ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട 20 നഗരങ്ങളില്‍ 18- ഉം ഇന്ത്യയില്‍

ഡോ.ജോസ് ജോസഫ്

മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ മൗലികാവകാശമാണ് ശുദ്ധവായു. എന്നാല്‍ ഭൂമിയില്‍ ഇന്ന് ഒട്ടും ലഭ്യമല്ലാത്തതും ശുദ്ധവായുവാണ്. ലോക ജനസംഖ്യയുടെ പത്തില്‍ ഒമ്പതു പേരും മലിനമായ വായുവാണ് ശ്വസിക്കുന്നത്. വീടിനു പുറത്തും അകത്തും നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ വിഷം കലര്‍ന്ന വായുവാണ് ജനങ്ങള്‍ ശ്വസിക്കുന്നത്. ഭൂമിയില്‍ മനുഷ്യരുടെ നിലനില്‍പ്പിനെ അപകടത്തിലാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളില്‍ ഏറ്റവും ഗുരുതരമാണ് വായു മലിനീകരണം. ഒരു നിശ്ശബ്ദ കൊലയാളിയായ വായു മലിനീകരണം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് പൊതുജനങ്ങളുടെ ഇടയില്‍ അവബോധം കുറവാണ്. അതിനാലാണ് ചൈന ആതിഥ്യം വഹിക്കുന്ന ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ മുഖ്യവിഷയമായി വായു മലിനീകരണത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. ലോക ജനസംഖ്യയുടെ 92 ശതമാനത്തിനും ശുദ്ധവായു ലഭ്യമല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഗ്രാമപ്രദേശങ്ങള്‍ പോലും അസഹ്യമായ വായു മലിനീകരണം കൊണ്ട് ശ്വാസം മുട്ടുകയാണ്. ലോകത്തില്‍ ഏറ്റവുമധികം വായുമലിനീകരണമുള്ള തലസ്ഥാന നഗരമാണ് ഡല്‍ഹി. ഒരു ദിവസം 50 സിഗരറ്റ് തുടര്‍ച്ചയായി വലിക്കുന്നതിനു തുല്യമാണ് നവംബര്‍ മാസത്തിലെ ചില ദിവസങ്ങളില്‍ രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ദിവസവും 30 സിഗരറ്റിലേറെ വലിച്ചാലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കു തുല്യമായ വായുമലിനീകരണമാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഡല്‍ഹി നേരിട്ടു കൊണ്ടിരിക്കുന്നത്.

ഗ്രീന്‍പീസും ഐക്യു എയര്‍ വിഷ്വലും ചേര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച 2018- ലെ വായു ഗുണനിലവാര റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട 20 നഗരങ്ങളില്‍ 18- ഉം ഇന്ത്യയിലാണ്. ഗുരുഗ്രാം, ഗാസിയാബാദ് എന്നിവയാണ് ലോകത്ത് ഏറ്റവുമധികം വായു മലിനീകരിക്കപ്പെട്ട രണ്ടു നഗരങ്ങള്‍. ഏറ്റവുമധികം വായു മലിനീകരിക്കപ്പെട്ട ലോക നഗരങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്ത് പാറ്റ്നയും ഒമ്പതാം സ്ഥാനത്ത് ലക്നൗവും 11ാം സ്ഥാനത്ത് ഡല്‍ഹിയുമുണ്ട്.

രോഗാവസ്ഥ, ശാരീരിക അവശത, അകാല മരണം, ശ്വാസകോശ അര്‍ബുദം, ഹൃദ്രോഗം, അലര്‍ജി, വിവിധ ത്വക് രോഗങ്ങള്‍, ശ്വാസതടസ്സം, ശ്വാസനാളത്തിലെ അസ്വസ്ഥതകള്‍, കണ്ണിനും മൂക്കിനുമുണ്ടാകുന്ന അസ്വസ്ഥത, ചുമ തുടങ്ങിയവക്കെല്ലാം പിന്നിലുള്ള യഥാര്‍ത്ഥ കാരണം വായു മലിനീകരണമാണെന്ന് പലപ്പോഴും തിരിച്ചറിയാതെ പോകുന്നു.

പ്രകൃത്യാലുള്ള കാരണങ്ങള്‍ കൊണ്ടും മനുഷ്യപ്രവൃത്തികള്‍ കാരണവും വായു വിഷമയമായി മാറുന്നു. അഗ്നിപര്‍വ്വത വിസ്ഫോടനങ്ങള്‍, ആളിപ്പടരുന്ന കാട്ടുതീ, പൊടിക്കാറ്റ് തുടങ്ങിയവയാണ് പ്രകൃത്യാലുള്ള കാരണങ്ങള്‍. വ്യവസായശാലകളിലെ വ്യാവസായിക പ്രക്രിയകള്‍, ഫോസില്‍ ഇന്ധനങ്ങളുടെ കത്തിക്കല്‍, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളുടെ കത്തിക്കല്‍, വിളകളുടെയും മറ്റ് ജൈവാവശിഷ്ടങ്ങളുടെയും കത്തിക്കല്‍ തുടങ്ങിയ മാനുഷിക പ്രവര്‍ത്തനങ്ങളും വിഷമാലിന്യങ്ങളെ വായുവില്‍ കലര്‍ത്തുന്നു. രാസവളങ്ങള്‍, കീടനാശിനികള്‍, കല്‍ക്കരി ഉപയോഗിച്ചുള്ള തെര്‍മ്മല്‍ പ്ലാന്റുകള്‍, കാര്‍ഷികയന്ത്രങ്ങളുടെ പ്രവര്‍ത്തനം, ജനറേറ്ററുകള്‍, മീഥേന്‍ രൂപീകരണം എന്നിവയും വായുവിനെ മലിനീകരിക്കും. റോഡുനിര്‍മ്മാണം, കെട്ടിട നിര്‍മ്മാണം തുടങ്ങിയവയില്‍ നിന്നുള്ള ധൂളികളും വായുവിനെ മലീമസമാക്കുന്നു.

വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് പഞ്ചാബിലും ഹരിയാനയിലും മാത്രമല്ല അടുത്ത കാലത്ത് കുട്ടനാട്ടിലും ഒരു വലിയ പാരിസ്ഥിതിക പ്രശ്നമായി മാറിയിട്ടുണ്ട്. പാചകത്തിനും മറ്റുമായി വീടിനുള്ളില്‍ ചാണക വറളി, വിറക്, കല്‍ക്കരി തുടങ്ങിയ ഖരവസ്തുക്കള്‍ കത്തിക്കുന്നതാണ് വീടിനുള്ളിലെ വായു മലിനീകരണത്തിന്റെ പ്രധാന കാരണം. ഇന്ത്യയില്‍ 55 ശതമാനം വീടുകളിലും ഇപ്പാഴും പാചകത്തിനു വേണ്ടി ഖര വസ്തുക്കളാണ് കത്തിക്കുന്നത്. സള്‍ഫര്‍ ഡയോക്സൈഡ്, മീഥേന്‍, കാര്‍ബണ്‍ മോണോക്സൈഡ്, ബ്ലാക്ക് കാര്‍ബണ്‍, നൈട്രജന്‍ ഓക്സൈഡുകള്‍, ഓസോണ്‍, സൂക്ഷ്മ പൊടിശകലങ്ങള്‍ തുടങ്ങിയവയാണ് വായുവില്‍ കൂടുതലായി കാണപ്പെടുന്ന വിഷമാലിന്യങ്ങള്‍. മറ്റേതൊരു മാലിന്യത്തേക്കാളും മനുഷ്യന്റെ ആരോഗ്യത്തെ തകര്‍ക്കുന്നത് വായുവില്‍ അടങ്ങിയിരിക്കുന്ന അതിസൂക്ഷ്മ പൊടിശകലങ്ങളാണ്. പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ അഥവാ പി എം എന്നറിയപ്പെടുന്ന ഈ സൂക്ഷ്മ തരികള്‍ ഘരരൂപത്തിലും ദ്രാവക രൂപത്തിലുമുള്ള ഒട്ടേറെ ജൈവ അജൈവ മാലിന്യങ്ങളുടെ സങ്കീര്‍ണമായ ഒരു മിശ്രിതമാണ്. നിശ്ശബ്ദ കൊലയാളിയെ പോലെയാണ് ഇവയുടെ പ്രവര്‍ത്തനം. വായുവിലെ സൂക്ഷ്മ പൊടിപടലങ്ങള്‍ പി എം 10, പി എം 2.5 എന്നീ വിഭാഗങ്ങളില്‍ പെടുന്നു. പി എം 2.5 അത്യന്തം അപകടകാരിയാണ്. ഇവയ്ക്ക് ശ്വാസകോശത്തിലെ വായു കൈമാറ്റ അറകളില്‍ കലരാനുള്ള ശേഷിയുണ്ട്. രക്തധമനികളില്‍ നേരിട്ട് എത്തിച്ചേര്‍ന്ന് രക്തത്തില്‍ കലരും. അന്തരീക്ഷ വായുവിലെ പി എം 2.5 സൂക്ഷ്മ പൊടിശകലങ്ങളുടെ അളവ് കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും അപകടകരമായി കൂടിക്കൊണ്ടിരിക്കുയാണെന്ന് അടുത്ത കാലത്തെ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

2014- ല്‍ ലോകത്തെ ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രശ്നമായി ലോക ആരോഗ്യ സംഘടന വായു മലിനീകരണത്തെ പ്രഖ്യാപിച്ചു. ഇതിനു ശേഷം വായുമലിനീകരണം കുറയ്ക്കാന്‍ വികസിത രാജ്യങ്ങള്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബെയ്ജിങ്, മെക്സിക്കോ സിറ്റി തുടങ്ങിയ നഗരങ്ങള്‍ ഇക്കാര്യത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ നടപ്പാക്കി, വായു മലിനീകരണം കാര്യമായി കുറച്ചു. എന്നാല്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ഉദാരമായ വ്യവസ്ഥകള്‍ നടപ്പാക്കി വായു മലിനീകരണത്തിന് കൂടുതല്‍ അവസരമൊരുക്കി. തത്ഫലമായി രാജ്യത്തെ വായു മലിനീകരണം അത്യന്തം അപകടകരമായ സ്ഥിതിയില്‍ എത്തി നില്‍ക്കുന്നു. വികസനത്തിന്റെ പേരില്‍ കല്‍ക്കരി ഖനികള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു. ലോകാരോഗ്യ സംഘടന നിശ്ചയിച്ചതിലും ഉയര്‍ന്ന അളവില്‍ വായു മലിനീകരണം അനുവദിക്കുന്നതാണ് ഇന്ത്യയില്‍ നിലവിലുള്ള വായു ഗുണമേന്മാ മാനദണ്ഡങ്ങള്‍.

ഇന്ത്യയിലെ 313 നഗരങ്ങളിലെ വായു ഗുണമേന്മ പരിശോധനാവിധേയമാക്കിയപ്പോള്‍ 241- ലും വായു അപകടകരമായി മലിനീകരിക്കപ്പെട്ടിരുന്നതായി കണ്ടെത്തിയെന്ന് ഗ്രീന്‍പീസ് ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലും അടുത്ത കാലത്ത് വായു മലിനീകരണം വര്‍ദ്ധിച്ചു വരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ സൂക്ഷ്മ പൊടിശകലങ്ങളില്‍ നിന്നുള്ള വായു മലിനീകരണം ചില പ്രദേശങ്ങളില്‍ അപകടകരമായി കൂടി വരുന്നു. വായു മലിനീകരണം ആരോഗ്യ അടിയന്തരാവസ്ഥക്കു തുല്യമായ സാഹചര്യം സൃഷ്ടിച്ചതോടെ ഈ വര്‍ഷം ആദ്യം കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാം എന്ന പേരില്‍ വായു ഗുണമേന്മ വര്‍ദ്ധിപ്പിക്കാനുള്ള ദേശീയ പദ്ധതിക്ക് രൂപം നല്‍കി.2024-ഓടെ വായു മലിനീകരണം 30 ശതമാനം കണ്ട് കുറയ്ക്കുകയാണ് ലക്ഷ്യം.എന്നാല്‍ സമഗ്രമായ പരിപാടികളോ ബജറ്റ് വിഹിതമോ ഈ പദ്ധതിക്കില്ല. പൊതുഗതാഗതം കൂടുതല്‍ പ്രോത്സാഹിപ്പിക്കുക, ഇലക്ട്രിക് കാറുകള്‍ വ്യാപിപ്പിക്കുക, ശുദ്ധമായ ഊര്‍ജ്ജ സ്രോതസ്സുകള്‍ പ്രോത്സാഹിപ്പിക്കുക, ഇറച്ചി ഉപയോഗം കുറയ്ക്കുക, അജൈവ മാലിന്യങ്ങള്‍ പുനഃചംക്രമണം ചെയ്യുക, ജൈവമാലിന്യങ്ങള്‍ കമ്പോസ്റ്റാക്കുക, പ്ലാസ്റ്റിക്കും വിള അവശിഷ്ടങ്ങളും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കത്തിക്കാതിരിക്കുക തുടങ്ങിയവ ലക്ഷ്യമിടുന്ന പദ്ധതികള്‍ വായു മലിനീകരണം കുറയ്ക്കും.