എല്‍.ഡി.എഫിനു വെല്ലുവിളിയായി ഉപ തിരഞ്ഞെടുപ്പുകള്‍ വരുന്നു

രാഷ്ട്രീയ ലേഖകന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം എല്‍.ഡി.എഫ് ആശങ്കയോടെ വീക്ഷിക്കുന്ന ആറ് നിയമസഭാ ഉപ തിരഞ്ഞെടുപ്പുകള്‍ക്ക് കളമൊരുങ്ങുന്നു. തിയതികള്‍ പ്രഖ്യാപിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം ഉടനുണ്ടാകും. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ എം.എല്‍.എമാരുടെ രാജിയാണ് ഉപ തിരഞ്ഞെടുപ്പിന് കാരണമാകുന്നതെങ്കില്‍ മഞ്ചേശ്വരവും പാലയും എം.എല്‍.എമാരുടെ മരണം നിമിത്തമാണ് ഒഴിഞ്ഞു കിടക്കുന്നത്.

പ്രാതിനിധ്യമില്ലാതെ ഒരു മണ്ഡലം ആറു മാസത്തില്‍ കൂടുതല്‍ ഒഴിഞ്ഞു കിടക്കരുതെന്നാണ് ഭരണഘടനയിലെ വ്യവസ്ഥ. മഞ്ചേശ്വരത്ത് മുസ്‌ലിം ലീഗിലെ പി. ബി അബ്ദുല്‍ റസാഖിന്റെ വിജയത്തെ ചോദ്യം ചെയ്ത് പരാജയപ്പെട്ട ബി.ജെ.പി സഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ നല്‍കിയ തിരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതിയില്‍ ഇപ്പോഴും തുടരുന്നതു കൊണ്ടാണ് ഉപ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്തത്. ഹര്‍ജി പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തയ്യാറായിട്ടില്ല.

കെ. എം മാണിയുടെ മരണത്തെ തുടര്‍ന്ന് പാലയിലുണ്ടായ ഒഴിവു നികത്തുന്നതിന് ഇനി മൂന്നു മാസമാണ് ബാക്കിയുള്ളത്. ജൂലൈ 15-ന് ഹൈക്കോടതിയിലെ കേസില്‍ തീരുമാനമാകുന്നില്ലെങ്കില്‍ മഞ്ചേശ്വരം ഒഴിവാക്കി മറ്റിടങ്ങളില്‍ ഉപ തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും.
ഇരുപതില്‍ ഒരു സീറ്റ് മാത്രം സ്വന്തമാക്കാന്‍ കഴിഞ്ഞ എല്‍.ഡി.എഫിന് ആറ് ഉപ തിരഞ്ഞെടുപ്പുകള്‍ നിര്‍ണായകമാണ്. അഭിമാനപ്രശ്‌നം എന്നതിലുപരി സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും വിശ്വാസ്യതയെ ബാധിക്കുന്നതായിരിക്കും തിരഞ്ഞെടുപ്പ് ഫലം.

കൈവശമുണ്ടായിരുന്ന അരൂര്‍ നിലനിര്‍ത്തുകയും മറ്റൊന്ന് പിടിച്ചെടുക്കുകയും ചെയ്തു കൊണ്ടുള്ള ശക്തിപ്രകടനത്തിനാണ് എല്‍.ഡി.എഫ് കോപ്പുകൂട്ടുന്നത്. പക്ഷേ അരൂരില്‍ ആരിഫ് പാര്‍ലിമെന്റില്‍ പോയതും എറണാകുളത്തെ മാര്‍ജിന്‍ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ വര്‍ദ്ധിച്ചതും പാര്‍ട്ടിയെ ബുദ്ധിമുട്ടിലാക്കുന്നു. എന്‍.സി.പിക്ക് അവകാശപ്പെട്ട മണ്ഡലമായതിനാല്‍ പാല പൂര്‍ണമായും സി.പി.എം നിയന്ത്രണത്തിലല്ല. എങ്കിലും കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പ്രയോജനപ്പെടുത്തി കൊണ്ട് വിജയതന്ത്രം ആവിഷ്‌കരിക്കാന്‍ കഴിയുമെന്ന എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നു. മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും ബി.ജെ.പിയെ തടയുകയെന്ന രാഷ്ട്രീയബാധ്യതയും എല്‍.ഡി.എഫിനുണ്ട്.

പൊതു തിരഞ്ഞെടുപ്പില്‍ എം. കെ സാനുവും (1987), ഉപ തിരഞ്ഞെടുപ്പില്‍ സെബാസ്റ്റ്യന്‍ പോളും (1998) സി.പി.എമ്മിനു നേടിക്കൊടുത്ത മണ്ഡലമാണ് എറണാകുളം. ലോക്‌സഭയിലേക്ക് രണ്ട് ഉപ തിരഞ്ഞെടുപ്പുകളും നിയമസഭയിലേക്ക് ഒരു ഉപ തിരഞ്ഞെടുപ്പും വിജയിച്ചിട്ടുള്ളതിന്റെ ആത്മവിശ്വാസം പാര്‍ട്ടിക്കുണ്ട്. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും എറണാകളം നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാല്‍ 2019-ല്‍ റെക്കോഡ് ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് എറണാകുളം ലോക്‌സഭാ സീറ്റ് നിലനിര്‍ത്തിയത്. എറണാകുളം നിയമസഭാ മണ്ഡലത്തില്‍ 31,178 വോട്ടിന്റെ ഭൂരിപക്ഷം ഹൈബി ഈഡനുണ്ടായി. ഇത് മറികടക്കുകയെന്ന ഭഗീരഥ യജ്ഞത്തിനാണ് സി.പി.എം തയ്യാറെടുക്കുന്നത്.