ചിലപ്പോള്‍ ശ്രീധരന്‍ പിള്ള പറയുന്നതു ശരിയാകും

ഡോ. സെബാസ്റ്റ്യൻ പോൾ

വീണ്ടും അധികാരത്തിലെത്തിയാല്‍ വിശ്വാസത്തിന് ഭരണഘടനാപരമായ സംരക്ഷണം നല്‍കുമൊണ് തിരുവനന്തപുരത്ത് നരേന്ദ്രമോദി നല്‍കിയ വാഗ്ദാനം. ശബരിമലയെ ആണ് അദ്ദേഹം ഉദ്ദേശിച്ചതെങ്കില്‍ അതിനുള്ള മറുപടി പി എസ് ശ്രീധരന്‍ പിള്ള തന്നെ നൽകിയിട്ടുണ്ട്. ശബരിമലയെ സംബന്ധിച്ച സുപ്രീം കോടതി വിധി അസ്ഥിരപ്പെടുത്തുതിന് നിയമനിര്‍മ്മാണം ആവാമെന്ന് പറയുവര്‍ നിയമത്തെ കുറിച്ച് അജ്ഞരാണൊണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞത്. സുപ്രീം കോടതി വിധി ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ളതാകയാല്‍ അത് തിരുത്തണമെങ്കില്‍ ആദ്യം ഭരണഘടന തിരുത്തേണ്ടി വരും. ഭരണഘടനയുടെ ബേസിക് സ്ട്രക്ചറിനെ ബാധിക്കുന്ന കാര്യമായതിനാല്‍ പാര്‍ലമെന്റില്‍ എത്ര ഭൂരിപക്ഷമുണ്ടെങ്കിലും അത് ചെയ്യാനുമാവില്ല.

അഞ്ചു മാസം കിട്ടിയിട്ടും ഒന്നും ചെയ്യാതിരുന്നവര്‍ ഇനിയൊരവസരം കിട്ടിയാൽ എല്ലാം ചെയ്തു കൊള്ളാമെന്ന് അവ്യക്തമായി പറയുന്നതിൽ കാപട്യമുണ്ട്. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും അധികാരമുള്ള വിഷയങ്ങള്‍ ഭരണഘടനയുടെ ഏഴാം പട്ടികയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതനുസരിച്ച് ആഭ്യന്തര തീര്‍ത്ഥാടനം സംസ്ഥാന വിഷയമാണ്. ശബരിമല അതില്‍പ്പെടുതിനാല്‍ അതിനെ ബാധിക്കുന്ന കാര്യങ്ങളില്‍ നിയമനിര്‍മ്മാണത്തിനുള്ള അധികാരം സംസ്ഥാനത്തിനു മാത്രമാണ്. വിദേശ തീര്‍ത്ഥാടനം കേന്ദ്ര വിഷയമാകയാല്‍ ഹജ്ജ് സംബന്ധമായ നിയമനിര്‍മ്മാണത്തിനും ഇതരനടപടികള്‍ക്കുമുള്ള അധികാരം കേന്ദ്രത്തിനാണുള്ളത്.

ഈ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് നരേന്ദ്ര മോദിയെ അല്‍പം നിയമം പഠിപ്പിക്കാമെന്ന് ശ്രീധരന്‍ പിള്ള കരുതിയത്. പൊതുവായ ആരാധനാസ്ഥലങ്ങള്‍ വര്‍ണ, ലിംഗ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കുമായി തുറന്നിടണമെന്ന് ഭരണഘടന അനുശാസിക്കുമ്പോള്‍ അതിനനുസൃതമായ നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. കേശവാനന്ദ ഭാരതി കേസിലെ വിധി നിലനില്‍ക്കുവോളം ഭരണഘടന അങ്ങിനെ തന്നെ നിൽക്കും. അതില്‍ മാറ്റം വരുത്താന്‍ കഴിയില്ല. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എല്ലാവരും പിന്‍വാങ്ങും. അയ്യപ്പ സന്നിധാനത്തിലെത്താൻ ആഗ്രഹിക്കുന്ന സ്ത്രീകള്‍ അവിടെയെത്തും. മുണ്ടുയര്‍ത്തി മതനിര്‍ണയവും സാരി മാറ്റി ആര്‍ത്തവനിര്‍ണയവും നടത്തുന്നവർ പോകേണ്ട വഴികള്‍ ജനം കാണിക്കും.

വിശ്വാസത്തിന് സംരക്ഷണം നൽകുന്നുവെന്നതാണ് ഭരണഘടനയുടെ സവിശേഷത. നരേന്ദ്രമോദി പ്രത്യേകമായി അതിനു വേണ്ടി ഭരണഘടനയില്‍ ഒന്നും പണിയേണ്ടതില്ല. ഭരണഘടന എല്ലാ പൗരന്മാരുടെയും വിശ്വാസസംരക്ഷണം ഉറപ്പാക്കുന്നുണ്ട് . ബി ജെ പി എല്ലാവരുടെയും വിശ്വാസത്തെ പരിഗണിക്കുന്നില്ല. അങ്ങിനെ വിഭാഗീയമായ പരിഗണന സെക്കുലര്‍ ഭരണഘടന വിഭാവന ചെയ്യുന്നില്ല . മന:സാക്ഷിക്കനുസൃതമായി ഏത് വിശ്വാസവും പ്രഘോഷിപ്പിക്കുന്നതിനും പ്രചരിപ്പിക്കുതിനും അനുവാദം നല്‍കുന്ന ഭരണഘടനയില്‍ ഇനി പരിഷ്‌കാരങ്ങള്‍ ആവശ്യമില്ല. വിശ്വാസം അന്ധവിശ്വാസമാകരുതെന്നും ആചാരം ദുരാചാരമാകരുതെന്നും ഭരണഘടനയ്ക്ക് നിര്‍ബന്ധമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാപരമായ ധാര്‍മ്മികതയെ കുറിച്ച് സുപ്രീം കോടതി പൗരസമൂഹത്തെ അനുസ്മരിപ്പിച്ചത്.
വിശ്വാസത്തിന്റെ പേരില്‍ ഭരണഘടനയില്‍ കൈവെയ്ക്കാനുള്ള നരേന്ദ്രമോദിയുടെ കുത്സിതമായ നീക്കത്തിനെതിരെയുള്ള ജാഗ്രത കൂടിയാവട്ടെ ഈ തിരഞ്ഞെടുപ്പ്.