ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തി: വിമോചകനും നിയമദാതാവും

Advertisement

സെബാസ്റ്റ്യൻ പോൾ

രാജ്യത്തെ പരമമായ നിയമവും റിപ്പബ്‌ളിക്കിന് കാരണമായിത്തീര്‍ന്ന കാരണവുമാണ് ഭരണഘടന. അതില്ലായിരുന്നുവെങ്കില്‍ നമ്മുടെ അഭിമാനമായ പരമാധികാര, സ്ഥിതിസമത്വ, മതേതര, ജനാധിപത്യ റിപ്പബ്‌ളിക് ഉണ്ടാകുമായിരുന്നില്ല. ആ ഇതിഹാസഗ്രന്ഥത്തിന്റെ രചയിതാവാണ് ഡോ. ബി. ആര്‍ അംബേദ്കര്‍. ഭരണഘടനയുടെ ശില്‍പി എന്ന് അദ്ദേഹത്തെ ആദരവോടെ വിളിക്കുന്നു. നിയമത്തിലുള്ള അഗാധമായ അറിവ് മാത്രമല്ല, അംബേദ്കറെ വിശിഷ്ടമായ ഈ നേട്ടത്തിന് അര്‍ഹനാക്കിയത്. അംബേദ്കറേക്കാള്‍ നന്നായി നിയമം അറിയാവുന്നവര്‍ അന്നുണ്ടായിരുന്നു. പക്ഷേ നിയമത്തെ നവലോകസൃഷ്ടിക്കുള്ള ഓംകാരമായി മാറ്റുന്ന അത്ഭുതകര്‍മ്മം അംബേദ്കര്‍ക്കു മാത്രം ചെയ്യാന്‍ കഴിയുന്നതായിരുന്നു. അറിവിനൊപ്പം കൗശലവും ഇഴ ചേര്‍ന്ന സര്‍ഗാത്മകതയായിരുന്നു അത്. നിയമത്തെ അദ്ദേഹം പരിവര്‍ത്തനത്തിന്റെ ഉപകരണമാക്കി.

വിമോചകര്‍ നിയമദാതാക്കളാകുന്ന അനുഭവം ചരിത്രത്തില്‍ അപൂര്‍വമാണ്. അത്തരത്തില്‍ ആദ്യം ചൂണ്ടിക്കാണിക്കാവുന്ന ഒരാള്‍ മോശയാണ്. തന്റെ ജനത്തെ ഈജിപ്തിന്റെ അടിമത്വത്തില്‍ നിന്ന് വിമോചിപ്പിച്ച് ചെങ്കടല്‍ കടത്തി വാഗ്ദത്തഭൂമിയില്‍ എത്തിക്കുക മാത്രമല്ല മോശ ചെയ്തത്. അവരുടെ ജീവിതത്തെ സമഗ്രമായി ബാധിക്കുന്ന ഒരു നിയമാവലിയും അവര്‍ക്ക് നല്‍കി. പത്ത് കല്‍പനകള്‍ അതിന്റെ സാരാംശം മാത്രമാണ്. അംബേദ്കറും വിമോചകനാണ്. ചാതുര്‍വര്‍ണ്യത്തിന്റെ ചാവുനിലങ്ങളില്‍ അപമാനിതരായി കഴിഞ്ഞിരുന്ന വലിയ ജനാവലിയെ വിമോചിതരാക്കിയത് അംബേദ്കറാണ്. പക്ഷേ തന്റെ പ്രവര്‍ത്തനം അംബേദ്കര്‍ അത്ര മാത്രമായി പരിമിതപ്പെടുത്തിയില്ല. അംബേദ്കറുടെ സുവിശേഷം സമസ്തലോകത്തിനും വേണ്ടിയുള്ളതായിരുന്നു. അധ:സ്ഥിതര്‍ക്കു മാത്രമായി അദ്ദേഹം ഒന്നും മുന്നോട്ടുവെച്ചില്ല. അയിത്തവും വിവേചനവും പാടില്ലെന്ന വ്യവസ്ഥയൊഴികെ അംബേദ്കറുടെ ഭരണഘടനയില്‍ പറയുന്നതെല്ലാം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. വ്യക്തിയുടെ അന്തസ് പുലരുന്ന നീതിപൂര്‍വകമായ സമൂഹത്തില്‍ വികസ്വരമാകുന്ന സ്വാതന്ത്ര്യവും സാഹോദര്യവുമാണ് അംബേദ്കര്‍ സ്വപ്‌നം കണ്ടത്. ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത സാഹോദര്യത്തിന്റെ മധുരമനോജ്ഞമായ പന്തലില്‍ എല്ലാ അധ:സ്ഥിതരെയും അദ്ദേഹം കൗശലത്തോടെ കടത്തിയിരുത്തി. നവസ്വാതന്ത്ര്യത്തിന്റെ ഉന്മാദത്തില്‍ ഭരണഘടനയെ വേദപുസ്തകമായി കണ്ട ജനത അതിലൂടെ അംബേദ്കര്‍ തുടക്കമിട്ട സാമൂഹികവിപ്‌ളവത്തെ പെട്ടെന്ന് തിരിച്ചറിഞ്ഞില്ല.

യാഥാര്‍ത്ഥ്യങ്ങളിലെ മിശിഹ

മറ്റൊരു രാജ്യത്തും കീഴാളര്‍ നിയമം സൃഷ്ടിക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ല. അമേരിക്കയുടെ ഭരണഘടന തയ്യാറാക്കിയത് കറുത്ത വര്‍ഗക്കാരനായിരുന്നില്ല. കറുത്തവന്റെ വിമോചനം നടന്നത് എബ്രഹാം ലിങ്കന്റെ കാലത്താണ്. സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും പ്രഖ്യാപിക്കുന്ന ഭരണഘടന അടിമകള്‍ക്കു ബാധകമല്ലെന്ന വിചിത്രമായ വിധി സുപ്രീം കോടതിയില്‍ ഉണ്ടായപ്പോഴാണ് അടിമകള്‍ക്കു വേണ്ടി എബ്രഹാം ലിങ്കണ് ആയുധമെടുക്കേണ്ടി വന്നത്. സ്വാതന്ത്ര്യത്തിന്റെ മേശയ്ക്കു ചുറ്റും അടിമകളുടെയും ഉടമകളുടെയും മക്കള്‍ ഒരുമിച്ചിരിക്കുന്ന കാലം സ്വപ്‌നം കാണാന്‍ മാത്രമാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനു കഴിഞ്ഞത്. യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞില്ല. സ്വപ്‌നങ്ങള്‍ കണ്ടിരിക്കാതെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിച്ച യാഥാര്‍ത്ഥ്യങ്ങളിലെ മിശിഹയായിരുന്നു അംബേദ്കര്‍. അദ്ദേഹത്തിന്റേത് സ്വപ്‌നലോകമായിരുന്നില്ല. അവകാശങ്ങളുടെ ലോകം അദ്ദേഹം എല്ലാവര്‍ക്കുമായി തുറന്നിട്ടു. സംവരണം അദ്ദേഹത്തിന്റെ സങ്കല്‍പത്തില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സങ്കല്‍പം ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നവര്‍ക്കു വേണ്ടിയാണ് ഒന്നാം ഭേദഗതിയിലൂടെ സംവരണം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. സങ്കുചിതത്വമോ വിഭാഗീയതയോ ആരോപിക്കാന്‍ കഴിയാത്ത നിര്‍മ്മാണകൗശലമായിരുന്നു അംബേദ്കറുടേത്. അദ്ദേഹം സൃഷ്ടിച്ച സ്വാതന്ത്ര്യത്തിന്റെ ലോകം സമസ്തജനങ്ങള്‍ക്കും വേണ്ടിയുള്ളതായിരുന്നു. രൂപമാകുമെന്ന് ഉറപ്പുള്ള വചനത്തെയാണ് അംബേദ്കര്‍ സൃഷ്ടിച്ചത്. വചനം എല്ലാവര്‍ക്കും വേണ്ടിയുള്ളതായിരുന്നു. അവകാശങ്ങളുടെയും അവസരങ്ങളുടെയും കാര്യത്തിലുള്ള അലംഘനീയമായ സമത്വം മറ്റെന്തിനേക്കാള്‍ ഉപരിയായി പ്രഘോഷിച്ച അംബേദ്കര്‍ വിവേചനത്തിനും സംവരണത്തിനുമുള്ള പഴുതുകള്‍ നിര്‍മ്മാണകൗശലത്തോടെ അതില്‍ ഒളിപ്പിച്ചു. അനീതിയുടെ അന്ധകാരത്തില്‍ അഭിരമിച്ചിരുന്ന പ്രാകൃതമായ സമൂഹത്തിന് മഹാത്മ ഗാന്ധി ആത്മീയതയുടെ സാരോപദേശം നല്‍കി. ജവാഹര്‍ലാല്‍ നെഹ്‌റു യുക്തിയുടെ പാതയിലേക്ക് അവരെ ആനയിച്ചു. സാമൂഹ്യനീതിയുടെ പാല്‍ക്കടല്‍ അവര്‍ക്കായി ഒഴുക്കിയത് അംബേദ്കറായിരുന്നു. ഒളിക്കേണ്ടത് ഒളിപ്പിച്ചും പരസ്യമാക്കേണ്ടത് പരസ്യപ്പെടുത്തിയും അദ്ദേഹം നടത്തിയത് ഭരണഘടനാപരമായ വിപ്‌ളവമായിരുന്നു. സാമൂഹ്യനീതിയുടെ യോദ്ധാക്കളെ ഒളിപ്പിച്ച ട്രോജന്‍ കുതിരയായിരുന്നു അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടന. കീഴ്‌പെടുത്തപ്പെട്ടതിനു ശേഷം മാത്രമാണ് തങ്ങള്‍ കീഴ്‌പെടുത്തപ്പെട്ട കാര്യം മര്‍ദ്ദകരും ചൂഷകരും അറിഞ്ഞത്. മര്‍ദ്ദിതരും പീഡിതരും അപ്പോഴേയ്ക്ക് അടിമത്തത്തിന്റെ പ്രാകാരങ്ങള്‍ ഭേദിക്കാന്‍ തുടങ്ങിയിരുന്നു.

ഭരണഘടനയുടെ പെരുന്തച്ചന്‍

ട്രോജന്‍ കുതിരയുടെ നിര്‍മ്മാണത്തില്‍ വേണ്ടിയിരുന്ന അതേ കുശലതയാണ് ഭരണഘടനയുടെ നിര്‍മ്മാണത്തില്‍ അംബേദ്കര്‍ പ്രകടിപ്പിച്ചത്. നിയമത്തിന്റെ തച്ചുശാസ്ത്രം പൂര്‍ണമായും മനസ്സിലാക്കിയ പെരുന്തച്ചനായിരുന്നു അംബേദ്കര്‍. ശിരച്ഛേദത്തിനു യോഗ്യമായ തിന്മകളെ മാത്രം അദ്ദേഹം ഗളഹസ്തം ചെയ്തു. സര്‍ഗാത്മകതയുടെ പ്രസന്നത ഭരണഘടനയിലാകെ പ്രസരിച്ചത് ഹിംസാത്മകമല്ലാത്ത നിര്‍മാണകുശലത നിമിത്തമാണ്. ഭരണഘടനാ നിര്‍മ്മാണസഭയില്‍ നെഹ്‌റുവിനും പട്ടേലിനും രാജേന്ദ്രപ്രസാദിനും പിന്നാലെ ഏറ്റവും നിര്‍ണായകവും ആദരണീയവുമായ സ്ഥാനം അംബേദ്കര്‍ക്കു ലഭിച്ചു. ആദ്യത്തെ മന്ത്രിസഭയില്‍ കോണ്‍ഗ്രസുകാരനല്ലാത്ത അംബേദ്കര്‍ക്കും ഇടമുണ്ടായി. തന്റെ രൂപകല്‍പനയില്‍ നിര്‍മമിക്കപ്പെട്ട ഭരണഘടനയിന്‍ കീഴില്‍ നടന്ന ആദ്യത്തെ പൊതുതിരഞ്ഞെടുപ്പില്‍, പക്ഷേ, അദ്ദേഹം പരാജയപ്പെട്ടു. ചരിത്രത്തില്‍ അങ്ങിനെയും സംഭവിക്കാറുണ്ട്. വാഗ്ദത്തഭൂമിയില്‍ പ്രവേശിക്കാന്‍ മോശയ്ക്ക് കഴിഞ്ഞില്ല. യുദ്ധം ജയിച്ച വിന്‍സ്റ്റന്‍ ചര്‍ച്ചിലിനെ തിരഞ്ഞെടുപ്പില്‍ ബ്രിട്ടീഷ് ജനത വിജയിപ്പിച്ചില്ല. സൈന്യത്തിന്റെ അത്യാചാരങ്ങള്‍ക്കെതിരെ ഒരു വ്യാഴവട്ടക്കാലം ഉപവസിച്ച ഇറോം ശര്‍മിള തിരഞ്ഞെടുപ്പില്‍ നോട്ടയ്ക്കു പിന്നിലായി. വ്യക്തിപരമായ പരാജയം മാത്രമല്ല തന്റെ ആശയാഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിലുണ്ടായ കാലവിളംബവും അംബേദ്കറെ വേദനിപ്പിച്ചു. അങ്ങിനെയാണ് തന്റെ അനുയായികള്‍ക്കൊപ്പം അദ്ദേഹം ബുദ്ധമതത്തെ ആശ്‌ളേഷിച്ചത്.

കോണ്‍ഗ്രസിനോടു മാത്രമല്ല മഹാത്മ ഗാന്ധിയോടും അദ്ദേഹം ആശയപരമായി അകലം പാലിച്ചു. ദളിതരുടെ ഉന്നമനത്തിന് ഗാന്ധിജിയില്‍ നിന്ന് വ്യത്യസ്തമായ മാര്‍ഗമാണ് അംബേദ്കര്‍ നിര്‍ദേശിച്ചത്. വിയോജിപ്പ് പരസ്യമാക്കുന്നതിനും അദ്ദേഹം മടിച്ചില്ല. സ്വതന്ത്രഭാരതത്തിന്റെ രൂപഘടനയെ കുറിച്ചുള്ള ആലോചനയിലും അംബേദ്കര്‍ ഗാന്ധിജിയോട് വിയോജിച്ചു. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്നു കണ്ട ഗാന്ധിജി സ്വയംപര്യാപ്തമായ ഗ്രാമങ്ങളുടെ സമുച്ചയമായാണ് പുതിയ ഇന്ത്യയെ വിഭാവന ചെയ്തത്. പഞ്ചായത്തിരാജില്‍ അധിഷ്ഠിതമായ ഗാന്ധിയന്‍ ഭരണഘടനയ്ക്കു വേണ്ടി വാദമുണ്ടായെങ്കിലും അംബേദ്കര്‍ അത് നിരാകരിച്ചു. ജാതിപ്പിശാചുക്കള്‍ കൈയടക്കിയിരുന്ന ഗ്രാമങ്ങളെ സ്വയംഭരണ റിപ്പബ്‌ളിക്കുകള്‍ ആക്കിയാല്‍ ജാതിവ്യവസ്ഥയ്ക്കും അതിന്റെ ഭാഗമായ അനീതികള്‍ക്കും അറുതി വരുത്താന്‍ കഴിയില്ലെന്ന് സ്വന്തം അനുഭവത്തില്‍ നിന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ട് സുശക്തമായ കേന്ദ്രീയസംവിധാനത്തില്‍ അധിഷ്ഠിതമായ ഫെഡറല്‍ രാഷ്ട്രത്തിനാണ് അദ്ദേഹം രൂപം നല്‍കിയത്.

ജനാധിപത്യമെന്ന വിശുദ്ധവൃക്ഷം

ഈജിയന്‍ തൊഴുത്ത് ഖണ്ഡശ: വൃത്തിയാക്കാനാവില്ല. ശുദ്ധീകരണത്തിന്റെ ഗംഗ സമ്പൂര്‍ണമായി അഴുക്കുകളെ ഒഴുക്കി വിടണം. ശക്തമായ കേന്ദ്രവും ശക്തമായ സംസ്ഥാനങ്ങളും മാത്രമുള്ള ദ്വിതല ഭരണസംവിധാനം ആവിഷ്‌കരിക്കപ്പെട്ടത് അതുകൊണ്ടാണ്. അംബേദ്കര്‍ രൂപം കൊടുത്ത ദ്വിതല സംവിധാനത്തിന് കോട്ടം തട്ടാതെയാണ് പിന്നീട് പഞ്ചായത്തിരാജ് എന്ന ത്രിതല സംവിധാനമുണ്ടായത്. ജനാധിപത്യത്തിന് അന്യവും വന്ധ്യവുമായ മണ്ണിലാണ് ജനാധിപത്യമെന്ന വിശുദ്ധവൃക്ഷത്തിന്റെ തൈ നടുന്നതെന്ന് അംബേദ്കര്‍ക്ക് ബോധ്യമുണ്ടായിരുന്നു. ഇതര രാഷ്ട്രങ്ങളിലെ ജനാധിപത്യത്തിന്റെ പ്രയോഗം മനസിലാക്കിക്കൊണ്ടായിരുന്നു അദ്ദേഹം ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ജനാധിപത്യം പരീക്ഷിച്ചത്. അത് എന്തെന്നറിയാത്ത ജനത അതേറ്റെടുത്ത് സമ്പുഷ്ടമാക്കി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ അവകാശികളും പങ്കുകാരുമായി. ചരിത്രം പഠിപ്പിച്ച പാഠമാണ് അംബേദ്കര്‍ പ്രാവര്‍ത്തികമാക്കിയത്. സ്വാതന്ത്ര്യത്തിന്റെ നിഷേധിക്കപ്പെട്ട അഗ്നിയാണ് പ്രൊമത്യൂസിനെ പോലെ അദ്ദേഹം ജനങ്ങളിലേക്കെത്തിച്ചത്. ദാതാവ് ശിക്ഷിക്കപ്പെട്ടു. പക്ഷേ സ്വീകര്‍ത്താക്കള്‍ അത് ഊതിയൂതി ആര്‍ക്കും കെടുത്താന്‍ കഴിയാത്ത ജ്വാലയാക്കി. അസംഖ്യം രാജ്യങ്ങള്‍ ഏകാധിപത്യത്തിന്റെ ഇരുട്ടിലായപ്പോള്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിന്റെ ജ്വാല അണയാതിരുന്നത് അംബേദ്കറുടെ ഭരണഘടനയെ ജനങ്ങള്‍ സ്വീകരിച്ചതു കൊണ്ടാണ്.

ഭരണഘടനയിലെ അക്ഷരങ്ങള്‍ മാത്രമല്ല അതിന്റെ സത്തയും നിലനിര്‍ത്തണമെന്ന പാഠം അംബേദ്കര്‍ പഠിപ്പിച്ചു. അതായിരിക്കണം മാര്‍ഗവും പരിഹാരവും. സ്വതന്ത്ര പരമാധികാര റിപ്പബ്‌ളിക്കില്‍ എല്ലാ പ്രശ്‌നങ്ങളും ഭരണഘടനാപരമായ മാര്‍ഗങ്ങളിലൂടെയാണ് പരിഹരിക്കേണ്ടതെന്ന് അദ്ദേഹം പഠിപ്പിച്ചു. കൊളോണിയല്‍ ഭരണകൂടത്തിനെതിരെ വിജയകരമായി പ്രയോഗിച്ച സമരമാര്‍ഗങ്ങള്‍ സ്വതന്ത്ര ഭാരതത്തില്‍ അപ്രസക്തമായെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്‍റേത്. മൗലികാവകാശങ്ങള്‍ വിളംബരം ചെയ്യുക മാത്രമല്ല അവയുടെ സംരക്ഷണത്തിനായി പരിഹാരമാര്‍ഗം നിര്‍ദേശിക്കുകയും ചെയ്യുന്നു എന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ സവിശേഷത. അതാണ് അനുഛേദം 32. ഭരണഘടനയുടെ ആത്മാവും ഹൃദയവും എന്നാണ് ഈ അനുഛേദത്തെ അംബേദ്കര്‍ വിശേഷിപ്പിച്ചത്. മൗലികാവകാശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള അധികാരം സുപ്രീം കോടതിയില്‍ നിക്ഷിപ്തമാക്കുന്നതാണ് അനുഛേദം 32. ആധ്യാത്മികതയും നൈതികതയും നിറഞ്ഞു നില്‍ക്കുന്നതാണ് അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടന. ലോകം ഉറങ്ങുമ്പോള്‍ ഇന്ത്യ ഉണരുന്നുവെന്ന് സ്വാതന്ത്ര്യത്തിന്റെ രാത്രിയില്‍ ജവാഹര്‍ലാല്‍ നെഹ്‌റു പറഞ്ഞു. ഇന്ത്യ ഉറങ്ങിയപ്പോള്‍ അംബേദ്കര്‍ ഉണര്‍ന്നിരുന്നതിന്റെ ഫലമാണ് ഇന്ത്യയുടെ ഭരണഘടന. അതിഗഹനമായ ആശയങ്ങള്‍ ഇത്ര ലളിതമായി ആര്‍ജ്ജവത്തോടെ അവതരിപ്പിക്കാന്‍ മറ്റൊരു ഭരണഘടനയ്ക്കും കഴിഞ്ഞിട്ടില്ല. തലമുറകള്‍ക്കു വേണ്ടി എഴുതപ്പെടുന്ന പ്രമാണരേഖ കാലത്തിനൊത്ത് വ്യാഖ്യാനിക്കാന്‍ കഴിയണം. ഭരണഘടനയുടെ മൗലികഘടനയില്‍ മാറ്റം വരുത്തരുതെന്ന് കേശവാനന്ദ ഭാരതി കേസില്‍ സുപ്രീം കോടതി പറഞ്ഞു. ഭേദഗതികള്‍ നൂറു കഴിഞ്ഞിട്ടും ഘടനയില്‍ മാറ്റം വരുത്താന്‍ കഴിയാത്തത് ശില്‍പിയുടെ നിര്‍മ്മാണകുശലതയുടെ സവിശേഷതയാണ്.