അരിവാള്‍ പിടിക്കാന്‍ ഒരു കൈ

ഡോക്ടര്‍ സെബാസ്റ്റ്യന്‍ പോള്‍

ഹിറ്റ്‌ലറെ പരാജയപ്പെടുത്തുന്നതിന് റൂസ്‌വെല്‍റ്റും സ്റ്റാലിനും കൈകോര്‍ത്തതോടെയാണ് രണ്ടാം ലോകമഹായുദ്ധത്തിന് പരിസമാപ്തിയുണ്ടായത്. ശത്രുവിന്റെ ശത്രു മിത്രമാകുന്ന സന്ദര്‍ഭങ്ങളുണ്ട്. ആരാണ് പ്രധാന ശത്രുവെന്ന നിര്‍ണയം പ്രധാനപ്പെട്ടതാണ്. സി.പി.ഐ (എം) കോണ്‍ഗ്രസിനെ ശത്രുവായി തന്നെയാണ് കണ്ടിട്ടുള്ളത്. കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നതു പോലെ അത് അന്ധമായ കോണ്‍ഗ്രസ് വിരോധമായിരുന്നില്ല. അടിയന്തരഘട്ടങ്ങളില്‍ ആരുടെയും ശിപാര്‍ശയില്ലാതെ കോണ്‍ഗ്രസിനെ സഹായിച്ച ചരിത്രമാണ് ഇടതുകക്ഷികള്‍ക്കുള്ളത്. 2004 മറക്കാനുള്ള വര്‍ഷമല്ല. അന്ന് ഇടതുപക്ഷത്തിന്റെ 64 എംപിമാരും ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ സമര്‍ത്ഥമായ ഇടപെടലും ഇല്ലായിരുന്നുവെങ്കില്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയാകുമായിരുന്നില്ല. സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിലും ഇടതുപക്ഷത്തിന് വിരോധമില്ലായിരുന്നു. ബി.ജെ.പി അധികാരത്തില്‍ തുടരുന്നത് തടയുകയെന്നതു മാത്രമായിരുന്നു ഇടതുപക്ഷത്തിന്റെ ലക്ഷ്യം.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഒന്നാം യു.പി.എ സര്‍ക്കാരിന് സര്‍ഗാത്മകവും നിഷ്‌കാമവുമായ പിന്തുണയാണ് ഇടതുപക്ഷം നല്‍കിയത്. ആവശ്യാനുസരണം മന്ത്രിമാരെ ഇടതുപക്ഷത്തിന് ആവശ്യപ്പെടാമായിരുന്നു. ഇടതുപക്ഷത്തിന് 16 മന്ത്രിമാര്‍ എന്ന കണക്കും അന്ന് കേട്ടിരുന്നു. സോമനാഥ് ചാറ്റര്‍ജി, പി കെ വാസുദേവന്‍ നായര്‍ എന്നിങ്ങനെ മന്ത്രിയാകാന്‍ കൊള്ളാവുന്ന നിരവധി പേര്‍ ഇടതുപക്ഷത്തുണ്ടായിരുന്നു. പക്ഷേ ആ ഓഫര്‍ ഇടതുപക്ഷം സ്വീകരിച്ചില്ല. ഫലേച്ഛയില്ലാതെയുള്ള പിന്തുണ എന്തിനായിരുന്നുവെന്ന് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് അന്ന് മനസ്സിലായിട്ടുണ്ടാവില്ല. കേരളത്തില്‍നിന്ന് ഒരു കോണ്‍ഗ്രസ് എംപി പോലും അന്ന് ലോക്‌സഭയില്‍ ഉണ്ടായിരുന്നില്ല. വ്യക്തികള്‍ക്കെന്ന പോലെ പാര്‍ട്ടികള്‍ക്കും ക്ഷീണകാലം ഉണ്ടാകും. പത്തു വര്‍ഷം തുടര്‍ച്ചയായി ഭരിച്ചതിനു ശേഷം പിന്നീടുള്ള പത്ത് വര്‍ഷം പ്രതിപക്ഷ നേതാവാകാന്‍ പോലും കഴിയാത്ത ദയനീയാവസ്ഥയിലായി കോണ്‍ഗ്രസ്. ഇന്നലെ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷന്‍ ആയിരുന്നയാളും നാളെ അവസരം കിട്ടിയാല്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി ആകേണ്ടയാളുമായ രാഹുല്‍ ഗാന്ധിയോട് മിണ്ടാതിരിക്കാന്‍ പറയാനുള്ള ഔദ്ധത്യം കേരളത്തിലെ പ്രതിപക്ഷനേതാവിന് കാണിക്കാന്‍ കഴിഞ്ഞു. കേരളത്തിലെ എംപിക്ക് കേരളത്തിലെ കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതിന് പ്രതിപക്ഷ നേതാവിന്റെ അനുവാദം ആവശ്യമുണ്ടോ? ഹൈക്കമാന്‍ഡ് എന്നു കേട്ടാല്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് മുട്ടിടിക്കുന്ന കാലമുണ്ടായിരുന്നു. അക്കാലമെല്ലാം പോയി. ദേശീയതലത്തില്‍ തന്നെ കോണ്‍ഗ്രസ് തുടച്ചു നീക്കപ്പെടുമെന്ന അവസ്ഥയാണിന്ന്. പറയുന്നതെല്ലാം നടപ്പാക്കുന്ന പ്രധാനമന്ത്രിയുടെ അജണ്ടയിലെ പ്രധാനപ്പെട്ട ഇനമാണ് കോണ്‍ഗ്രസ്‌വിമുക്ത ഭാരതം.

ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസുമായി ധാരണയാകാമെന്ന സി.പി.ഐ (എം) തീരുമാനത്തെ വിലയിരുത്തേണ്ടത്. കേരളമൊഴികെ എല്ലായിടത്തും ധാരണയാകാമെന്നു പറയുമ്പോള്‍ കേരളത്തില്‍ ഇരുമുന്നണികളുടെയും പൊതുശത്രു തുലോം ദുര്‍ബലമാണെന്നോ ഓര്‍ക്കണം. അതുകൊണ്ട് ഇവിടെ സി.പി.എമ്മും കോണ്‍ഗ്രസും ഏറ്റുമുട്ടട്ടെ. ബി.ജെ.പിയുമായി പല തരത്തിലുള്ള ധാരണകളുണ്ടെന്ന് ആരോപിക്കപ്പെടുന്ന കോണ്‍ഗ്രസിനെ കേരളത്തില്‍ കൂടെക്കൂട്ടാന്‍സി.പി എമ്മിനാവില്ല. പുറത്തു പറയാന്‍ കൊള്ളാത്ത സഖ്യങ്ങള്‍ കോണ്‍ഗ്രസിന് വേറെയുമുണ്ട്.

അടുത്ത വര്‍ഷം കേരളത്തിനു പുറമേ തമിഴ്‌നാട്ടിലും ബംഗാളിലും അസമിലും നിയമസഭാ തിരഞ്ഞെടുപ്പുണ്ട്. തമിഴ്‌നാട്ടില്‍ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിയിലാണ്. ബിഹാറില്‍ ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിലും ഇരുകൂട്ടരുമുണ്ട്. ബംഗാളില്‍ തൃണമൂലിനു വെല്ലുവിളിയായി ബിജെപി ശക്തിപ്രകടനത്തിന് തയ്യാറെടുക്കുന്നുണ്ട്. അവിടെയും അസമിലും ത്രിപുരയിലും വലിയ കേടുപാടുകള്‍ ഇല്ലാതെ നില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ ധാരണ വേണം. ഈ പ്രായോഗികമതിത്വമാണ് സി.പി.ഐ(എം) തീരുമാനത്തിലുള്ളത്. അപകടകാരിയായ പൊതുശത്രുവിനെ തടഞ്ഞതിനുശേഷം ഇരുകൂട്ടര്‍ക്കും താന്താങ്ങളുടെ വഴികള്‍ തിരഞ്ഞെടുക്കാം. ബി.ജെ.പിയുടെ ബി ടീമെന്നു വിളിച്ച് ആക്ഷേപിക്കുന്ന കോണ്‍ഗ്രസുമായി സ്ഥായിയായ സഖ്യത്തിലേര്‍പ്പെടാന്‍ സി.പി.എമ്മിനു കഴിയില്ല. ധാരണ ഉണ്ടായാല്‍ ഗുണം കിട്ടുമെന്ന് പറയത്തക്ക കരുത്ത് ബംഗാളില്‍ കോണ്‍ഗ്രസിനുണ്ടോ എന്ന കാര്യവും സംശയാസ്പദമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടിന്റെയും സീറ്റിന്റെയും കണക്ക് പറഞ്ഞ് ചാനല്‍ ചര്‍ച്ചകളില്‍ സി.പി.എമ്മിനെ പരിഹസിക്കാന്‍ കോണ്‍ഗ്രസ് വക്താക്കള്‍ക്ക് കഴിയില്ലെന്ന പ്രയോജനം മുന്‍കൂറായി ഉറപ്പിക്കാം.