സഫൂറ സർ​ഗാർ മുതൽ ഷർജീൽ ഉസ്മാനി വരെ; മഹാമാരിയിലും സി.എ.എ സമരക്കാരെ വേട്ടയാടി കേന്ദ്രം

കെ. ഭരത്

രാജ്യം കോവിഡ് 19 മഹാമാരിയുടെ പിടിയിൽ മുറുകുമ്പോഴും പൗരത്വ ഭേദ​ഗതി നിയമത്തിനിരെ സമരം ചെയ്തവരെ കേന്ദ്ര സർക്കാർ വേട്ടയാടുന്നു. സിഎഎ വിരുദ്ധ സമരങ്ങളിലെ മുന്നണിപ്പോരാളിയായും അലിഗഡ് മുസ്‌ലിം സർവകലാശാല മുൻ വിദ്യാർത്ഥിയുമായ ഷർജീൽ ഉസ്മാനിയാണ് അവസാനമായി അറസ്റ്റിലായത്.

അറസ്റ്റ് വാറണ്ടില്ലാതെ മഫ്തിയിലാണ് സംഘം ഷർജീലിനെ പിടിച്ചു കൊണ്ടുപോയതെന്ന് കാട്ടി വീട്ടുകാർ രം​ഗത്തെത്തിയിരുന്നു. മഫ്തി സംഘം കൊണ്ടുപോയി ഒരു ദിവസം കഴിഞ്ഞ ശേഷമാണ് ഷർജീലിന്റെ അറസ്റ്റ് ഔദ്യോ​ഗികമായി രേഖപ്പെടുത്തിയത്.

അലിഗഡ് സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായിരുന്ന ഷർജീൽ ഉസ്മാനിക്കെതിരെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് യു.പി പൊലീസ് കേസെടുത്തത്.

സംഭവത്തിന് ശേഷം മാസങ്ങൾ കഴിഞ്ഞാണ് അറസ്റ്റ്. പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികളെ ഇതിന് മുമ്പും രാജ്യദ്രോഹകുറ്റം ചുമതി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പൗരത്വ പ്രക്ഷോഭങ്ങളുടെ പേരിൽ അറസ്റ്റിലായ ജാമിഅ മില്ലിയ വിദ്യാർത്ഥിനിയും 23 ആഴ്ച ​ഗർഭിണിയുമായിരുന്ന സഫൂറ സർഗാർ 74 ദിവസമാണ് തിഹാർ ജയിലിൽ കഴിഞ്ഞത്. ഡൽഹിയിൽ കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഏപ്രിൽ 10-നാണ് യുഎപിഎ ചുമത്തി 27-കാരിയായ സഫൂറയെ അറസ്റ്റ് ചെയ്തത്. ജാമിയ കോർഡിനേഷൻ കമ്മറ്റിയിലെ മീഡിയ കോർഡിനേറ്ററായിരുന്നു സഫൂറ സർഗാർ.

ജാമിഅയിലെ അക്രമത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ ആദ്യം അറസ്റ്റ് ചെയ്ത സഫൂറയെ വടക്ക് കിഴക്കൻ ഡൽഹിയിലെ കലാപക്കേസിലും പ്രതി ചേർത്ത് യുഎപിഎ അടക്കമുള്ളവ ചുമത്തി ജയിൽ മോചനം തടയുകയായിരുന്നു.

സഫൂറയെ ജയിലിൽ അടച്ചതിനെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും യുഎഇ രാജകുടുംബാംഗവും രംഗത്തെത്തിയതിന് പിന്നാലെയാണ് ജാമ്യം ലഭിച്ചത്. ഡൽഹിയിൽ നിന്ന് പുറത്തു പോകുമ്പോൾ വിചാരണക്കോതിയുടെ അനുമതി വാങ്ങണം, 15 ദിവസത്തിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം എന്നീ ഉപാധികളോടെയാണ് സഫൂർ സർഗാറിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

പൗരത്വ ഭേദ​ഗതിക്കെതിരെ സമരം ചെയ്തതിന് ജെ.എൻ.യു വിദ്യാർത്ഥി ഷർജീൽ ഇമാമിനെ ജനുവരിയിലാണ് അറസ്റ്റ് ചെയ്തത്. അലിഗഢ്​ മുസ്​ലിം യൂണിവേഴ്​സിറ്റിയിൽ ജനുവരി 16-ന്​ നടത്തിയ പ്രസംഗത്തി​​ന്റെ പേരിലാണ്​ ഗവേഷക വിദ്യാർത്ഥി ഷർജീൽ ഇമാമിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തത്​.

‍ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലിം സർവകലാശാലയിലും നടന്ന പ്രതിഷേധങ്ങളിൽ ഇദ്ദേഹം വിഘടനവാദ പ്രസംഗം നടത്തിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അസം, മണിപ്പൂർ, അരുണാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിലും ഷർജീൽ ഇമാമിനെതിരെ കേസെടുത്തിട്ടുണ്ട്.

ജാമിയ സംഘർഷവുമായ ബന്ധപ്പെട്ട കേസിൽ റിമാന്‍ഡിലായിരുന്ന ആസിഫ് ഇഖ്ബാൽ തൻഹയുടെ പേരിൽ ഡൽഹി കലാപകേസ് കൂടി ചുമത്തി മെയ് മാസത്തിലാണ് അറസ്റ്റ് ചെയ്തത്. ജാമിയ കോർഡിനേഷൻ കമ്മിറ്റി അംഗവും മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയുമായ ആസിഫ് കലാപത്തിന് ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്.

പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ട് മെയ് മാസത്തിൽ രണ്ട് യുവതികളും ഡൽഹിയിൽ അറസ്റ്റിലായി. ഡൽഹി ജാഫറാബാദ് മെട്രോ സ്റ്റേഷൻ പരിസരത്ത് വനിതകളുടെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ ഭാ​ഗമായാണ് നടാഷ, ദേവഗംഗ എന്നീ യുവതികൾ അറസ്റ്റിലായത്.

പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങളെ തുട‍ർന്നുണ്ടായ കലാപത്തിൽ ജെഎൻയു മുൻ വിദ്യാർത്ഥി ഉമ‍ർ ഖാലിദിനും ജാമിയ മിലിയ ഇസ്ലാമിയ വിദ്യാർത്ഥികളായ മീരൻ ഹൈദ‍ർ എന്നിവർക്കെതെരെയും ഡൽഹി പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിരുന്നു.

ഉമ‍ർ ഖാലിദ് ഫെബ്രുവരിയിൽ അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപിൻറെ ഇന്ത്യാ സന്ദർശനവേളയിൽ ജനങ്ങളോട് തെരുവിലിറങ്ങാൻ ആവശ്യപ്പെട്ട് രണ്ടിടങ്ങളിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി എന്നാണ് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നത്.

മീരൻ ഹൈദർ ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്ഡി വിദ്യാർത്ഥിയും ആർജെഡി യൂത്ത് വിംഗിന്റെ ഡൽഹി യൂണിറ്റ് പ്രസിഡന്റുമാണ്. ഡൽഹിയിലെ വർഗീയ കലാപത്തിന് പ്രേരിപ്പിച്ചെന്ന കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.