പുരോഗമനവാദിയായ ബല്‍റാമിന്‍റെ 'ലൈംഗിക നിരക്ഷരത' അത്ഭുതപ്പെടുത്തുന്നത്

ബി ഉണ്ണികൃഷ്ണന്‍

ആത്മകഥ എന്ന സാഹിത്യരൂപത്തിന്റെ ഇരട്ട സ്വഭാവത്തെപറ്റി ഒരുപാട് ചിന്തകര്‍ പറഞ്ഞിട്ടുണ്ട്. എഴുത്തുകാരന്‍ സ്വന്തം ജീവിതത്തെ “സത്യസന്ധമായി” ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുമ്പോഴും, ആത്മകഥയിലെപ്പോഴും ഫിക്ഷന്റെ, ഫാന്റസിയുടെ, തൃഷ്ണ(desire)യുടെ, അബോധമായി സ്വയം എഴുത്തുകാരന്‍ ഏര്‍പ്പെടുത്തുന്ന സെന്‍സര്‍ഷിപ്പിന്റെ ഒക്കെ പ്രവര്‍ത്തനങ്ങളും പ്രതിപ്രവര്‍ത്തനങ്ങളും സന്നിഹിതമായിരിക്കും.

അതുകൊണ്ട് തന്നെ, ഒരിക്കലും നേര്‍രേഖയിലൂടെ, അതീവ ലളിതമായും സുതാര്യമായും വായിച്ച് സാരം മനസിലാക്കാവുന്ന ഒന്നല്ല, ആത്മകഥ. ഈ എഴുത്തുരൂപത്തെയാണ് നമ്മുടെ എം എല്‍ എ, വി ടി ബലറാം പൂവിറുക്കുന്ന നിസ്സാരതയോടെ വായിച്ചത്. ആ വായനയ്ക്ക് ബലമേകാന്‍ ഹിന്ദു പത്രം 2001 -ല്‍ പ്രസിദ്ധീകരിച്ച ഒരു ഫീച്ചറിനേയും അദ്ദേഹം ആശ്രയിക്കുന്നു. ആത്മകഥയേയും, പത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന ജീവചരിത്രസംബന്ധിയായ ഒരു ഫീച്ചറിനേയും ( അതിന്റെ വസ്തുനിഷ്ഠതയെക്കുറിച്ച് ബല്‍റാമിന് സംശയമേയില്ല) ഒരൊറ്റ പ്രമേയത്തിന്റെ അതും ഏറ്റവും സങ്കീര്‍ണ്ണമായ പ്രണയമെന്ന പ്രമേയത്തിന്റെ രേഖീയവും “സ്വാഭാവികവുമായ” തുടര്‍ച്ചയായി “വായിച്ചെടുക്കാന്‍” അസാധാരണവും മൗലികവുമായ വിവരക്കേടു വേണം. അത്, ബലറാം സമൃദ്ധമായി, മാരകമായ ഒരു ധൂര്‍ത്തോടെ പ്രകടിപ്പിക്കുന്നുമുണ്ട്.

നമ്മുടെ കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ പലരും അവരുടെ ആത്മകഥകള്‍ എഴുതിയിട്ടുണ്ട്. ഈ എഴുത്തുകളുടെ പൊതുസ്വഭാവം, വ്യക്തിജീവിതത്തില്‍ ഏറ്റവും നിര്‍ണ്ണായകമായി വര്‍ത്തിക്കുന്ന “കാമന”( desire)യുടെ അടിച്ചമര്‍ത്തലാണ്. ഈ ആത്മകഥകളില്‍ “ശരീരം” അടയാളപ്പെടുത്തപ്പെടുന്നത്, ജനകീയ പ്രക്ഷോഭങ്ങളെ സാധ്യമാകിയ പല ശരീരങ്ങളില്‍ ഒന്ന് എന്ന നിലയ്ക്കാണ്; വിപ്ലവം/ വിമോചനം എന്ന ഒറ്റ ചിന്തയില്‍, ഒറ്റ മനസ്സോടെ കണ്ണികളായി ബന്ധിക്കപ്പെട്ട പല ശരീരങ്ങളില്‍ ഒന്ന്. ഒപ്പം, ഭരണകൂടത്തിന്റെ നിഷ്ഠൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങുന്ന “ഒരിട”മായും നേതാക്കള്‍, തങ്ങളുടെ ജീവിതമെഴുതിയപ്പോള്‍, ശരീരത്തെ വൈയക്തികമായി അടയാളപ്പെടുത്തിയിട്ടുണ്ട്. അതായത്, ശരീരത്തിന്റെ നിസ്തുലത, ഈ ആത്മകഥകളില്‍, “കൂട്ടായ്മ” എന്ന സ്വത്വബോധത്തിലേക്ക് അടക്കപ്പെടുമ്പോള്‍പോലും, മര്‍ദ്ദിതമാവുന്ന, തീഷ്ണമായ വേദന അനുഭവിക്കുന്ന, മുറിവേല്‍ക്കപ്പെടുന്ന “എന്റെ ശരീര”മെന്ന ഏകതയായി നിര്‍വ്വചിക്കപെടുകകൂടി ചെയ്യുന്നുണ്ട്. ഒരു വിപ്ലവകാരിയുടെ സ്വത്വബോധത്തെ വേണ്ടുംവിധം പഠിക്കാന്‍ ഒരേസമയം തമസ്‌ക്കരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന അയാളുടെ/അവളുടെ ശരീരമെന്ന പരികല്‍പ്പനയെ മനസ്സിലാക്കിയേ തീരൂ.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒട്ടും പരമര്‍ശ്ശിക്കപ്പെടാതെ പോവുന്നത് ലൈംഗികതയാണ്. കമ്മ്യുണിസ്റ്റ് നേതാക്കള്‍ പൊതുവില്‍ ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നതില്‍ വിമുഖരാണ്. എന്നാല്‍, അവരില്‍നിന്നെല്ലാം വ്യത്യസ്തമായി, ഏകെജി, തന്റെ കാമനയെ കുറിച്ച് തുറന്നെഴുതിയ, ശരീരത്തിന്റെ മൂന്നാം മാനം വെളിപ്പെടുത്തിയ വിപ്ലവകാരിയാണ്. തനിക്ക് സുശീലയോട് തോന്നിയ ആകര്‍ഷണത്തെ പീഡനമായി ബല്‍റാം വായിച്ചെടുക്കുന്ന മമതയെ തികച്ചും യാഥാസ്തിതികവും ആര്‍ജ്ജിതവുമായ ധാരണകളുടേയും,സങ്കല്‍പ്പങ്ങളുടേയും പരിസരത്തുവെച്ച് തന്നെയാണ്, എകെജി മൂല്യവിചാരണ നടത്തുന്നത്. പ്രായത്തിലെ വലിയ അന്തരം, താന്‍ വിവാഹിതനാണെന്ന യാഥാര്‍ത്ഥ്യം, തന്റെ പാര്‍ട്ടിയുടെ സമരലക്ഷ്യങ്ങള്‍, ഇതെല്ലാം കൂടിയാണ് അദ്ദേഹത്തില്‍ “കുറ്റബോധ” മുണ്ടാക്കിയത്. അതിനെ മറികടക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത് സുശീലയല്ലാതെ മറ്റാരുമല്ല. ഇപ്പോള്‍ നടക്കുന്ന മുഴുവന്‍ ചര്‍ച്ചകളിലും പരാമര്‍ശ്ശിക്കപ്പെടാതെ പോവുന്നത്, സുശീലയുടെ ഇഛ്ഛയാണ്; തമസ്‌ക്കരിക്കപ്പെടുന്നത് സ്ത്രീ തന്നെയാണ്.

കുട്ടിയില്‍ നിന്ന് യുവതിയിലേക്കുള്ള പരിണാമത്തില്‍ സ്വന്തം ലൈംഗികതയെ കുറിച്ചുള്ള ബോധ്യത്തിലെത്തിച്ചേരുന്ന, തന്റെ പങ്കാളിയെ നിര്‍ണ്ണയിക്കാനുള്ള അവകാശത്തെ ദൃഡതയോടെ ഉച്ചരിക്കുകയും, അത് നടപ്പില്‍ വരുത്തുകയും ചെയ്യുന്ന സഖാവ് സുശീലയെ വെറുമൊരു “ഒബ്‌ജെക്റ്റ്” ആയിട്ടാണ് ബല്‍റാം കാണുന്നത്, victimized object എന്ന് വേണമെങ്കില്‍ പറയാം: കാമന വിനിമയം ചെയ്യുന്ന, തീരുമാനങ്ങളെടുക്കുന്ന, ഇഛ്ഛാ ശക്തിയുള്ള, പ്രവര്‍ത്തിക്കുന്ന കര്‍ത്താവായി( subject) സുശീലയെ കാണാന്‍ ബല്‍റാമിന് മാത്രമല്ല, എകെജിയെ പ്രതിരോധിച്ച്, സംരക്ഷിക്കുന്ന പലര്‍ക്കും കഴിയുന്നില്ല. തന്റെ പ്രണയ സാഫല്യത്തെക്കുറിച്ച് സുശീല പറയുന്നത്, അത്, വിപ്ലവലക്ഷ്യങ്ങള്‍ക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള ഒരു തീരുമാനം കൂടിയായിരുന്നു എന്നാണ്. പ്രണയവും വിപ്ലവവും തമ്മിലുള്ള ലയനം ഉച്ചരിക്കുന്നത് സ്ത്രീയാണ്.

ഏകെജിയാവട്ടെ, തന്റെ ദുര്‍ബലമായ എതിര്‍വ്വാദങ്ങളെ തച്ചുതകര്‍ത്ത സുശീലയുടെ പ്രണയസ്ഥൈര്യത്താല്‍ ധീരനായി തീര്‍ന്ന്, പരമ്പരാഗത മൂല്യവിചാരം സൃഷ്ടിച്ച കുറ്റബോധത്തെ മറികടന്നകൊണ്ട്,തന്റെ പ്രണയത്തിന്റെ ആധികാരികതയെ വിശ്വസിക്കുവാന്‍ തുടങ്ങുകയും പ്രണയിനിയോടൊപ്പം ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. ഏകെജിയ്ക്കും സുശീലയ്ക്കും ഇടയില്‍ സംഭവിച്ച ഈ കാമനാവിനിമയം എത്രമേല്‍ സങ്കീര്‍ണ്ണവും, വര്‍ത്തുളവുമായിരുന്നെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്.

എഴുതപ്പെടാതെ പോയ അന്ത:സംഘര്‍ഷങ്ങളുടെ എത്രയോ വിനിമയ മുഹൂര്‍ത്തങ്ങള്‍ അവര്‍ക്കിടയില്‍ നടന്നിരിക്കാം. ലൈംഗികതയെ കുറിച്ച് സംസാരിക്കാന്‍ ഇപ്പോഴും യാഥാസ്തിതികമായ വൈമനസ്യം പുലര്‍ത്തുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനായി, ലൈംഗികതയെ ധീരമായി അഭിസംബോധന ചെയ്ത ആളായിരുന്നു, എകെജി. പ്രണയത്തിന്റേയും വിപ്ലവത്തിന്റേയും രഥ്യകളിലെ സമാനതകളുടെ അബോധമായ തിരിച്ചറിവ് അദ്ദേഹത്തിന്റെ എഴുത്തിലുണ്ട്. ഒരുപക്ഷേ, ലൈംഗികതയെ ഇതേ തീഷ്ണതയോടെ തന്റെ ആത്മകഥയില്‍ അഭിസംബോധന ചെയ്ത ഒരു ഇന്ത്യന്‍ രാഷ്ട്രീയ നേതാവ് ഗാന്ധിജിയായിരിക്കും. തന്റെ വിപ്ലവകരമായ വായനയ്ക്ക് ബല്‍റാം ഗാന്ധിജിയുടെ” സത്യാന്വേഷണ പരീക്ഷണങ്ങള്‍, തെരെഞ്ഞെടുക്കുകയാണെങ്കില്‍ എന്താവും ഉണ്ടാവുക എന്നത് ഊഹിക്കാവുന്നതേ ഉള്ളൂ.

ഏകെജി-സുശീലാ പ്രണയത്തിന്റെ സങ്കീര്‍ണതകളേയും, അതില്‍ ഉള്ളടങ്ങിയിട്ടുള്ള മുഴുവന്‍ സംഘര്‍ഷങ്ങളേയും ചോര്‍ത്തിക്കളഞ്ഞ് ഏകെജിയെ ബാലപീഡകനായി നിര്‍വ്വചിക്കുന്ന ബലറാമ്മെന്ന യുവതുര്‍ക്കി, “പുരോഗമനവാദി” വെളിപ്പെടുത്തുന്ന ലൈംഗികനിരക്ഷരത അത്ഭുതപ്പെടുത്തുന്നതാണ്. കൃത്യമായി പ്രായപൂര്‍ത്തിയായ നാളില്‍ മാത്രം സ്വന്തം ലൈംഗികതയെ ഒരു വിജ്രംഭിത സത്യമായി തിരിച്ചറിഞ്ഞ ഒരു പ്രത്യേക പുരുഷനായിരിക്കും അദ്ദേഹം എന്ന് ഞാന്‍ വിചാരിക്കുന്നു.