാര്യതയാണ് ഇന്ത്യയിലും വിദേശത്തും ലഭിച്ചത്. നമ്മള്‍ എല്ലാവരും നമ്മുടെ വാര്‍ദ്ധക്യ കാലത്തെ രൂപം കണ്ട് വായും പൊളിച്ചിരുന്നു. അടിപൊളി ആപ്പ് തന്നെ!

എന്നാല്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം നിരവധി പത്രമാധ്യമങ്ങള്‍ ഈ ആപ്പ് കനത്ത സ്വകാര്യതാ ലംഘനം നടത്തുന്നുവെന്നും നിങ്ങളുടെ ഫോട്ടോകളും മറ്റു വിവരങ്ങളും അവര്‍ക്ക് തോന്നിയതു പോലെ ഉപയോഗിക്കാന്‍ സാധിക്കുമെന്നുമാണ് പറയുന്നത്.

ഇത് ശരിയാണോ എന്ന് പരിശോധിക്കുന്നതിന് മുമ്പ് ഇന്റര്‍നെറ്റ് സ്വകാര്യതയെ കുറിച്ച് മറ്റ് ചില കാര്യങ്ങള്‍ പറയാം.

യാഥാര്‍ത്ഥ്യം എന്തെന്നാല്‍ ഫെയ്സ് ആപ്പിന് മാത്രമല്ല, നിങ്ങളുടെ ഫോണിലെ ഒരു വിധം എല്ലാ ആപ്പുകള്‍ക്കും ഈ പറഞ്ഞതിനും, അതിനപ്പുറവും സാധിക്കും.

മിക്ക ആപ്പുകളും നിങ്ങളുടെ ഗ്യാലറിയും പേരു വിവരങ്ങളും മറ്റും പ്രാപ്യമാക്കാന്‍ കഴിവുള്ളവയാണ്. നമ്മള്‍ മിക്കപ്പോഴും ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യമ്പോള്‍ ഉപയോഗിക്കുന്നതിനുള്ള കരാറും നിബന്ധനകളൊന്നും വായിച്ചു നോക്കാന്‍ മിനക്കെടാറില്ല. എന്ത് ചോദിച്ചാലും “Allow” എന്ന് മാത്രം ചെയ്യാനാണ് മിക്ക ആളുകളും ശ്രദ്ധിക്കാറുള്ളത്. ഈ അനുവാദത്തിലൂടെ പലപ്പോഴും നിങ്ങളുടെ ഒരുവിധം എല്ലാ വിവരങ്ങളും ഓരോ ആപ്പുകള്‍ക്കും ഉപയോഗിക്കാന്‍, നിങ്ങള്‍ തന്നെയാണ് അനുവാദം നല്‍കുന്നത് എന്നോര്‍ക്കണം.

ഇനി ഇതിനൊന്നും അനുവാദം നല്‍കിയില്ലെങ്കില്‍ ഈ പറഞ്ഞ പോപ്പുലര്‍ ആപ്പുകള്‍ ഒന്നും തന്നെ ഉപയോഗിക്കാന്‍ പറ്റുകയുമില്ല. പറഞ്ഞു വന്നത് എന്തെന്നാല്‍, ഇന്റര്‍നെറ്റില്‍ പേര്‍സണല്‍ പ്രൈവസി (വ്യക്തി സ്വകാര്യത) എന്നൊന്നില്ല. അത് മൊബൈല്‍ ഫോണ്‍ ആയിക്കൊള്ളട്ടെ, കമ്പ്യൂട്ടര്‍ ആയിക്കൊള്ളട്ടെ, നിങ്ങള്‍ ലോഗിന്‍ ചെയ്യുന്ന നിമിഷം മുതല്‍ നിങ്ങള്‍ പോലും അറിയാതെ ഈ കമ്പനികള്‍ എല്ലാം നിങ്ങളെ രഹസ്യമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

നിങ്ങളുടെ കണ്ണിലെ കൃഷ്ണമണിയുടെ ചലനങ്ങള്‍ (eyeball movement patterns) പോലും ഈ ആപ്പുകള്‍ നിരീക്ഷിക്കുന്നു എന്ന് പറഞ്ഞാല്‍ ആലോചിച്ചു നോക്കൂ. സ്മാര്‍ട്ട് ബാന്‍ഡും സ്മാര്‍ട്ട് വാച്ചും (wearable smart devices) ഒക്കെ കാണാന്‍ അടിപൊളിയും ഉപകാരപ്രദവുമൊക്കെ ആണെങ്കിലും അവയൊക്കെ നിങ്ങളെ കുറിച്ച് എത്രമാത്രം വിവരങ്ങള്‍ ശേഖരിക്കുന്നു എന്നറിയാമോ? നിങ്ങള്‍ എപ്പോള്‍ ഉറങ്ങുന്നു എപ്പോള്‍ ഉണരുന്നു , എവിടെ പോകുന്നു, എത്ര നടക്കുന്നു, ആരോട് സംസാരിക്കുന്നു എന്ന് മാത്രമല്ല എപ്പോള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നു എന്നുപോലും ഈ കമ്പനികള്‍ക്ക് അറിയാം.

Internet Crime

നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ എത്ര രൂപ ബാക്കി ഉണ്ട്, സാലറി എത്രയാണ്, എന്തൊക്കെയാണ് നിങ്ങള്‍ പൊതുവായി വാങ്ങാറ്, എന്തൊക്കെയാണ് ഇനി നിങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധനങ്ങള്‍, എത്ര രൂപ കടം ഉണ്ട്, ഒരുമാസം ശരാശരി എത്ര രൂപ നിങ്ങള്‍ ചെലവാക്കാന്‍ തയ്യാറാണ് എന്ന് വേണ്ട നിങ്ങള്‍ ഒരു അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ സാമ്പത്തികമായി ഏത് അവസ്ഥയില്‍ആയിരിക്കും എന്നുവരെ പ്രവചിക്കാന്‍ ഈ കമ്പനികള്‍ക്ക് കഴിയും.

പല ആപ്പുകളും ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഫോണിലെ എസ.്എം.എസുകള്‍ അറിയാനുള്ള അനുവാദം ചോദിക്കുന്നത് കാണാം. മിക്കപ്പോഴും മെസേജുകളുമായി യാതൊരു ബന്ധവും ഇല്ലാത്ത ഫോട്ടോ എഡിറ്റര്‍ പോലെ ഉള്ള ആപ്പുകള്‍ പോലും ഇതിനു അനുവാദം ചോദിക്കുന്നത് കാണാം. മറ്റൊന്നും ആലോചിക്കാതെ നമ്മള്‍ ഇവിടെയും “Allow” ബട്ടണ്‍ അമര്‍ത്തുകയെ ഉള്ളു. നമുക്കറിയാം നമ്മുടെ ബാങ്ക് അക്കൗണ്ടുകള്‍ എല്ലാം തന്നെ നമ്മുടെ മൊബൈല്‍ ഫോണുകളുമായി ബന്ധിപ്പിച്ചിട്ടുള്ളതാണ്. ഒരു നൂറു രൂപ എ.ടി.എമ്മില്‍ നിന്ന് പിന്‍വലിച്ചാലോ നിക്ഷേപിച്ചാലോ ഒക്കെ നിങ്ങളുടെ ഫോണിലേക്ക് ഈ കാര്യങ്ങള്‍ വിശദമായി പറഞ്ഞു കൊണ്ട് എസ്.എം.എസ് വരും.

വളരെ ഉപകാരപ്രദമായ കാര്യം തന്നെ അല്ലെ? മുമ്പ് നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഫോട്ടോ എഡിറ്ററുകളും പ്രതിദിന വരവ് ചെലവ് കണക്കുകള്‍ എഴുതി വെയ്ക്കാനും മറ്റും നിങ്ങള്‍ ഉപയോക്കുന്ന ബജറ്റ് ആപ്പുകളും ഒക്കെ ഈ മെസേജുകള്‍ വായിക്കുന്നു. നിങ്ങളെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സകല വിവരങ്ങളും മനസിലാക്കുന്നു. ഒരര്‍ത്ഥത്തില്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട ഒരു ഉപകരണത്തിലും സൂക്ഷിച്ചു വെച്ചിട്ടുള്ള ഒരു വിവരവും സുരക്ഷിതമല്ല. എന്‍ക്രിപ്റ്റഡ് മെസേജിംഗ് ആപ്പുകള്‍ പോലും ഹാക്ക് ചെയ്യാന്‍ കഴിവുള്ള കമ്പ്യൂട്ടര്‍ വിദഗ്ധരുണ്ട്. നിരുപദ്രവകാരിയെന്നുന്നു തോന്നുന്ന ഒരു കുഞ്ഞ് അപ്പിനു പോലും നിങ്ങളുടെ ഫോണിന്റെ ഉള്ളറകളിലെ മുക്കിലും മൂലയിലും ചെന്നെത്താന്‍ സാധിക്കും.

മറ്റൊന്ന്, ഇന്റര്‍നെറ്റിലെ നിങ്ങളുടെ സ്വഭാവ വിശേഷവും ചോര്‍ത്തപ്പെടും. ഇവിടെ നിങ്ങള്‍ എങ്ങനെ പെരുമാറുന്നു, എന്ത് നോക്കുന്നു, എന്നുവേണ്ട നിങ്ങളുടെ ഓരോ ചലനങ്ങളും ശേഖരിക്കപ്പെടുകയും പിന്നീട് ഈ വിവരം മറ്റ് കുത്തക കമ്പനികള്‍ക്ക് മാര്‍ക്കറ്റിംഗിന് ആവശ്യമായ വിവര ശേഖരണത്തിന് വില്‍ക്കപ്പെടുകയും ചെയ്യും. നിങ്ങള്‍ രാത്രി കുടുംബമൊന്നിച്ചിരുന്നു ഡിന്നര്‍ കഴിക്കുമ്പോള്‍ നിങ്ങളുടെ പഴയ കാര്‍ മാറ്റി പുതിയത് വാങ്ങുന്നതിനെ കുറിച്ച് ഭാര്യയോടും മക്കളോടും മറ്റും ചര്‍ച്ച ചെയ്ത് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇന്റര്‍നെറ്റില്‍ എവിടെ നോക്കിയാലും നിങ്ങള്‍ വാങ്ങാന്‍ ആഗ്രഹിച്ചിരുന്ന കാറിന്റെ സവിശേഷതകള്‍ പറയുന്ന മനോഹരമായ പരസ്യങ്ങള്‍. ഇതെന്ത് മായാജാലം, എന്നൊക്കെ ഓര്‍ത്തു താടിക്ക് കൈയും കൊടുത്ത് ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയെ കുറിച്ചും മനുഷ്യരുടെ മനസ്സ് വായിക്കാനുള്ള മെഷീനുകളുടെ കഴിവിനെ കുറിച്ചുമൊക്കെ ആലോചിച്ച് അന്തിച്ചിരിക്കുമ്പോള്‍ ഓര്‍ക്കുക, നിങ്ങള്‍ പുതുതായി വാങ്ങിയ സ്മാര്‍ട്ട് സ്പീക്കര്‍ നിങ്ങളുടെ നിര്‍ദേശാനുസരണം പാട്ടു കേള്‍പ്പിക്കാനും സിനിമ കാണിക്കാനും മാത്രം സാധിക്കുന്ന ഉപകരണം അല്ലെന്ന്. എപ്പോഴും ഇവ നിങ്ങളുടെ ശബ്ദത്തിനായി കാതു കൂര്‍പ്പിച്ചിരിക്കയാണ്. നിങ്ങള്‍ പറയുന്നതൊക്കെ ശേഖരിക്കാനും വിശകലനം ചെയ്യാനും സാധിക്കുന്ന, പ്രാദേശിക ഭാഷകള്‍ പോലും മനസിലാകുന്ന ഉപകരണങ്ങള്‍. നിങ്ങള്‍ ഉറങ്ങുമ്പോള്‍ പോലും നിങ്ങളുടെ മൊബൈല്‍ ഫോണും മറ്റ് സ്മാര്‍ട്ട്ഉപകരണങ്ങളും നിങ്ങളുടെ ശ്വാസോച്ഛാസം പോലും ശ്രദ്ധിക്കുന്നുണ്ട് എന്നോര്‍ക്കുക. പേടിക്കാന്‍ വരട്ടെ, ഇനിയും ഉണ്ട് പറയാന്‍.

അപ്പൊ പറഞ്ഞു വന്നത്, ഈ ഫെയ്‌സ്ആപ്പ് നിങ്ങളുടെ സ്വകാര്യത മുഴുവന്‍ നശിപ്പിച്ചു എന്നൊക്കെ പറയുമ്പോ, എത്രയോ വര്‍ഷങ്ങളായി അങ്ങനെ ഒന്ന് ഇല്ല എന്നതാണ്. ഇനി, എന്താണ് നമുക്ക് ചെയ്യാന്‍ കഴിയുക എന്നാണ് ആലോചിക്കുന്നതെങ്കില്‍, ഗൂഗിള്‍ ഉള്‍പ്പെടെയുള്ള ഈ കമ്പനികള്‍ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാതെ ഇരിക്കണമെങ്കില്‍, ഒരു സാധാരണ യൂസര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാകില്ല എന്നതാണ് സത്യം. അത്രമാത്രം സങ്കീര്‍ണമാണ് ഈ വിവര ശേഖരണം.

നിങ്ങള്‍ ആലോചിക്കുന്നുണ്ടാവും ഏയ് ഇതൊന്നും എനിക്ക് പ്രശ്നമല്ല, ഞാന്‍ ബ്രൗസറിന്റെ incognito മോഡില്‍ ആണ് സെര്‍ച്ച് ചെയ്യാറ്. അപ്പോള്‍ എന്റെ ഇന്റര്‍നെറ്റ് ഉപയോഗം സ്വകാര്യവും സുരക്ഷിതവും ആണെന്നൊക്കെ. ആശ്വസിക്കാന്‍ വരട്ടെ, ഇന്‍കോഗ്നിറ്റോ മോഡില്‍ പോലും ഗൂഗിളും ഫെയ്‌സ്ബുക്കും അടക്കമുള്ള കമ്പനികള്‍ നിങ്ങളുടെ ഉപയോഗങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അപ്പോള്‍ നമ്മളെ പൂര്‍ണ്ണമായും ഈ കമ്പനികള്‍ക്ക് സമര്‍പ്പിക്കലാണോ ആകെയുള്ള മാര്‍ഗം എന്ന് ചോദിക്കുന്നതിനു മുമ്പേ നമുക്ക് പരമാവധി ഈ പ്രശ്ങ്ങള്‍ ഒഴിവാക്കി സുരക്ഷിതമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയും എന്ന് നോക്കാം.

ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വളരെ ലളിതവും മനോഹരവും ഒക്കെയാണെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ ആപ്പിള്‍ ഐഫോണുകള്‍ ഒരു പടി മുന്നിലാണ്. പ്ലേ സ്റ്റോറിലുള്ള ആപ്പുകളെക്കാള്‍ സുരക്ഷ ഒരു പരിധി വരെ ഉറപ്പാക്കിയിട്ടുള്ള ആപ്പുകളാണ് ആപ്പിള്‍ ആപ്പ് സ്റ്റോറിലുള്ളത്. ആന്‍ഡ്രോയിഡ് സ്വതന്ത്രമായ ഒരു പ്ലാറ്റ്ഫോമാണ് എന്നതാണ് ഇതിനു കാരണം. ഓര്‍ക്കുക, ഐഫോണ്‍
വാങ്ങുന്നതോടു കൂടെ തീരുന്നതല്ല ഇന്റര്‍നെറ്റ് സ്വകാര്യതയുമായി ബന്ധപ്പെട്ട നിങ്ങളുടെ പ്രശ്നങ്ങള്‍. ആപ്പുകള്‍ക്ക് നിങ്ങളുടെ വ്യക്തി വിവരങ്ങള്‍ വേണമെകില്‍ അത് ആന്‍ഡ്രോയിഡോ ഐഫോണൊ വ്യത്യാസമില്ലാതെ സാധിക്കും (ഞാന്‍ ഒരിക്കലും ഒരു ആപ്പിള്‍ ഫാന്‍ അല്ല).

പരമാവധി വിശ്വസനീയമായ ആപ്പുകള്‍ മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക. കഴിവതും പ്ലേ സ്റ്റോറിന് പുറത്തുള്ള ഇടങ്ങളില്‍ നിന്ന് .apk ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ ഇരിക്കുക (ഈ പറയുന്ന പ്ലേ സ്റ്റോറും കണക്കാണ്) പൂര്‍ണമായും ആവശ്യമുണ്ട് എന്നുള്ള ആപ്പുകള്‍ മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക.

ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വ്യവസ്ഥകള്‍ അല്‍പ്പമെങ്കിലും വായിച്ചു നോക്കാന്‍ ശ്രമിക്കുക. അതിസ്വകാര്യമായ ചിത്രങ്ങളോ രേഖകളോ സ്മാര്‍ട്ഫോണില്‍ സൂക്ഷിക്കാതിരിക്കുക. സംശയകരമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക.

നിങ്ങള്‍ക്ക് സമ്മാനം ലഭിച്ചെന്നോ സൗജന്യമായി എന്തെങ്കിലും നല്‍കും എന്നോ തരത്തിലുള്ള പരസ്യങ്ങളില്‍ വീഴാതിരിക്കുക, അത്തരം വെബ്സൈറ്റ് സന്ദര്‍ശിക്കാതിരിക്കുക. മോഡഡ് ആപ്പുകള്‍ (ഹാക്ക്ഡ്) ഉപയോഗിക്കാതിരിക്കുക.

കഴിയുമെങ്കില്‍ ഗൂഗിള്‍ ഒഴിവാക്കി DuckDuckGo പോലുള്ള സ്വകാര്യത ഉറപ്പു തരുന്ന സെര്‍ച്ച് എന്‍ജിനുകള്‍ ഉപയോഗിക്കുക.

സ്വകാര്യത ഉറപ്പു തരുന്നതും കുക്കികളെ നിശ്ചലമാക്കാനും കഴിവുള്ള നിരവധി സൗജന്യ addons ക്രോമിലും ഫയര്‍ഫോക്സിലും ഒക്കെ ഉണ്ട്. അവ ഉപയോഗിക്കുക.

ഇങ്ങനെ ഒക്കെ ചെയ്താല്‍ ഒരു പരിധി വരെ നമ്മുടെ ഓണ്‍ലൈന്‍ സ്വകാര്യത സൂക്ഷിക്കാനാകും. പക്ഷെ മിക്കപ്പോഴും ഇതൊന്നും ചെയ്യാന്‍ ആരും മിനക്കെടാറില്ല, അല്ലെങ്കില്‍ സാധിക്കാറില്ല എന്നതാണ് സത്യം.

അവസാനമായി, ഫേസ് ആപ്പിനെകുറിച്ച് പറയട്ടെ. നിങ്ങൾ ഭയപ്പെടുന്നതു പോലെ ഫേസ്ആപ്പ് നിങ്ങളുടെ ഫോട്ടോയോ മറ്റുവിവരങ്ങളോ ദുരുപയോഗപ്പെടുത്തുന്നില്ല. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, സെക്യൂരിറ്റി വിദഗ്ദ്ധർ, ഫേസ് ആപ്പ് മറ്റുള്ള ആപ്പുകൾ ഒക്കെ പോലെ ഒരു സാധാരണ ആപ്പ് ആണെന്നാണ് പറയുന്നത്. അമേരിക്കൻ മാധ്യമങ്ങൾ ഒരു റഷ്യൻ ആപ്പിനെതിരെ എഴുതിപ്പെരുപ്പിച്ചതാണ് കാര്യങ്ങൾ എന്ന് ഇവർ പറയുന്നു. ഫേസ്ആപ്പിന് സമാനമായി നിലവിലെ അനവധി പോപ്പുലർ ആപ്പുകൾ ഇത്തരത്തിലുള്ള നിബന്ധനകൾ ചോദിക്കുന്നുണ്ടെന്നും സൈബർ വിദഗ്ധർ പറയുന്നു.

ഓർക്കുക, ഇങ്ങനെയൊക്കെ ആണെങ്കിലും ഫേസ് ആപ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ പറയുന്ന നിബന്ധനകൾ പ്രകാരം നിങ്ങളുടെ ഫോട്ടോകൾ അവർക്ക് പിന്നീടും ഉപയോഗിക്കാൻ സാധിക്കും എന്നതാണ്. അതുപോലെ തന്നെ മറ്റ് ഇൻസ്റ്റന്റ് ഫോട്ടോഎഡിറ്ററുകളിൽ നിന്ന് വ്യത്യസ്തമായി ഫേസ്ആപ്പ് നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും റഷ്യയിലുള്ള അവരുടെ സെർവറിലാണ് പ്രോസസ്സ് ചെയ്യുന്നത്. സാധാരണ ആപ്പുകൾ ഇതിനു നിങ്ങളുടെ സ്വന്തം ഫോണിനെ ആണ് ആശ്രയിക്കാറ്. അത്കൊണ്ട് ഫേസ്ആപ്പിന്    ഈ വിവരങ്ങൾ ആവശ്യമെങ്കിൽ, മറ്റ് ആപ്പുകളെപ്പോലെതന്നെ, ദുരുപയോഗം ചെയ്യാവുന്നതാണ്. അത് ഫേസ് ആപ്പിനെന്നല്ല നിങ്ങളുടെ ഫോണിലെ ഏത് ആപ്പിനും സാധ്യമാണ്.   

ഇത്തരത്തിലുള്ള ഏത് ആപ്പുകൾ ഉപയോഗിക്കുമ്പോഴും അതിനോടനുബന്ധിച്ചുള്ള സെക്യൂരിറ്റി പ്രശ്നങ്ങൾ മനസിലാക്കി ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുക. പലപ്പോഴും നമ്മുടെ ഭാഗത്തുനിന്ന് സംഭവിക്കുന്ന ചെറിയ പിഴവുകളാണ് സൈബർ ഇടങ്ങളിൽ പിന്നീട് വലിയ പ്രശ്നങ്ങൾ വരുത്തിവക്കുന്നത് എന്നോർക്കുക.

Read more

(ഒമാന്‍ ഒബ്‌സേര്‍വര്‍ പത്രത്തിലെ ഡിജിറ്റല്‍ എഡിറ്ററാണ് ലേഖകന്‍)