ബിനോയിയും ബിനീഷും പിന്നെ കോടിയേരിയും; ഒരു മഹാപ്രസ്ഥാനം വഴിയാധാരമാകുന്നതിനു പിന്നില്‍

Advertisement

തിരഞ്ഞെടുപ്പില്‍ ചുവപ്പിന്റെ നിറം മങ്ങിയ ക്ഷീണം തിരിച്ച് പിടിക്കാന്‍ സി.പി.എം പെടാപ്പാട് പെടുമ്പോഴാണ് പുതിയ ആരോപണങ്ങള്‍ പാര്‍ട്ടിയെ ഒന്നാകെ വിഴുങ്ങിയിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ ഇതിനു മുമ്പും പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കിയിട്ടുണ്ട്.

ബാറില്‍ ജോലി ചെയ്തിരുന്ന ബീഹാര്‍ സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും അതില്‍ എട്ട് വയസുള്ള കുട്ടിയുണ്ടെന്നുമുള്ള പുതിയ ആരോപണം മാത്രമല്ല കോടിയേരിയുടെ മക്കള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ളത്.

നിയമസഭയില്‍ വിവാദമുണ്ടാക്കിയ ദുബായ് തട്ടിപ്പ് കേസ്

കഴിഞ്ഞ വര്‍ഷം നിയമസഭയില്‍ വലിയ കോളിളക്കമുണ്ടാക്കി സി.പി.എമ്മിനെ വെട്ടിലാക്കിയിരുന്നു ബിനോയ്. ദുബായിയില്‍ ബിനോയ് കോടികളുടെ തട്ടിപ്പു നടത്തിയെന്ന ആരോപണം രാഷ്ട്രീയ വിവാദമാവുകയും ചെയ്തു. ജാസ് ടൂറിസം ഏജന്‍സി ഉടമ ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂക്കിയാണ് ബിനോയ് കോടിയേരിക്കെതിരെ അന്ന് സിവില്‍ കേസ് നല്‍കിയത്. പലിശ ഉള്‍പ്പടെ 13 കോടി രൂപ ജാസ് ടൂറിസം കമ്പനിക്ക് ബിനോയ് നല്‍കാനുണ്ടായിരുന്നുവെന്നായിരുന്നു ആരോപണം. ജാസ് കമ്പനിയുടെ പാര്‍ട്ട്ണറായ മലയാളി രാഹുല്‍ കൃഷ്ണ എന്നയാള്‍ കമ്പനിയുടെ പേരില്‍ വായ്പയെടുത്ത് ബിനോയിക്ക് നല്‍കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ബിനോയ് കോടിയേരിക്ക് ദുബായ് കോടതി യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂക്കി സി.പി.എം കേന്ദ്രകമ്മിറ്റിക്ക് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ പരാതി ലഭിച്ചിട്ടും പാര്‍ട്ടി ഈ വിഷയത്തില്‍ കൈവെയ്ക്കാന്‍ മടിച്ചു. തൊട്ടാല്‍ പൊള്ളുമെന്ന് മാത്രമല്ല, മൃദുസമീപനം എപ്പോഴും കോടിയേരിയുടെ മക്കളോട് സി.പി.എം നേതൃത്വം സ്വീകരിച്ചു എന്നും പറയാം. ലൈംഗികാരോപണം വ്യക്തിപരമായ കാര്യമാണെന്ന് കേന്ദ്ര നേതൃത്വം ഉള്‍പ്പെടെ പറഞ്ഞൊഴിയുന്നതും ഈ മൃദുസമീപനത്തിന്റെ ഭാഗമാണ്. പ്രശ്‌നം പരിഹരിക്കപ്പെടാതെ കുഴഞ്ഞ് മറിഞ്ഞപ്പോള്‍ യു. എ. ഇയിലെ വ്യവസായ പ്രമുഖര്‍ ഇടപെടല്‍ നടത്തി. മര്‍സൂക്കി ആവശ്യപ്പെട്ട 1.72 കോടി രൂപ നല്‍കാമെന്ന് സമ്മതിക്കേണ്ടി വന്നു ഒടുവില്‍.

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്

എഴുന്നൂറില്‍ പരം നിക്ഷേപകരില്‍ നിന്നായി അമ്പത് കോടിയിലധികം രൂപ തട്ടിയെടുത്ത നിക്ഷേപ തട്ടിപ്പ് കേസായിരുന്നു ഇത്. മുഖ്യ പ്രതി ശബരീനാഥ് ആണെങ്കിലും കോടിയേരി ബാലകൃഷ്ണനെതിരെയും മകന്‍ ബിനീഷ് കോടിയേരിയേരിക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നു. അന്ന് കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ്. കേസിലെ തന്നെ പത്താം പ്രതിയും കൊല്ലം സ്വദേശിനിയുമായ രമണി ഇരുവര്‍ക്കുമെതിരെ മൊഴി നല്‍കുകയും ചെയ്തു. മന്ത്രി പുത്രന്‍മാര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ കേസില്‍ നിന്ന് ഒഴിവാക്കി കൊടുക്കാമെന്ന് ക്രൈംബ്രാഞ്ച് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നതായും രമണി അന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. രണ്ട് കോടി രൂപ സി.പി.എം നേതാക്കള്‍ക്ക് നല്‍കിയാല്‍ കേസില്‍ നിന്നും ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും രമണിയുടെ മൊഴിയിലുണ്ടായിരുന്നു. ഇക്കാര്യങ്ങളിലൊക്കെ രക്ഷപെടുത്താന്‍ പാര്‍ട്ടി കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു കാര്യങ്ങള്‍.

2015- ലെ പാര്‍ട്ടി സമ്മേളനവും റഷ്യന്‍ സുന്ദരിയും

അന്ന് കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവും ആയിരുന്ന കാലം. സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊടിയുയര്‍ന്നു. പാര്‍ട്ടി സെക്രട്ടറി പദത്തില്‍ നിന്നും പിണറായി വിജയന്റെ കാലാവധി കഴിഞ്ഞിറങ്ങുമ്പോള്‍ അടുത്ത പേരായി കോടിയേരിയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നു. ആ സമയത്താണ്, കൊക്കെയ്ന്‍ കേസിന്റെ അലകള്‍ ഉയര്‍ന്നത്.

സമ്മേളന ദിനത്തിന്റെ ആദ്യദിനം തന്നെ കൊച്ചിയില്‍ കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായ സംവിധായിക ബ്ലസിയും കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരിയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. പക്ഷേ, പാര്‍ട്ടി അന്നും വ്യക്തിപരം എന്ന ലേബലില്‍ തന്നെ ഒക്കെ ഒതുക്കി. ഇത്തരം വിവാദങ്ങള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള വലിയ ചര്‍ച്ചകള്‍ ഉയരാതിരിക്കാന്‍ പ്രത്യേകം ജാഗരൂകരായി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അതിനെ മുഖവിലക്കെടുക്കാതെ കോടിയേരിയെ സംരക്ഷിച്ചു കൊണ്ടുള്ള നിലപാടായിരുന്നു പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും കേന്ദ്ര നേതൃത്വവും അന്ന് സ്വീകരിച്ചത്.

വി.എസിനെതിരെ കടുപ്പിച്ച പാര്‍ട്ടി കോടിയേരിയെ സംരക്ഷിക്കുന്നു

ഇടത് നേതാക്കന്‍മാരുടെ മക്കളുടെ ആരോപണം വിവാദമായ മറ്റ് കാര്യങ്ങളും കൂടി പറയേണ്ടതുണ്ട്. വി എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് മകന്‍ അരുണ്‍ കുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചത് വലിയ വിവാദങ്ങള്‍ക്കാണ് വഴി തുറന്നത്. അരുണ്‍കുമാറിന്റെ മക്കാവോ സന്ദര്‍ശനവും വിവാദത്തിലാണ് കലാശിച്ചത്. അപ്പോഴൊക്കെയും ഇപ്പോഴുള്ള മൃദുസമീപനമായിരുന്നില്ല പാര്‍ട്ടിക്കുണ്ടായിരുന്നത്. അന്ന് വി. എസിനെ ക്രൂശിക്കാന്‍ പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെയായിരുന്നു കരുനീക്കങ്ങളുണ്ടായത്. ഇന്ന് മകന്‍ ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണങ്ങളില്‍ ഇടപെടില്ലെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുമ്പോഴും കോടിയേരിയെ സംരക്ഷിക്കാനാണ് ശ്രമം.